
യേശുവിന്റെ അന്ത്യഅത്താഴവും പരിശുദ്ധ കുര്ബാനസ്ഥാപനവുമൊക്കെ ധ്യാനമാകുമ്പോള് ഓര്‍മ്മയില്‍ തെളിയുന്ന ഒരിടമുണ്ട് – അന്ത്യഅത്താഴം ഒരുക്കപ്പട്ട സെഹിയോന്‍ മലയിലെ വിരുന്നുശാല. പാരമ്പര്യവിശ്വാസം അനുസരിച്ച് ജറുസലേം നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള സെഹിയോന്‍ മലയിലെ മാളികയിലാണ് യേശുവിന്റെ അന്ത്യഅത്താഴം നടന്നത്. അവിടെ വച്ചാണ് യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരുമൊത്ത് പെസഹാ ഭക്ഷിക്കുന്നതും പരിശുദ്ധ കുര്‍ബാന സ്ഥാപിക്കുന്നതും.
യേശുവിന് ഏറ്റവും പ്രിയപ്പെട്ട, അവന് തന്റെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ, അവന്റെ ആഗ്രഹം അനുസരിച്ച് ലഭിച്ച സ്ഥലമായിരുന്നു സെഹിയോന്‍ (മത്തായി 26:17-19). ജീവിതത്തിന്റെ മറ്റ് നിര്‍ണ്ണായകവേളകളില്‍ ഇങ്ങനെ ഒരു ഇഷ്ടസ്ഥലം തിരഞ്ഞെടുക്കാനുള്ള സാധ്യതപോലും അവന് ഇല്ലായിരുന്നു. പിറന്നുവീഴാന്‍ നല്ലൊരു സ്ഥലം തേടിയെങ്കിലും ലഭ്യമായത് പുല്‍ത്തൊട്ടിയാണ്; മരണത്തിന് ഇടം നല്‍കിയത് നാട്ടി നിര്‍ത്തപ്പെട്ട കുരിശാണ്; അടക്കപ്പെട്ടത് അരിമത്തിയാക്കാരന്‍ ജോസഫിന്റെ കല്ലറയിലും. ഇവയൊന്നും അവന് സ്വയം തിരഞ്ഞെടുത്തതല്ല; സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ടതാണ് ഈ എല്ലാ ഇടങ്ങളും. എന്നാല്‍, സെഹിയോന്‍ അവന് തന്നെ തിരഞ്ഞെടുക്കുന്നതാണ്. അവിടെയാണ് യേശു ശിഷ്യന്മാരെല്ലാവരെയും പെസഹാ ആഘോഷിക്കാനായി ഒരുമിച്ചുകൂട്ടിയത്.
മരുഭൂമിയിലും ഗത്സമെനിലും ഗാഗുല്‍ത്തായിലും യേശു ഒറ്റയ്ക്കാകുമ്പോള്‍, ഒറ്റപ്പെടുമ്പോള്‍, സെഹിയോന്‍ ഊട്ടുശാലയില് അവന് കൂട്ടത്തിലാണ്. എല്ലാവരും കൂടെയുണ്ട്. അവിടെ വകതിരിവും തരംതിരിക്കലുമില്ല; മാറ്റിനിര്‍ത്തലും ഒഴിവാക്കലുമില്ല. പന്ത്രണ്ടു പേരെയും ഒരുമിച്ചുകൂട്ടുകയാണ് – സ്നേഹിക്കുന്നവനെയും ഒറ്റിക്കൊടുക്കുന്നവനെയും തള്ളിപ്പറയുന്നവനെയും ഓടിപ്പോകുന്നവനെയുമെല്ലാം.
എന്തിനായിരുന്നു ഈ സെഹിയോന്‍ വിരുന്നുശാലയിലെ ഇങ്ങനെയൊരു കൂടിച്ചേരല്‍? എല്ലാ വര്‍ഷത്തെയും പോലെ നീസാന്‍ മാസത്തിലെ 14-ാം തീയതി വൈകുന്നേരം പെസഹാ ആഘോഷിക്കുക, കടന്നുപോകലിന്റെ ഓര്‍മ്മ പുതുക്കുക, പാരമ്പര്യം പിന്തുടരുക, കൂടിച്ചേര്‍ന്ന ശിഷ്യന്മാര്ക്ക് അത്രമാത്രമേ അറിയാമായിരുന്നുള്ളൂ. പക്ഷേ, ക്രിസ്തുവിന് അതു മാത്രമായിരുന്നില്ല മനസ്സില്‍. തീര്‍ച്ചയായും ഇത് തന്റെ അവസാനത്തെ പെസഹാ ആഘോഷം ആണ് എന്ന വേദന, കൂടെ നില്ക്കേണ്ടവര് ഒറ്റിക്കൊടുക്കുകയും തള്ളിപ്പറയുകയും ഉപേക്ഷിച്ച് ഓടിപ്പോവുകയും ചെയ്യും എന്ന മുന്‍കൂട്ടിയുള്ള അറിവിന്റെ അസ്വസ്ഥത, തന്റെ ശരീരവും