50 നോമ്പ് ധ്യാനം 50: ഉയിര്‍പ്പ് – ഞാനെപ്പോഴും കൂടെയുണ്ടല്ലോ

”എന്നെക്കൂടാതെ നാളത്തെ പ്രഭാതം ആരംഭിക്കുകയാണെങ്കില്‍, ഞാനിവിടെ ജീവനോടെ ഇല്ലെങ്കില്‍, എന്നെ ഓര്‍ത്തു കരയുന്ന നിന്റെ കണ്ണീര്‍ കണ്ടാണ് നാളെ സൂര്യന്‍ ഉദിക്കുന്നതെങ്കില്‍, നമ്മള്‍ ഒരുമിച്ചായിരുന്നപ്പോള്‍ പറയാന്‍ മറന്ന കാര്യങ്ങള്‍ ഓര്‍ത്ത് നീ കരയരുതെന്നാണ് എന്റെ ആഗ്രഹം. നീ എന്നെ എന്തുമാത്രം സ്‌നേഹിക്കുന്നുവെന്ന് എനിക്കറിയാം. ഞാന്‍ നിന്നെ എത്രയേറെ സ്‌നേഹിച്ചിരുന്നുവെന്ന് നിനക്കും അറിയാം. ഓരോ പ്രാവശ്യവും നീ എന്നെ ഓര്‍മ്മിക്കുമ്പോള്‍ എന്റെ അഭാവം നിന്നെ എന്തുമാത്രം അലട്ടും എന്നും എനിക്കറിയാം.”

”നാളത്തെ പുലരി എന്നെക്കൂടാതെ വിരിയുകയാണെങ്കില്‍, ഒരു മാലാഖ വന്ന്, എന്റെ കൈപിടിച്ച് സ്വര്‍ഗ്ഗത്തില്‍ എനിക്കായുള്ള സ്ഥലം തയ്യാറായി എന്നുപറഞ്ഞ് എന്നെ പേരുചൊല്ലി വിളിച്ചുവെന്നും അപ്പോള്‍ ഭൂമിയിലെ എല്ലാം ഉപേക്ഷിച്ച് ഞാന്‍ പോയതാണെന്നും നീ ഓര്‍മ്മിക്കണം.”

ഡേവിഡ് റോമാനോയുടെ ‘എന്നെ കൂടാതെ നാളെ പുലരുകയാണെങ്കില്‍’ (If Tommorow starts without me) എന്ന മനോഹരമായ കവിതയുടെ തുടക്കമാ
ണിത്.

ഇങ്ങനെ തുടങ്ങുന്ന കവിത അവസാനിക്കുന്നത് ഇപ്രകാരമാണ്. ”എന്നെക്കൂടാതെ നാളത്തെ ദിനം പുലരുകയാണെങ്കില്‍, നമ്മള്‍ അകലത്തിലാണ് എന്ന് നീ ഒരിക്കലും വിചാരിക്കരുത്. നീ എന്നെപ്പറ്റി ചിന്തിക്കുന്ന ഓരോ നിമിഷവും ഞാന്‍ നിന്നോടൊപ്പം ഉണ്ട്; നിന്റെ ഹൃദയത്തില്‍ ഉണ്ട്.” യാത്രചൊല്ലി പോകുന്ന ഏതൊരാള്‍ക്കും പറയാവുന്ന ഏറ്റവും സുന്ദരമായ ആശംസയാണിത്. ”ഞാനെപ്പോഴും നിന്റെ കൂടെ ഉണ്ടായിരിക്കും.” ക്രിസ്തു ഉയിര്‍ത്തതിനു ശേഷം, സ്വര്‍ഗ്ഗാരോഹണത്തിന് മുമ്പ് പറയുന്ന വാക്കുകളും സമാനമാണ്.

ഉയിര്‍പ്പു നല്‍കുന്ന ഏറ്റവും ആശ്വാസം ക്രിസ്തു അവസാനമായി യാത്രാമൊഴി പോലെ നല്‍കുന്ന ആ ഒരുറപ്പാണ്. മത്തായിയുടെ സുവിശേഷം അവസാനത്തെ അധ്യായം അവസാന വാക്യത്തിലാണ് നമ്മള്‍ അത് കാണുന്നത്; അതിനാല്‍ തന്നെ വളരെയധികം പ്രധാനപ്പെട്ടതും. ഉയിര്‍ത്ത് സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നവന്‍ ഭൂമിയില്‍ അവശേഷിക്കുന്നവരോട് പറയുകയാണ്; ”യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്തായി 28:20) എന്ന്.
നിങ്ങള്‍ക്ക് ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല; നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല; നിങ്ങള്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ വരില്ല എന്നൊന്നുമല്ല അവന്‍ നല്‍കുന്ന വാഗ്ദാനം. ശാരീരികമോ, മാനസികമോ, ബൗദ്ധികമോ ആയ വളര്‍ച്ചയോ സുസ്ഥിതിയോ ഔന്നത്യമോ അല്ല ഭൂമിയില്‍ നിന്ന് യാത്രയാകുന്ന വേളയില്‍, എല്ലാം ഉപേക്ഷിച്ച് തന്റെ കൂടെ കൂടിയവര്‍ക്ക് ക്രിസ്തു നല്‍കുന്നത്. എപ്പോഴും താന്‍ കൂടെയുണ്ടായിരിക്കും എന്ന ഉറപ്പാണ് അവിടുന്ന് വാഗ്ദാനം നല്‍കുന്നത്. ഉത്ഥിതന്‍ നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹം ഇത് തന്നെയാണ്- അവന്റെ സാന്നിധ്യം.

