
ദൈവശാസ്ത്ര ലോകത്തെ കുലപതിയായിരുന്ന കാള്‍ റാനര്‍ (Karl Rahner) ഒരിക്കല്‍ ഒരു ജര്‍മ്മന്‍ ഇടവകയില്‍ പ്രസംഗിക്കാനായി പോയി. പ്രസംഗം കഴിഞ്ഞപ്പോള്‍ ഒരു യുവാവ് അദ്ദേഹത്തോടൊരു സംശയം ചോദിച്ചു. “ലോകത്തുള്ള ബൈബിള്‍ മുഴുവന്‍ കത്തിച്ചാമ്പലായാല്‍ പുതിയ ഒരു ബൈബിള്‍ എഴുതിയുണ്ടാക്കാന്‍ സാധിക്കുമോ? കാള്‍ റാനര്‍ ഉത്തരം പറഞ്ഞു: “സാധിക്കും; പക്ഷേ ആ ബൈബിളില്‍ ഒരൊറ്റ വാക്കുമാത്രമേ ഉണ്ടാവുകയുള്ളൂ- സ്നേഹം”.
ഇന്ന് ദുഃഖവെള്ളിയാണ്. സ്നേഹത്തിന്റെ പ്രസംഗപീഠമായ കുരിശ് നിര്‍മിക്കപ്പെട്ട ദിവസം. നിന്ദ്യമായ കുരിശിനെ യേശു ത്യാഗത്തിന്റെ അള്‍ത്താരയാക്കി മാറ്റിയദിവസം. കുരിശില്‍ തൂക്കപ്പെട്ടവന്‍ ശപിക്കപ്പെട്ടവനാണെന്ന നിയമാവര്‍ത്തന (21:23) സങ്കല്പത്തെ യേശു “പഴയനിയമ”മാക്കിയ ദിവസമാണിന്ന്. വേദനകളിലൂടെ കുരിശിനെ അവിടന്ന് ആത്മസമര്‍പ്പണത്തിന്റെ ബലിപീഠമാക്കി മാറ്റി. അതിനാല്‍ സ്നേഹം കുരിശിലേറിയ ദിവസം സമുചിതമായി നമുക്ക് ആചരിക്കാം.
സഹനങ്ങളിലെ ദൈവസാന്നിധ്യം തിരിച്ചറിയേണ്ട ദിവസമാണ് ദുഃഖവെള്ളി. കുരിശില്‍ നിസ്സഹായനായി, തൊണ്ടവരണ്ട് നഗ്നനാക്കപ്പെട്ടും, തകര്‍ക്കപ്പെട്ടും കിടക്കുന്ന ക്രിസ്തുവിനെ കാണുമ്പോഴാണ് റോമന്‍ ശതാധിപന് വെളിപാടുണ്ടാകുന്നത്. “സത്യമായും ഈ മനുഷ്യന് ദൈവപുത്രനായിരുന്നു” (മര്‍ക്കോസ് 15:39). നമ്മുടെ വേദനകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനായിരുന്നു ക്രിസ്തുവെങ്കില്‍ ഈ ദുഃഖ വെള്ളി നല്ലവെള്ളി (Good Friday) യാകില്ലായിരുന്നു. മഹത്വത്തിലല്ല കുരിശുകളിലാണ് ദൈവപുത്രര്‍ പിറക്കുന്നത്. കൂടെ സഹിക്കുന്ന അനുകമ്പയുള്ള ദൈവമാണ് ക്രൈസ്തവ സങ്കല്പത്തിന്റെ അടിസ്ഥാനം. പഴയനിയമത്തിലെ ദാനിയേലിന്റെ പുസ്തകത്തില്‍ ദാനിയേലിനെയും 2 കൂട്ടുകാരെയും തീച്ചൂളയിലെറിയുന്നുണ്ട്. പിറ്റേദിവസം രാവിലെ ചാമ്പലാക്കപ്പെട്ടവരുടെ അസ്ഥികള്‍ തിരയാനെത്തുന്ന പടയാളികള്‍ സ്തബ്ധരാകുന്ന കാഴ്ച നാം കാണുന്നു. തീച്ചൂളയില്‍ മൂന്നല്ല, നാലുപേര്‍ നില്ക്കുന്നു. മൂന്നു യുവാക്കളോടൊപ്പം തീച്ചൂളയില്‍ ദൈവസാന്നിധ്യം. സഹിക്കുന്നവരെ തോളിലേറ്റുന്ന ദൈവം. നിസ്സഹായാവസ്ഥയുടെ പാതാളങ്ങളില്‍ വിധി കല്പിതമായ നെരിപ്പോടുകളിലെരിയാന് മനുഷ്യനെ വിട്ടിട്ട് ദേവലോകത്തിരിക്കുന്ന ദൈവമല്ല നമ്മുടേത്. മറിച്ച് കുരിശിന്റെ ചിറകുകളില്‍ അതിവിശുദ്ധസ്ഥലത്തേക്ക് നമ്മളെ ആനയിക്കുന്ന ഒരു പ്രധാന പുരോഹിതനാണവിടന്ന്. സഹനങ്ങളുണ്ടാകുമ്പോള്‍ നമുക്കു ചുറ്റും നോക്കാം. കൂടെയുള്ള ദൈവസാന്നിദ്ധ്യത്തെ തിരിച്ചറിയാം.
കുരിശിന്റെ മുകളില്‍ നിന്ന് സാധാരണ കേള്‍ക്കുന്നത് അസഭ്യപദങ്ങളും ശാപവചസുകളുമാണ്. എന്നാല്‍ ക്രിസ്തുവിന്റെ കുരിശിന് മുകളില്‍ നിന്നുതിരുന്നത് ക്ഷമയുടെ സങ്കീര്‍ത്തനങ്ങളാണ്. കാരുണ്യത്തിന്റെ ഭാവഗീതങ്ങളാണ്. ഏശയ്യായുടെ “സഹനദാസ”നെക്കുറിച്ചുള്ള പ്രവചനപൂര്ത്തീകരണമെന്ന പോലെ പരിഭവമില്ലാതെ, പതംപറച്ചിലുകളില്ലാതെ സഹിക്കുന്ന ക്രിസ്തു. കണ്ണിനുപകരം കണ്ണെന്ന നിയമം ഇവിടെ അന്ധന്മാരുടെ ലോകമേ സൃഷ്ടിക്കൂ എന്ന ഉള്‍ക്കാഴ്ചയില്‍ യേശു പറയുന്നു: “പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല”.
ക്രിസ്തുവിനെക്കുറിച്ചുള്ള ഏറ്റവും അര്‍ത്ഥവത്തായ പ്രവചനം നടത്തിയതിന്റെ ക്രെഡിറ്റ് ദീര്‍ഘദര്‍ശിയായ ഏശയ്യക്കു സ്വന്തം. “അവന് വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചു കളഞ്ഞു”. കുരിശിന്റെ ജീവിത വഴികളില്‍ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു ഈ നിസ്സംഗതയുടെ മുഖം തിരിക്കലുകള്‍. “ഏല് ഏല്ലാമാ സബക്താനി- എന്റെ ദൈവമേ എന്തുകൊണ്ടെന്നെ ഉപേക്ഷിച്ചു” എന്ന് പ്രാണവേദനയോടെ നിലവിളിക്കുന്നവന്റെ നിലവിളിക്ക് റിയാലിറ്റി ഷോയിലെ വിലകുറഞ്ഞ കോമഡി യുടെ വില നല്‍കാത്ത ലോകം പറയും “ഇതാ, അവന് ഏലിയായെ വിളിക്കു ന്നു”. ജീവിത വിളക്കുകള്‍ കരിന്തിരികത്തുമ്പോള്‍ എണ്ണപകരാതെ ഊതിക്കെടുത്തുന്നവരും പതഞ്ഞ ഞാങ്ങണ ഒടിക്കുകയും പുകഞ്ഞ തിരി കെടുത്തുകയും ചെയ്യുന്നവര്‍ നമ്മുടെ സമൂഹത്തില്‍ പെരുകുകയാണ്. കാരുണ്യവും ആര്‍ദ്രതയും വറ്റി മരുപ്പറമ്പാകുന്നു ലോകം. മനസ്സുകളെ ബാധിച്ചിരിക്കുന്ന വൈകാരിക വന്ധ്യത മൂലം “നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരി ക്കും” എന്ന് ആരും ആരെ നോക്കിയും പറയുന്നില്ല. നിസ്സംഗതയും നിര്‍ദ്ദയത്വവും മനുഷ്യത്വരഹിതമായ മത്സരവുമെല്ലാം നമ്മുടെ ആര്‍ദ്രഭാവങ്ങളെ ചോര്‍ത്തിക്കളയുന്നു. ആന പാപ്പാനെ ചവിട്ടിക്കൊല്ലുന്നത് ലൈവ് ആയികാണിച്ച് ആഘോഷിക്കുന്ന ചാനലുകള്‍, പത്മതീര്ത്ഥക്കുളങ്ങളില് മനുഷ്യനെ മുക്കിക്കൊല്ലുന്നത് കൗതുകത്തോടെ നോക്കി നില്ക്കുന്നവര്, മോഷ്ടാവെന്നാരോപിച്ച് പൂര്‍ണ്ണ ഗര്‍ഭിണിയെ വിവസ്ത്രയാക്കി നടുറോഡിലിട്ട് മര്‍ദ്ദിക്കുന്നവര്‍- മുഖം തിരിച്ചുകളയുന്നവരേറെയാണ്. റോഡപകടം എന്ന കവിതയില്‍ എ. അയ്യപ്പന് ഇപ്രകാരമെഴുതി. “കാറപകടത്തില്‍ മരിച്ച വഴിയാത്രക്കാരന്റെ ചോരയില്‍ ചവിട്ടി ഞാന്‍ നില്‍ക്കെ അവന്റെ പോക്കറ്റില്‍ നിന്നും പറന്നുപോയ അഞ്ചുരൂപാ നോട്ടിലായിരുന്നു ജനത്തിന്റെ കണ്ണ്”. ഈ ദുഃഖവെള്ളി മുതല്‍ നമുക്ക് മുഖം തിരിക്കലുകള്‍ അവസാനിപ്പിക്കാം. വേദനയും ദുഃഖവും കാണുമ്പോള്‍ അടുത്തേക്കു ചെല്ലാം. നമ്മുടെ ചെറിയ പറുദീസകളിലേ ക്കവര്ക്ക് പ്രവേശനം നല്‍കാം.
“നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍ നിന്ന് ഇറങ്ങി വരിക” കുരിശില്‍ നിന്ന് ഇറങ്ങി രക്ഷകണ്ടെത്താനുള്ള പ്രലോഭനം എന്നുമുണ്ട്. കുരിശില്‍ അ ഭിമാനിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള പ്രചോദനമാണ് ഈ ദുഃഖവെള്ളി നല്‍കുന്നത്. എന്നും കുരിശുവരച്ചുകൊണ്ട് എഴുന്നേല്ക്കുകയും, ഉറങ്ങുകയും, കുരിശ് കഴുത്തില്‍ അണിയുന്നവരും, കുരിശിന്റെ വഴി നടത്തുകയും ചെയ്യുന്നവരാണ് നാം. പട്ടണ പ്രദക്ഷിണത്തിന് പൊന്‍കുരിശുകള്‍ നിരത്തിക്കൊണ്ടോ, നാടുമുഴുവന്‍ കുരിശടികള്‍ പണിതുകൊണ്ടോ മറ്റ് ആരാധനാലയങ്ങളെക്കാള്‍ ഉയരത്തില്‍ കുരിശ് നാട്ടിക്കൊണ്ടോ അല്ല നാം കുരിശില്‍ അഭിമാനിക്കേണ്ടത്. കുരിശുകള്‍ ഹൃദയത്തില്‍ വരച്ചുകൊണ്ടാണ്. ഇന്ന് കുരിശെടുക്കുന്നവര്‍ കുറയുകയാണ്, കുരിശുപണിയുന്നരാണ് കൂടുതല്‍. മദ്ധ്യകാലഘട്ടത്തിലെ ക്രിസ്ത്യാനികളെപ്പോലെ കുരിശ് യുദ്ധങ്ങള്ക്കിറങ്ങി സഹോദരര്‍ക്ക് കുരിശാകരുത് നാം. നമുക്ക് പൊന്കുരിശുകളേക്കാള് കൂടുതല്‍ മരക്കുരിശുകളെ സ്നേഹിക്കാം. ശിമയോനെപ്പോലെ ചുറ്റുമുള്ളവരുടെ കുരിശുകള്‍ ഏറ്റെടുക്കാം.
നീതിമാന്റെ സഹനത്തിന് ഉത്തരം കിട്ടുന്ന ദിവസമാണ് ദുഃഖവെള്ളി. സഹനം എന്നും മനുഷ്യമനസ്സില്‍ അന്തമില്ലാത്ത ചോദ്യങ്ങളേ ഉയര്ത്തിയിട്ടള്ളൂ. സുനാമിയും ഭൂകമ്പവും അപകടങ്ങളുമൊക്കെ വരുമ്പോള്‍ ചിലര്‍ക്കെങ്കിലും ദൈവാസ്തിത്വത്തെക്കുറിച്ച് സംശയം തോന്നും.
അമേരിക്കയിലെ റേഡിയോ പ്രഭാഷകനായിരുന്ന ഫുള്‍ട്ടണ്‍. ജെ. ഷീന്‍ ഒരിക്കല്‍ ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും പരിപാലനയെക്കുറിച്ചുമൊക്കെ ഉജ്ജ്വലമായി പ്രസംഗിച്ചു. പ്രസംഗം കഴിഞ്ഞ് പള്ളിമുറിയിലെത്തിയ പ്പോള്‍ ഒരു സ്ത്രീവന്ന് അദ്ദേഹത്തോടു പൊട്ടിത്തെറിച്ചു: “നിങ്ങള്‍ പ്രസംഗിച്ച ദൈവം കാരുണ്യവാനാണെങ്കില്‍, പരിപാലിക്കുന്നവനാണെങ്കില് എന്റെ ഒരേയൊരു മകന് വാഹനാപകടത്തില്‍പെട്ടു പിടഞ്ഞു മരിച്ചപ്പോള്‍ നിങ്ങളുടെ ദൈവം എവിടെയായിരുന്നു? ഫുള്‍ട്ടന്‍. ജെ. ഷീന്‍ അല്പസമയം മൗനമായിരുന്നു. എന്നിട്ട് ആ സ്ത്രീയോടു പറഞ്ഞു. “എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു” എന്നു പുത്രനായ ദൈവം കുരിശില്‍ കിടന്ന് വിളിച്ചപ്പോള്‍ പിതാവായ ദൈവം എവിടെയായിരുന്നോ, അവിടെയായിരുന്നു നിന്റെ പുത്രന് മരിച്ചപ്പോഴും പിതാവായ ദൈവം.
