നോമ്പ് വിചിന്തനം 12: മൂന്നാം സ്ഥലം: ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു

പീലാത്തോസിന്റെ അരമനയില്‍ നിന്നും കുരിശിന്റെ വഴിയിലൂടെ കാല്‍വരിയിലേക്ക് യേശു കയറിപ്പോയത് പലതവണ വീണും എഴുന്നേറ്റുമാണ്. ഈ യാത്രയില്‍ ഈശോ വീഴുന്നത് സുവിശേഷങ്ങളില്‍ നാം കണ്ടുമുട്ടുന്നില്ല. പക്ഷേ പരമ്പരാഗതമായി നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഗോഗുല്‍ത്തായിലേക്കുള്ള യാത്രയില്‍ ക്രിസ്തു കുരിശ്ശിനോടൊപ്പം പലതവണ വീഴുന്നുണ്ട്. കുരിശ്ശിന്റെ വലിയഭാരവും വഴിയുടെ കാഠിന്യസ്വഭാവവും, ശരീരത്തിന്റെ ക്ഷീണവും, ശരീരത്തില്‍ ഏല്‍ക്കേണ്ടി വന്ന പീഢനങ്ങളും, ജനത്തിരക്കും ഒക്കെ കുരിശോടുകൂടി ഈ യാത്രയില്‍ ക്രിസ്തു വീണതിന് കാരണമായി.

കുരിശ്ശിന്റെ വഴി പീലാത്തോസിന്റെ അരമനയില്‍ നിന്നും ആരംഭിക്കുന്നതിന് മുമ്പുതന്നെ ക്രിസ്തു രണ്ട് രീതിയിലാണ് പീഡിപ്പിക്കപ്പെടുന്നത്. ഒന്നാമതായി, ക്രിസ്തു ശാരീരികമായി വല്ലാതെ തളര്‍ന്നിരുന്നു. തലേരാത്രി തന്റെ പ്രിയപ്പെട്ട ശിഷ്യന്‍മാരോടൊപ്പം പെസഹാ ഭക്ഷിച്ചതിനുശേഷം കുരിശ്ശോടുകൂടി അവന്‍ വീഴുന്ന സമയംവരെ അവന്‍ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്നില്ല. അവസാനത്തെ അത്താഴത്തിന് ശേഷം അവന്‍ ശിഷ്യന്‍മാരോടൊപ്പം ഗത്‌സമന്‍ തോട്ടത്തിലേക്ക് പ്രാര്‍ത്ഥിക്കാനായിട്ടാണ് പോകുന്നത്. അവിടെ തീഷ്ണമായി പ്രാര്‍ത്ഥിക്കുന്ന അവന്റെ ശരീരത്തില്‍ നിന്നും വിയര്‍പ്പ് രക്തത്തുള്ളികള്‍ പോലെ നിലത്തു വീഴുന്നതായി വചനം രേഖപ്പെടുത്തുന്നു (ലൂക്കാ 22:44).  അങ്ങനെ അവന്റെ ശരീരത്തില്‍ നിന്നും ജലാംശം ചോര്‍ന്നുപോകുന്നു.

അതോടൊപ്പം ശാരീരികമായി അവന്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ചിലര്‍ അവന്റെ മുഖത്ത് തുപ്പുകയും, മുഖം മൂടിക്കെട്ടി മുഷ്ടികൊണ്ട് ഇടിക്കുകയും, ചെകിട്ടത്ത് അടിക്കുകയും ചെയ്യുന്നു (മര്‍ക്കോ. 14:65).  ചിലര്‍ അവന്റെ ശിരസ്സില്‍ അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്യുന്നു (മര്‍ക്കോ. 15:19). ചമ്മട്ടികള്‍ കൊണ്ട് അടിച്ച് കുരിശ്ശില്‍തറച്ച് കൊല്ലാനാണ് പീലാത്തോസ് യേശുവിനെ ജനത്തിന്റെ കയ്യില്‍ ഏല്‍പ്പിക്കുന്നത് (മര്‍ക്കോ. 15:5). ചാട്ടയുടെ അറ്റത്ത് ആണിയുള്ള ഒരുതരം ആയുധമാണ് ചമ്മട്ടി.  മൂന്നു തുമ്പുള്ള ഈ ചാട്ടവാറുകൊണ്ട് മുപ്പത്തി ഒന്‍പത് (ഒന്നു കുറയെ നാല്പത്) അടിയാണ് യേശുവിന്റെ ശരീരത്ത് അടിക്കുന്നത്. ഓരോ അടിയിലും ചാട്ടയുടെ അറ്റത്തുള്ള ആണി അവന്റെ ശരീരത്ത് തറച്ചുകയറുകയും അടുത്ത അടിക്കായി ചാട്ട തിരികെ എടുക്കുമ്പോള്‍ മാംസം വലിച്ചുപറിച്ചു കളയുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ശിക്ഷയില്‍ അവന്റെ രക്തം ധാരാളം വാര്‍ന്നുപോകുന്നു. അതോടൊപ്പം ഒരു മുള്‍കിരീടം മെടഞ്ഞ് അവന്റെ ശിരസ്സില്‍ വയ്ക്കുകയും (മത്താ. 27:29), ഭാരമേറിയ കുരിശ് അവന്റെ തോളില്‍ വച്ചുകൊടുക്കുകയും ചെയ്യുന്നു.