സത്യത്തില്‍ ‘തന്റെ കൂടെ ആയിരിക്കാനാണ്’ ക്രിസ്തു ശിഷ്യന്മാരെ വിളിക്കുന്നത് (മര്‍ക്കോ. 3 14). പീഡാനുഭവത്തിന്റെ വേളയിലും കുരിശുമരണത്തിന്റെ സമയത്തുമൊന്നും കൂടെയായിരിക്കാന്‍ വിളിച്ചവര്‍ കൂടെയില്ല. അതുകൊണ്ടാവണം ഉയിര്‍പ്പിനു ശേഷം ക്രിസ്തു പറയുന്നത്, ഇനി ”യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും” എന്ന്. ശിഷ്യര്‍ക്കോ തന്റെ കൂടെ എപ്പോഴും ആയിരിക്കാന്‍ പറ്റുന്നില്ല. എങ്കില്‍ പിന്നെ താന്‍ എപ്പോഴും അവരുടെ കൂടെ ആയിരിക്കാം എന്ന ചിന്ത.

എപ്പോഴും കൂടെയായിരിക്കുക എന്നതാണ് സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഭാവം. ഉത്ഥിതന്‍ നല്‍കുന്ന ഉറപ്പും അതാണ്. എപ്പോഴും കൂടെയുണ്ടാകുക: അതും നമ്മുടെ ഈ ഭൂമിയിലെ യുഗം അവസാനിക്കുന്നിടം വരെ. ഉയിര്‍പ്പിന്റെ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെങ്കില്‍ അതേ മനോഭാവമായിരിക്കണം നമുക്കും ഉണ്ടാകേണ്ടത്. മറ്റുള്ളവരുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കുക എന്ന മനോഭാവം.

സാന്നിധ്യത്തെക്കാള്‍ വലിയ സമ്പത്ത് ഭൂമിയില്‍ ഇല്ലല്ലോ. വിവാഹം കഴിച്ചതിന്റെ പിറ്റേന്ന് നടന്ന വാഹനാപകടത്തില്‍ ഭര്‍ത്താവിന്റെ അര മുതല്‍ താഴേക്ക് തളര്‍ന്നു. ദാമ്പത്യജീവിതം അസാധ്യമെന്ന് വൈദ്യന്മാര്‍ വിധിയെഴുതി. ഭാര്യയോട് വേറെ വിവാഹം കഴിക്കാന്‍ വീട്ടുകാരും നാട്ടുകാരും ഒടുവില്‍ അയാളും ആവശ്യപ്പെടുന്നു. അവള്‍ അതിനൊന്നും വഴങ്ങുന്നില്ല. ഒടുവില്‍ നീണ്ട അമ്പത് വര്‍ഷത്തെ വിവാഹജീവിതത്തിനു ശേഷം അയാള്‍ മരിച്ചു. കബറടക്കം കഴിഞ്ഞ് എല്ലാവരും മടങ്ങിയിട്ടും എഴുപത്തിരണ്ടു വയസ്സുള്ള വൃദ്ധയായ ആ സ്ത്രീ ഏങ്ങലടിച്ച് കരയുകയാണ്. ഇനി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഭൂമിയില്‍ ഇല്ലല്ലോ? കണ്ടുനില്‍ക്കുന്നവരുടെ ഹൃദയം കൂടെ തകരുകയാണ് ആ വിലാപത്തില്‍. സ്‌നേഹിക്കുന്നവരുടെ സാന്നിധ്യം അത്രമാത്രം വിലപ്പെട്ടതാണ്; സ്‌നേഹിക്കുന്നവര്‍ക്കേ അത് മനസ്സിലാകൂ. ക്രിസ്തുവിന് അത് മനസ്സിലാകും: ഒരു പരിധിവരെ ശിഷ്യന്മാര്‍ക്കും.

