ദുഃഖശനി- കാവൽ

ചില കാവലുകൾ അനാവശ്യമാണ്. അതാണ് അവനെ കൊന്നവർ അവന്റെ  കല്ലറയ്ക്ക് കൊടുത്ത കാവൽ നൽകുന്ന പാഠം. കല്ലറയ്ക്കുള്ളിൽ കിടക്കുന്നവനെ യഥാർത്ഥത്തിൽ തിരിച്ചറിയാൻ സാധിക്കാതെ പോയത് ഒരു കുറ്റം. അവന്റെ പ്രവചനങ്ങൾ അവിശ്വസിച്ചത് മറ്റൊരു തെറ്റ്. എന്നിട്ടും അവന്റെ പ്രവചനങ്ങൾ ശരിയാകുമോ, മരണത്തെ ജയിക്കുമോ എന്നൊക്കെയുള്ള ചിന്തകൾ നൽകിയ പേടിയിൽ കല്ലറയ്ക്ക് കാവൽനിൽക്കുകയാണ്, അവനെ കുരിശിൽ തറച്ചുകൊന്നവർ.

നന്മകൾക്ക് വിലങ്ങ് വയ്ക്കുന്ന കാവലുകൾ,സത്യത്തെ മൂടിവയ്ക്കാനെടുക്കുന്ന മുൻകരുതലുകൾ ഒക്കെ അനാവശ്യമാണ്. ഞാൻ ആരാണ് എന്ന പൂർണ്ണബോധ്യം എനിക്ക് ഉണ്ടെങ്കിൽ, സഞ്ചരിക്കുന്ന വഴികൾ നീതിയുടെയും ചെയ്യുന്ന പ്രവർത്തികൾ നന്മയുടെയും ആണെങ്കിൽ മറ്റുള്ളവർ ഏർപ്പെടുത്തുന്ന ചില അനാവശ്യ കാവലുകളെ, തിന്മയിലേക്ക് ചാഞ്ഞിരിക്കുന്നവരുടെ കഴുകൻ കണ്ണുകളെ പേടിക്കേണ്ട കാര്യമില്ല. കാരണം, നന്മയുടെമേൽ മുദ്രവച്ച കല്ലുകൾ പിളരും. സത്യം ജയിക്കാതിരിക്കാൻ ആയുധമേന്തി കാവൽ നിൽക്കുന്നവരെ ഭയം കീഴ്പ്പെടുത്തും. വിധിച്ചവർ നിന്നെ വാഴ്ത്തും. താഴ്ത്തിക്കെട്ടിയവർ നിന്റെ നന്മകൾ ലോകത്തോട് വിളിച്ചുപറയും. ഇന്ന് നിനക്ക് കാവൽനിൽക്കുന്നവർ നാളെ നിന്നെ അംഗീകരിക്കും. അന്ന് ലോകം നിന്നോട് പറയും – നീയായിരുന്നു ശരി. നീ മാത്രം.

വചനം

“നന്മ പ്രവര്‍ത്തിച്ചിട്ടു കഷ്‌ടതയ അനുഭവിക്കുക എന്നതാണു ദൈവഹിതമെങ്കില്‍, അതാണ്‌ തിന്മ പ്രവര്‍ത്തിച്ചിട്ടു കഷ്‌ടതയനുഭവിക്കുക എന്നതിനെക്കാള്‍ നല്ലത്‌” (1 പത്രോ. 3:17).