നോമ്പ് വിചിന്തനം 13: ആറാം സ്ഥലം – വേറോനിക്കാ യേശുവിന്റെ തിരുമുഖം തുടയ്ക്കുന്നു 

സഹനത്തിന്റെ യാത്ര തുടരുകയാണ്. രക്തവും വിയര്‍പ്പും കൂടി കലര്‍ന്ന് യേശുവിന്റെ മുഖം വിരൂപമായിരിക്കുന്നു. ഒരിക്കല്‍ സുന്ദരമായിരുന്ന ആ മുഖം. അനേകര്‍ ആ ദര്‍ശനം കൊതിച്ചിട്ടുണ്ട്. ദര്‍ശനത്തിലൂടെ സൗഖ്യമാക്കപ്പെട്ടവരും ഏറെ.

ഇപ്പോഴിതാ, പരസ്യ ജീവിത കാലത്ത് അവിടുത്തെ അനുഗമിച്ച അനേകം സ്ത്രീകളില്‍ (ലൂക്കാ 8:1-3) ഒരുവളും, പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവം ബാധിച്ച്, അവിടുത്തെ വസ്ത്രാഗ്രത്തില്‍ വിശ്വാസത്തോടെ സ്പര്‍ശിച്ച് സുഖമാക്കപ്പെട്ടവളെന്ന് പാരമ്പര്യം പറയുന്നവളുമായ, വേറോനിക്കാ എന്ന സ്ത്രീ അവിടുത്തെ സമീപിക്കുന്നു. അവള്‍ക്ക് പ്രതിനന്ദി കാണിക്കണം. കാരണം അവള്‍ അത്രമാത്രം ഈശോയെ സ്‌നേഹിച്ചിരുന്നു. അവിടുത്തെ സഹനത്തിന് കുറവ് വരുത്തണം. ഇതാ! കെവുറീന്‍കാരന്‍ ശിമയോന്‍ അവിടുത്തെ കുരിശ് താങ്ങി സഹായിക്കുന്നത് അവള്‍ കാണുന്നു. തനിക്കും അവിടുത്തെ സഹായിക്കണം. സ്ത്രീ എന്ന നിലയില്‍ അവിടുത്തെ കുരിശ് താങ്ങാന്‍ ശാരീരികമായി താന്‍ അശക്തയായിരിക്കാം. എന്നാല്‍ തന്നാലാവുന്ന വിധം അവള്‍ക്ക് അവിടുത്തെ സഹായിക്കണം.

ആക്രോശിക്കുന്ന പട്ടാളക്കാരുടേയും പരിഹസിക്കുന്ന ഫരിസേയരുടേയും സദുക്കായരുടേയും മധ്യത്തിലൂടെ, ധൈര്യം സംഭരിച്ച് അവളിതാ ഈശോയുടെ മുമ്പിലെത്തുന്നു. സ്‌നേഹം പ്രതിബന്ധം അറിയുന്നില്ലല്ലോ. വളരെ അടുത്തെത്തി അവള്‍ ഈശോയുടെ മുഖം ദര്‍ശിക്കുന്നു. അവിടുത്തെ മുഖഭാവം അവളെ ഏറെ വേദനിപ്പിക്കുന്നു. അവളുടെ ഹൃദയത്തെ അത് വല്ലാതെ ഉലയ്ക്കുന്നു. ആ മുഖത്ത് നിന്ന് പ്രസരിക്കുന്ന ഭാവം ഇപ്പോഴും ശാന്തതയുടേയും എളിമയുടേതുമാണ്. എങ്കിലും ഇനിയും കൂടുതല്‍ സഹിക്കുവാന്‍ അവിടുന്ന് ശക്തനല്ല. അവിടുത്തെ സഹനത്തിന്റെ കാഠിന്യം അത്രമാത്രം വലുതാണ്. അവള്‍ തന്റെ തൂവാലയെടുത്ത് ഭക്തിപൂര്‍വ്വം അവിടുത്തെ മുഖം തുടച്ചു.