എപ്പോഴും കൂടെയായിരിക്കുക എന്നത് സത്യത്തില്‍ അപകടം പിടിച്ച ഏര്‍പ്പാടാണ്. മറ്റുള്ളവരുടെ സന്തോഷത്തിന്റെ കാലത്ത് കൂടെ ആയിരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അവരുടെ കഷ്ടതയുടെ കാലത്തോ? നമുക്ക് വിഷമകരം ആണത്. പക്ഷേ, ക്രിസ്തുവിന് അങ്ങനെയല്ല. അവന്‍ എപ്പോഴും കൂടെ ആയിരിക്കുന്നവന്‍ ആണ്. ഭൂമിയില്‍ ജീവിച്ച കാലത്തുതന്നെ മനുഷ്യരുടെ സങ്കടങ്ങളുടെ കൂടെ എപ്പോഴും ആയിരുന്നവന്‍ ആണ് ക്രിസ്തു. കാനായില്‍ വീഞ്ഞ് തീര്‍ന്ന വീട്ടുകാരുടെ കൂടെ, കാഴ്ചയില്ലാത്തവരുടെ കൂടെ, രോഗബാധിതരുടെ കൂടെ, ചെവി കേള്‍ക്കാന്‍ പറ്റാത്തവരുടെ കൂടെ അവന്‍ ഉണ്ടായിരുന്നു. യുഗാന്തം വരെ ഇനിയെന്നും കൂടെക്കാണും എന്നു പറഞ്ഞ ഈ വാഗ്ദാനം ഇതിന്റെ പശ്ചാത്തലത്തില്‍ കാണണം. മൂന്നുവര്‍ഷം തങ്ങളുടെ കൂടെ ഉണ്ടായിരുന്നവന്‍ ഇനി യുഗാന്ത്യം വരെ ഉണ്ടായിരിക്കും എന്നതിനേക്കാള്‍ വലിയ സന്തോഷവാര്‍ത്ത ശിഷ്യര്‍ക്കുണ്ടാകാനിടയില്ല.

അപകടസാഹചര്യത്തില്‍, നമ്മള്‍ ആലംബമില്ലാതെ വിഷമിക്കുമ്പോള്‍, ”പേടിക്കേണ്ട, ഞാനില്ലേ എപ്പോഴും കൂടെ?” എന്ന വാക്യവുമായി ഒരു ആത്മാത്ഥ സുഹൃത്ത് സമീപിക്കുന്നതിനേക്കാള്‍ വലിയ ആശ്വാസം എന്തുണ്ട്? എന്നാല്‍ അതിനേക്കാള്‍ വലിയ ആശ്വാസമാണ് ക്രിസ്തുവിന്റെ അന്ത്യവാഗ്ദാനം നമ്മിലൊക്കെ ഉണര്‍ത്തേണ്ടത്.

വിവാഹവേളയില്‍ വരനും വധുവും കൂടി എടുക്കുന്ന പ്രതിജ്ഞയ്ക്കും ഇതേ ഈണമാണ്. ‘ഇന്നുമുതല്‍ മരണം വരെ’ എപ്പോഴും കൂടെയായിരിക്കാനുള്ള പ്രതിജ്ഞയാണ് പൊതുവായി അവര്‍ എടുക്കുന്നത്. പക്ഷേ, അവര്‍ക്ക് പരസ്പരം എപ്പോഴും കൂടെ ആയിരിക്കാന്‍ പറ്റുന്നില്ല. ഭര്‍ത്താവിന്റെ കുറവില്‍, ഭാര്യക്ക് കൂടെ ആയിരിക്കാന്‍ മടിയാണ്. ഭാര്യയുടെ കുറവുകള്‍ ഭര്‍ത്താവിന് സഹിക്കാനേ പറ്റുകയില്ല; പിന്നെങ്ങനെ കൂടെ ആയിരിക്കാന്‍ സാധിക്കും. ഇങ്ങനെ വരുമ്പോള്‍ ചെയ്യുന്നത് നിയമപരമായി കൂടെ അല്ലാതാകാനുള്ള ശ്രമങ്ങളായിരിക്കും.

ഉയിര്‍ത്ത ഈശോ നമ്മുടെ കൂടെ എപ്പോഴും ഉണ്ട് എന്ന ഉറപ്പില്‍ നമുക്ക് ജീവിതം തുടരാം. ഉയിര്‍പ്പിന്റെ ജീവിതം നയിക്കുന്ന നമുക്ക് സോദരങ്ങളുടെ കൂടെയും എപ്പോഴും ഉണ്ടാകാം; അവരുടെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും ദുരിതങ്ങളുടെയും രോഗങ്ങളുടെയും സമയത്തും കൂടെയുണ്ടാകാം. അപ്പോഴാണ് അവര്‍ക്ക് നമ്മളെ കൂടുതല്‍ ആവശ്യം. നമ്മുടെ ‘യുഗത്തിന്റെ’ അവസാനം വരെ- മരണം വരെ- നമുക്ക് അവര്‍ക്കൊപ്പം ആയിരിക്കാം. കാരണം നമ്മുടെ യുഗത്തിന്റെ അവസാനം വരെ ‘അവന്‍’ നമ്മോടൊപ്പം ഉണ്ടല്ലോ.

ഫാ. ജി. കടൂപ്പാറയില്‍ mcbs