50 നോമ്പ് ധ്യാനം 20: മഗ്ദലേന മറിയം – ക്രിസ്തുവിനെ കാണുന്നതിന്റെ ആദ്യപടി

സ്‌നേഹക്കണ്ണീരിന്റെ തോരാ മഴപ്പെയ്ത്തില്‍ കല്ലറയ്ക്കു മുമ്പില്‍ നില്‍ക്കുകയാണ് മഗ്ദലേന മറിയം. പൂര്‍ണ്ണമായും വിരിയാത്ത പ്രഭാതത്തിന്റെ ഇരുളിമയില്‍ നില്‍ക്കുന്ന അവളുടെ മനസ്സും ഹൃദയവും കണ്ണും വീണ്ടും വീണ്ടും ദുഃഖത്തിന്റെ ഇരുണ്ട കാര്‍മേഘത്താല്‍ മൂടപ്പെടുന്നു.

ഈശോയുടെ കല്ലറയ്ക്കു മുമ്പില്‍, കരഞ്ഞുകൊണ്ടു നില്‍ക്കുന്ന മറിയത്തിന്റെ ഈശോയോടുള്ള വ്യക്തിപരമായ സ്‌നേഹം അത്ര അഗാധമായിരുന്നു. സ്‌നേഹത്തിന്റെ ആധിക്യത്താല്‍ കണ്ണീരു വീഴ്ത്തുന്നവരാണ് നമ്മില്‍ പലരും. അനേക വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കാണുന്ന ഏസാവും യാക്കോബും പരസ്പരം കെട്ടിപ്പിടിച്ചു കരയുന്നു (ഉല്‍. 33:4). താന്‍ സഹോദരതുല്യം സ്‌നേഹിച്ചിരുന്ന ലാസറിന്റെ മരണത്തില്‍ ഈശോ തന്നെ കണ്ണീരു വീഴ്ത്തുന്നത് (യോഹ. 11:35) മറ്റ് യഹൂദരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

മഗ്ദലേന മറിയം കരച്ചിലിനിടയില്‍ ഈശോയുടെ കല്ലറയിലേക്ക് കുനിഞ്ഞുനോക്കുന്നു. ”ഈ കുനിഞ്ഞുനോക്കല്‍ ക്രിസ്തുവിനെ കാണുന്നതിന്റെ ആദ്യപടിയാണ്; ഒഴിഞ്ഞ കല്ലറയിലേക്കു കുനിഞ്ഞുനോക്കിയപ്പോഴാണ് ശിഷ്യന്മാര്‍ക്കും അവിടുത്തെ ഉത്ഥാനത്തെക്കുറിച്ച് വിശ്വാസമായത്. ക്രിസ്തുവുള്ള ഇടങ്ങളില്‍ അവിടുത്തെ തിരയാനും കണ്ടെത്താനുമുള്ള പാഠം കൂടി മഗ്ദലേന മറിയത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്ത സങ്കടപെയ്ത്തില്‍ ഒരുവേള ഞാനും, ക്രിസ്തുവിന്റെ കല്ലറയിലേക്ക് – അവിടുത്തെ ബലിപീഠത്തിലേക്ക് – വിശുദ്ധ കുര്‍ബാനയിലേക്കു നോക്കണം എന്ന ഓര്‍മ്മപ്പെടുത്തലാണ് മഗ്ദലേന മറിയം നല്‍കുന്നത്. ഈ നോട്ടം നമുക്ക് ആശ്വാസം പകരും.

രാത്രിയിലെ അധ്വാനത്തിന്റെ അവശതകള്‍ ഏറെ ഉണ്ടായിട്ടും കാലിത്തൊഴുത്തിലെ ദിവ്യരക്ഷകനെ കണ്ട് ജീവിതനിര്‍വൃതിയടഞ്ഞ ആട്ടിടയന്മാരെപ്പോലെ കാല്‍വരി മലയിലെ യേശുവിന്റെ രക്ഷാകര മരണത്തില്‍, ”ഇവന്‍ സത്യമായും ദൈവപുത്രന്‍” എന്ന് വിളിച്ചുപറഞ്ഞ ശതാധിപനെപ്പോലെ, ക്രിസ്തുദര്‍ശനം സാധ്യമായ ഇടങ്ങളില്‍ അവനെ അന്വേഷിക്കാന്‍ നമുക്കും സാധിക്കട്ടെ. കല്ലറ ഒഴിഞ്ഞതെങ്കിലും, അത് ഉത്ഥിതന്റെ പ്രത്യാശയാണ് പകരുന്നത്. മഗ്ദലേന മറിയം ക്രിസ്തുവിനെ കണ്ടെത്തിയതുപോലെ നിന്റെ ജീവിതത്തിലും അവസാനം ക്രിസ്തുദര്‍ശനം ഉറപ്പാണ്. എത്ര കണ്ണീര്‍ പെയ്യുന്ന വഴികളിലൂടെയാണ് യാത്രയെങ്കിലും അവനുള്ള ഇടങ്ങളില്‍ അന്വേഷിക്കാനുള്ള ഒരു മനസ്സുണ്ടായാല്‍ മതി, അവന്‍ ദര്‍ശനം നല്‍കും, തീര്‍ച്ച.

ക്രിസ്തുദര്‍ശനം എല്ലായ്‌പ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്ന രീതിയാല്‍ ആകണമെന്നില്ല എന്ന സൂചനയും കല്ലറയ്ക്കു മുമ്പില്‍ നില്‍ക്കുന്ന മറിയത്തിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ട അപരചിതന്‍ തോട്ടക്കാരനാണ് എന്നവള്‍ തെറ്റിധരിച്ചു. മങ്ങിയ കാഴ്ചകളുടെ ലോകത്തുനിന്നും ക്രിസ്തു ദര്‍ശനത്തിേലക്കുള്ള അകലം വ്യക്തിപരമായ അവിടുത്തെ വിളികേള്‍ക്കല്‍ മാത്രമാണ്. തോട്ടക്കാരന്‍ ഗുരുവും കര്‍ത്താവും രക്ഷകനുമായി മാറാന്‍ ഈശോയുടെ ‘മറിയം’ എന്ന വിളി മഗ്ദലേന മറിയത്തെ പ്രാപ്തയാക്കി. തന്റെ സാന്നിധ്യം അനുഭവവേദ്യമാക്കാന്‍ നമ്മെ കര്‍ത്താവ് ഇന്നും വിളിക്കുന്നു. അടയാളങ്ങള്‍ക്കും പ്രതീകങ്ങള്‍ക്കുമപ്പുറം നിന്നെ വ്യക്തിപരമായി പേരു ചൊല്ലിവിളിക്കുന്നവനാണ് ക്രിസ്തു. ക്രിസ്തുവിന്റെ കല്ലറയ്ക്കുമുമ്പില്‍ നില്‍ക്കുന്ന മഗ്ദലേന, ഏറെ പാഠങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകരട്ടെ.

ഫാ. ടോണി കാട്ടാംപള്ളില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.