നോമ്പ് വിചിന്തനം 7: ആവര്‍ത്തനങ്ങളുടെ വിസ്മയം

ഒരിക്കല്‍ ഒരു കല്ലുവെട്ടുകാരന്‍ തന്റെ ജീവിതത്തിന്റെ ദുര്‍വിധിയെക്കുറിച്ച് പരിതപിച്ചുകൊണ്ട് കല്ലുവെട്ടുകയായിരുന്നു. ദൈവത്തിനെതിരെയായിരുന്നു അയാളുടെ പരാതികളിലധികവും. എന്നും ഒരേ ജോലിയാണ് അയാള്‍ക്ക്. മടുത്തു. അപ്പോഴാണ് ആ രാജ്യത്തിലെ രാജാവ് അതുവഴി തേരിലേറി കടന്നു പോകുന്നത് അയാള്‍ കണ്ടത്. ഉടനെ അയാളുടെ ദേഷ്യം രാജാവിനു നേരെയായി. അപ്പോള്‍ ദൈവം അയാള്‍ക്ക് പ്രത്യക്ഷപ്പെട്ടു.

”എന്താണ് നിനക്ക് വേണ്ടത്?” ദൈവം ചോദിച്ചു. ”ഈ കല്ലുവെട്ടുകാരന്റെ ജീവിതം എനിക്കു മടുത്തു. ദാ ആ രാജാവിനെ നോക്കൂ. അയാള്‍ക്കെന്തു സുഖമാണ്. എന്നെപ്പോലെ കഷ്ടപ്പാടൊന്നും അദ്ദേഹത്തിനില്ല. എനിക്കൊരു രാജാവാകാന്‍ കഴിഞ്ഞാല്‍ ഞാന്‍ സംതൃപ്തനായിരിക്കും”. ദൈവം പറഞ്ഞു: ശരി, ഇന്നു മുതല്‍ നീ രാജാവായിത്തീരും. അടുത്ത നിമിഷം കല്ലുവെട്ടുകാരന്‍ രാജാവായിത്തീര്‍ന്നു.

രാജാവായിത്തീര്‍ന്ന കല്ലുവെട്ടുകാരന്‍ ഒരു ദിവസം തേരിലേറി പ്രജകളെ സന്ദര്‍ശിക്കാനിറങ്ങി. രാവിലെ തുടങ്ങിയ സന്ദര്‍ശനം ഉച്ചയായപ്പോഴേയ്ക്കും വളരെ ക്ലേശകരമായി. സൂര്യന്റെ ചൂട് അയാളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഒരു രാജ്യത്തെ രാജാവാണ് ഏറ്റവും ശക്തന്‍ അയാള്‍ക്കാണ് ഏറ്റവും കൂടുതല്‍ സന്തോഷവും സുഖവും എന്ന ധാരണ തെറ്റാണെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി. അയാള്‍ വീണ്ടും ദൈവത്തോടു പരാതി പറയാന്‍ തുടങ്ങി.

ദൈവം വീണ്ടും പ്രത്യക്ഷപ്പെട്ടു. കല്ലുവെട്ടുകാരന്‍ പറഞ്ഞു. എനിക്കു രാജാവാകണ്ട, സൂര്യനായാല്‍മതി. ദൈവം അനുവദിച്ചു. അടുത്ത നിമിഷം അയാള്‍ കത്തി ജ്വലിക്കുന്ന സൂര്യനായിത്തീര്‍ന്നു. സന്തോഷത്തോടെ അയാള്‍ ജ്വലിച്ചു നില്‍ക്കുമ്പോഴാണ് ഒരു മേഘം വന്ന് അയാളെ മറയ്ക്കുന്നത്. തന്റെ ശക്തിക്ക് മേഘത്തെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലന്ന് കല്ലുവെട്ടുകാരന്‍ തിരിച്ചറിഞ്ഞു.

തനിക്ക് സൂര്യനാകണ്ട ഒരു മേഘമായാല്‍ മതി. അയാള്‍ പ്രാര്‍ത്ഥിച്ചു. ദൈവം വീണ്ടും അയാളുടെ പ്രാര്‍ത്ഥന കേട്ടു. അടുത്ത നിമിഷം കല്ലുവെട്ടുകാരന്‍ ഒരു മഴമേഘമായിത്തീര്‍ന്നു. അഹങ്കാരത്തോടെ സൂര്യരശ്മികളെ തടഞ്ഞുനിര്‍ത്തി വിരാജിക്കുമ്പോഴാണ് ശ്ക്തിയേറിയ ഒരു കാറ്റ് വന്ന് മേഘത്തെ തട്ടി മാറ്റിക്കൊണ്ട് പോയത്. തന്നെക്കഴിഞ്ഞും ശക്തി കാറ്റിനാണ് എന്ന തിരിച്ചറിവില്‍ അയാള്‍ വീണ്ടും ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.

