ശതാധിപന്‍ – സത്യത്തെ ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്നവന്‍

ആദിവചനം മാംസം ധരിച്ച് ഭൂമിയില്‍ ഇറങ്ങിയപ്പോള്‍ കാലം അവനുവേണ്ടി കരുതിവച്ചത് കഴുമരം. കാല്‍വരിയുടെ നെറുകയില്‍ ആകാശത്തിന്റെ ആലംബവും ഭൂമിയുടെ കൈത്താങ്ങും ലഭിക്കാതെ വചനമായവന്‍ മൂന്നാണികളില്‍ തൂങ്ങി പിടഞ്ഞു. അവസാനശ്വാസത്തിന്റെ ഭാരം ഒഴിഞ്ഞുപോയ ദേഹം കുരിശിന്റെ ചില്ലയില്‍ തലചായ്ച്ചു കിടന്നു. നിരുപദ്രവകാരിയായ ആ മൃതദേഹത്തെ അവര്‍ വെറുതെ വിട്ടില്ല. പെറ്റമ്മയുടെ കണ്‍മുമ്പില്‍ അവിടുത്തെ നെഞ്ച് കീറിപ്പിളര്‍ന്നു. അപ്പോഴും ചങ്ക് തകര്‍ത്തവരുടെ ഹൃദയത്തിന്റെ മാലിന്യം കഴുകാന്‍ തക്കവിധം അവന്‍ അവിടെ ഒരു തുള്ളിച്ചോരയും ഒരു ചെറു നീര്‍ത്തുള്ളിയും കരുതിവച്ചിരുന്നു.
ഒടുവില്‍ അവന്റെ ചുടുചോര വീണ് നനഞ്ഞുകുതിര്‍ന്ന മണ്ണില്‍ ദൈവിക വെളിപാടിന്റെ അശരീരിവാക്യമായി ഒരാള്‍ അവശേഷിച്ചു. ദൈവം മനുഷ്യനായി ഭൂമിമണ്ണില്‍ തൊട്ടുനിന്നു എന്ന വലിയ നേരിനെ – അവന്‍ പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ചെന്ന യാഥാര്‍ത്ഥ്യത്തെ – കുറ്റാരോപിതനെങ്കിലും അവിടുന്ന് കളങ്കരഹിതനായിരുന്നെന്ന വലിയ സത്യത്തെ ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്ന ശതാധിപന്‍. “സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനാണ്” എന്ന സത്യം പറയുന്നവന്‍.

മര്‍ക്കോസിന്‍റെ സുവിശേഷം അതിന്റെ ഉയരങ്ങള്‍ തൊടുന്ന നിമിഷമാണത്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം എന്നാണ് സുവിശേഷത്തിന്റെ ആമുഖവാക്യമായി മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത്. സുവിശേഷം പകുതിദൂരം പിന്നിടുമ്പോള്‍ ശിഷ്യപ്രമുഖനായ പത്രോസ്, ”നീ ക്രിസ്തുവാണ്” (മര്‍ക്കോ. 8:30) എന്ന് സാക്ഷ്യപ്പെടുത്തുന്നു. അപ്പോഴും ദൈവപുത്രന്‍ എന്നത് സമയത്ത് മാത്രം വെളിപ്പെടുത്തപ്പെടുന്ന ദൈവരാജ്യരഹസ്യമായി നിലകൊള്ളുന്നു. അവിടുത്തെ മരണസമയത്ത് കുരിശിനെ മുഖം നോക്കിനില്‍ക്കുന്ന ശതാധിപന്റെ അധരങ്ങളിലൂടെയാണ് ഈ രഹസ്യം വിളംബരം ചെയ്യപ്പെടുന്നത്. ഈ ഒരു വാചകം കൊണ്ട് പ്രവാചകതുല്യമായ സ്ഥാനമാണ് അദ്ദേഹം നേടിയെടുത്തത്.

നിവൃത്തികേടു കൊണ്ട് ഉത്തരവ് നടപ്പിലാക്കേണ്ടിവരുന്ന നിസ്സഹായരായ മനുഷ്യരുടെ പ്രതീകമാണ് ശതാധിപന്‍. അധികാര കസേരയുടെ കാലിന്റെ ബലം കൊണ്ട് അധികാരത്തെ താങ്ങിനിര്‍ത്തുന്നവര്‍. മനുഷ്യപുത്രനെതിരെ ഉത്തരവുകളിടുകയും അത് നടപ്പില്‍ വരുത്താന്‍ മറ്റുള്ളവരെ ബലിയാടുകളാക്കുകയും അവസാനം ഈ നിഷ്‌ക്കളങ്കരക്തത്തില്‍ എനിക്ക് പങ്കില്ല എന്നുപറഞ്ഞ് കയ്യൊഴിയുകയും ചെയ്യുന്ന ഭരണകര്‍ത്താക്കളുടെ കാലത്ത് ഇത്തരം ഭാഗ്യഹീനര്‍ ഉണ്ടാകേണ്ടത് സ്വഭാവികമാണ്.

