നോമ്പു വിചിന്തനം: കഴുതപ്പുറത്തെ രാജാവ്

മുഖവുര

കുതിര രക്ഷയ്ക്ക് കാരണമാകുന്നില്ല എന്ന് സങ്കീര്‍ത്തകന്‍ ചൊല്ലിത്തരുന്നുണ്ട് (സങ്കീ. 33:17). സര്‍വ്വസൈന്യങ്ങളോടും ആഢ്യത്തോടും കുതിരപ്പുറത്ത് വരുന്നവന്‍ മാത്രമാണ് രാജാവ് എന്ന സാധാരണ മനുഷ്യബോദ്ധ്യത്തിന് വിപരീതമായി, കഴുതയുടെ പുറത്ത് വിനീതനായി വരുന്നവനും രാജാവ് തന്നെയാണെന്ന് വെളിച്ചത്തിന്റെ സംലഭ്യതയില്‍ വെളിപ്പെടും. അവന്‍ ഭരിക്കുന്നത് രാജ്യത്തെയല്ല, മനുഷ്യഹൃദയങ്ങളെയാണ് (ഓര്‍മ്മയില്‍ തെളിയുന്നത് എന്റെ രാജ്യം ഐഹികമല്ല എന്ന ഗുരുമൊഴിയാണ്). ക്രിസ്തീയ വിപ്ലവത്തിന്റെ നാമ്പുകള്‍ മുളയ്ക്കുന്നത് വിനീതഭാവങ്ങളിലാണ്. അധികാരത്തിന്റെയോ അടിച്ചമര്‍ത്തലിന്റെയോ അല്ല. രക്ഷകന്‍ കടന്നുവരുന്ന പാതകളില്‍ വിരിക്കപ്പെട്ട വസ്ത്രങ്ങള്‍ക്കും അവനെ എതിരേറ്റ ഒലിവിന്‍ ചില്ലകള്‍ക്കും, ആര്‍ത്തു വിളിച്ച പുരുഷാരങ്ങള്‍ക്കും പറയാനുള്ളതും അതുതന്നെ.

ക്രിസ്തുവും സോളമനും

നാല് നാളുകള്‍ക്കും അപ്പുറം ശിരസില്‍ മുള്‍മുടി അടിഞ്ഞുകൊണ്ട്, കുരിശില്‍ കയറാന്‍, ലോകരക്ഷയ്ക്കുവേണ്ടി യഹൂദരുടെ രാജാവായി പരിഹസിക്കപ്പെടാന്‍ ഒരുങ്ങുന്ന സഞ്ചാരത്തിന്റെ ആദ്യചലനം എന്നോണം ഈശോ കഴുതയുടെ പുറത്ത് വിനയാന്വിതനായ രാജാവായി ജെറുസലേമിലേക്ക് പ്രവേശിക്കുന്നു. പഴയനിയമ പുസ്തക താളുകളില്‍ യഹോവയായ ദൈവം നാഥാന്‍ പ്രവാചകന്‍ വഴി ദാവീദിനോട് ദൈവാലയം നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ”അവന്‍ എനിക്ക് ആലയം പണിയും, അവന്റെ രാജസിംഹാസനം എന്നേക്കും സ്ഥിരപ്പെടുത്തും (2 സാമുവര്‍ 7:13) എന്ന വാഗ്ദാനം നിറവേറ്റപ്പെടുന്നത് സോളമനിലാണ് (1 രാജ. 6:14). ദാവീദിനുശേഷം രാജാവാകാന്‍ നിയോഗം ലഭിക്കുന്ന സോളമന്‍ ജറുസലേമിലേക്ക് പ്രവേശിക്കുന്നത് കഴുതയുടെ പുറത്താണ് (1 രാജ. 1:33). ഒരു പുതിയ ഭാരണക്രമത്തിന് തുടക്കം കുറിക്കുന്നതിന്റെ സൂചനയായിരുന്നു അത്. സോളമന്‍, രാജകീയ പ്രവേശനത്തെ അനുസ്മരിപ്പിക്കും വിധം ആയിരുന്നു യേശുവിന്റെ രാജകീയ പ്രവേശനവും. ഒരു നവയുഗത്തിന്റെ നാന്ദികുറിക്കലായിരുന്നു യേശുവിന്റെ ജറുസലേം പ്രവേശനവും. ‘ദാവീദിന്റെ പുത്രന് ഓശാന’ എന്ന ഗീതാലാപനത്തിന്റെ അകമ്പടിയോടെ എതിരേല്‍ക്കപ്പെടുന്ന സോളമന്‍ യഹോവയായ ദൈവത്തിന് ഒരു ആലയം നിര്‍മ്മിച്ചു എങ്കില്‍ അതേ ഗീതാലാപനത്താല്‍ എതിരേല്‍ക്കപ്പെടുന്ന യേശു തന്റെ പിതാവിന്റെ ആലയത്തെ കവര്‍ച്ചക്കാരുടെ കൈയ്യില്‍ നിന്ന് മോചിപ്പിച്ച് സകല ജനങ്ങള്‍ക്കുമാള്ള പ്രാര്‍ത്ഥനാലയമായി വിശുദ്ധീകരിക്കുന്നു. വി. മത്തായി സുവിശേഷകന്‍ അത് വ്യക്തമായി ചിത്രീകരിക്കുന്നുണ്ട് (21:12-14).

