നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: പതിനാലാം ദിനം – വി. നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസാ

“ഒരു മനുഷ്യസൃഷ്ടിക്കു സാധ്യമായ രീതിയിലെല്ലാം എന്റെ ഈശോയെ ഞാൻ അനുഗമിക്കും” – വി. നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസാ (1889- 1943).

ആദ്യകുർബാന സ്വീകരണദിവസം തന്നെ സന്യാസിനിയാകാനുള്ള വിളി നസ്രാരിയ തിരിച്ചറിഞ്ഞു. കത്തോലിക്കാ വിശ്വസത്തോട് നിസ്സംഗത പുലർത്തിയിരുന്ന അവളുടെ കുടുംബം എപ്പോഴും അവളെ നിരുത്സാഹപ്പെടുത്തുമായിരുന്നു. പരിശുദ്ധ കുർബാനയിലും ഭക്താഭ്യാസങ്ങളിലും പങ്കെടുക്കാൻ തുടങ്ങിയതോടെ ഫ്രാൻസിസ്കൻ മൂന്നാംസഭയിൽ നസ്രാരിയ ചേർന്നു.

സ്പെയിനിൽ ജനിച്ചുവളർന്ന അവളുടെ കുടുബം മെക്സിക്കോയിലേക്കു മാറി. അവിടെ അവൾ ‘ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി അബാന്ഡന്റ് എൽഡേർലി’ എന്ന സന്യാസ സഭയിലെ സഹോദരിമാരെ പരിചയപ്പെട്ടു. പിന്നീട് ആ സഭയിൽ ചേർന്ന നസ്രാരിയ, 1915-ൽ നിത്യവ്രതവാഗ്ദാനം നടത്തി ബോളീവിയയിൽ ശുശ്രൂഷയ്ക്കായി അയയ്ക്കപ്പെട്ടു.

ഈ സഭയിൽ പാചകക്കാരി, നഴ്സ്, വീട്ടുകാവൽക്കാരി എന്നീ നിലകളിൽ അവൾ ജോലിനോക്കി. സുവിശേഷത്തെപ്രതിയുള്ള തീക്ഷ്ണത മറ്റൊരു സന്യാസ സമൂഹം സ്ഥാപിക്കാൻ അവളെ പ്രേരിപ്പിച്ചു. 1925 നസ്രാരിയായും ആറു സഹോദരിമാരും ചേർന്ന് The Pontifical Crusade എന്ന സഭ സ്ഥാപിച്ചു. പിന്നീട് ഈ സഭയുടെ നാമം ‘കോൺഗ്രിഗേഷൻ ഓഫ് ദി മിഷനറി ക്രൂസെഡേഴ്സ് ഓഫ് ദി ചർച്ച്’ എന്നാക്കി.

മതപരമായ വിദ്യാഭ്യാസം കൂട്ടികൾക്കും മുതിർന്നവർക്കും നൽകുന്നതിൽ ഈ സന്യാസ സമൂഹം നിരന്തരം ശ്രദ്ധിക്കുന്നു. ചുരുങ്ങിയ കാലയളവിൽ ലാറ്റിനമേരിക്ക മുഴുവനും യുറോപ്പിന്റെ പല ഭാഗങ്ങളിലും ഈ സന്യാസ സമൂഹം സാന്നിധ്യം അറിയിച്ചു.

നസ്രാരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത് 1992 സെപ്റ്റംബർ 27-നാണ്. 2018 ഒക്ടോബർ പതിനാലാം തീയതി ഫ്രാൻസിസ് പാപ്പാ നസ്രാരിയ ഇഗ്നാസിയയെ വിശുദ്ധപദവിയിലേക്ക് ഉയർത്തി.

വി. നസ്രാരിയ ഇഗ്നാസിയ മാർച്ച് മേസായ്ക്കൊപ്പം പ്രാർഥിക്കാം…

വി. നസ്രാരിയ ഇഗ്നാസിയായേ, ഈശോയെ തീക്ഷ്ണമായി അനുഗമിക്കേണ്ട സമയമാണല്ലോ നോമ്പുകാലം. എന്റെ അഹത്തെ വെടിഞ്ഞ് നിന്നെ പൂർണ്ണമായി അനുഗമിക്കാൻ എന്നെ പഠിപ്പിക്കണമേ, ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.