കുരിശിന്റെ വഴിയിൽ ഇത്തിരി നേരം 15: പട്ടാളക്കാരുടെ ഹൃദയ ശൂന്യത

ഫാ. അജോ രാമച്ചനാട്ട്

ഭരിച്ചത് ആരുമാകട്ടെ, ഇന്നോളം ഈ ഭൂമിയിലെ എല്ലാ പടയോട്ടങ്ങളെയും ജയപരാജയങ്ങളെയും നിയന്ത്രിച്ചതും നയിച്ചതും പട്ടാളക്കാരാണ്. ചരിത്രത്തിന്റെ ഗതി ഇന്നുവരെ ഒഴുകിയത് അവരുടെ കൈകളിലൂടെ ആണെന്ന്.

കുരിശിന്റെ വഴി മുന്നോട്ടുപോകുന്നത് പട്ടാളക്കാരിലൂടെ ആണല്ലോ.
തോട്ടത്തിൽ വച്ച് കയ്യാമം വയ്ക്കുന്നതും മുതൽ, കുരിശിലെ അവന്റെ മരണം സ്ഥിരീകരിക്കപ്പെടുന്നത് വരെ പട്ടാളക്കാരാണ് എല്ലാം നിവർത്തിച്ചത്.

ഗത്സമനിമുതൽ ഗാഗുൽത്താവരെ ക്രിസ്തു നാഥന് ചുറ്റും ഉണ്ടായിരുന്നത് ഹൃദയശൂന്യരായ പട്ടാളക്കാരല്ലേ? ഒരു മനുഷ്യനെ – അയാൾ തെറ്റുകാരനായാൽ – കൂടി കരുണയോടെ സമീപിക്കേണ്ടതല്ലേ? മരണത്തിനു വിധിക്കപ്പെട്ടത് മുതൽ അവന്റെ മരണം ഉറപ്പിക്കപ്പെടുന്നത് വരെ യേശുവിന്റെ കുരിശിന്റെ വഴികളെ ആഘോഷമാക്കി മാറ്റിയ ഹൃദയമില്ലാത്ത മനുഷ്യർ.

മുൾമുടി ധരിപ്പിച്ചത്, അവന്റെ വസ്ത്രം മാറ്റിയത്, പരിഹസിച്ചത്, മുഖത്ത് തുപ്പിയത്, മാറിമാറി വിചാരണക്കോടതികളിലൂടെ നടത്തിയത്, ചാട്ടവാറടി കൊണ്ട് അവന് ശരീരം തകർത്തത്, ഭാരമുള്ള കുരിശ് തോളിൽ വച്ച് കൊടുത്തത്, വീണുപോയിടത്തൊക്കെ തെല്ലും ദയയില്ലാതെ പെരുമാറിയത്, “ജീവനോടെ കുരിശിൽ തറയ്ക്കണ”മെന്ന് വാശി പിടിച്ചത്, മരണവേദനയിൽ നാവുണങ്ങിയവന് വിനാഗിരി നീട്ടിയത്, ഹൃദയം കുത്തിപ്പിളർന്നത്, പറയാതെ തരമില്ല, ക്രൂരതകൾ തന്നെ.

എന്റെ സുഹൃത്തേ, ഇന്നോളമുള്ള എന്റെ/നിന്റെ ജീവിതവഴികളിൽ ഹൃദയശൂന്യമായി പെരുമാറിയിട്ടുണ്ടോ എന്നതാണ് ഇന്നത്തെ ചോദ്യം. ജീവിതപങ്കാളിയ്ക്ക്, പ്രിയപ്പെട്ടവർക്ക്, സുഹൃത്തുക്കൾക്ക് ഞാൻ വിളമ്പിയ കയ്പുനീരുകൾ…ഞാൻ ഏൽപിച്ച മുറിവുകൾ, ഞാൻ വച്ചു കൊടുത്ത കുരിശുകൾ, വർത്തമാനങ്ങൾ കൊണ്ട് ഞാൻ പിളർത്തിയ ഹൃദയങ്ങൾ…ദൈവമേ, ഹൃദയശൂന്യതയുടെ കയങ്ങളിൽ നിന്ന് ഞങ്ങൾക്ക് മോചനം നൽകണേ.

ഫാ. അജോ രാമച്ചനാട്ട്