സഖറിയാ പ്രവചനം

സോളമന് ശേഷം ഏകദേശം നാല് നൂറ്റാണ്ടുകള്‍ക്കും ഇപ്പുറം സഖറിയാ പ്രവാചകന്‍ വരാനിരിക്കുന്ന രക്ഷകനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നു. സോളമന്റെ, ഭരണകാലഘട്ടത്തിനുശേഷം (970-931) ഇസ്രായേല്‍ രണ്ടായി വിഭജിക്കപ്പെടുന്നു. പല വിദേശ ആധിപത്യങ്ങള്‍ക്കും വിധേയരായിരുന്ന അവര്‍ പലപ്പോഴും പ്രവാസങ്ങളില്‍ കാലയാപനം നടത്തേണ്ടിവന്നു. അതിനിടയില്‍ ജറുസലേം ദൈവാലയം പലതവണ ആക്രമണത്തിന് ഇരയാകുന്നു. തകര്‍ക്കപ്പെട്ട ദൈവാലയം പുനരുദ്ധരിക്കാനായി രാജാക്കന്മാരും പ്രവാചകന്‍മാരും മുന്നിട്ടിറങ്ങുന്നുണ്ട്. ഇപ്രകാരം ദൈവാലയത്തിന്റെ പുനരുദ്ധാരണത്തെക്കുറിച്ചും വരാനിരിക്കുന്ന രക്ഷകനെ കുറിച്ചുമുള്ള സൂചനകള്‍ പ്രവചനങ്ങളില്‍ ദര്‍ശിക്കാനാകും. പുരോഹിതന്‍ കൂടിയായ സഖറിയാ പ്രവാചകന്‍ വരാനിരിക്കുന്ന രക്ഷകനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത് ഇപ്രകാരമാണ്. ”ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്ക് വരുന്നു. അവന്‍ പ്രതാപവാനും വിജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറി വരുന്നു” (9:9). ഈ പ്രവചനം നിവര്‍ത്തിയാകാന്‍ ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു.

