നോമ്പ് വിചിന്തനം18: പത്താം സ്ഥലം: ദിവ്യരക്ഷകന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു

ബൈബിള്‍ഭാഗം: മത്താ. 27:31-35; മര്‍ക്കോ. 15:17-20; യോഹ. 19:2-23

കുരിശിക്കപ്പെടുന്ന സമയത്ത് യേശുക്രിസ്തു ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ച് ഇപ്രകാരം വി. ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. ‘ചെമന്ന മേലങ്കി അവനെ അണിയിച്ചു; അതാകട്ടെ തുന്നലില്ലാതെ മുകള്‍ മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു’.  മനുഷ്യാവതാരം വചനമായ ദൈവം മനുഷ്യരൂപം ധരിച്ചതാണല്ലോ.  സുറിയാനി സഭാപിതാവായ വി. അപ്രേം ദൈവപുത്രന്റെ മനുഷ്യാവതാരത്തെക്കുറിച്ചു പറയുന്നത് ഇപ്രകാരമാണ്. ‘ക്രിസ്തു ആദത്തിന്റെ ശരീരം. മാതാവിന്റെ ഉദരത്തില്‍ ധരിച്ചു. മറിയം അവളുടെ അമ്മയായ ഹവ്വായ്ക്ക് അതിലൂടെ ഒരു പിന്തുണ നല്‍കി; എന്തെന്നാല്‍ പാപത്തിലൂടെ കൈവന്ന വീഴ്ചയും ലജ്ജയും മറക്കാന്‍ അവള്‍ അത്തിയിലകള്‍ കൊണ്ട് തുന്നിയ വസ്ത്രം ധരിക്കുകയും അതിനു പകരമായി അവളുടെ മകളായ മറിയം കൃപയുടെ വസ്ത്രം വീണ്ടും തുന്നുകയും കൃപയുടെ വസ്ത്രം അവളെ ധരിപ്പിക്കുകയും ചെയ്തു (Hymns on the Nativity 4:188).

പാരമ്പര്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് തുന്നപ്പെടാത്ത ഈ വസ്ത്രം യേശുക്രിസ്തുവിനു വേണ്ടി നെയ്തത് പരി. മറിയം ആണെന്നാണ്. തുന്നപ്പെടാത്ത നീണ്ട പുറങ്കുപ്പായം പരി. അമ്മയ്ക്ക് യേശുക്രിസ്തുവിന്റെ ശരീരത്തോടുള്ള സ്‌നേഹവും കരുതലും വെളിപ്പെടുത്തുന്നതാണ്.  തുന്നലുകള്‍ ഇല്ലാത്ത മുകള്‍ മുതല്‍ അടിവരെ നെയ്തുണ്ടാക്കിയ ആ വസ്ത്രം യേശുവിന്റെ പരിശുദ്ധിയെ സൂചിപ്പിക്കുന്നതാണ്. അവന്‍ പാപമില്ലാത്തവനാണെന്നും അത് ഓര്‍മ്മിപ്പിക്കുന്നു. ക്രൂശിക്കപ്പെടുന്ന സമയത്ത് യേശുവിന്റെ ശരീരത്തില്‍ വിലയുള്ളതായി ഇനിയും അവശേഷിക്കുന്നത് ആ മേലങ്കിയാണെന്ന് പടയാളികള്‍ മനസിലാക്കി. അവര്‍ അതും സ്വന്തമാക്കുന്നു.  ഇനി യേശുവിനും കുരിശിനും ഇടയില്‍ ഒന്നും ഇല്ല. കുരിശില്‍ നിന്നും അകറ്റുന്ന എല്ലാറ്റിനെയും യേശു ഉപേക്ഷിക്കുകയാണ്. വസ്ത്രം അഴിച്ചു മാറ്റപ്പെടുന്ന ഈ സംഭവം മഹത്വത്തില്‍ വസ്ത്രം (Robe of Glory) നഷ്ടപ്പെട്ട് പറുദീസായില്‍ നിന്നും പുറത്താക്കപ്പെട്ട ആദാമിനെ അനുസ്മരിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ മഹത്വം ദൈവകല്പന ലംഘിച്ചതിലൂടെ മനുഷ്യന് നഷ്ടമാകുകയും അങ്ങനെ മനുഷ്യന്‍ തന്റെ നഗ്നതയില്‍ ലജ്ജിക്കുകയും ദൈവത്തിന്റെ മുമ്പില്‍ വരാനാകാതെ ഓടിയൊളിക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ യേശുക്രിസ്തു ഒരിക്കല്‍ കൂടി വീണുപോയ മനുഷ്യന് സദൃശ്യനായി തീരുന്നു. നഷ്ടപ്പെട്ട മഹത്വത്തിന്റെ വസ്ത്രം ക്രിസ്തു തന്റെ പുനരുത്ഥാനത്തിലൂടെ നമ്മെ വീണ്ടും ധരിപ്പിക്കുകയും, ഇന്നും വി. മാമോദീസായിലൂടെ സഭാമക്കള്‍ ധരിക്കുകയും ചെയ്യുന്നു. ചുമന്ന അങ്കി യേശുക്രിസ്തുവിന് ഒരു രക്തസാക്ഷിയുടെ സ്ഥാനം നല്‍കുന്നു.

