നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: പതിനേഴാം ദിനം – വി. മാക്‌സിമില്യൻ കോൾബെ

“പാപത്തിൽ തുടരാൻ ആത്മാവിനെ ഒരിക്കലും അനുവദിക്കരുത്. കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കുക” – വി. മാക്‌സിമില്യൻ കോൾബെ (1894- 1941).

റെയ്മണ്ട് കോൾബെ പോളണ്ടിലെ ‘സഡൻസ്‌ക വോള’യിൽ 1894 ജനുവരി എട്ടിന് ജനിച്ചു. 1907-ൽ കോൾബെ ഫ്രാൻസിസ്‌കൻ സഭയിൽ ചേരാൻ ഇറങ്ങിത്തിരിച്ചു. മൂന്നു വർഷത്തിനുശേഷം ഫ്രാൻസിസ്‌കൻ നവസന്യാസിയായി മാക്‌സിമില്യൻ എന്ന പേര് സ്വീകരിച്ചു. പഠനത്തിൽ സമർഥനായിരുന്ന കോൾബെ, 1915-ൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയായ സെന്റ് ബോനവന്തുരായിൽ പഠനം തുടർന്ന അദ്ദേഹം ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി.

1918-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പോളണ്ടിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവഭക്തി പ്രചരിപ്പിക്കുന്നതിലാണ് ശ്രദ്ധചെലുത്തിയത്. 1919 മുതൽ 1922 വരെ ക്രാക്കോവിലെ സെമിനാരിയിൽ അദ്ദേഹം അധ്യാപകനായിരുന്നു. 1922 ജനുവരിയിൽ ‘നൈറ്റ്‌സ് ഓഫ് ദ ഇമ്മാക്കുലേറ്റ്’ (Knight of the Immaculate) എന്ന മാസികയ്ക്ക് തുടക്കം കുറിച്ചു. തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹത്തിന്റെ പ്രസിദ്ധീകരണശ്രമങ്ങളെല്ലാം നല്ല രീതിയിൽ മുന്നോട്ടുനീങ്ങി. 1927-ൽ വാഴ്‌സോയ്ക്കുസമീപം ഒരു ഫ്രാൻസിസ്‌കൻ ആശ്രമം അദേഹം തുടങ്ങി. 726 അംഗങ്ങളുണ്ടായിരുന്ന ഈ ആശ്രമം അക്കാലത്തെ ഏറ്റവും വലിയ ഫ്രാൻസിസ്‌കൻ ആശ്രമമായിരുന്നു.

1939-ൽ ജർമ്മനി പോളണ്ടിനെ ആക്രമിച്ചപ്പോൾ ഈ ആശ്രമം 3000 പോളണ്ടുകാർക്കും 1500 യഹൂദർക്കും അഭയം നൽകി. 1940-ലെ പല മാസങ്ങളിലും ഫാ. കോൾബെയെ നാസി സൈന്യം അറസ്റ്റു ചെയ്യുകയും താൽക്കാലികമായി വിട്ടയയ്ക്കുകയും ചെയ്തു. 1941 ഫെബ്രുവരി 17-ന് വീണ്ടും അറസ്റ്റു ചെയ്തു. മേയിൽ നാസി തടങ്കൽപ്പാളയമായ ഓഷ്വിറ്റ്‌സിലേക്കു മാറ്റി. ‘16670’ ആയിരുന്നു തടങ്കൽപ്പാളയത്തിൽ ഫാ. കോൾബെയുടെ നമ്പർ.

ദുരിതപൂർണ്ണമായ സാഹചര്യത്തിലും പൗരോഹിത്യകടമകൾ അദ്ദേഹം നിർവഹിച്ചു. സഹതടവുകാർക്ക് ശക്തിയും ധൈര്യവും പകർന്നു. ഒടുവിൽ, വധശിക്ഷയ്ക്കു വിധിക്കപ്പെട്ട, ഒരു വലിയ കുടുംബത്തിന്റെ നെടുംതൂണായ കുടുംബനാഥന്റെ ജീവനു പകരമായി സ്വന്തം ജീവൻ നൽകാൻ അവിടെവച്ച് ഫാ. കോൾബെ സന്നദ്ധനായി. അതേ തുടർന്ന് നാസികൾ അദ്ദേഹത്തെ പട്ടിണിക്കിട്ടെങ്കിലും മരിക്കാത്തതിനെ തുടർന്ന് 1941 ആഗസ്റ്റ് 14-ന് മാരകവിഷം കുത്തിവച്ച് കൊലപ്പെടുത്തുകയായിരുന്നു. 1982 ഒക്ടോബർ 10-ന് ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കോൾബെയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

വി. മാക്‌സിമില്യൻ കോൾബെയോടൊപ്പം പ്രാർഥിക്കാം…

വി. മാക്‌സിമില്യൻ കോൾബയേ, ആത്മീയജീവിതം അതിന്റെ തീവ്രതയിൽ ജീവിക്കേണ്ട നോമ്പുകാലത്ത് പാപത്തിൽ തുടരാൻ എന്റെ ആത്മാവിനെ അനുവദിക്കരുതേ. കഴിയുന്നത്ര വേഗത്തിൽ പാപങ്ങളെ കഴുകി വിശുദ്ധീകരിക്കാൻ എനിക്ക് അവസരം നൽകണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.