രണ്ടാമതായി, മാനസികമായും അവന്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. കൂടെയുള്ള ശിഷ്യന്‍മാരെല്ലാം അവനെ വിട്ട് ഓടിപ്പോയി (മര്‍ക്കോ. 14:50). പ്രിയപ്പെട്ട ശിഷ്യന്‍ ഒറ്റിക്കൊടുക്കുന്നു. ‘പാറ’ എന്ന് അവന്‍ പേര് നല്‍കിയവന്‍ തള്ളിപ്പറയുന്നു. യഹൂദനിയമങ്ങള ലംഘിച്ച് അന്നാസിന്റെയും, കയ്യാഫാസിന്റെയും, ഹേറോദോസിന്റെയും, പീലാത്തോസിന്റെയും മുമ്പാകെ അവന്‍ വിചാരണ ചെയ്യപ്പെടുന്നു. ”ഇവനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല, എന്നാലും നിങ്ങള്‍ അവനെ കൊണ്ടുപോയി ക്രൂശിച്ചുകൊള്ളുവിന്‍” (യോഹ. 19:6) എന്ന തീര്‍ത്തും അന്യായമായ വിധിവാചകം അവന്റെ മേല്‍ ഉച്ചരിക്കപ്പെടുന്നു. അവന്റെ അത്ഭുതം അനുഭവിച്ചറിഞ്ഞ അതേ ജനം തന്നെ അവന്റെ നേരെ തിരിയുകയും കൊലയാളിക്കുവേണ്ടി നിലനില്‍ക്കുകയും (ലൂക്കോ 23:25) ചെയ്യുന്നു. ഒറ്റയാക്കപ്പെടുന്നവന്റെ വേദന അവന്‍ അനുഭവിച്ചറിയുന്നു.

ഇപ്രകാരം ശാരീരികമായും മാനസികമായും ശിക്ഷിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തതിനുശേഷം കുരിശ് ചുമപ്പിച്ചുകൊണ്ട് പോകുന്ന യേശുവാണ് കാല്‍വരിയിലേക്കുള്ള യാത്രയില്‍ പല തവണ വീഴുന്നത്. നാം ഇന്ന് കാണുന്ന രീതിയിലുള്ള കുരിശ് ചുമന്നുകൊണ്ടല്ല ക്രിസ്തു കാല്‍വരിയിലേക്ക് പോയത് എന്ന ഒരു പാരമ്പര്യമുണ്ട്. അക്കാലത്തെ ഏറ്റവും വലിയ തെറ്റുകാരന് നല്കുന്ന ഏറ്റവും ക്രൂരമായ ശിക്ഷയായിരുന്നു ക്രൂശില്‍ തൂക്കിയിട്ട് കൊല്ലുക എന്നത്.  ഇപ്രകാരം ശിക്ഷിക്കപ്പെടുന്ന ആള്‍ കുരിശിന്റെ വശങ്ങളിലേക്കുള്ള ഭാഗം ചുമന്നുകൊണ്ടാണ് ക്രൂശിക്കപ്പെടുന്ന സ്ഥലത്തേക്ക് പോകുന്നു എന്നാണ് ഈ പാരമ്പര്യം പറയുന്നത്. യേശുവിന്റെ കരങ്ങള്‍ വശങ്ങളിലേക്ക് നീട്ടിവെച്ച് തോളില്‍ കുരിശിന്റെ ഈ ഭാഗം കെട്ടി വെച്ച് കൊടുത്തു. ഇത് ചുമന്നുകൊണ്ടാണ് യേശു ഗാഗുല്‍ത്താ മലയിലേക്ക് പോകുന്നത്. കരങ്ങള്‍ വശങ്ങളിലേക്ക് നീട്ടിവെച്ച് കുരിശിന്റെ തടിയോട് ചേര്‍ത്ത് കെട്ടിവെച്ചിരിക്കുന്ന യേശുവിന് വീഴുമ്പോള്‍ കരം കുത്തിവീഴാന്‍ സാധിക്കുകയില്ല. കാല്‍വരിയിലേക്കുള്ള യാത്രയുടെ കല്‍വഴികളില്‍ മുഴുവനും കുരിശിനോടൊപ്പം അവന്‍ വീണത് മുഖമടിച്ചും, നെഞ്ചിടിച്ചുമാണ്. കുരിശിനോടൊപ്പം അവന്‍ വീണപ്പോള്‍ ഏറ്റെടുക്കുന്നത് വലിയ വേദനയാണ്.