യേശുവിന് വേറോനിക്കായുടെ പ്രവൃത്തി ഏറെ ആശ്വാസപ്രദമായിരുന്നു. സ്‌നേഹത്തിന് പ്രതിസ്‌നേഹം കാണിക്കുവാന്‍ ഒരാളെങ്കിലും ഉണ്ടായല്ലോ. നന്ദിസൂചകമായി ഈശോ തന്റെ മുഖച്ഛായ അവളുടെ തൂവാലയില്‍ പതിച്ചു നല്‍കി.

വേറോനിക്കായെപ്പോലെ യേശുവിനോടുള്ള നന്ദി നിറഞ്ഞ ഹൃദയത്താല്‍ ജ്വലിക്കുന്ന ഒരാളായി നമുക്കും തീരാം. അനുകൂല സാഹചര്യങ്ങളില്‍ മാത്രമല്ല പ്രതികൂല സാഹചര്യങ്ങളിലും അവിടുത്തെ സാക്ഷ്യപ്പെടുത്തുവാന്‍ നമുക്ക് ശ്രമിക്കാം. നമുക്ക് ചുറ്റുമുള്ള പാവപ്പെട്ടവരിലും അശരണരിലും യേശുവിനെ ദര്‍ശിച്ചുകൊണ്ട്, വേറോനിക്കായെപ്പോലെ അവരുടെ കണ്ണുനീരൊപ്പുവാനും അവര്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കുവാനും നമുക്ക് തീരുമാനമെടുക്കാം. ”ഈ പാവപ്പെട്ടവരില്‍ ഒരുവന് ചെയ്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തതെന്ന അവിടുത്തെ വചനം (മത്തായി 25:40) നമുക്ക് ഓര്‍ക്കാം.

പ്രാര്‍ത്ഥന

യേശുവേ, എതിര്‍ക്കുന്നവരുടെ നടുവിലൂടെ കടന്ന് വന്ന് അങ്ങയുടെ മുഖം തുടച്ച വേറോനിക്കായുടെ ധൈര്യം എനിക്ക് മാതൃകയാണ്. എന്നാല്‍ എന്റെ ക്രിസ്തീയ ജീവിതവും സാക്ഷ്യവും പ്രഘോഷണവുമെല്ലാം അനുകൂലമായ സാഹചര്യങ്ങളില്‍ മാത്രമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ‘സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും വചനം പ്രഘോഷിക്കാം’ (2 തിമോ. 4:2) ആവശ്യപ്പെടുന്ന വി. പൗലോസിന്റെ തീക്ഷ്ണത എനിക്ക് നല്‍കണമേ. ”മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റു പറയുന്ന ഏതൊരുവനേയും ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ മനുഷ്യപുത്രനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവന്‍, ദൈവത്തിന്റെ, ദൂതന്മാരുടെ മുമ്പിലും തള്ളിപ്പറയപ്പെടും. (ലൂക്കാ 12: 8-9) എന്ന തിരുവചനം എന്നെ ഭയപ്പെടുത്തുന്നു. നാഥാ, അതുപോലെ എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്നവരുടേയും ഒറ്റപ്പെട്ടു കഴിയുന്നവരുടേയും അടുത്തേക്ക് വെറോനിക്കായെപ്പോലെ കടന്നു ചെല്ലാന്‍ ഉള്ള ധൈര്യവും ശക്തിയും എനിക്ക് നല്‍കണമേ. അപ്പോള്‍ അങ്ങയുടെ മുഖം അവരില്‍ ദര്‍ശിക്കാന്‍ എനിക്കും സാധിക്കും. അതിന് എന്നെ പ്രാപ്തനാക്കണമേ. ആമ്മേന്‍

ഫാ. ജോസ് ചരുവില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.