ഈ കാലഘട്ടത്തില്‍ തുന്നലില്ലാതെ നെയ്‌തെടുത്ത വസ്ത്രം മനുഷ്യന്റെ ശരീരത്തോടും, ജീവനോടുമുള്ള പരിശുദ്ധമായ ബഹുമാനത്തെയും ആദരവിനെയും സൂചിപ്പിക്കുന്നതാകണം. ജീവന്റെ സംരക്ഷണത്തെക്കുറിച്ച് നമ്മള്‍ വല്ലാതെ വേവലാതിപ്പെടാറുണ്ടല്ലോ. സ്വന്തം ജീവനെയും, ശരീരത്തെയും സംരക്ഷിക്കുവാനോ, ബഹുമാനിക്കുവാനോ താല്പര്യമില്ലാത്ത ഒരു തലമുറ വളര്‍ന്നുവരുന്നു. ലജ്ജയില്ലാതെ, കരുതലില്ലാതെ, ശരീരത്തെ ഉപയോഗിക്കുന്നവന്‍ ശരീരത്തെ ലൈംഗീക സുഖത്തിനുവേണ്ടി ഉപയോഗിക്കുന്നവരും, അതിനായി പ്രേരിപ്പിക്കുന്നവരും, മോശമായ വാക്കുകളിലൂടെ, നോട്ടത്തിലൂടെ, സ്പര്‍ശനത്തിലൂടെയൊക്കെ മനുഷ്യശരീരത്തെ അപമാനിക്കുന്നവര്‍ മനുഷ്യന്റെ നഗ്നതയിലൂടെ വരുന്ന ലജ്ജാകരമായ പാപാവസ്ഥകള്‍ക്ക് യേശുക്രിസ്തു തന്റെ ശരീരത്തിലൂടെ പാപപരിഹാരം നല്‍കി.  രക്തം പുരണ്ട വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടപ്പോള്‍ വീണ്ടും അവന്റെ മുറിവുകളില്‍നിന്നും വന്ന രക്തത്താല്‍ അവന്‍ അവയെ വിശുദ്ധീകരിച്ചു.

പ്രാര്‍ത്ഥന

മനുഷ്യന് രൂപം നല്‍കി കൃപയുടെ വസ്ത്രം അണിയിച്ച യേശുവേ നീ സൃഷ്ടികളാല്‍ തന്നെ നഗ്നനാക്കപ്പെട്ടു.  മനുഷ്യനെ സൃഷ്ടിച്ചവന്‍ മനുഷ്യനാല്‍ നിന്ദിക്കപ്പെടുന്നു, നീ ലജ്ജിതനാക്കപ്പെടുന്നു. എന്തിനു വേണ്ടി ദൈവമെ? നീ നിന്റെ പാപങ്ങളാലല്ല ലജ്ജിതനാക്കപ്പെട്ടത്, നഗ്നനാക്കപ്പെട്ടത്, മറിച്ച് ഞങ്ങളുടെ എല്ലാ പാപങ്ങളുടെയും ലജ്ജയും ഭാരവും നീ ഏറ്റെടുത്തു. ഞങ്ങള്‍ മഹത്വീകരിക്കപ്പെട്ട നിന്റെ ശരീരത്തെ ദര്‍ശിക്കുന്നു.  നീ എല്ലാ മോഹങ്ങളെയും ഉപേക്ഷിച്ചു. ആദത്തിനുണ്ടായ ലജ്ജയെ നീ സൗഖ്യപ്പെടുത്തി, പാവപ്പെട്ടവരുടെയും, പീഡയനുഭവിക്കുന്നവരുടെയും, തിരസ്‌കൃതരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും വേദനകള്‍ നീ ഏറ്റെടുത്തു. അതിലൂടെ പിതാവായ ദൈവം ഈ ലോകത്തെയും, മനുഷ്യരെയും എത്രമാത്രം സ്‌നേഹിക്കുന്നു എന്നും കരുതുന്നു എന്നും നീ വെളിപ്പെടുത്തി. യേശുവേ നിന്റെ കീറപ്പെടാത്ത മേലങ്കിയാല്‍ ഞങ്ങളെയും, ഈ ലോകത്തെയും മറച്ച് സംരക്ഷിക്കണമെ. മറ്റുള്ളവരുടെ ജീവന്റെയും ശരീരത്തിന്റെയും സംരക്ഷകരായി തീരുവാന്‍ ഞങ്ങളെ ബലപ്പെടുത്തണമെ.

ഫാ. ഗീവര്‍ഗീസ് മണിപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.