നോമ്പ് വിചിന്തനം 6: സ്‌നേഹശ്രദ്ധകള്‍ 

”എന്നാല്‍ അവന്‍ (മോശ) അപേക്ഷിച്ചു, കര്‍ത്താവേ ദയവ് ചെയ്ത് മറ്റാരെയെങ്കിലും അയക്കണമേ” (പുറ. 4:13)

റൊസദോവിലെ യഹൂദ റബ്ബിക്ക് ഭക്തനായ ഒരു അനുയായി ഉണ്ടായിരുന്നു. അയാള്‍ക്ക് മക്കളുണ്ടായിരുന്നില്ല. ഒരു കുഞ്ഞിനെ കിട്ടാന്‍ അയാള്‍ തീവ്രമായി ആഗ്രഹിച്ചു. ഈ റബ്ബിയോട് അയാള്‍ പ്രാര്‍ത്ഥന യാചിക്കുമായിരുന്നു. റബ്ബി അദ്ദേഹത്തെ പലപ്പോഴും അനുഗ്രഹിച്ചിരുന്നു. പക്ഷേ അനുഗ്രഹമൊന്നും ഫലിച്ചില്ല. അങ്ങനെയിരിക്കെ റബ്ബിയുടെ സഹോദരന്‍ തന്റെ ചേട്ടനെ കാണാനെത്തി. അദ്ദേഹം സിഖോവ് എന്ന ദേശത്തെ റബ്ബിയാണ്. ഇദ്ദേഹത്തിന്റെ മുമ്പില്‍ ആ ഭക്തന്‍ തന്റെ ദുഖ:ഭാരങ്ങളുടെ കെട്ടഴിച്ചു. അദ്ദേഹം പറഞ്ഞു, ”എന്റെ നാട്ടിലേക്ക് വരിക; ഈ പുതുവര്‍ഷം എന്റെ നാട്ടിലെ സിനഗോഗില്‍ ഏതാനും ദിവസം താമസിക്കുക. നിനക്ക് കുഞ്ഞുണ്ടാകും.” അയാള്‍ക്ക് സന്തോഷമായി. അയാള്‍ തന്റെ നാട്ടിലെ റബ്ബിയോട് ഈ വിശേഷമെല്ലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു. ”എന്റെ അനുജന്‍ പറഞ്ഞതുപോലെ നീ ചെയ്യണം.”

പക്ഷേ പുതുവര്‍ഷാരംഭത്തില്‍ ആ ഭക്തനെ സ്വന്തം സിനഗോഗില്‍ കണ്ട റബ്ബി ചോദിച്ചു, ”നീയെന്തേ അനുജന്റെ സിനഗോഗില്‍ പോയില്ല?” അയാള്‍ പറഞ്ഞു, ”ഞാന്‍ പിന്നീട് ഒരു കാര്യം ആലോചിച്ചു. എനിക്ക് മക്കളില്ലെന്നും ഞാന്‍ അങ്ങയോട് അനുഗ്രഹം ചോദിച്ചിരുന്നതാണന്നും ഈ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. ഞാന്‍ അങ്ങയുടെ സഹോദരന്റെ സിനഗോഗില്‍ പോയി പ്രാര്‍ത്ഥിച്ച് ഒരു കുഞ്ഞുണ്ടായാല്‍ ഇവിടുത്തെ മനുഷ്യര്‍ അങ്ങയെക്കുറിച്ച് എന്ത് പറയും? പ്രാര്‍ത്ഥന ഫലിക്കാത്ത റബ്ബി. അങ്ങനെ അങ്ങയെ മറ്റുള്ളവരുടെ മുമ്പില്‍ കൊച്ചാക്കിക്കൊണ്ട് എനിക്കൊരു കുഞ്ഞിനെ വേണ്ട.” ഇതുകേട്ട് ആ റബ്ബി വല്ലാതായി. അദ്ദേഹം പറഞ്ഞു, ”അങ്ങനെയെങ്കില്‍ ഈ വര്‍ഷം നിനക്കൊരു കുഞ്ഞുപിറക്കും.” ആ വര്‍ഷംതന്നെ അയാളുടെ വീട്ടില്‍ ഒരു കുഞ്ഞു കരഞ്ഞു.

തന്റെ റബ്ബിയുടെ മനസ്സിനെ അല്‍പമെങ്കിലും ഉലച്ചിട്ട് താന്‍ അതിയായി ആഗ്രഹിച്ചിരുന്ന സന്താനസൗഭാഗ്യം വേണ്ട എന്നുവയ്ക്കുന്ന ഒരു ഭക്തന്‍. അതിന്റെ പൂര്‍വ്വരൂപമായിരുന്നത്രേ മോശ. ഇസ്രായേലിനു മോചനം അത്യാവശ്യമാണെന്ന് മോശക്ക് അറിയാമായിരുന്നു. എങ്കിലും ദൈവം പ്രത്യക്ഷപ്പെട്ട് വിമോചനയാത്രയുടെ നേതൃസ്ഥാനം ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ മോശ വിസമ്മതിച്ചു. തനിക്ക് പകരം മറ്റാരെയെങ്കിലും അയക്കണം എന്ന് ദൈവത്തോട് അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ മോശയുടെ മനസ്സില്‍ തന്റെ മൂത്ത സഹോദരനായ അഹറോന്‍ ആയിരുന്നത്രേ. തന്റെ സഹോദരനു ലഭിക്കാത്ത സ്ഥാനം തനിക്കുവേണ്ട എന്നായിരുന്നു മോശയുടെ ഉള്ളിലിരിപ്പ്. അത് അറിഞ്ഞുകൊണ്ടാകണം ഉടന്‍ ദൈവം അഹറോനെ പുറപ്പാട് സംഭവത്തില്‍ പങ്കു ചേര്‍ത്തത്: ”നിനക്ക് ലേവ്യനായ അഹറോന്‍ എന്നൊരു സഹോദരനുണ്ടല്ലോ, ഞാന്‍ നിന്റെയും അവന്റെയും നാവിനെ ശക്തിപ്പെടുത്തും. അവന്‍ നിനക്കു പകരം ജനത്തോട് സംസാരിക്കും; അവന്‍ നിന്റെ വക്താവായിരിക്കും. നീ അവനു ദൈവത്തെപ്പോലെയും” (പുറ.4:14-16).

