നോമ്പ് വിചിന്തനം 20: പതിനൊന്നാം സ്ഥലം: ആണിപ്പാടേറ്റ മുറിപ്പാടുകള്‍

കുരിശില്ലാത്ത ക്രിസ്തുവും
ക്രിസ്തുവില്ലാത്ത കുരിശും
ക്രൂശിതനില്ലാത്ത ക്രിസ്‌ന്യാനിയുമാണ്
കാലത്തിന്റെ പരാജയം

‘യേശുവിനെ കുരിശില്‍ തറയ്ക്കുന്നു’ – ഇതു കുരിശിന്റെ വഴിയിലെ വെറുമൊരു സ്ഥലമല്ല. സ്ഥലകാലങ്ങള്‍ക്കുമപ്പുറം ഇതൊരു ചരിത്രമാണ്. മനുഷ്യജീവിതങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന ചരിത്രം. രണ്ടു മരക്കഷണങ്ങളാല്‍ തീര്‍ക്കപ്പെട്ട കുരിശിന്റെ വിരിമാറില്‍ ഇരുകരങ്ങളും കാലുകളും വലിച്ചുനീട്ടി ആണിയടിക്കുമ്പോള്‍ ക്രിസ്തുവിന്റെ കണ്ണില്‍ നിന്നും ചോര പൊടിഞ്ഞിരിക്കണം. ഈ കുരിശില്‍ തറയ്ക്കപ്പെട്ടവന്റെ രോദനത്തിന് കാലം കൊടുക്കുന്ന മറുപടിയാണ്, പ്രത്യുത്തരമാണ്, വായിലേക്ക് കുരിശിന്റെ അഗ്രങ്ങള്‍ കയറ്റുമ്പോഴും മരണത്തെ മുഖാമുഖം കാണുമ്പോഴും കണ്ണുകളില്‍ പ്രത്യാശയുടെ രശ്മികള്‍ പരത്തുന്ന ഈ 21-ാം നൂറ്റാണ്ടിലും ക്രൂശില്‍ തറയ്ക്കപ്പെട്ടവനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന മനുഷ്യജന്മങ്ങള്‍.

ഈ താളുകളില്‍ ഇറ്റുവീഴുന്ന അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ ഒരു ക്രൂശിതനാവശ്യമാണ്. ഇതൊരു ഓര്‍മപ്പെടുത്തലാണ്. ഈ വാക്കുകളിലൂടെ കടന്നുപോകുന്നവരും കുരിശില്‍ തറയ്ക്കപ്പെട്ടവരാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍. ഇതൊരു മുന്നറിയിപ്പുകൂടിയാണ്. ചരിത്രത്തില്‍ കുരിശില്‍ തറയ്ക്കപ്പെട്ടവന്‍ ഇന്നും മനുഷ്യരാശിയുടെ പാപങ്ങള്‍ക്ക് മുമ്പില്‍ ക്രൂശിതനാവുന്നു എന്ന മുന്നറിയിപ്പ്. അതുകൊണ്ടാണ് വി. പത്രോസ് തന്റെ ആദ്യ പ്രസംഗത്തില്‍ ജനത്തോടു പറയുന്നത്. ”നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി” (അപ്പ. 2:36) എന്ന വചനം നമ്മുടേയും ഹൃദയങ്ങളില്‍ ആഞ്ഞുതറയ്ക്കണം. കാരണം ക്രിസ്തുവിന്റെ ഹൃദയത്തില്‍ അവന്റെ കരങ്ങളില്‍ അടിയ്ക്കപ്പെട്ട ആണികള്‍ക്കുമപ്പുറം അതടിച്ച നീയാണ്…. നിന്റെ പാപങ്ങള്‍ ക്രിസ്തുവിനെ അന്നുമിന്നും വേദനിപ്പിക്കുന്നത്.

