നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: പത്താം ദിനം – വി. അർനോൾഡ് ജാൻസ്സെൻ

“ത്രിയേകദൈവം നമ്മുടെ ഹൃദയങ്ങളിലും എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളിൽ വസിക്കട്ടെ” – വി. അർനോൾഡ് ജാൻസ്സെൻ (1837-1907).

1837 നവംബർ 5-ന് ജർമ്മനിയിലെ നോർത്ത് റൈൻ ‌വെസ്റ്റ്ഫാലിയ (North Rhine-Westphalia) സംസ്ഥാനത്തിലെ ഗോഹിൽ (Goch) പതിനൊന്നു മക്കളിൽ രണ്ടാമനായി ജനിച്ചു. 1861 ആഗസ്റ്റ് പതിനഞ്ചാം തീയതി ഇരുപത്തിമൂന്നാം വയസ്സിൽ പുരോഹിതനായി അഭിഷിക്തനായ അർനോൾഡിന്റെ ആദ്യത്തെ ഉത്തരവാദിത്വം, ഒരു സ്കൂളിലെ സയൻസും കണക്കും മതബോധനവും പഠിപ്പിക്കുന്ന അധ്യപകന്റേതായിരുന്നു. പിന്നീട് 1867-ല്‍ തന്റെ രൂപതയായ മ്യൂൺസ്റ്ററിലെ പ്രാർഥനാഗ്രൂപ്പിന്റെ ഡയറക്ടറായി.

1874-ൽ ജർമ്മൻ ഭാഷയിൽ Kleiner Herz-Jesu Bote (ക്ലൈനർ ഹെർസ് യേസു ബോട്ടേ – തിരുഹൃദയത്തിന്റെ ചെറിയ സന്ദേശം) എന്ന പേരിൽ ഒരു മാഗസിൻ ആരംഭിച്ചു. മിഷൻ പ്രവർത്തനങ്ങളെ സഹായിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.

1875-ൽ ഹോളണ്ടിലെ സ്റ്റയിൽ (Steyl) എന്ന ഗ്രാമത്തിൽ സ്ഥലം വാങ്ങി മുഖ്യദൂതനായ മിഖായേൽ മാലാഖയുടെ നാമത്തിൽ ഒരു മിഷൻ ഹൗസ് സ്ഥാപിച്ചു. ഇതാണ് പിന്നീട് ദൈവവചന സഭ ആയി (Society of the Divine Word) രൂപംപ്രാപിച്ചത്. 1879-ൽ ചൈനയിലേക്ക് ആദ്യ മിഷനറിമാരെ അയച്ചു. 1901-ല്‍ ദൈവവചന സഭയ്ക്ക് കാനോനികമായ പൂർണ്ണ അംഗീകാരം ലഭിച്ചു. ആദ്യം സുഖപ്പെടുത്തുക, പിന്നെ പഠിപ്പിക്കുക, അതിനുശേഷം മാമ്മോദീസാ നൽകുക ഇതായിരുന്നു അർനോൾഡ് ജാൻസ്സെന്റെ മുദ്രാവാക്യം.

1909 ജനുവരി പതിനഞ്ചാം തീയതി എഴുപത്തിയൊന്നാമത്തെ വയസ്സിൽ ആ വലിയ മിഷനറി നിര്യാതനായി. 2003 ഒക്ടോബർ അഞ്ചാം തീയതി ജോൺപോൾ രണ്ടാമൻ പാപ്പ അർനോൾഡ് ജാൻസ്സനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.

വി. അർനോൾഡ് ജാൻസ്സനൊപ്പം പ്രാർഥിക്കാം…

വി. അർനോൾഡ് ജാൻസ്സാ, പരിശുദ്ധ ത്രിത്വം എന്റെ ആത്മാവിലും ഹൃദയത്തിലും വസിക്കുന്നുവല്ലോ. എന്നിൽ വസിക്കുന്ന പരിശുദ്ധ ത്രിത്വത്തെ മറ്റുള്ളവർക്കായി ഉജ്വലിപ്പിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.