നോമ്പ് വിചിന്തനം 18: ഒന്‍പതാം സ്ഥലം: ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു

‘എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു’ (യോഹ. 3:16).

സ്‌നാപക യോഹന്നാന്‍ സാക്ഷ്യപ്പെടുത്തിയ ‘ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ – യേശുനാഥന്‍ തന്റെ ബലി പൂര്‍ത്തിയാക്കുവാന്‍ ഗോഗുല്‍ത്താമലയിലേക്ക് യാത്രയാവുന്നു. അവഹേളനത്തിന്റെയും, തള്ളിപറച്ചിലിന്റെയും, പരിഹാസത്തിന്റെയും തുപ്പലുമേറ്റു താങ്ങാനാവാത്ത തടികുരിശുമേന്തിയുള്ള യാത്രയില്‍ യേശു പല പ്രാവശ്യം വീഴുന്നു. ഓരോ വീഴ്ചക്ക് ശേഷവും യേശു വീഴുന്നത് യാഗവേദിയുടെ സമീപത്താണ്, ഗോഗുല്‍ത്താമലയുടെ നെറുകയില്‍ ബലിപീഠത്തിന്റെ അരുകില്‍ ഒരടി പോലും മുന്നോട്ട് വയ്ക്കാന്‍ കഴിയാതെ പരാജിതനായി യേശു വീഴുന്നു.

‘വീഴ്ചക്ക് പല അര്‍ത്ഥതലങ്ങള്‍ ഉണ്ട്. ഒന്നാമതായി വീഴ്ച എപ്പോഴും തകര്‍ച്ചയാണ്’ – പരാജയത്തിന്റെ പ്രതീകമാണ്. ആയിരിക്കുന്ന അവസ്ഥയില്‍നിന്ന് ഇഷ്ടമില്ലാത്ത അവസ്ഥയിലേക്കുള്ള മാറ്റം. കരുത്തിന്റെ വളര്‍ച്ചയില്‍ നിന്ന് നിസ്സഹായ അവസ്ഥയിലേക്കുള്ള യാത്ര. എന്നിട്ടും ക്രിസ്തു എഴുന്നേല്‍ക്കാന്‍ പരിശ്രമിക്കുന്നു. അത്ഭുതങ്ങള്‍ കാണിച്ചവന്‍, രോഗശാന്തി നല്‍കിയവന്‍, മരിച്ചവരെ ഉയിര്‍പ്പിച്ചവന്‍, ഇപ്പോള്‍ തകര്‍ച്ചയുടെ ആഘാതത്താല്‍ തകര്‍ന്നു എറിയപ്പെടുന്നു. ഒരു വീഴ്ചകള്‍ക്കും എന്നെ തകര്‍ക്കാന്‍ കഴിയില്ല എന്ന ഉറച്ച ബോധ്യത്തോടെ ശക്തിയോടെ എഴുന്നേല്‍ക്കാന്‍ പരിശ്രമിക്കുന്ന ദൈവപുത്രന്‍. ‘കീഴടക്കപ്പെട്ടെങ്കിലും എന്നും കീഴടക്കിയവന്‍’ എന്നാണല്ലോ ഖലില്‍ ജിബ്രാല്‍ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത്.

യേശു എന്നും തന്നെ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത് ‘മനുഷ്യപുത്രന്‍’ എന്നാണ്. മനുഷ്യന്റെ കൂടെയായിരിക്കാന്‍, അവനെ ചേര്‍ത്തു നിര്‍ത്തുവാന്‍ അവന്‍ ആഗ്രഹിച്ചു. മനുഷ്യപുത്രന്‍ എന്ന നാമത്തിന്റെ എല്ലാ അര്‍ത്ഥതലങ്ങളും ഉള്‍കൊണ്ട് മനുഷ്യര്‍ക്ക് വേണ്ടി ബലിയായി തീരുവാന്‍ അവന്‍ കുരിശുമായിട്ടുള്ള യാത്ര തുടരുകയാണ്. കുരിശില്‍ നിന്ന് ഓടിയകലുന്നവരുടെയും കുരിശിനെ തിരസ്‌കരിക്കുന്നവരുടെയും എണ്ണം വര്‍ദ്ധിക്കുന്ന കാലമാണിത്. സുഖത്തിനായിട്ടുള്ള ശ്രമം. മറ്റുള്ളവരെക്കാള്‍ ഒരു പടികൂടി മുന്നിലെത്തുവാനുള്ള പരിശ്രമത്തിനിടയില്‍ കുരിശുകള്‍ ഉള്‍ക്കൊള്ളാനും വഹിക്കാനും ആര്‍ക്കും കഴിയുന്നില്ല. ജീവിതത്തില്‍ പരാജയത്തിന്റെ കയ്പുനീര് കുടിക്കാന്‍ കഴിയാതെ എപ്പോഴും വിജയം മാത്രം ആഗ്രഹിക്കുന്നവര്‍, ജീവിത പരാജയത്തെ അംഗീകരിക്കാന്‍ കഴിയാത്തവരുടെ ലോകം – ഇവിടെ ക്രിസ്തു കുരിശോടുകൂടി വീഴുന്നത് ഒരു വെല്ലുവിളിയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ സൂചിപ്പിക്കുന്നതുപോലെ ‘ക്രിസ്തു കുരിശു വഹിച്ചത്’ ആകാനിരിക്കുന്ന മനോഹര നേര്‍ക്കാഴ്ചയുടെ വളരെ വലിയ പ്രത്യാശയോടെയാണ്.

