50 നോമ്പ് ധ്യാനം 49: ഐഎന്‍ആര്‍ഐ – യേസൂസ് നസറേനൂസ് റെക്‌സ് ജൂതയോരും

ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവനിശ്ചയമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അല്ലെങ്കില്‍ ഒരു ക്രൈസ്തവന്റെ ജീവിതം ദൈവീകപദ്ധതിയനുസരിച്ചാണ് സംഭവിക്കുന്നതെന്ന് ഉറപ്പുണ്ടോ? ഇല്ലെങ്കില്‍ ക്രിസ്തുവിന്റെ ജീവിതം ആഴത്തില്‍ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അപ്പോള്‍ സംഭവിക്കുന്നതെല്ലാം ദൈവീകപദ്ധതിയാണെന്ന് തിരിച്ചറിയാനാവും.

ക്രിസ്തു ചവിട്ടിയ മണ്ണും പിന്നിട്ട പാതകളും ദൈവീകപദ്ധികള്‍ തന്നെയാണ്. അതേ ദൈവീകപദ്ധതിയുടെ ഭാഗമായിട്ടാണ് ക്രിസ്തുവിന്റെ കുരിശിന്‍ മുകളില്‍ ശീര്‍ഷകം പന്തിയോസ് പീലാത്തോസ് എഴുതിവച്ചത്. ഗ്രീക്കിലും ലത്തീനിലും ഹീബ്രുവിലും എഴുതിയിട്ടുണ്ട്. പലരും മാറ്റാന്‍ പറഞ്ഞിട്ടും ”ഞാന്‍ എഴുതിയത് എഴുതി” എന്നായിരുന്നു മറുപടി. തൂക്കിയ തിരുവെഴുത്ത് ഐഎന്‍ആര്‍ഐ – (യേസൂസ് നസറേനൂസ് റെക്‌സ് ജൂതയോരും) ”യഹൂദന്മാരുടെ രാജാവായ നസ്രത്തുകാരനായ ഈശോ” – അത് എന്തുകൊണ്ടും മനുഷ്യപുത്രന് യോജിച്ച ഒരു ശീര്‍ഷകമായിരുന്നു.

സുവിശേഷകന്മാര്‍ യേശുവിനെ തറച്ച കുരിശിന്റെ മുകളില്‍ ഒരു ശീര്‍ഷകമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. വി. മത്തായിയുടെ സുവിശേഷത്തില്‍, ”യഹൂദരുടെ രാജാവായ യേശു” (27, 37) എന്നും മര്‍ക്കോസിന്റെയും ലൂക്കായുടെയും സുവിശേഷത്തില്‍ ഇത് ”യഹൂദരുടെ രാജാവ്” (മര്‍ക്കോ. 15, 26; ലൂക്കാ 23, 38) എന്നും, വി. യോഹന്നാന്‍ ”നസ്രായനായ യേശു, യഹൂദരുടെ രാജാവ്” (19, 19) എന്നിങ്ങനെയും രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രപരമായി വീക്ഷിക്കുമ്പോള്‍ യഹൂദരുടെ രാജാവായി വന്നവന്റെ അധഃപതനത്തെ സൂചിപ്പിക്കാനായിരിക്കാം കുരിശില്‍ തറച്ചവര്‍ ഇത്തരമൊരു കുറ്റപത്രം ശിരസ്സിനു മുകളില്‍ ചാര്‍ത്തിയത്.

കുരിശില്‍ തൂക്കിക്കൊല്ലുന്നവരുടെ കുറ്റം കുരിശില്‍ എഴുതിവയ്ക്കുന്ന ആചാരമുണ്ടായിരുന്നു. ഭയാനകമായ കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നവര്‍ക്കാണ് സാധാരണ ഇപ്രകാരം ആലേഖനങ്ങള്‍ നടത്തിയിരുന്നത്. അങ്ങനെയെങ്കില്‍ യേശുവിന്റെ കുറ്റകൃത്യം എത്ര വിചിത്രം! രാജാവായതോ? അതോ നസ്രായനായതോ?
ഐഎന്‍ആര്‍ഐ എന്നത് ദൈവത്തിന്റെ പുത്രന്റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും പ്രകടമാക്കുന്ന ശീര്‍ഷകമായിരുന്നു. കുറെക്കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ മൂന്നു ഭാഷകളില്‍ എഴുതിയ കുറിപ്പ് ലോകത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ലോകം മുഴുവനും ക്രിസ്തുവിനെ രക്ഷകനായി കാണുന്നു എന്നു നമ്മള്‍ ഇതില്‍നിന്ന് വായിച്ചെടുക്കണം. അവന്‍ മരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണെന്ന് കുരിശില്‍ തറച്ചവര്‍ തന്നെ എഴുതിവയ്ക്കുന്നു. ഐഎന്‍ആര്‍ഐ എന്ന വാക്കിനെ ചുരുക്കത്തില്‍, ‘എന്റെ രക്ഷകന്‍’ എന്ന് നമുക്ക് വ്യാഖ്യാനിക്കാം. എന്നാല്‍ കുരിശിനോട് ചേര്‍ന്ന് മാത്രമേ നമുക്കത് വായിക്കാനാവൂ. എന്റെ രക്ഷകന്‍, എനിക്കായ് കുരിശില്‍ മരിച്ച എന്റെ രാജാവ് എന്നതായിരിക്കട്ടെ നമ്മുടെ മനസ്സില്‍.

ഫാ. ലിജോ ഓടത്തിങ്കല്‍