നോമ്പ് വിചിന്തനം 16: ഏഴാം സ്ഥലം – യേശു രണ്ടാം പ്രാവശ്യം വീഴുന്നു

യേശു വീണ്ടുമൊരിക്കല്‍ കൂടി തളര്‍ന്നു വീഴുന്നു. ഈ വീഴ്ച അനുസ്മരിക്കുന്ന ഇടം പഴയ ജറുസലേം നഗരത്തിന്റെ വാതിലിലാണ്. പടിഞ്ഞാറ് ദിക്കിലുള്ള കവാടം. കുറ്റവാളികളെ വധിക്കാനായി നഗരവാതില്‍ കടത്തുമ്പോള്‍ അവിടെവച്ച് ഒരിക്കല്‍ കൂടി അവന്റെ മേലുള്ള വിധിവാചകം വായിക്കപ്പെടും. യേശുവിനെ സംബന്ധിച്ച് അത് നഗരത്തിനു പുറത്ത് കാല്‍വരിയില്‍, മരണംവരെയും ശപിക്കപ്പെട്ട മരത്തില്‍ തൂക്കപ്പെടുന്നതിനുള്ള വിധിയാണത്.

പിടക്കോഴി കുഞ്ഞുങ്ങളെ എന്നപോലെ ഈ നഗരത്തിന്റെ മക്കള്‍ക്കുമേല്‍ ജാഗരിക്കാന്‍ കൊതിച്ചവനാണ്, ഇതേ തെരുവുകളുടെ നിഷ്‌കളങ്കമായ പ്രതീക്ഷകള്‍ ഒലിവിലകളുയര്‍ത്തി ഓശാനപാടി എതിരേറ്റവനാണ്, തിരസ്‌കൃതനായി, ഉച്ചിമുതല്‍ ഉപ്പൂറ്റിവരെ ഒറ്റവൃണമായി രൂപം മാറിയ ഉടലില്‍, ശപിക്കപ്പെട്ട മരണത്തിന്റെ മുന്‍കുറിയായി കെട്ടിവച്ച കൊടുംഭാരവുമായി നഗരത്തില്‍ നിന്ന് പടിയിറങ്ങുന്നത്.

തളര്‍ന്നു പോയി എന്ന്, തോറ്റുപോയി എന്ന് ഉടലുകൊണ്ടുള്ള ഏറ്റുപറച്ചിലാണു വീഴ്ചകള്‍. രാജാവായി നഗരത്തിന്റെ മുന്‍വാതിലിലൂടെ എഴുന്നള്ളി വന്നവന്‍, കുറ്റവാളിയായി കുരിശുചുമന്ന് പിന്‍വാതിലിറങ്ങുമ്പോള്‍, അവന്റെ പാദങ്ങള്‍ ഇടറിപ്പോകുന്നത് തോളിനുകുറുകേ കെട്ടിവച്ച മരക്കഷണത്തെക്കാള്‍ വളരെയേറെ വലിയഭാരങ്ങള്‍ അവന്റെ ഹൃദയത്തിലുള്ളതുകൊണ്ടുകൂടിയാണ്. എല്ലാ മുറിവുകളെയുംകാള്‍ ആഴവും അഴലുമുണ്ട് ഉയിരില്‍ ചേര്‍ത്തുപിടിച്ച സ്‌നേഹങ്ങളില്‍ നിന്നുള്ള തിരസ്‌കാരത്തിന്.

മനുഷ്യജന്മത്തിന്റെ രൂപകമാണ് ജറുസലേം എന്ന നഗരം. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവള്‍. ദിവ്യസാന്നിദ്ധ്യത്തിന്റെ ഭൗമിക കൂടാരം. പക്ഷെ ജാതികളുടെ തിന്മകള്‍ അവളില്‍ വേരുറച്ചു. ദൈവം അവളെ വിട്ടുപോയി. ജാതികളുടെ ഭരണാധിപന്മാര്‍ അവളുടെ കോട്ടയ്ക്കുള്ളില്‍ ആധിപത്യമുറപ്പിച്ചു.

