പെസഹാവ്യാഴം: പ്രസംഗം 3

പെസഹാ കടന്നുപോകലിന്‍റെ തിരുനാളാണ്. ഈജിപ്തിന്‍റെ അടിമത്വത്തില്‍ നിന്നും കാനാന്‍ ദേശത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് ഇസ്രായേല്‍ ജനം കടന്നുപോയതിന്‍റെ ഓര്‍മ്മ. ഈ ഓര്‍മ്മ എന്നും നിലനില്‍ക്കണമെന്ന് ദൈവം അവരെ പലപ്പോഴായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. നിയമാവര്‍ത്തന പുസ്തകം ഇത് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുണ്ട്. “അടിമത്വത്തിന്‍റെ ഭവനമായ ഈജിപ്തില്‍ നിന്നും നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ വിസ്മരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍” (നിയ. 8, 14).

ദൈവം വിസ്മയകരമായി ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്നതിന്‍റെ ഓര്‍മ്മ അവരുടെ മനസ്സില്‍ എന്നും പച്ചകെടാതെ നിലനിന്നിരുന്നു. അവരത് മറക്കുമ്പോഴെല്ലാം ദൈവം അവരെ അത് ഓര്‍മ്മിപ്പിച്ചിരുന്നു.

“യാക്കോബിന്‍റെ ഭവനത്തോട് ഇങ്ങനെ പറയുക: ഈജിപ്തുകാരോട് ഞാന്‍ ചെയ്തതെന്തെന്നും, കഴുകന്മാരുടെ ചിറകുകളില്‍ സംവഹിച്ച് ഞാന്‍ നിങ്ങളെ എങ്ങനെ എന്‍റെ അടുക്കലേക്ക് കൊണ്ടുവന്നുവെന്നും നിങ്ങള്‍ കണ്ടു കഴിഞ്ഞു. അതുകൊണ്ട് നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും” (പുറ. 19, 4). ഇങ്ങനെ ഓര്‍മ്മിച്ചും ഓര്‍മ്മിപ്പിച്ചും എന്നും ദൈവവും ഇസ്രായേലും ഓര്‍മ്മ പുതുക്കിക്കൊണ്ടിരുന്നു.

പുതിയ നിയമത്തിലെ പെസഹാ രാത്രിയില്‍ ദൈവം സ്വന്തം മാംസരക്തങ്ങളാണ് മനുഷ്യമക്കള്‍ക്ക് വേണ്ടി മുറിച്ച് വിളമ്പിയത്. എന്നിട്ട് അവിടുന്ന് പറഞ്ഞു; “ഇത് എന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍.” പഴയ നിയമത്തിലേതുപോലെ വെറുതെ ഒരു ഓര്‍മ്മയായി, ആചരണമായി കൊണ്ടാടാനല്ല അവിടുന്ന് പറഞ്ഞത്, പിന്നെയോ സ്വന്തം ശരീരവും രക്തവും മറ്റുള്ളവര്‍ക്കായി പകുത്ത് കൊടുക്കുന്നുവെന്നുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. ദൈവത്തിന്‍റെ മനസ്സ് സ്വന്തമാക്കണമെന്നാണ് അവിടുന്ന് ആഹ്വാനം ചെയ്യുന്നത്. തൊട്ടടുത്തിരിക്കുന്നവന്‍ ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും അവനും തന്‍റെ ഭക്ഷണത്തില്‍ ഒരു പങ്ക് നല്‍കിയ മനസ്സാണ് അവിടുത്തേത്. ചുംബിച്ച് കൊണ്ട് കെട്ടിപ്പിടിച്ച് വഞ്ചിച്ചവനെ ‘സ്നേഹിതാ’ എന്ന് വിളിച്ചവനാണ് പറയുന്നത്; “ഇത് എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍” എന്ന്.

