വലിയ ആഴ്ച്ച

നസ്രായന്‍റെ പാദങ്ങള്‍ ജറുസലേം നഗരിയിലേയ്ക്കുള്ള മണ്‍വഴിയിലായിരുന്നു. ഉള്ളില്‍ ഒട്ടേറെ സന്ദേഹങ്ങളും വ്യാകുലതകളും നിറയ്ക്കുന്ന മണ്‍പാത.

ജറുസലേം-ദൈവസ്വപ്നങ്ങളുടെ മടിത്തട്ട്. യേശുവെന്ന ജീവന്‍റെ വൃക്ഷം ഫലം നിറയേണ്ട ഏദേന്‍. കുരിശുമരങ്ങള്‍ ഉയരുന്ന കുന്നില്‍ മുകളുകള്‍… ശാപമേറ്റവര്‍ മൃതിയെ പൂകുന്ന മരണത്തിന്‍റെ കനത്ത ഗന്ധമുള്ള ഗിരിശൃംഗങ്ങള്‍… ചോരയുറയ്ക്കുന്ന കൊടിയ മര്‍ദ്ദനങ്ങള്‍, നിലവിളികള്‍ നിറയുന്ന താഴ്വരകളും കൊട്ടാരത്തിന്‍റെ അകത്തളങ്ങളും… ഒടുക്കം ഒരു ഗദ്ഗദം പോലെ അടക്കിപ്പിടിച്ച ആത്മരോദനങ്ങളില്‍ മുങ്ങിത്താണുപോകാന്‍… മരണത്തെ മുന്നില്‍ കണ്ട് ഭീതി കനക്കുന്ന നയനങ്ങള്‍ക്കു മുമ്പില്‍ ശാപങ്ങളുടെ പ്രവാഹം; എറിയപ്പെടുന്ന കല്ലുകള്‍, പരിഹാസങ്ങള്‍, ചമ്മട്ടിയടികള്‍… മരണത്തിന്‍റെ നിശബ്ദതയിലേയ്ക്ക് മയങ്ങി വീഴിയ്ക്കുന്ന കറുപ്പ് നിറയ്ക്കുന്ന പാനപാത്രങ്ങള്‍ മനഃപൂര്‍വ്വം അവഗണിച്ച് ആഴ്ന്നിറങ്ങുന്ന കാരിരുമ്പാണികളുടെ ക്രൂരതയില്‍ പുളയുമ്പോള്‍ നയനങ്ങള്‍ ഒരിടത്തുറപ്പിയ്ക്കാന്‍ കഴിയാതെ വന്യമായി ഇറുക്കിയടയ്ക്കാന്‍ മാത്രം വിധിയ്ക്കപ്പെട്ട് അന്ന്യാധീനപ്പെട്ടവനായി മാറുന്നവന്‍…

നസ്രായന്‍റെ ജറുസലേം ജീവിതം; മണ്ണിലിഴയാനും മരക്കുരിശില്‍ ശപിയ്ക്കപ്പെട്ടവനാകാനും തയ്യാറായവന്‍റെ ആത്മീയ ജീവിതത്തിന്‍റെ സുഗന്ധക്കൂട്ട്; പരിശുദ്ധമായ നാര്‍ദ്ദീന്‍ തൈലത്തിന്‍റെ ഗന്ധം…

വലിയ ആഴ്ച്ച നസ്രായന്‍റെ ജറുസലേം ജീവിതത്തിന്‍റെ ഹൃദയസ്പര്‍ശ്ശിയായ ആവിഷ്ക്കാരവും ഓര്‍മ്മപ്പുറവുമാണ്… യേശുജീവിതത്തിന്‍റെ പൂര്‍ത്തീകരണമാണ് ജറുസലേം. രക്ഷയുടെ പ്രകാശം ജ്വലിച്ചുയരുന്ന ആകാശച്ചെരിവ്. പുതിയ ആകാശം. യേശു ജീവിതത്തില്‍ ഒരിയ്ക്കലും ഒഴിവാക്കാനാവാത്ത ഒന്ന്. ജറുസലേം ഒഴിവാക്കിയുള്ള ഒരു യേശു ജീവിതമില്ല… യേശു ദര്‍ശനങ്ങള്‍ രൂപപ്പെട്ടതു പോലും ജറുസലേമിന്‍റെ കാല്‍വരി ലക്ഷ്യമാക്കിയാണ്. വളര്‍ന്നു വികസിച്ചതും ഒടുക്കം സൂര്യനെപ്പോലെ മഹത്വീകൃതമായതും ജറുസലേമിന്‍റെ ആകാശമാറിലാണ്… ഈ ജറുസലേമിന്‍റെ മണ്ണില്‍ ചവുട്ടി നിന്നു കൊണ്ടാണ് അവന്‍ സ്വര്‍ഗ്ഗത്തിന്‍റെ വാതില്‍ തുറക്കുന്നതും അതിലേക്കുള്ള കുറുക്കു വഴിയാകുന്നതും…