സഹനത്തിന്റെ അര്‍ത്ഥതലങ്ങള്‍ മനസിലാക്കാന്‍ നമുക്ക് കൃപലഭിക്കുകയില്ല. അതുകൊണ്ടുതന്നെ പരാതികളും പരിഭവങ്ങളുമായി ജീവിതത്തെ നേരിടുന്നവരേറെയാണ്. പെരുമ്പടവം ശ്രീധരന്റെ “അഷ്ടപദി” എന്ന നോവലില്‍ ഇത്തരം ചിലകഥാപാത്രങ്ങളെ നാം കാണുന്നുണ്ട്. 7 വയസ്സുമുതല്‍ അമ്പലത്തില്‍ മാലകെട്ടുന്ന മാധവിവാരസ്യാര്‍ സങ്കടം പറയുന്നതിപ്രകാരമാണ്. “തേവരേ, നിനക്കായി എന്തോരം പൂനുള്ളി. എന്തോരം മാലകെട്ടി. എന്നിട്ടും എന്റെ കഴുത്തില്‍ ഒരുതാലി മാലയിടുന്ന കാര്യം നീ മറന്നു പോയല്ലോ”. ചെറുപ്രായം മുതല്‍ അമ്പലത്തില്‍ വിളക്കുവയ്ക്കുന്ന വാര്യരുടെ പരിഭവം അതിലും വലുതാണ്. “തേവരേ, നിനക്കായി ഞാനെന്നും കുത്തുവിളക്ക് തെളിച്ചില്ലേ? എന്റെ വിളക്കിന്റെ വെട്ടത്തിലല്ലേ നീ എഴുന്നള്ളിയത്. എന്നിട്ടും എന്റെ ജീവിതത്തിലൊരു വിളക്ക് തെളിക്കണം എന്ന് തേവര്‍ക്ക് തോന്നിയില്ലല്ലോ”.
ജീവിതം മുഴുവന്‍ അപരര്‍ക്കായി വ്യയം ചെയ്തിട്ടും അവസാനം അവഗണനയും കണ്ണീരും വിലാപവും മാത്രം പ്രതിഫലം ലഭിക്കുന്നവരേറെയുണ്ട്. ചോര നീരാക്കി മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ മക്കള്‍ക്കു നല്കാന് വണ്ടിക്കാളയെപ്പോലെ പണിയെടുക്കുന്ന മാതാപിതാക്കള്‍ക്ക് വാര്‍ദ്ധ്യക്യത്തില്‍ കുഴമ്പുപോലും വാങ്ങി നല്‍കാത്ത മക്കള്‍, എന്നും മദ്യപാനിയായ ഭര്‍ത്താവിന്റെ ആട്ടും തുപ്പും ചവിട്ടും തൊഴിയും മാത്രം ലഭിക്കുന്ന ഭാര്യമാര്‍, ഇടവകക്കു വേണ്ടി വിയര്‍പ്പൊഴുക്കിയിട്ട് അവസാനം നിസ്സാരമായ തെറ്റിദ്ധാരണകളുടെ പേരില്‍ വിചാരണ ചെയ്യപ്പെടുന്ന വികാരിയച്ചന്, സഹനവഴികള്‍ പലതാണ്. ഈ ദുഃഖവെള്ളി നമ്മോടു പറയുന്നത് നിങ്ങളുടെ ജീവിതം സഹനങ്ങളുടെ ദുഃഖവെള്ളികളിലവസാനിക്കുന്നില്ല എന്നതാണ്. ഉത്ഥാനഞായറിന്റെ മഹത്വം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
നമുക്കു കാത്തിരിക്കാം. ജീവിതം നമുക്കു തരുന്ന ദുഃഖവെള്ളികളില്‍ സാമ്പത്തികബാധ്യത, രോഗം, സാമൂഹിക തിരസ്കാരം, സന്താനമില്ലായ്മ – നമുക്കു തളരാതിരിക്കാം. കാരണം തുറക്കപ്പെടാത്ത കല്ലറകളില്ല. താക്കോലില്ലാത്ത താഴുകളുമില്ല. ദുഃഖവെള്ളികളില്‍ ലോകം അവസാനിക്കുന്നില്ല.
ഫാ. മാര്ട്ടിന് ശങ്കുരിക്കല്‍