ഈ ഓര്‍മ്മകൊണ്ടാടലായിരിക്കണം പുതിയ നിയമത്തിലെ പെസഹാ. വെറുതെ ഒരു ആചരണമായി ഇതിനെ കാണരുത്. പിന്നെയോ, ഇത് എന്‍റെ ആത്മാവില്‍ എന്നും പച്ചകെടാതെ നില്‍ക്കുന്ന ഒരു ഓര്‍മ്മ ആയിരിക്കണം. അതിനേക്കാള്‍ ഉപരി എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി ഇത് മാറണം. ഓരോ ദിവസവും ഞാന്‍ മുറിക്കപ്പെടണം. അത് എനിക്ക് വേണ്ടിയിട്ട് മാത്രമായിരിക്കരുത്. യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തപ്പോള്‍ അവന്‍ തനിക്ക് വേണ്ടി തന്നെയാണ് മുറിച്ചത്. എനിക്ക് എന്ത് കിട്ടും എന്നായിരുന്നു അവന്‍റെ ചിന്ത. ഈ ചിന്തയാണ് സ്വയം മുറിക്കപ്പെട്ടാലും നമ്മുടെയൊന്നും മുറിവുകള്‍ ഓര്‍മ്മയാകാത്തതിന്‍റെ കാരണം. മറ്റുള്ളവര്‍ക്ക് വേണ്ടി മുറിക്കപ്പെടുന്നവരെ മാത്രമേ ലോകം ഓര്‍ക്കുകയുള്ളൂ. അവരുടെ ഓര്‍മ്മ മാത്രമേ നിലനില്‍ക്കുകയുള്ളൂ.

ഒരു സ്കൂളിലെ അധ്യാപിക തന്‍റെ ക്ലാസിലെ ഒരു കുട്ടിയുടെ അപ്പനെ വിളിച്ച് വരുത്തിയിട്ട് അയാളുടെ കുട്ടി വരച്ച ഒരു ചിത്രം കാണിച്ചുകൊടുത്തിട്ട് പറഞ്ഞു: “ഇത് താങ്കളുടെ കുട്ടി വരച്ച കുടുംബ ഫോട്ടോയാണ്.” അയാള്‍ അത് വാങ്ങി നോക്കി. അയാള്‍ അത്ഭുതത്തോടെ ചോദിച്ചു. “ഇതില്‍ എന്‍റെ ഫോട്ടോ ഇല്ലല്ലോ?” ടീച്ചര്‍ വളരെ സൗമ്യമായി പറഞ്ഞു: “അതുകൊണ്ട് തന്നെയാണ് താങ്കളെ വിളിപ്പിച്ചത്. തന്‍റെ കുട്ടിയുടെ ഓര്‍മ്മയില്‍ താനില്ല. കുട്ടിക്കുവേണ്ടി അധ്വാനിക്കുമ്പോഴും അലയുമ്പോഴും അത് തനിക്ക് വേണ്ടിയാണെന്ന് മകന് മനസ്സിലാകുന്നില്ല. അപ്പന്‍റെ സാന്നിധ്യവും സാമിപ്യവും ഉണ്ടെങ്കിലേ അവന്‍റെ മനസ്സില്‍ താങ്കളുടെ ഒരു ചെറിയ ഓര്‍മ്മപോലും ഉണ്ടാകൂ.”

ഇന്ന് മനുഷ്യന്‍ സ്നേഹത്തിനും കാരുണ്യത്തിനും ദയക്കും വേണ്ടി കരയുകയാണ്. അവര്‍ക്കുമുമ്പില്‍ സ്നേഹമായും ദയയായും കാരുണ്യമായും മുറിയാന്‍ നമുക്ക് സാധിക്കണം. ‘സ്നേഹിതനുവേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല’ എന്ന വാക്യത്തിന്‍റെ പൊരുള്‍ സ്നേഹിതനുവേണ്ടി സ്വയം മുറിക്കപ്പെടണമെന്നല്ലേ. ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ.

ഫാ. ഷിബു പുളിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.