യേശുശിഷ്യന്‍റെ ജീവിത ദര്‍ശ്ശനങ്ങളുടെ ആകെ തുകയാണ് ജറുസലേം. ഒരുവനും തന്‍റെ പിന്നിലേക്ക് തട്ടിയെറിയാനും അവഗണിയ്ക്കുവാനും ആവാത്ത ഒന്ന്. തന്‍റെ ജീവശ്വാസം പോലെ എപ്പോഴും കൂടെയുള്ള ദര്‍ശ്ശനങ്ങള്‍… യേശു ശിഷ്യന്‍റെ പാതയാവേണ്ടതും പാതകളില്‍ ദീപമാകേണ്ടതും ഈ ദര്‍ശനങ്ങളാണ്. നാമെല്ലാം ഒരു ജറുസലേം യാത്രയിലാണെന്ന സത്യം എന്നെ വീണ്ടും ചിന്തിപ്പിയ്ക്കുന്നു… ചവുട്ടിനില്‍ക്കുന്ന മണ്ണും ഒലിച്ചു പോവുന്ന പഥികന്‍റെ നിസ്സഹായകതയില്‍ മിഴികള്‍ സാഗരമാകുമ്പോള്‍ ഞാനും ജറുസലേമിലാണെന്ന ധ്യാനത്തിലാണ് ഞാന്‍… വലിയ ആഴ്ചയുടെ ആഘോഷത്തിലാണെന്ന തിരിച്ചറിവിലും…

ക്രൈസ്തവ ജീവിതത്തിന്‍റെ മാറ്റുരയ്ക്കുന്ന ഉരകല്ലാണ് യേശുശിഷ്യന്‍റെ ജറുസലേമനുഭവങ്ങള്‍. ഈ ജറുസലേമനുഭവങ്ങളുടെ ധ്യാനത്തിലേയ്ക്കാണ് വലിയ ആഴ്ച്ച ഇന്നു നിന്നെ ക്ഷണിയ്ക്കുക…

സ്വജീവിതത്തിലുള്ള യേശുവിന്‍റെ തിരിച്ചറിവിന്‍റെ ആഴമെന്നെ അത്ഭുതപ്പെടുത്തുന്നു; നമ്മള്‍ ജറുസലേമിലേയ്ക്കാണെന്ന തിരിച്ചറിവിലായിരുന്നു അവന്‍. (ലൂക്കാ 13:22) നാള്‍ ചെല്ലും തോറും അവനത് തറപ്പിച്ച് പറഞ്ഞു കൊണ്ടിരുന്നു; നമ്മള്‍ ജറുസലേമിലേയ്ക്കാണ് (ലൂക്കാ 18:31). ഞാന്‍ ജറുസലേമിലേയ്ക്കാണ് എന്നല്ല; നമ്മള്‍ ജറുസലേമിലേയ്ക്കാണ് എന്നുതന്നെയാണ് തിരുവചനങ്ങള്‍. നസ്രായന്‍റെ കാലടികള്‍ പതിഞ്ഞ മണ്‍വഴിയെ ഞാനും ജറുസലേമിന്‍റെ അകത്തളങ്ങളിലേക്ക്… ജറുസലേമിലേയ്ക്കാണെന്ന നാഥന്‍റെ തിരിച്ചറിവ് സ്വജീവിതത്തില്‍ നിവര്‍ത്തിയാകാനിരിക്കുന്ന പിതാവിന്‍റെ ഇഷ്ടങ്ങളോടുള്ള ചേര്‍ന്നു നില്പിലാണ് സാഷാത്കരിയ്ക്കപ്പെടുക.

ഒഴിവാക്കാനും തട്ടിയെറിയാനും കഴിയാത്ത ജീവിതനുഭവങ്ങളെ ദൈവമനസ്സായി കാണാനുള്ള സൂഷ്മദൃഷ്ടി നല്‍കുകയാണ് വലിയ ആഴ്ച.

ഫാ. ജെയിംസ് പുളിച്ചുമാക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.