ദൈവമേ എനിക്കു മേഘമാകണ്ട ഒരു കാറ്റായാല്‍ മതി. അടുത്ത് നിമിഷം അയാള്‍ ശക്തിയേറിയ ഒരു കൊടുങ്കാറ്റായിത്തീരുന്നു. വര്‍ദ്ധിത വീര്യത്തോടെ മരങ്ങള്‍ കട പുഴക്കി വീശിയടിക്കുന്ന കൊടുങ്കാറ്റിനെ പക്ഷേ വലിയൊരു പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മല തടഞ്ഞു നിറുത്തി. എത്ര ശക്തിയിലടിച്ചിട്ടും മലയ്ക്ക് ഒരു നേരിയ അനക്കം പോലുമുണ്ടായില്ല. കല്ലുവെട്ടുകാരനു മന്‍സ്സിലായി കാറ്റിനല്ല ശക്തി കൂടുതല്‍ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലയ്ക്കാണ്. വീണ്ടും അയാള്‍ പ്രാര്‍ത്ഥിക്കുന്നു.

ദൈവമേ, എനിക്ക് കാറ്റാവണ്ട പകരം ഒരു മലയായാല്‍ മതി. ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നു. കല്ലുവെട്ടുകാരന്‍ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലയായിത്തീരുന്നു. ഇതാണ് സന്തോഷം സുഖം എന്നൊക്കെ കരുതി ഇരിക്കുമ്പോള്‍ അതാ മറ്റൊരു കല്ലുവെട്ടുകാരന്‍ വന്ന് പാറക്കൂട്ടങ്ങളില്‍ നിന്ന് കല്ലുവെട്ടി എടുക്കുവാന്‍ തുടങ്ങുന്നു. തനിക്കു വേദനിച്ചപ്പോള്‍ അയാള്‍ ദൈവത്തോടു നിലവിളിക്കുന്നു, തനിക്കു പഴയ കല്ലുവെട്ടുകാരനായാല്‍ മതി. ദൈവം പ്രാര്‍ത്ഥന കേള്‍ക്കുന്നു. സാധാരണ ജീവിതത്തിന്റെ നൈരന്തര്യത്തിലേയ്ക്ക് അയാള്‍ മടങ്ങുന്നു. കല്ലുവെട്ടുകാരനായി ജീവിക്കുന്നത് തന്നെയാണ് സുഖമെന്ന് അയാള്‍ തിരിച്ചറിയുന്നു.

നമുക്കു പലപ്പോഴും ജീവിതം ഇങ്ങനെയാണ്. പുതുമ തേടിയുള്ള അന്വേഷണമാണ് ജീവിതത്തിലുടനീളം. നിലയ്ക്കാത്ത ആഗ്രഹങ്ങള്‍ അതുകൊണ്ടാണ് നമ്മിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ഒന്നും നമ്മെ സംതൃപ്തരാക്കുന്നില്ല. കുരിശിലേയ്ക്കു നടന്നു പോകുന്ന ക്രിസ്തു നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. ഭൗമികമായ ഓരോ പരാജയതിനുമപ്പുറത്ത് അവന്‍ ലോകത്തിന് ചില ചിന്തകള്‍ അവശേഷിപ്പിക്കുന്നുണ്ട്. അത്ഭുതങ്ങള്‍ അനുവദിക്കപ്പെടെണ്ടാത്ത ഒരു കാലമുണ്ട് അവന്റെ ജീവിതത്തില്‍. സാധ്യമായിരുന്നിട്ടും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവന്‍ തുനിയാതിരുന്ന നിമിഷങ്ങള്‍ പ്രലോഭനത്തിന്റെ നിമിഷങ്ങളാണ്. ജീവിതത്തില്‍ നമുക്ക് സാധ്യമായതെല്ലാം നാം ചെയ്യേണ്ടതുണ്ടോ? ഇല്ല എന്നു തന്നെയാണ് ഉത്തരം. അതിനെ നമ്മള്‍ എളിമ എന്നു വിളിക്കുന്നു.

