കുരിശിന്റെ വഴിയിൽ ഇത്തിരി നേരം 5: ഒറ്റ്

ഫാ. അജോ രാമച്ചനാട്ട്

“Et tu Brutus” – “ബ്രൂട്ടസേ, നീയും.” ഒരിക്കലെങ്കിലും ഇത് പറയാത്തവരായി നമ്മളിലാരും ഇല്ല. പ്രശസ്തമായ ജൂലിയസ് സീസർ നാടകത്തിലെ ബ്രൂട്ടസിന്റെ ചതി. 23 കുത്തുകൾ കൊണ്ട് ചക്രവർത്തി മരിക്കുമ്പോൾ അതിന്റെ പിന്നിൽ പ്രിയപ്പെട്ടവനായിരുന്ന ബ്രൂട്ടസും ഉണ്ടായിരുന്നു, എന്നതിനോട് ലോകമനസാക്ഷിക്ക് പൊറുക്കാനായിട്ടില്ല ഇതുവരെ.

“സ്നേഹിതാ, നീയെന്നെ ചുംബനം കൊണ്ട് ഒറ്റിക്കൊടുക്കുകയാണോ?” ദുഃഖവെള്ളിയാഴ്ച ദിവസം പീഡാനുഭവചരിത്രത്തിൽ യേശുവിന്റെ ഈ സംഭാഷണം വായിക്കുമ്പോൾ – കാർമ്മികൻ യേശുവിന്റെ ഡയലോഗ് വായിക്കുന്നതാണ് ഒരു പതിവ് – എന്റെ സ്വരം ഇടറിപ്പോകാറുണ്ട്. എന്നാലും എന്റെ യൂദാസേ, നിനക്കിതിന് എങ്ങനെ കഴിഞ്ഞുവെന്ന് പലപ്പോഴും മനസ്സ് വിങ്ങാറുണ്ട്.

വടക്കൻ പാട്ടുകളിലെ ചന്തു ചതിയനായിരുന്നോ, അല്ലയോ എന്ന് ഇപ്പോഴും യൂണിവേഴ്സിറ്റികളിൽ ഗവേഷണം നടക്കുന്നുണ്ട്, കേട്ടോ.

ചെറുതും വലുതുമായ ചതികൾ കൊണ്ട് മുറിപ്പെടാത്തവരായി ആരുമുണ്ടാവില്ല.
കൂട്ടുകൂടി നടന്ന് ഇടയ്ക്കിടെ കല്ലുപെൻസിലുകളൊക്കെ എഴുതാൻ തന്നിട്ട് അവസാനം തന്നതൊക്കെയും തിരിച്ചുവേണമെന്ന്, അല്ലെങ്കിൽ നാടുമുഴുവൻ പാട്ടാക്കുമെന്ന് പറഞ്ഞ കൂട്ടുകാരിയുടെ ഓർമ്മ രണ്ടാം ക്ലാസിലേതാണ്.
കൊടും ചതിയല്ലേ? അന്നു രക്ഷപെടുത്തിയത് അപ്പനാണ്. 50 എണ്ണത്തിന്റെ ഒരു പാക്കറ്റ് വാങ്ങിത്തന്നിട്ട് കൊണ്ടുപോയി കൊടുക്കെന്ന് പറഞ്ഞ്.

അതു വല്ലതുമാണോ, ജീവിതത്തിന്റെ ഗതി തന്നെ U – turn അടിച്ചുകളഞ്ഞ എത്രയോ അനുഭവങ്ങൾ. നീയിങ്ങനെയൊന്നുമായിരുന്നില്ലല്ലോ” എന്നു പ്രിയപ്പെട്ടവരുപോലും ചോദിക്കുന്ന തരത്തിൽ സംസാരവും പെരുമാറ്റരീതികളും കൂടി മാറ്റിക്കളഞ്ഞ ജീവിതത്തിന്റെ പൊള്ളലുകൾ. തോളിൽ കയ്യിട്ടു നടക്കുന്നവരിൽ യൂദാസുമാരും ബ്രൂട്ടസുമാരും ഉണ്ട് എന്ന് മനസിലായ നേരം മുതൽ നഷ്ടപ്പെട്ടുപോയ ഉറക്കങ്ങൾ… തകർന്ന വിശ്വാസങ്ങൾ…