രക്തവും തന്റെ പ്രിയപ്പെട്ടവര്‍ക്ക് അപ്പവും വീഞ്ഞുമായി പകുത്തു നല്കാന് പോകുന്നതിന്റെ ആത്മസംതൃപ്തി, അവര്‍ തന്റെ നാമത്തില്‍ ഒരുമിച്ചുകൂടി തന്റെ ഓര്‍മ്മ ആചരിക്കണം എന്ന ഉള്ളിലെ ആഗ്രഹം – ഇതൊക്കെയായിരിക്കണം എല്ലാവരെയും ഒരുമിച്ചുകൂട്ടിയ യേശുവിന്റെ ഉള്ളില്‍. എങ്കിലും യേശു എന്താണ് ആഗ്രഹിക്കുന്നതെന്നോ അവന്റെ ഉള്ളിലെ നീറ്റല്‍ എന്താണെന്നോ കൂടെയിരിക്കുന്നവര്‍ അറിയാന്‍ ആഗ്രഹിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ആനന്ദം എന്ന സിനിമയില്‍ ‘കുപ്പി’ എന്ന കഥാപാത്രം അവന്റെ മൂന്ന് ആത്മാര്‍ത്ഥ സുഹൃത്തുക്കളോട് അവരുടെ ഉല്ലാസയാത്രയുടെ അവസാനദിവസം വേദനയോടെ ചോദിക്കുന്നു: ”നിങ്ങളൊക്കെ, ഞാന്‍ എന്തിനാണ് ഗോവയില്‍ വന്നതെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇതുവരെയും നമ്മള് എല്ലാവരും ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും എടുക്കാന്‍ പറ്റിയില്ല.”
യേശുവും പന്ത്രണ്ടു ശിഷ്യന്മാരും ഒരുമിച്ചുള്ള അപൂര്‍വ്വചിത്രം ലോകത്തിന് സമ്മാനിക്കുന്നത് ഈ സെഹിയോന്‍ വിരുന്നുശാലയാണ് എന്നൊരു പ്രത്യേകതയുമുണ്ട്. മൂന്ന് വര്‍ഷത്തോളം യേശുവും ശിഷ്യരും ഒരുമിച്ചുണ്ടായിരുന്നുവെങ്കിലും എല്ലാവരും ഒരുമിച്ചുള്ള മറ്റൊരു ചിത്രവും കലാകാരന്റെ ഭാവനയില്‍ തെളിഞ്ഞില്ല എന്ന യാഥാര്‍ത്ഥ്യം കൂടി ഇതിനൊപ്പം ഓര്‍ക്കുമ്പോഴാണ് സിനിമയിലെ ഈ സംഭാഷണവും സെഹിയോനിലെ വിരുന്നും തമ്മിലുള്ള ബന്ധം വ്യക്തമാവുക.
ഒരിക്കലെങ്കിലും ഈ സെഹിയോന്‍ ഊട്ടുശാലയെക്കുറിച്ച് ഒരു ചെറിയ ധ്യാനമെങ്കിലും എന്നിലുണ്ടായിട്ടുണ്ടോ? ജറുസലേമിലുള്ള ഒരു വലിയ മാളികമുറി മാത്രമാണോ ഈ ഊട്ടുശാല എനിക്ക്? തീര്‍ച്ചയായും അല്ല. ഏറ്റവും വലിയവന്‍ എന്റെ മുമ്പില്‍ ഏറ്റവും ചെറുതാകുന്ന, കുമ്പിടുന്ന യഥാര്‍ത്ഥ മാതൃകയുണ്ടിവിടെ. ഞാനും എല്ലാവരെയും സ്നേഹിക്കണം എന്ന ആഹ്വാനമുണ്ടിവിടെ. എനിക്ക് അപ്പവും പാനീയവുമായി സ്വന്തം ശരീരവും രക്തവും പകുത്തുനല്കുന്ന വിശുദ്ധ ബലിയുണ്ടിവിടെ. ഞാനാണ് വലിയവനെന്ന എന്റെ മത്സരഭാവമുണ്ടിവിടെ. എന്റെ കാര്യത്തില്‍ നീ ഇടപെടേണ്ട എന്ന തടസ്സം നില്ക്കലുണ്ടിവിടെ. ഞാന്‍ കാട്ടുന്ന വഞ്ചനയുടെയും തള്ളിപ്പറച്ചിലിന്റെയും വെളിപ്പെടുത്തലുണ്ടിവിടെ. എനിക്കൊരു മാറ്റവും സംഭവിക്കില്ല എന്ന എന്റെ അഹങ്കാരം ഉണ്ടിവിടെ. ഞാനല്ല നീയാണ് എന്ന കൈചൂണ്ടലുണ്ടിവിടെ. വഞ്ചന കാട്ടുന്ന എന്റെ ഉള്ളിലെ വേദനയും കുറ്റബോധവും ഉണ്ടിവിടെ.
എന്റെ ജീവിതത്തിന്റെ എല്ലാ ചിന്തകളും വികാരങ്ങളും ഈ സെഹിയോന്‍ ഊട്ടുശാലയിലുണ്ട്. ഈ ഊട്ടുശാല എന്റെ ജീവിതമാണ്.
ഫാ. വിന്‍സെന്റ് ശ്രാമ്പിക്കല്‍