തിന്മമാത്രം നിറഞ്ഞ നഗരം എന്ന് നാമവളെ തെറ്റിദ്ധരിക്കരുത്.  കുറച്ചുനാള്‍ മുന്‍പ് മാത്രം അവനിരിക്കുന്ന കഴുതയുടെ കാലുപോലും നിലത്തുതട്ടാതെ തളിര്‍ വിരിച്ചും തുണികള്‍ വിരിച്ചും അവനെ എതിരേറ്റ കളങ്കമറിയാത്ത സ്‌നേഹം ആ നഗരത്തിനുള്ളില്‍ തന്നെ വിങ്ങിനില്‍പ്പുണ്ട്. അവനെ താങ്ങാന്‍ ആഗ്രഹമുള്ളവരുണ്ട്, രക്തംപുരണ്ട മുഖം തുടയ്ക്കാന്‍ ആളുണ്ട്, അവന്റെ പീഡകള്‍ സ്വപ്നങ്ങളില്‍ കണ്ട് ഉറക്കം നഷ്ടപ്പെട്ടവരുണ്ട്.

സൗകുമാര്യങ്ങള്‍, സ്‌നേഹങ്ങള്‍, കടപ്പാടുകള്‍, നീതിബോധം… ഇതൊന്നും മൊത്തമായി പടിയിറങ്ങിപ്പോയിട്ടല്ല നാം പാപികളാകുന്നത്, രക്ഷകനെ തള്ളിപ്പറയുന്നത്.

നന്മകള്‍ക്കൊക്കെ മുകളില്‍ നമുക്കുതന്നെ വഴങ്ങാത്ത വ്യാമോഹങ്ങള്‍, നമ്മുടെ കൈപ്പിടിയിലൊതുങ്ങാത്ത കണക്കുകൂട്ടലുകള്‍, നാം തന്നെ പലപ്പോഴും അറപ്പോടെ മാത്രം ചികഞ്ഞുനോക്കിയിട്ടുള്ള നൃശംസതകള്‍ നമ്മില്‍ ആധിപത്യം പുലര്‍ത്തുമ്പോഴാണ് നാം ദൈവത്തെ തെരുവിലിറക്കിവിടുന്നത്. തിരസ്‌കരിക്കപ്പെട്ട സ്‌നേഹം ചുമലിലേറ്റി കുഴഞ്ഞുവീഴുന്ന രക്ഷകനും ചില മനുഷ്യാവസ്ഥകളുടെ പ്രതിരൂപമാണ്.

നൊന്ത് പെറ്റും, ജീവരക്തം ഇറ്റിച്ചു പോറ്റിയും മക്കളെ വളര്‍ത്തി വലുതാക്കിയിട്ട്, ഒരു വറ്റോ ഒരിറ്റു വെള്ളമോ കൊടുക്കാനാളില്ലാതെ തെരുവിലിറങ്ങുന്ന വാര്‍ദ്ധക്യങ്ങളില്‍ അവനുണ്ട്. വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്താന്‍ കടപ്പെട്ട കരങ്ങള്‍ തന്നെ വഴിതെറ്റിച്ചും, കരുതിവളര്‍ത്താന്‍ കടപ്പെട്ടവര്‍ ഉപേക്ഷിച്ചും, തോളുറയ്ക്കാത്ത പ്രായത്തില്‍ വഹിയാത്ത ഭാരങ്ങളെടുത്തും തെരുവിലെത്തിയ കുരുന്നു ജന്മങ്ങളിലും അവനുണ്ട്.

തലമുറകളുടെ ഈ രണ്ടറ്റങ്ങള്‍ക്കിടയിലോ? അവിശ്വസ്തതയുടെ ചുംബനത്താല്‍ ഒറ്റിക്കൊടുക്കപ്പെട്ടവര്‍, സ്‌നേഹിതരാലും സഹോദരങ്ങളാലും തിരസ്‌കരിക്കപ്പെട്ടവര്‍, ജീവിതഭാരം കൊണ്ട് തളര്‍ന്നു പോകുന്നവര്‍, വിയര്‍പ്പായും രക്തമായും ഊര്‍ജം വാര്‍ന്നുപോയവര്‍, രോഗപീഡകളുടെ ഇരുട്ടില്‍ വഴിതടഞ്ഞ് വേച്ചുപോകുന്നവര്‍… അവന്റെ പാദങ്ങള്‍ ഇടറിപ്പോവുന്നത്, അവന്‍ മുഖമടച്ചുവീഴുന്നത് പലതവണ കണ്ടവരാണ് നമ്മള്‍.

തിരസ്‌കരിക്കുന്ന നഗരവും, തിരസ്‌കൃതനായ മിശിഹായും. ഇരുരൂപകങ്ങള്‍ക്കിടയില്‍ പൊതുവായുള്ളത് അനാഥമായിപ്പോകുന്ന നന്മകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്.