രണ്ടാമതായി, വീഴ്ച ബലഹീനതയുടെ പര്യായമാണ്. നേരെ നില്‍ക്കാന്‍ കഴിവില്ലാത്തതിന്റെ, ബലഹീനതയുടെ പ്രതീകം. മനുഷ്യപുത്രന്‍ കുരിശോടുകൂടി വീഴുന്നത് ബലമില്ലാത്തവരുടെ പക്ഷം ചേരലാണ്. ബലമില്ലാത്തവയ്ക്ക് ബലം നല്‍കാനും നേരെ നില്‍ക്കാന്‍ കഴിവില്ലാത്തവരുടെ നിലനില്‍പ്പിനുമായിട്ട് അവന്‍ അരുളിചെയ്തു ‘ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവന്‍ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമായിട്ടാണ്. ‘ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ ശിക്ഷക്ക് വിധിക്കാനല്ല പ്രത്യുത അവന്‍ വഴി ലോകം രക്ഷ പ്രാപിക്കാനാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷക്ക് വിധിക്കപ്പെടുന്നില്ല” (യോഹ. 3:17).

അപരനെ സഹായിക്കുന്ന ശിമയോന്‍മാരുടെ എണ്ണം കുറഞ്ഞുവരുന്നു. റോഡരുകില്‍ ചോര വാര്‍ന്നൊലിക്കുന്ന സഹോദരനെ കണ്ടിട്ടു കാണാതെ പോകുന്ന ലേവായ – പുരോഹിത ചിന്ത ജ്വലിച്ചു നില്‍ക്കുമ്പോള്‍, നില്‍ക്കാന്‍ കഴിവില്ലാത്തവനെ കട്ടിലോടെ ക്രിസ്തുവിന്റെ മുമ്പില്‍ ചുമന്നുകൊണ്ടുവരുന്നവരുടെ കൂട്ടത്തില്‍ നാമും ചേരണം. ചവിട്ടിതാഴ്ത്തലുകളും അധികാര പിന്നാമ്പുറങ്ങളിലെ തേര്‍വാഴ്ചകളും പുരോഗമിക്കുന്ന ഈ വേളയില്‍ തകര്‍ന്നു വീഴുന്നവരെ തന്നോട് ചേര്‍ക്കാന്‍ ക്രിസ്തു കുരിശോടുകൂടെ വീണ്ടും വീഴുന്നു.

സഹനം രക്ഷയുടെ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. ലോകത്ത് കൊടികുത്തി വാഴുന്ന തിന്മയുടെ ശക്തികളെ തകര്‍ക്കാന്‍ നാം ഏറ്റെടുക്കേണ്ട അനുഭവമാണ് സഹനം. മതപീഡനത്തിലൂടെ അനേകര്‍ കൊല്ലപ്പെടുന്നു. ഒരു നിമിഷം കൊണ്ട് ജീവിതകാലം മുഴുവന്‍ അധ്വാനിച്ചു ശേഖരിച്ചത് നഷ്ടമായി നാടും വീടും ഉപേക്ഷിച്ച് അഭയാര്‍ത്ഥികളായി മാറുന്ന ലക്ഷോപലക്ഷം ജനങ്ങള്‍, തന്റെ വിശ്വാസം സംരക്ഷിക്കാന്‍ പാടുപെടുന്ന അനേകര്‍, മതം മാറേണ്ടി വരുന്ന അനേക സഹോദരങ്ങള്‍. ജീവിക്കാന്‍ ശരീരം വില്‌ക്കേണ്ടിവരുന്നവര്‍, സാമ്പത്തിക പ്രശ്‌നത്താല്‍ പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍, അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ കൊല്ലപ്പെടുന്നവര്‍. എല്ലാ തകര്‍ച്ചകളില്‍ നിന്നും മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യപുത്രനിതാ കുരിശോടുകൂടെ മൂന്നാമതും നിലത്തു വീഴുന്നു.

പ്രാര്‍ത്ഥന

മനുഷ്യകുലത്തിന്റെ രക്ഷക്കായി കുരിശുമായി നീങ്ങുന്ന എന്റെ രക്ഷിതാവേ, എന്നെ തകര്‍ക്കുന്ന ലോകത്തിന്റെ വീഴ്ചയില്‍ നിന്നും ബലഹീനതയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ എനിക്ക് ശക്തി തരണമെ. കര്‍ത്താവേ പ്രതിസന്ധികളെ തരണം ചെയ്യാനും, ഉള്‍ക്കൊള്ളാനും എന്നെ പഠിപ്പിക്കണമെ. ഭാരമേറിയ കുരിശു വഹിച്ചു എന്റെ ജീവിതം തളരുമ്പോള്‍ എനിക്കായി കുരിശു വഹിച്ച എന്റെ ദൈവമേ എനിക്ക് ബലം നല്‍കണമെ. മറ്റുള്ളവരുടെ കുരിശുകളെ വഹിക്കാനും അനേകര്‍ക്കായി ഞങ്ങളുടെ ജീവിതങ്ങളെ സമര്‍പ്പിക്കാനും എനിക്ക് ശക്തി തരണമെ.

ഫാ. ജോണ്‍സണ്‍ പുതുപ്പുറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.