നമ്മുടെ സങ്കടങ്ങൾ കേൾക്കാൻ ഈ ഭൂമിയിൽ ഒരാൾക്കും നേരമില്ലെന്ന് തിരിച്ചറിയുമ്പോൾ മുതൽ നമ്മൾ മനസ്സിൽ കൊണ്ടു നടക്കുന്ന ശൂന്യതകൾ. ഒറ്റുകളും ചതികളും പറഞ്ഞുതന്ന പാഠമെന്താണ്? ഒറ്റപ്പെടുത്തലുകൾ ഓർമ്മപ്പെടുത്തുന്നതെന്താണ്? ഒറ്റയാണെന്ന്. “ഒറ്റയല്ലൊറ്റയല്ലെ”ന്ന് ഏതു കവി പാടിയാലും നമ്മൾ ഒറ്റ തന്നെ.

ചരിത്രത്തിന്റെ ഓരോ താളിലുമുണ്ട്, സമർത്ഥമായ ചതിയുടെയും വഞ്ചനയുടെയും കഥകൾ. ജയിച്ചുകയറിയ പലർക്കും, പിറകിൽ നിന്ന് വെട്ടിയതിന്റെ വീരകഥകൾ പറയാനുണ്ട്. ചരിത്രം അങ്ങേയറ്റം വികൃതമാണെന്ന് ഏതോ ചരിത്രാധ്യാപകൻ പറഞ്ഞൊരോർമ്മ.

മാറത്തുനിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞൊരമ്മ വല്ലാത്തൊരു വേദനയാണ് തന്നത്.
മനസ്സിന്റെയും ശരീരത്തിന്റെയും ചൂടും ചൂരുമറിഞ്ഞവർ അറിയില്ലെന്ന് പറഞ്ഞ് കൈമലർത്തുന്നത്, ചോര ചിന്തിക്കളിക്കുന്നതൊക്കെ എന്തൊരു കാടത്തമാണ്. കാലം മാറി, ഇതൊക്കെയാണ് സ്റ്റൈലെന്ന് പറയുന്നൊരു കാലത്തിൽ ഒരു ഗപ്പിക്കുഞ്ഞു ചത്തുപോയതിന്റെ സങ്കടം നമുക്ക് താങ്ങാനാകുന്നില്ലിപ്പോഴും.

എന്നാലും എന്റെ സുഹൃത്തേ, മന്ത്രിയും ആനയും തേരും കുതിരയും പോയാലും ആളെ മാത്രം വച്ച് കളിക്കാനറിയുന്നവനാണ് ദൈവമെന്ന് കാലം ഇടയ്ക്കിടെ തെളിയിക്കുന്നുണ്ടല്ലോ. “ദൈവികപദ്ധതി എന്നൊന്നിൽ വിശ്വാസമില്ലായിരുന്നെങ്കിൽ, ഞാനൊരു വിപ്ലവകാരിയോ, തീവ്രവാദിയോ ആയേനെ” യെന്ന് ഒരു സുഹൃത്ത് പറഞ്ഞതിൽ കഥയുണ്ടാകും, അല്ലേ?

യൂദാസിനോട് വെറുപ്പൊന്നുമില്ല, ചരിത്രം മാറിയൊഴുകാൻ ചില യൂദാസുമാരെ ദൈവം ഏർപ്പെടുത്തിയതാവും. ചില ബ്രൂട്ടസുമാരുടെ പിന്നിൽ നിന്നുള്ള കുത്താണല്ലോ നമ്മുടെയൊക്കെ ജീവിതകഥ മാറ്റിയെഴുതിയതും. പിന്നെയും ആ സങ്കടം ബാക്കി.

“എന്നാലും, എന്റെ യൂദാസേ എന്തിനായിരുന്നു നീയെന്റെ ഗുരുവിനെ ഉമ്മ കൊടുത്ത്…?”

ഫാ. അജോ രാമച്ചനാട്ട്