എന്തുകൊണ്ടാണ് നാളെയെക്കുറിച്ച് ആകുലരാകരുതെന്ന് ഒരുപാടു തവണ തമ്പുരാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ഇത് വെറുമൊരു ഉപദേശമല്ല.ആകുലത അകലുന്നത് നമ്മുടെ സുരക്ഷിതത്വബോധത്തിന്റെ ഫലമായാണ്. സുരക്ഷിതത്വബോധമോ ഒരു ബന്ധത്തിന്റെ പരിണതിയും. ആകുലത മനസ്സിന്റെ ഒരു ഭാവമാണ്. അത് അബോധത്തിലാണ് നമ്മെ ഭരിക്കുന്നത്. അബോധത്തില്‍ പോലും ദൈവത്തില്‍ ആശ്രയിച്ചു നില്‍ക്കുന്ന ഒരു മനസ്സാണ് ആകുലതരഹിതമായി കാണപ്പെടുന്നത്. ജീവിതം വിട്ടുകൊടുത്ത് ദൈവത്തെ ക്ഷണിക്കുമ്പോഴേ നാം നമ്മുടെ ജീവിതത്തില്‍ ദൈവരാജ്യം പണിയുവാന്‍ തുടങ്ങുന്നുള്ളൂ. അതുകൊണ്ടാണ് സമ്പന്നന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര ദുഷ്‌കരം എന്ന് യേശു വിലപിക്കുന്നത്. പദാര്‍ത്ഥപരതയില്‍ നിന്ന് സ്വതന്ത്രമായ ഒരു മനസ്സിനു മാത്രമേ ദൈവരാജ്യാനുഭവവും സാധ്യമാകൂ എന്ന് സാരം. ക്രിസ്തുവിന് അതുകൊണ്ട് ഭൗതികമായ ഒന്നിനെക്കുറിച്ചും ആകുലതയില്ല. ശരീരം പോലും വിട്ടുകൊടുക്കുവാന്‍ അതുകൊണ്ടാണ് അവന് കഴിയുന്നത്. അറിയാമായിരുന്നു അവന് പിതാവിനുള്ള വിട്ടുകൊടുക്കലില്‍ എല്ലാം മഹത്വീകരിക്കപ്പെടുമെന്ന്. ഇത് ഒരു വിശ്വാസമാണ്. ഇതില്‍ യുക്തിയില്ല. ആശ്രയത്തിന്റെ പാഠങ്ങളിലാണല്ലോ വിശ്വാസം പണിയപ്പെടുന്നത്. അതുകൊണ്ടാണ് എല്ലാ വലിയ പാഠങ്ങളിലും ശിശു ഏറ്റവും വലിയ ഉദാഹരണമാകുന്നത്. ശിശുവിന് വിശ്വാസമേ ഉള്ളൂ. യുക്തിയില്ല. മുതിര്‍ന്നവര്‍ പ്രത്യേകിച്ച് സ്‌നേഹിക്കുന്നവര്‍ പറയുന്നത് എന്നും കുഞ്ഞിന് സത്യമാണ്. ദൈവാശ്രയത്തില്‍ യുക്തിക്കപ്പുറത്തേയ്ക്കുള്ള ഒരു മാറിനടപ്പുണ്ട്. അവിടെ നമ്മളെല്ലാം ശിശുക്കളാകുന്നു.