ഈ പതിനൊന്നാം സ്ഥലം വി. ലൂക്കാ തന്റെ സുവിശേഷത്തില്‍ വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട് (23:33-43). ഈ പീഢാനുഭവ വിവരണത്തിലൂടെ ക്രിസ്തു ക്രൂശിക്കപ്പെട്ടത് അന്നത്തെ റോമന്‍ സാമ്രാജ്യത്തില്‍ നടപ്പാക്കിയിരുന്ന രീതിയില്‍ തന്നെയാണ് എന്നുറപ്പിക്കാം. യേശുവിനെ ക്രൂശില്‍ തറച്ചത് ഇമ്മിസ്സാ കാപ്പിത്താമ്മ എന്ന ആകൃതിയിലുള്ള കുരിശിലായിരിക്കണം. ഇതിന്റെ പ്രത്യേകത കുത്തനെയുള്ള തുലാത്തിന്റെ മധ്യഭാഗത്തായി ‘സെദീലെ’ എന്നു ലത്തീനില്‍ പറയുന്ന ഒരു മരക്കട്ടി ഉണ്ടാവും. ഇത് കുരിശില്‍ കിടക്കുന്നവന്റെ ശരീരം താങ്ങാനുള്ള മരക്കട്ടിയാണ്. കുറുകെയുള്ള ഭാഗം വലിപ്പത്തില്‍ അല്പം ചെറുതായിരിക്കും. കുത്തനെയുള്ള തുലാം (മരക്കഷണം) മണ്ണില്‍ കുഴിച്ചിടും. എന്നിട്ട് കുറുകെയുള്ള തടിക്കഷണത്തില്‍ ക്രിസ്തുവിനെ കിടത്തി ഇരുകരങ്ങളും വലിച്ചുനീട്ടി കൈകള്‍ അതില്‍ തറയ്ക്കുന്നു. ശരീരം കുരിശില്‍ തൂങ്ങി നില്‍ക്കാന്‍ വേണ്ടി ചിലപ്പോള്‍ കയറുകളുപയോഗിച്ച് കൈകള്‍ രണ്ടും മരത്തോടുചേര്‍ത്തു ബന്ധിക്കും. പിന്നീട് കയറിന്റെ സഹായത്തോടെ ഈ മനുഷ്യനെ വലിച്ചുയര്‍ത്തി കുത്തനെ നാട്ടിയിരിക്കുന്ന തടിക്കഷണത്തോട് ചേര്‍ത്ത് ബന്ധിക്കും. ഒപ്പം പാദങ്ങള്‍ ആ മരത്തോട് ചേര്‍ത്ത് ആണിയില്‍ തറയ്ക്കും. അതിനാലാണ് ഈ മരണത്തെ ക്രൂശാരോഹണം എന്നു ചരിത്രകാരന്മാര്‍ വിളിക്കുന്നത്.

ഇത്രയും സഹനങ്ങള്‍ ഒരു ദൈവപുത്രന്‍ ഏറ്റെടുക്കുന്നത് നമുക്കു വേണ്ടി… അല്ല എനിക്കുവേണ്ടി എന്നതാണ് എന്റെ കണ്ണുകള്‍ നിറയ്‌ക്കേണ്ട യാഥാര്‍ത്ഥ്യം.

നീയും അവന്റെ ആണിപ്പാടിന് കാരണമാണ്. നീയും അവന്റെ കരങ്ങളിലും കാലുകളിലും ആണിതറച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അതേ, ഒരു കാര്യം ഉറപ്പാണ് അവന്‍ ക്രൂശില്‍ തറയ്ക്കപ്പെട്ടത് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയാണ്. അതുകൊണ്ടാണ് ഏശയ്യ 53:4 പറയുന്നത് അവന്‍ ഏറ്റെടുത്തത് നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടിയായിരുന്നു. പാപം ചെയ്ത നാമെല്ലാമാണ് അവനെ കുരിശില്‍ തറച്ചത്.  അവന്റെ കുരിശാരോഹണത്തിന് ഉത്തരവാദികള്‍ നാം തന്നെയാണ്. ഇന്നു നാം ചെയ്തു കൂട്ടുന്ന പാപങ്ങളിലൂടെ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്നു എന്നു നാം മറക്കരുത്.  അതാണ് ഹെബ്രാ. 8:6 ല്‍ പറയുന്നത് ക്രിസ്തുവിനെ തള്ളിപ്പറയുന്നവന്‍ അവനെ വീണ്ടും ക്രൂശിക്കുന്നു. ഇതൊരു തിരിച്ചറിവാണ്. ക്രിസ്തുവിന്റെ മരണത്തിനുത്തരവാദി ഞാനാണെന്ന തിരിച്ചറിവ്.  സ്‌നേഹത്തോടെ സ്വപുത്രനെ തരുമ്പോള്‍ നമ്മുടെ പാപങ്ങള്‍ നിമിത്തം നാമവനെ കുരിശിലേറ്റുന്നു. അവനെ കുരിശില്‍ തറയ്ക്കുന്നു.

”ആ മനുഷ്യന്‍ നീ തന്നെയാണ്” ക്രിസ്തുവിനെ ക്രൂശിച്ചവന്‍. ക്രിസ്തുവിനു ആണിയടിച്ചവന്‍ ഇനിയും നമുക്കു മുമ്പില്‍ ഒരു വഴിയേ ബാക്കിയുള്ളൂ. അനുതാപം… ഈ അനുതാപമുണ്ടാകേണ്ടത് താനാണ്, തന്റെ പാപങ്ങളാണ് ക്രിസ്തുവിന്റെ പീഢാനുഭവത്തിന് കാരണമെന്ന ബോധ്യത്തില്‍ നിന്നുമാണ്.