കാല്‍വരിയിലേക്കുള്ള യാത്രയില്‍ കുരിശ്ശിനോടൊപ്പം വീഴുന്ന ക്രിസ്തു നമുക്ക് നല്‍കുന്ന സന്ദേശം എന്താണ്? ഒന്നാമതായി, കുരിശിനെ സന്തോഷത്തോടെ ജീവിതത്തില്‍ യേശു ഏറ്റെടുക്കുന്നു. ജീവിതത്തിലെ കുരിശ്ശനുഭവങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാനുള്ള ബലം ഉണ്ടാവുക എന്നതാണ് പ്രധാനം. രോഗം, വാര്‍ദ്ധക്യം, വൈധവ്യം, അവിശ്വസ്തതകള്‍, സാമ്പത്തിക തകര്‍ച്ചകള്‍, സ്‌നേഹമില്ലാത്തവരോടുള്ള സഹവാസം, കടഭാരങ്ങള്‍, ഒറ്റപ്പെടലുകള്‍ തുടങ്ങിയ ജീവിതത്തിലുണ്ടാകുന്ന കുരിശ്ശനുഭവങ്ങളെ കൈകൂപ്പി സ്വീകരിക്കാന്‍ മനസ്സിനെ പഠിപ്പിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമതായി, വീഴുന്ന കാര്യത്തില്‍ മനുഷ്യനോട് വളരെയേറെ സമനായിത്തീരുകയാണ് യേശുക്രിസ്തു. ഇവിടെ യേശുവില്‍ ശ്രദ്ധേയമായ ഒരു സംഗതി, വീണ്ടും വീണ്ടും വീണെങ്കിലും വീണിടത്ത് കിടക്കുന്നില്ല അവിടുന്ന്, ഉടനെ എഴുന്നേറ്റ് നടക്കുകയാണ്. അവന്‍ നഷ്ട ധൈര്യനാകുന്നില്ല; നിരാശനായി പിന്‍മാറുന്നില്ല. പരാജിതനും ബലഹീനനുമായി വീഴ്ചകളോടെ കുരിശിന്റെ വഴി നടന്നുനീങ്ങുന്ന മനുഷ്യന് കര്‍ത്താവിന്റെ കുരിശിന്റെ വഴി നല്‍കുന്ന ഏറ്റവും വലിയ മാതൃകയും പ്രചോദനവും ഇതാണ്. വീണപ്പോള്‍ നമ്മോടൊപ്പം വീണവന്‍ എഴുന്നേറ്റപ്പോള്‍ നമ്മെ കൈപിടിച്ച് ഉയര്‍ത്തി. ഓരോ വീഴ്ചകള്‍ക്കകത്തു നിന്നും പുറത്തുകടക്കുവാന്‍ കഴിയുമെന്ന്, ഓരോ വീഴ്ചകള്‍ക്കുശേഷവും തല ഉയര്‍ത്തി നില്‍ക്കുവാനാകുമെന്ന്, അതിജീവനത്തിന്റെ മന്ത്രം കാതുകളില്‍ മന്ത്രിക്കുന്നവന്റെ പേരാണ് ക്രിസ്തു.

മൂന്നാമതായി, ഒരു മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും വലിയ തകര്‍ച്ചയുടെ സൂചനയാണ് ക്രിസ്തുവിന്റെ വീഴ്ച.  ഭൂമിയെ കരങ്ങളില്‍ താങ്ങിയവനാണ് ഈ മണ്ണില്‍ വീണു കിടക്കുന്നത്. മനുഷ്യരുടെ തകര്‍ച്ചയില്‍ നിസംഗനായി നില്‍ക്കുന്ന ഒരു ദൈവത്തെക്കുറിച്ചാണ് പലപ്പോഴും നാം കരുതുന്നത്. മനുഷ്യരുടെ വീഴ്ചകളെ അവന്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇവിടെ പുതിയ ഒരു ദൈവസങ്കല്പ്പം ഉണ്ടാവുകയാണ്. വീഴുന്നവനെ നോക്കി നിസംഗനായി നില്‍ക്കുന്നവനല്ല, സാക്ഷിയല്ല, മറിച്ച് അവന്‍ വീഴുന്നവനോടൊപ്പം വീഴാനായി ധൈര്യപ്പെട്ട ദൈവമാണ്. എന്തുമാത്രം ദൈവത്തോട് അടുപ്പം തോന്നുന്ന ഒരു ധ്യാനവിചാരമാണിത്.

കുരിശിന്റെ ഈ വഴിയിലൂടെ കടന്നുപോകുമ്പോള്‍ എവിടെ നിന്നോ നമുക്ക് ഇത്തിരി ഊര്‍ജ്ജം കിട്ടുന്നു. കഷ്ടകാലത്തിന്റെ മീതെ സ്‌നേഹത്തിന്റെ ഒരു അങ്കിവീഴുന്നു. ഈശോമിശിഹായെ ഞങ്ങള്‍ അങ്ങയെ കുമ്പിട്ട് ആരാധിക്കുന്നു. എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങ് ലോകത്തെ രക്ഷിച്ചുവല്ലോ.

ഫാ. തോമസ് കയ്യാലയ്ക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.