ആകുലതയില്ലാത്ത ബന്ധങ്ങളില്‍ ആസക്തി നശിക്കുന്നു. ബന്ധം വിശ്വാസമാകുമ്പോഴാണത്. പിന്നെ സമര്‍പ്പണമാണ്. ഈ സമര്‍പ്പണത്തിലാണ് ജീവിതത്തിന്റെ സാധാരണത്വത്തിലെ സൗന്ദര്യം നമ്മുടെ മനസ്സില്‍ പതിയുക. രോഗം ഏറ്റവും വലിയ ദുരന്തമാകുന്നത് ആരോഗ്യത്തിന്റെ സാധാരണ നാളുകളെ ഒരിക്കലും നന്ദിയോടെ ഓര്‍ക്കാതിരിക്കുമ്പോഴാണ്. ഒരു ദിവസം എത്ര തവണ ഞാന്‍ ശ്വസിക്കുന്നു. പക്ഷേ ശ്വാസം മുട്ടുമ്പോഴല്ലാതെ ഞാനതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഒരു ദിവസം എത്രയോ തവണ എന്റെ ഹൃദയം മിടിക്കുന്നു. ഒരു നെഞ്ചുവേദനയിലോ ഹാര്‍ട്ടറ്റാക്കിലോ മാത്രമാണ് പലപ്പോഴും ഞാനതിനെക്കുറിച്ച് ചിന്തിക്കുക. ജീവിതം നിലനിറുത്തുന്ന മിക്ക നന്മകളെക്കുറിച്ചും ഓര്‍ക്കുക. സ്വാസ്ഥ്യത്തിന്റെ നാളുകളിലൊന്നും അതു നമ്മുടെ ചിന്താവിഷയമേയാകുന്നില്ല. ഹൃദയമിടിപ്പും ശ്വസനപ്രക്രിയയും ആവര്‍ത്തനത്തിന്റെ സത്യവും സൗന്ദര്യവുമാണ്. അവയില്ലാതെ നമ്മളില്ല. അടിസ്ഥാനപരമായി സ്വാസ്ഥ്യം കുറവില്ലാത്ത ആവര്‍ത്തനമാണല്ലോ. സ്വാസ്ഥ്യം ജൈവപ്രക്രിയയിലെ ഏറ്റവും വലിയ അത്ഭുതമാണ്. ശരിക്കും രോഗസൗഖ്യത്തെക്കഴിഞ്ഞും വലിയ അത്ഭുതമാണ് നമ്മുടെ ആരോഗ്യമുള്ള ദിവസങ്ങള്‍.

ജീവിതത്തിലെ ശീലങ്ങള്‍ ആവര്‍ത്തനസ്വഭാവം കൊണ്ട് വിരസമായ അനുഭവങ്ങളായി അറിയാതെ പരിണമിക്കാം. എല്ലാ ദിവസവും പ്രഭാതത്തില്‍ നാം ഉണരുന്നു, പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നു, ഒരേ ജോലി തന്നെ ചെയ്യുന്നു, കൂടുതല്‍ സമയവും ഒരേ വ്യക്തികളെ തന്നെ കാണുന്നു, ഒരേ സാഹചര്യങ്ങളെ തന്നെഅഭിമുഖീകരിക്കുന്നു, ഒരേ സ്ഥലത്തു തന്നെ ജീവിക്കുന്നു, ഒരേ സമയത്തു തന്നെ ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു തുടങ്ങിയ കാര്യങ്ങള്‍ ആവര്‍ത്തനം കൊണ്ട് കൗതുകത്തെ നശിപ്പിക്കുന്നു. ആവര്‍ത്തനം അബോധപൂര്‍വ്വമായ അവഗണനയ്ക്ക് വഴിയൊരുക്കുന്നതുകൊണ്ടാണത്. ഒരു പക്ഷേ ദൈവാനുഗ്രഹങ്ങളുടെ അവബോധം നമുക്കില്ലാതെ പോകുന്നതും ഈ അവഗണനയുടെ മനസ്സു കാരണമാണ്.

വയലിലെ ലില്ലിയെയും നമ്മുടെ ജീവിതത്തെയും ക്രിസ്തു താരതമ്യം ചെയ്യുന്നത് ഒരു ചെറിയ ശാസനയോടെ തന്നെയാണ്. 139-ാം സങ്കീര്‍ത്തനം വായിക്കുമ്പോള്‍ ദൈവപരിപാലനയുടെ അത്ഭുതവഴികളെയും അവിടെുത്തെ കരുതലിനെയും കുറിച്ച് നാം വിസ്മയിക്കുന്നു. മനുഷ്യന്റെ ജീവിതത്തില്‍ ഒരു നിമിഷം പോലും ദൈവം സന്നിഹിതനാകാതിരിക്കുന്നില്ല. ദൈവസാന്നിദ്ധ്യാവബോധത്തില്‍ നിന്ന് തെന്നി മാറിപ്പോകുന്ന നമ്മുടെ മനസ്സാണ്ശരിക്കും ജീവിതത്തിന്റെ വിസ്മയവും സൗന്ദര്യവും നമ്മില്‍ നിന്ന് മറച്ചു വെയ്ക്കുന്നത്. ശാസ്ത്രം നമുക്കു സമ്മാനിക്കുന്ന അറിവുകളില്‍ അത്ഭുതത്തോടെതിരിച്ചറിയേണ്ട ഒരു യാഥാര്‍ത്ഥ്യമാണ് ഓരൊ നിമിഷവും നമ്മുടെ ജൈവികസത്ത പുതിയതാണ് എന്നത്. അങ്ങനെയെങ്കില്‍ ശരിക്കും നമ്മുടെ ജീവിതത്തില്‍ ഒന്നും ആവര്‍ത്തിക്കുന്നില്ല.ഓരോ നിമിഷവും നമ്മുടെ ശരീരം പുതിയതാണ്. ചുറ്റുപാടുകള്‍ പുതിയതാണ്. സമയം പുതിയതാണ്. ഓര്‍മ്മകളില്‍ കുടുങ്ങിക്കിടക്കുന്ന നമ്മുടെ മനസ്സാണ് മാറാത്തത്.