എങ്കിലും കുരിശിന്റെ വഴിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം നമ്മുടെ കയ്യില്‍ അവശേഷിപ്പിച്ചത് വിലപിടിപ്പുള്ള ചരിത്രരേഖകളാണ്. അവിടുത്തെ കുരിശിന്റെ വഴിയില്‍ ഏറ്റവും അടുത്ത് അനുഗമിച്ചത് ശതാധിപന്‍ ആയിരുന്നിരിക്കണം. ഗത്സമെന്‍ തോട്ടത്തിലെ അവിടുത്തെ അറസ്റ്റ് മുതല്‍ നിശബ്ദനായി അദ്ദേഹം കൂടെയുണ്ട്. കുറ്റവാളി അറസ്റ്റു ചെയ്യപ്പെടുന്നതു മുതല്‍ നിരീക്ഷിക്കേണ്ടതും കുരിശുമരണത്തിന് വിധിക്കപ്പെട്ടു കഴിഞ്ഞാല്‍ മരണം ഉറപ്പാക്കി രേഖകള്‍ സമര്‍പ്പിക്കേണ്ടതും റോമന്‍ നിയമമനുസരിച്ച് ശതാധിപനായിരുന്നു. യേശുവിനെ അറസ്റ്റു ചെയ്ത സ്ഥലം, അവിടെയുണ്ടായിരുന്ന പടയാളികളുടെ എണ്ണം, ഒറ്റുകാരന്‍ നല്‍കിയ അടയാളവാക്യം, തുടര്‍ന്ന് സെന്‍ഹെദ്രീന്‍ സംഘം നിയമം ലംഘിച്ച് നേരംവെളുക്കും മുമ്പേ വിചാരണ നടത്തിയത്, പീലാത്തോസിന്റെ അരികിലും ഹേറോദേസിന്റെ കൊട്ടാരത്തിലും സെന്‍ഹെദ്രീന്‍ സംഘത്തിന്റെ അരികിലും പിടിച്ചുവലിച്ചുകൊണ്ടു പോയത്, അവിടെ നടന്ന വിചാരണകള്‍, സാക്ഷികള്‍ – അവിടെയെല്ലാം ശതാധിപന്‍ ഉണ്ടായിരുന്നിരിക്കണം.

കുരിശിനരികിലും അദ്ദേഹത്തിന്റെ സാന്നിധ്യം വ്യക്തമാണ്. സമാന്തര സുവിശേഷങ്ങളുടെ വിവരണമനുസരിച്ച് മറ്റുള്ളവര്‍ ദൂരെയാണ്. യേശുവിന്റെ മരണസമയത്ത്, ഭൂമിയിലും ആകാശത്തിലുമുണ്ടായ വ്യതിയാനങ്ങള്‍, അവിടുത്തെ ചെറുഞരക്കങ്ങള്‍, വാക്കുകള്‍, പ്രാണന്റെ നിശ്വാസങ്ങള്‍ എല്ലാം കൃത്യമായി രേഖപ്പെടുത്താന്‍ തക്കവിധം നിരീക്ഷിച്ചതും ശതാധിപന്‍ തന്നെ. മര്‍ക്കോസ് സുവിശേഷത്തില്‍ യേശു മരിച്ചെന്ന രേഖ ഔദ്യോഗികമായി ഭരണകര്‍ത്താവായ പീലാത്തോസിന് സമര്‍പ്പിക്കുന്നതും ശതാധിപനാണ്. അങ്ങനെ നോക്കുമ്പോള്‍, കുരിശിന്റെ വഴിയില്‍ മറ്റാരെക്കാളും ക്രിസ്തുവിന്റെ അടുത്തുണ്ടായിരുന്നത് ശതാധിപനാണെന്ന് കാണുവാന്‍ സാധിക്കും. എന്നുവച്ചാല്‍ അവസാനസമയത്ത് ഏറ്റവും അടുത്ത് അനുഗമിച്ച ആളായി മാറി ശതാധിപന്‍. ഏറ്റവും അടുത്തുനിന്ന് ക്രിസ്തുവിന്റെ നിശബ്ദമായ സഹനം അതിന്റെ പൂര്‍ണ്ണതയില്‍ കണ്ട് ബോധ്യപ്പെട്ടതുകൊണ്ടാണ് ഏറ്റവും വലിയ ഒരു വിശ്വാസപ്രഖ്യാപനം നടത്താന്‍ അദ്ദേഹത്തിന് ആകുന്നത് – ”ഇവന്‍ സത്യമായും ദൈവപുത്രനാണ്” എന്ന പ്രഖ്യാപനം; അതും എല്ലാവരുടെയും മുമ്പില്‍ വച്ച്.

ഇന്ന് ക്രിസ്തുവിനെ അടുത്ത് അനുഗമിക്കുന്നവരാണെന്ന് അഭിമാനിക്കുന്നവരാണ് നമ്മള്‍. പക്ഷേ, അവന്‍ ”സത്യമായും ദൈവപുത്രനാണെന്ന്” പ്രഘോഷിക്കാന്‍ എനിക്കു സാധിക്കുന്നുണ്ടോ? ഒപ്പമുള്ളവര്‍ ദൈവപുത്രനാണ്, പുത്രിയാണ് എന്ന് ഏറ്റുപറയാന്‍ എനിക്ക് സാധിക്കുന്നുണ്ടോ?

ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