യഹൂദരുടെ കാത്തിരിപ്പ്

യഹൂദജനം പ്രതീക്ഷിച്ചത് യുദ്ധവീരനും വിപ്ലകാരിയും ഇസ്രായേലിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ശക്തനുമായ ഒരു മിശിഹായെ ആയിരുന്നു (ജീഹശശേരമഹ ങലശൈമവ). അവരുടെ ഈ കാത്തിരിപ്പിന് അര്‍ത്ഥമുണ്ട്. കാരണം AD 64-ല്‍ പോംപെയുടെ നേതൃത്വത്തില്‍ റോമന്‍ സൈന്യം ജറുസലേം കീഴടക്കി. ദൈവാലയം തകര്‍ത്തു നിഷിദ്ധമായ പന്നിമാംസം തീറ്റിച്ചു, സീസറിനെ ആരാധിക്കാന്‍ നിര്‍ബന്ധിച്ചു. പരിഛേദനത്തെ എതിര്‍ക്കുകയും യഹൂദമതത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സ്ഥിതിക്ക് അല്പം അയവുവന്നത് സമാന്തരാജാവായ ഹേറോദേസിന്റെ കാലത്താണ്. എങ്കില്‍പോലും യഹൂദജനതയ്ക്ക് റോമന്‍ ഭരണാധികാരികളോടൊത്തു വെറുപ്പിന് അയവു വന്നിട്ടില്ലായിരുന്നു. ഇവരുടെ മധ്യത്തിലേക്കാണ് യേശു കഴുതപ്പുറത്ത് കയറി ആഗതനാകുന്നത്. ഇതു കാണുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സോളമന്‍ കഴുതപ്പുറത്ത് കയറി ജറുസലേമിലേക്ക് വന്നത് അവരുടെ മനസില്‍ തെളിഞ്ഞിട്ടുണ്ടാകണം. അതുകൊണ്ടാണ് ഒലിവിന്‍ ചില്ലകള്‍ വീശുകയും, തങ്ങളുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിരിക്കുകയും ഉച്ചത്തില്‍ ‘ഹോസാന’ പാടുകയും ഒക്കെ ചെയ്തത്. പക്ഷേ, കാല്‍വരിയെ ലക്ഷ്യമാക്കിയാണ് യേശുവിന്റെ യാത്ര എന്നറിയുമ്പോള്‍  അവരുടെ പ്രതീക്ഷയ്ക്ക് നിറം മങ്ങുന്നു. കാരണം അവരുടെ പ്രതീക്ഷയ്ക്ക് നിരക്കാത്ത ഒരു യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.

ക്രിസ്തുവിന്റെ രാജത്വം

വേലിക്കെട്ടുകളാല്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കപ്പെട്ട നിശ്ചിത ഭൂപ്രദേശത്തില്‍ കിരീടവും പട്ടുടയാടകളും ധരിച്ച് അധികാരത്തിന്റെ ചെങ്കോലും പേറുന്ന നിറപ്പകിട്ടാര്‍ന്ന ഒരു രാജാവിന്റെ ആകാരഭംഗി ആയിരുന്നില്ല യേശു എന്ന രാജാവിനുണ്ടായിരുന്നത്. ഉലകം മുഴുവന്റേയും ഉടയവന്‍ ജനനം മുതല്‍ മരണം വരെ കടം കൊള്ളുന്നവനായി തന്നെ നിലകൊണ്ടു. സത്രത്തിലായിരുന്നു ആദ്യശ്വാസമെടുത്തതെങ്കില്‍ അവസാന ശ്വാസമെടുത്തത് ആകാശത്തിനും ഭൂമിക്കും മദ്ധ്യേ വിരിച്ച കൈകളില്‍ തറയ്ക്കപ്പെട്ട ഇരുമ്പാണികളില്‍ തൂങ്ങപ്പെട്ട നിലയിലും. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ നീളുന്ന രഹസ്യാത്മക ജീവിതമവസാനിച്ച് തിരശ്ശീല നീക്കി സാധാരണ മനുഷ്യരോട് സംസാരിക്കുമ്പോഴും അവന്‍ കടംകൊള്ളുകയായിരുന്നു. ബാലന്റെ കൈയ്യിലെ അഞ്ച് അപ്പവും രണ്ട് മീനും കടമെടുത്താണ് അയ്യായിരങ്ങളുടെ വിശപ്പടക്കിയത്. തന്റെ സദ് വാര്‍ത്ത മറ്റുള്ളവരിലെത്തിക്കാന്‍ പന്ത്രണ്ടുപേരുടെ ജീവിതവും അവന്‍ കടം വാങ്ങി. രാജത്വം പൈതൃകമായി ലഭിച്ച അവന്‍ ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാന്‍ വെമ്പല്‍ കൊണ്ടു. അരയില്‍ കച്ചമുറുക്കി താലത്തില്‍ വെള്ളമെടുത്ത് സ്വശിഷ്യരുടെ പാദങ്ങള്‍ക്കുനേരെ നടന്നു നീങ്ങുന്നതും അതിനുവേണ്ടി തന്നെയായിരുന്നു. വെട്ടിപ്പിടിക്കുന്നതിനും കീഴടക്കുന്നതിനും അധികാരത്തിന്റെ ഉത്തുംഗധരണിയില്‍ കയറിപ്പറ്റുന്നതിനുമായിരുന്നില്ല, മറിച്ച് തോറ്റുകൊടുക്കുന്നതാണ് വിജയിക്കാനുള്ള ഏക വഴി എന്ന് അവന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. പക്ഷേ അതൊരു പിന്‍മാറ്റമായിരുന്നില്ല, എല്ലാവരെയും നേടാനുള്ള മുന്നേറ്റമായിരുന്നു. അതായിരുന്നു അവന്റെ വിപ്ലവം. അക്രമണ മാര്‍ഗ്ഗത്തിലൂടെ സാമൂഹിക വിപ്ലവം സാദ്ധ്യമാകുന്ന നേതാവായിരുന്നില്ല ഈശോ. ചില പ്രതേ്യക ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ യേശുവിനെ അത്തരത്തില്‍ ചിത്രീകരിക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. (വോട്ട് ബാങ്ക് ലക്ഷ്യംവച്ചുള്ള പൊളിറ്റിക്‌സ് മാത്രമാണ് അതെന്ന് ഇപ്പോള്‍ എല്ലാവരും തിരിച്ചറിയുന്നുണ്ട്). താന്‍ വിശ്വസിക്കുന്ന പ്രതേ്യക ശാസ്ത്രത്തില്‍ അര്‍ത്ഥം കല്‍പ്പിക്കാന്‍ അപരന്റെ ചങ്ക് പിളര്‍ത്തി വിപ്ലവ വീരഗാഥ രചിക്കുകയായിരുന്നില്ല യേശു, മറിച്ച് തന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിയും അനേകര്‍ക്കുവേണ്ടിയും പിളര്‍ക്കപ്പെടാന്‍ സ്വന്തം ചങ്ക് വിട്ടുകൊടുത്ത് അവസാന തുള്ളി രക്തം വരെ ഒഴുക്കി ആത്മീയ വിപ്ലവത്തിന്റെ തേരോട്ടത്തിന് പച്ചക്കൊടി കാണിക്കുകയാണ് ചെയ്തത്.