വ്യത്യസ്തത ജീവിതത്തെ സുന്ദരമാക്കുന്നു. അതുകൊണ്ട് പഴയവയെ വിട്ട് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ മനുഷ്യന് പ്രത്യേക താത്പര്യമുണ്ട്. പുരോഗതിയുടെ അടിസ്ഥാനമായും ഈ വസ്തുത നിലനില്‍ക്കുന്നുണ്ട്. ജീവിതത്തില്‍ പുതുമ തേടുന്നതിന്റെ ഉദാഹരണങ്ങളാണ് ഫാഷന്‍ രംഗവും മാറുന്ന ജീവിതരീതികളും. ഇന്നലെ വരെ എന്തായിരുന്നു എന്ന വ്യക്തമായ അവബോധമില്ലാതെയാണ് പലപ്പോഴും നാം മാറ്റത്തെ സ്വീകരിക്കുന്നത്. അല്ലെങ്കില്‍ മാറരുതാത്തതൊക്കെയാണോ ഞാന്‍ മാറുന്നത് എന്ന് ചിന്തിക്കാതെയാണ് പലപ്പോഴും ഞാന്‍ മാറുന്നത്. വ്യക്തിവൈകല്യങ്ങളുടെ പ്രതികരണമാണ് പല യുവജനങ്ങളെ സംബന്ധിച്ചിടത്തോളം പല മാറ്റങ്ങളും. വേഷവിധാനങ്ങള്‍ തൊട്ട് ജീവിതരീതി വരെ മാറിപ്പോകുന്നത് ജീവിതമെന്താണെന്ന് തിരിച്ചറിയാത്തതു കൊണ്ടാണ്. ജീവിതത്തെ ധ്യാനിക്കാത്തതു കൊണ്ടാണ്. വിവാഹത്തിന് ഞാന്‍ സമ്മതിക്കണമെങ്കില്‍ കുട്ടികള്‍ വേണ്ട എന്ന് സമ്മതിക്കണം എന്ന് പെണ്ണുകാണല്‍ ചടങ്ങില്‍ തന്നെ പെറുക്കനോട് പറയുന്ന പെണ്‍കുട്ടികള്‍ കേരളത്തിലുമുണ്ടായിത്തുടങ്ങിയിരിക്കുന്നു. ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. വികലമായ എത്രയോ ജീവിത രീതികളെയും മനോഭാവങ്ങളെയുമാണ് ഒരു രണ്ടാം ചിന്ത പോലുമില്ലാതെ നാം ഏറ്റുവാങ്ങുന്നത്. ജീവിതം ചിന്തയ്ക്കും യുക്തിക്കുമപ്പുറത്ത് വികാരത്തിന്റെ നിയമങ്ങള്‍ക്ക് അടിപ്പെട്ടു പോവുകയാണ്. മനുഷ്യനാവുക എന്ന ദൈവവിളിയിലുണ്ടാകുന്ന ഏറ്റവും വലിയ കുറവാണിത്.

സാധാരണ ജീവിതത്തിന്റെ സൗന്ദര്യം തിരിച്ചറിയുക എന്നാല്‍ ജീവിതത്തിന്റെ സൂക്ഷ്മതയെ അറിയുക എന്നതാണര്‍ത്ഥം. ഏല്ലാവര്‍ക്കും ഇതിനുള്ള കഴിവോ വരമോ ഉണ്ടായെന്ന് വരില്ല. പക്ഷേ അത് ആര്‍ജ്ജിക്കാന്‍ കഴിയും. അതിന് മനുഷ്യന്‍ അവന്റെ സൃഷ്ടാവിനെ അറിയുകയും ധ്യാനിക്കുകയും വേണം. ശരീരത്തെ അറിയുകയും ധ്യാനിക്കുകയും വേണം.

ഫാ. ബിജു മഠത്തിക്കുന്നേല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.