ഇതു മനസ്സിലാക്കുന്നവനേ ക്രിസ്തുവിന്റെ മുറിപ്പാടുകളുടെ ആഴമളക്കാനാവൂ… വീതിയറിയാനാകൂ… വ്യാപ്തി മനസ്സിലാക്കാനാവൂ… പാപിയാണെന്ന ബോധ്യത്തില്‍ നിന്നാണ് ക്രിസ്തുവിനെ വധിക്കുന്നതിലെ പങ്കു നിനക്ക് മനസിലാകൂ…

ഈ ആണിപ്പാടിന്റെയും രക്തതുള്ളികളുടേയും വിലയില്‍ നിനക്കു പങ്കാളിയാകണമെങ്കില്‍ സ്വന്തം പാപം ഏറ്റുപറയാന്‍ കഴിയണം. കാരണം ക്രിസ്തുവിന്റെ കരുണ പതിക്കുന്നത് അനുതാപമുള്ള ഹൃദയത്തിലാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ മനുഷ്യരാശിക്കു നഷ്ടപ്പെടുന്നതും അനുതാപമുള്ള ഹൃദയവും പാപബോധവുമാണ്. ക്രിസ്ത്യാനിയായതുകൊണ്ട് കുരിശ് ജീവിതത്തിലുണ്ടാകും എന്നു ധരിക്കരുത്. എന്നും കുരിശില്‍ തറയ്ക്കപ്പെടുന്ന ദരിദ്രന്റേയും പീഢിപ്പിക്കപ്പെടുന്നവന്റേയും, ആണിപ്പാടിന്റെ വിലയറിയുന്നവന്റേയും കൂടെയേ ക്രിസ്തുവുണ്ടാകൂ… മതത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടുമ്പോഴും ജീവിത സാഹചര്യങ്ങളില്‍ കാലിടറുമ്പോഴും തിരിച്ചറിയണം. നിനക്കായ് പീഢയേറ്റവന്‍ കുരിശിലേറിയവന്‍ നിന്നോടുകൂടെയുണ്ടെന്ന്. മനുഷ്യനെ പരസ്പരം കടിച്ചു കീറാന്‍ നില്‍ക്കുന്ന ഈ മരണസംസ്‌കാരത്തില്‍ അനുതാപത്തിന്റെ സുവിശേഷമായി നാം മാറണം. ക്രിസ്തുവില്ലാത്ത കുരിശിനെ നീയന്വേഷിക്കരുത്… അത് വെറും പ്രഹസനമായി മാറും. കുരിശില്ലാത്ത ക്രിസ്തുവിനേയും നീയന്വേഷിക്കരുത്. അത് വെറും കപടതയായി മാറും… ക്രൂശിതനില്ലാത്ത ക്രിസ്ത്യാനിയായി നീ മാറരുത്… മാറിയാല്‍ ആണിപ്പാടിന്റെ രക്ഷയുടെ സഹനപാത്രത്തില്‍ നിന്നും നീ പുറന്തള്ളപ്പെടും.  ആ കാസയില്‍ നിന്നും നുകരാന്‍ ക്രിസ്തുവിന്റെ കുരിശിന്റെ സ്‌നേഹമറിയാന്‍ അനുതാപമുള്ള ഹൃദയത്തിനായി നമുക്കു പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന

എന്റെ പാപങ്ങളാകുന്ന കുരിശുചുമന്ന്, എനിക്കായി ആണിപ്പാടേറ്റവനെ, തിരിച്ചറിയുന്നു എന്റെ പാപങ്ങളാല്‍ ഇന്നും ഞാന്‍ നിന്നെ കുരിശില്‍ തറയ്ക്കുന്നു എന്ന്, ദൈവമേ, എന്റെ പാപത്തെക്കുറിച്ച് അനുതാപമുള്ള ഒരു ഹൃദയം എനിക്കു തരേണമേ. നിന്റെ മുറിവുകളുടെ ആഴമറിയാനുള്ള കൃപ എന്നില്‍ ചൊരിയേണമേ. ക്രിസ്തുവില്ലാതെ കുരിശിന്റെ അര്‍ത്ഥം തിരിച്ചറിയാനും കുരിശില്ലാതെ ക്രിസ്തുവിനെ പിന്‍ചെല്ലാനും ക്രൂശിതനില്ലാതെ ജീവിക്കാനും ശ്രമിച്ച നിമിഷങ്ങളെ കാണുന്ന ക്രൂശിതാ, നിന്റെ മുമ്പില്‍, എനിക്കായ് നീ ഏറ്റ മുറിവുകളുടെ മുമ്പില്‍ പാപപങ്കിലമായ എന്റെ ജീവിതത്തെ ശരീരത്തെ സമര്‍പ്പിക്കുന്നു. നിന്റെ ആണിപ്പാടില്‍ നിന്നും ഒഴുകിയ രക്തത്താല്‍ എന്നെ നീ കഴുകേണമേ. അതുവഴി ഈ ലോകത്തിനായി ഞാനും ക്രൂശിക്കപ്പെടട്ടെ. നിന്നോടു ചേര്‍ന്നു നില്‍ക്കട്ടെ.  പരിശുദ്ധ അമ്മേ… സ്വപുത്രനെ കുരിശിന്റെ വഴിയില്‍ അമ്മ എപ്രകാരം അനുധാവനം ചെയ്തുവോ അതുപോലെ ജീവിതമാകുന്ന കുരിശിന്റെ വഴിയില്‍ ക്രൂശിതനെ പിന്‍ചെല്ലാന്‍ ഞങ്ങള്‍ക്കുവേണ്ടി വഹിക്കേണമേ… ആമ്മേന്‍

ഫാ. ബനഡിക്റ്റ് വാറുവിള

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.