യേറുശലേമിന് അവളുടെ രക്ഷകനെ സ്വീകരിക്കാന്‍ സാധിക്കാതെ പോയതെന്തുകൊണ്ടാണ്? അവള്‍ ഹൃദയപൂര്‍വ്വം പാടി ഓശാന ഗീതങ്ങളെ അപ്രസക്തമാക്കാന്‍ തക്കവിധം അവളില്‍ തിന്മയുടെ ശക്തികള്‍ ശക്തിപ്പെട്ടിരുന്നു. ഒറ്റയ്ക്കും ഒളിവിലും ഒക്കെ അളവില്‍ ഒതുങ്ങിനിന്ന നന്മകള്‍ക്ക് ആ ശക്തികളെ പരാജയപ്പെടുത്താനാവുമായിരുന്നില്ല. രക്ഷയുടെ പരമോന്നതമായ ദാനത്തെ നഷ്ടപ്പെടുത്തുന്ന ദുരന്തത്തിലേക്ക് അത് അവളെ എത്തിക്കുന്നു.

നന്മയെന്ന് അറിയാവുന്നവ നഷ്ടപ്പെടുത്തുമ്പോള്‍ നമ്മുടെയൊക്കെയുള്ളില്‍ അനാഥവേദനകള്‍ ഉണ്ടാവാറില്ലേ? യറുശലേമിനെ സംബന്ധിച്ച് ആ വേദനകളെ പ്രതിനിധീകരിക്കുന്നത് ഉപേക്ഷിക്കപ്പെട്ടവന്റെ, മുറിവേറ്റവന്റെ, കുരിശുചുമക്കുന്നവന്റെ പക്ഷത്തേക്ക് ധീരമായി നീങ്ങിനില്‍ക്കുന്ന ചില സ്ത്രീജന്മങ്ങളാണ്. പക്ഷെ അവരുടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് അവനെ രക്ഷിച്ചെടുക്കുവാനുള്ള ത്രാണിയില്ല.

രക്ഷ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടത് ആത്മാവിന്റെ ഉള്‍തളങ്ങളില്‍ ഊറിവരുന്ന നന്മയുടെ, കനിവിന്റെ, കൃപയുടെ ചെറിയ നീരൊഴുക്കുകളെ ജാഗ്രതയോടെ ശക്തിപ്പെടുത്തുകയാണ്.  അതോടൊപ്പം ജീവിതവഴികളില്‍ മറ്റുള്ളവരില്‍ നിന്ന് സ്വീകരിച്ച നന്മകളെ തെളിച്ചം കെടാതെ ഓര്‍ത്തുവയ്ക്കുകയും, നന്മകള്‍ നന്മകളെ ശക്തിപ്പെടുത്തും. ഒരുമിച്ചു തെളിയുന്ന നന്മയുടെ ചെറുവിളക്കുകള്‍ക്ക് തിന്മയുടെ ആധിപത്യത്തെ ചെറുക്കുവാന്‍ കഴിയും. രക്ഷയുടെ ദൈവിക ദാനം കടന്നുവരുമ്പോള്‍ ആ ചെറുതെളിച്ചങ്ങള്‍ അവനെ ഓശാനപാടി സ്വീകരിച്ചുകൊള്ളും.

എന്റെ രക്ഷകാ, എന്റെ ഉപേക്ഷകളാണ് നിന്നെ തളര്‍ത്തുന്നതെന്ന് ഞാന്‍ അറിയുന്നു. നിന്നോടുള്ള സ്‌നേഹത്തിന്റെ ഉടമ്പടി ഞാന്‍ പാലിച്ചാല്‍ എന്റെ ഹൃദയത്തില്‍ നീ എപ്പോഴും രാജാവായിരിക്കും. നീ വാഴേണ്ട ഇടങ്ങളില്‍ നിന്ന് നിന്നെ പടിയിറക്കുവാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ. തിരസ്‌കാരങ്ങളുടെ ഭാരത്തില്‍ നീ വീണുപോകുന്ന ഇടങ്ങളില്‍ ധീരതയോടെ, ഔദാര്യത്തോടെ നിന്നെ ആശ്വസിപ്പിക്കുവാനും എന്നെ അനുഗ്രഹിക്കേണമേ.

ഫാ. ജോസഫ് വള്ളിയാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.