പാപ്പയുടെ നോമ്പ് സന്ദേശം 3: ഉപവാസത്തിനുള്ള സമയം

ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? (ഏശയ്യ 58:6).

നോമ്പുകാല യാത്രയിലെ രണ്ടാമത്തെ പ്രധാനഘടകമാണ് ഉപവാസം. ഏതെങ്കിലും ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള സാധാരണമായ ഒരു ഉപവാസം മാത്രം അനുഷ്ഠിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ഇവിടെ പരമ പ്രധാനം. കാരണം, അത്തരത്തിലുള്ള ഉപവാസം പലപ്പോഴും നമ്മെത്തന്നെ സന്തുഷ്ടിപ്പെടുത്തുന്നതും സന്തോഷിപ്പിക്കുന്നതുമാകാറുണ്ട്. നമ്മുടെ സുഖത്തെ ചോദ്യം ചെയ്യുകയും മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാവുകയും ആവശ്യക്കാരന്റെ മുമ്പില്‍ കുനിഞ്ഞ് അവനെ സഹായിക്കുന്ന നല്ല സമറായന്റെ ശൈലി ജീവിതത്തില്‍ പകര്‍ത്താന്‍ ഉപകരിക്കുകയും ചെയ്താല്‍ മാത്രമേ ഉപവാസം അര്‍ത്ഥവത്താവുകയുള്ളൂ.

സമചിത്തതയുള്ള ജീവിതശൈലി കരുപ്പിടിപ്പിക്കാനും അത് സഹായകമാകണം. പാഴായിപ്പോവുന്നതോ ആര്‍ക്കും ഉപകാരമില്ലാത്തതോ ആയ ജീവിതമായിപ്പോവാതിരിക്കാനും ഉപവാസം ഉപകാരപ്പെടണം. പരോപകാരത്തിലേയ്ക്കും ആവശ്യക്കാരനിലേയ്ക്കും നമ്മുടെ ഹൃദയങ്ങളെ അടുപ്പിക്കുന്നതിനും ഉപവാസം സഹായകമാണ്. പ്രത്യേകമായി കുട്ടികളോടും അശരണരോടുമുള്ള അനീതിയെയും ചൂഷണത്തെയും കുറിച്ച് ബോധവാന്മാരാകുന്നതിനും അത്തരം കാര്യങ്ങളില്‍ ഉത്തരവാദിത്വത്തോടെ ഇടപെടുന്നതിനും ഉപവാസം എന്ന ഈ ത്യാഗപ്രവര്‍ത്തി ഉപകാരപ്പെടും. എല്ലാത്തിലുമുപരിയായി ദൈവത്തിലും അവിടുത്തെ കരുതലിലും നാം അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതീകം കൂടിയാണ് ഉപവാസം.

അതുകൊണ്ട് ഈ നോമ്പുകാലത്ത് നമുക്ക് ചിന്തിക്കാം, കേവലം ഭക്ഷണവര്‍ജ്ജനത്തിനപ്പുറത്ത് യേശുവിലേയ്ക്കടുക്കാന്‍ എന്തൊക്കെയാണ് ഞാന്‍ ത്യജിക്കേണ്ടതെന്ന്.

(ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.