അവസാനിക്കുമ്പോള്‍…..

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പെരുന്നാള്‍ ക്രമത്തിലെ ഓശാന ശുശ്രൂഷയില്‍ കുരുത്തോല വാഴ്ത്തുന്ന ക്രമത്തിലെ രണ്ടാം എക്‌ബോയില്‍ നാം ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നുണ്ട്. ”….സൈന്യങ്ങളുടെ കര്‍ത്താവായി സകല ജാതികളിലും വാണുകൊണ്ടിരിക്കുന്ന മിശിഹാ ശത്രുവിന്റെ അഹങ്കാരത്തെ നശിപ്പിക്കുവാന്‍ കഴുതപ്പുറത്തുകയറി ഇതാ വരുന്നു”. ശത്രു എന്നത് പിശുചും അഹങ്കാരമെന്നത് ആത്മാക്കളെ നാശത്തിലേക്ക് തള്ളിയിടാനുമുള്ള കുടിലതന്ത്രങ്ങളുമാണ്. ക്രിസ്തുവിന്റെ വിനീത ഭാവത്തിനു മാത്രമേ ശത്രുവിനെ അഹങ്കാരത്തെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. ക്രിസ്തുവിന്റെ, ഈ ഭാവം ഉള്‍ക്കൊള്ളുമ്പോള്‍ അവിടെ ക്രിസ്തീയ വിപ്ലവം സാധ്യമാകും. ബിഷപ് ഫുള്‍ട്ടണ്‍. ജെ. ഷീനിന്റെ ഭാഷയില്‍ ക്രിസ്തീയ വിപ്ലവത്തിന്റെ ആദ്യകിരണം എന്നത് മനുഷ്യനുള്ളില്‍ തന്നെയുള്ള വിപ്ലവമാണ്. അത് ഹൃദയങ്ങളെ നിര്‍മ്മലമാക്കുന്നു. അതുവഴി ഒരു തവലോകം പുനര്‍ജനിക്കുകയും ചെയ്യും. ഓശാന തിരുനാള്‍ അതിന്റെ നാന്ദിക്കുറിക്കലാകട്ടെ എന്ന് ആശംസിക്കുന്നു.

ഓശാനതിരുനാളിന്റെ പ്രാര്‍ത്ഥനയും മംഗളങ്ങളും!

റവ. ഫാ. ബനഡിക്ട് കൂടത്തുമണ്ണില്‍
(സെന്റ് അലോഷ്യസ് സെമിനാരി, തിരുവനന്തപുരം)

കടപ്പാട്: ക്രൈസ്തവ കാഹളം മാസിക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.