എത്ര ശ്രേഷ്ഠമായ കാര്യം സ്വന്തമാക്കുമ്പോഴും മറ്റുള്ളവര്‍ക്ക് വേദന പോയിട്ട് ഒരു ഉലച്ചില്‍പോലും ഉണ്ടാക്കാതെ നോക്കുക എന്നത് ശ്രേഷ്ഠമായ ഗുണവിശേഷമാണ്. മറ്റുള്ളവരുടെ ചിലവില്‍ കാര്യങ്ങള്‍ നടത്തരുത് എന്നുമാത്രമല്ല വിവക്ഷ. നമ്മുടെ അവകാശങ്ങള്‍ സ്ഥാപിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും ആരൊക്കെ അതുവഴി മുറിപ്പെട്ടേക്കാം, കൊച്ചായിപ്പോകാം എന്ന് ചിന്തിക്കുന്നത് ക്രിസ്തീയമാണ്. അത് ഈശോയുടെ സ്വഭാവമാണ്. ജറുസലേം പ്രവേശനത്തിനു ഈശോയ്ക്ക് ഒരു കഴുതയെ വേണമായിരുന്നു. അതോടൊപ്പം അതിന്റെ കുഞ്ഞിനെ കൂടെ അഴിച്ചുകൊണ്ടു വരണം എന്ന് പറയുന്ന ഈശോ (മത്താ. 21:2). തനിക്ക് ഓശാന വിളികള്‍ ഉയരുമ്പോള്‍ അകലെ ഒരു കഴുതക്കുഞ്ഞ് അതിന്റെ അമ്മയെക്കാണാതെ നിലവിളിക്കരുത് എന്നാണവന്റെ നിര്‍ബന്ധം. ഗദ്‌സമേന്‍തോട്ടത്തില്‍വച്ച് താന്‍ പിടിക്കപ്പെടുന്നതോടൊപ്പം തന്റെ ശിഷ്യരുടെ സുരക്ഷ ഉറപ്പാക്കുന്ന ഈശോ. ”നിങ്ങള്‍ എന്നെയാണ് അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പോകട്ടെ (യോഹ. 18:8).

എത്രയോ സന്ദര്‍ഭങ്ങളില്‍ സ്‌നേഹത്തിന്റെ നേര്‍ത്ത കരുതലുകള്‍ പാലിക്കാന്‍ നാം കടപ്പെട്ടവരാണ്. മധുരം തൊടാന്‍ പാടില്ലാത്ത വല്യമ്മയുടെ മുമ്പില്‍വച്ച് കൊച്ചുമക്കള്‍ക്ക് ഐസ്‌ക്രീം കൊടുക്കുമ്പോള്‍, പാവപ്പെട്ട കുട്ടികളുടെ കൂടെ സ്വന്തം കുഞ്ഞിനെ വജ്രക്കല്‍ മാലയുമായി ആദ്യകുര്‍ബാന സ്വീകരണത്തിനൊരുക്കി വിടുമ്പോള്‍, പാവപ്പെട്ട മനുഷ്യര്‍ വസിക്കുന്നിടത്ത് വീടിനുപകരം ഒരു കൊട്ടാരം നിര്‍മ്മിക്കുമ്പോള്‍, കുറേയേറെപ്പേര്‍ ഡോക്ടറെക്കാണാന്‍ കാത്തുനില്‍ക്കുമ്പോള്‍ അവരുടെ തലക്കുമുകളിലൂടെ ചില ആനുകൂല്യങ്ങളുടെ പേരില്‍ നിരതെറ്റിച്ച് ഡോക്ടറെ കാണുമ്പോള്‍, രോഗിയായ അപ്പനെ വേലക്കാരനെ ഏല്‍പിച്ച് ബാക്കിയെല്ലാവരുംകൂടെ വിനോദയാത്രക്കു പോകുമ്പോള്‍ നമ്മില്‍ ഉണരേണ്ടതാണ് സ്‌നേഹത്തിന്റെ വിലോലമായ ഇത്തരം ശ്രദ്ധകള്‍. അത്തരക്കാരെ ദൈവം സ്‌നേഹത്തോടെ ശ്രദ്ധിക്കും. തെളിവ്, മോശയുടെ ജീവിതം തന്നെ.

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.