50 നോമ്പ് ധ്യാനം 43: കുരിശില്‍ തറയ്ക്കുന്നു

അമേരിക്കന്‍ എഴുത്തുകാരിയായ റോസ് ഹാര്‍ട്ട്‌വിക്ക് തോര്‍പ്പിന്റെ (1850-1939) ജനശ്രദ്ധയാകര്‍ഷിച്ച ഒരു കവിതയായിരുന്നു ‘നിരോധനമണി ഈ രാത്രിയില്‍ മുഴങ്ങരുത്’ Curfew must not ring tonight. ഒരു സംഭവത്തെ ആധാരമാക്കി രചിക്കപ്പെട്ട ഈ കവിത പിന്നീട് അതേ പേരില്‍ത്തന്നെ സിനിമ ആക്കുകയുണ്ടായി. അതിന്റെ കഥാതന്തു ഇപ്രകാരമായിരുന്നു.

ബ്രിട്ടീഷ് രാഷ്ട്രീയനേതാവും പട്ടാളമേധാവിയുമായിരുന്ന ഒലീവ് ക്രോംവെലിന്റെ നേതൃത്വത്തില്‍ ‘രണ്ടാം ഇംഗ്ലീഷ് സിവില്‍ യുദ്ധം’ നടക്കുന്ന കാലം. ബേസില്‍ അണ്ടര്‍വുഡ് എന്ന ചെറുപ്പക്കാരനായ പട്ടാളക്കാരന്‍ തടവുകാരനായി പിടിക്കപ്പെടുന്നു. അന്ന് രാത്രിയിലെ അവസാന പള്ളിമണി അടിക്കുമ്പോള്‍ അണ്ടര്‍വുഡിനെ തൂക്കിലേറ്റും എന്ന മരണവിധിയില്‍ ക്രോംവെല്‍ ഒപ്പിട്ടു. കാമുകന്റെ മരണവിധി അറിഞ്ഞ ബേസി, കപ്യാരെ കണ്ട് ഇന്നത്തെ മണി അടിക്കരുത് എന്ന് അപേക്ഷിച്ചു. വൃദ്ധനും കേള്‍വിമാന്ദ്യം സംഭവിച്ചവനുമായ അയാള്‍ അവളെ തന്റെ മകളായി കരുതിയിരുന്നെങ്കിലും ജോലിയോടുള്ള ആത്മാര്‍ത്ഥതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായില്ല.

വൃദ്ധനായ ആ മനുഷ്യന്‍ പതിവനുസരിച്ച് പള്ളിയില്‍ പോയി മൂന്നു പ്രാവശ്യം ആ വലിയ മണി അടിച്ചു. എന്നാല്‍ സമയം ഏറെയായിട്ടും പതിവുള്ള മണി ശബ്ദം കേള്‍ക്കാത്തതിനാല്‍ ക്രോംവെല്‍ തന്റെ പട്ടാളക്കാരെ അയച്ച് കാര്യം തിരക്കി. അവര്‍ വന്ന് പള്ളിമണി പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചുകളഞ്ഞു. പള്ളിമണിയുടെ വലിയ നാവില്‍ രക്തത്തില്‍ കുളിച്ച് മരണത്തോട് മല്ലടിച്ച് ബേസി തൂങ്ങിക്കിടക്കുന്നു. രക്തം കിനിയുന്ന അവളുടെ വദനങ്ങള്‍ എന്തോ സ്വകാര്യമായി വിതുമ്പുന്നുണ്ടായിരുന്നു. കാതു കൂര്‍പ്പിച്ച പട്ടാളക്കാര്‍ അതു കേട്ടു. ‘Curfew must not ring tonight’ പെട്ടെന്ന് ആര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കിലും പിന്നീട് എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ബേസിയുടെ സ്‌നേഹത്തിലും ത്യാഗത്തിലും മനസ്സുമാറിയ ക്രോംവെല്‍, അണ്ടര്‍വുഡിനെ മോചിപ്പിച്ച് അവന്റെ കാമുകിയുടെ കൂടെ യാത്രയാക്കി.

ഈശോയുടെ കുരിശുമരണത്തില്‍ ഇതിലും വലിയ ഒരു സ്‌നേഹവും ത്യാഗവും ദൃശ്യമാണ്. പാപത്തിന്റെയും അന്ധകാരത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച് മരണത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന മനുഷ്യരെ മരണത്തിന്റെ മണിമുഴക്കം കേള്‍പ്പിക്കാതിരിക്കാന്‍ സ്വയം കുരിശുമരണം തിരഞ്ഞെടുത്തവനാണ് ക്രിസ്തു. സ്‌നേഹത്തെപ്രതിയും സ്‌നേഹിതരെപ്രതിയും അസാധാരണമായ കാര്യങ്ങള്‍ പോലും ചെയ്യുന്നവനാണ് മനുഷ്യര്‍. ആ മനുഷ്യരെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ പിതാവായ ദൈവം ചെയ്തിരിക്കുന്നതോ അസാധ്യമായ കാര്യങ്ങള്‍. സ്‌നേഹത്തിനുവേണ്ടി സ്വപുത്രനെ മരണത്തിനു ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നു. സ്‌നേഹിതര്‍ക്കു വേണ്ടി പുത്രന്‍ അതു പൂര്‍ത്തിയാക്കിയിരിക്കുന്നു.

രക്തം വാര്‍ന്നൊലിക്കുന്ന ശരീരവുമായി കുരിശില്‍ കിടക്കുന്ന ക്രിസ്തുവും എന്തോ വിതുമ്പുന്നുണ്ടായിരുന്നു. കാതുകൂര്‍പ്പിച്ച പട്ടാളക്കാര്‍ക്ക് അതു ശ്രവ്യമായി, ”എല്ലാം പൂര്‍ത്തിയായിരിക്കുന്നു.” അപ്പോഴത്തെ വികാരതീവ്രതയിലും സാഹചര്യത്തിന്റെ പ്രത്യേകതയിലും ആര്‍ക്കും ഒന്നും മനസ്സിലായില്ല. എന്നാല്‍, പിന്നീട് യോഹന്നാന്റെ സുവിശേഷത്തിന്റെ ആവര്‍ത്തിച്ചുള്ള വായനയിലും ശ്രവിക്കലിലും ഈ വാക്കുകളുടെ അന്തരാര്‍ത്ഥം ആദിമക്രൈസ്തവര്‍ക്ക് വെളിപ്പെട്ടു.

വി. യോഹന്നാന്റെ സുവിശേഷം ഗ്രീക്ക് ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഈശോയുടെ അന്തിമവാക്കുകള്‍ യോഹന്നാന്‍ പങ്കുവയ്ക്കുന്നത് വെറും ഒറ്റവാക്കിലാണ്: ‘തെതെലസ്തായി’- ‘എല്ലാം പൂര്‍ത്തിയായിരിക്കുന്നു.’ അവരുടെ അനുദിനജീവിതത്തിന്റെ ഭാഗമായ ഈ പദപ്രയോഗം അവര്‍ക്ക് വളരെ സുപരിചിതമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല.

തന്റെ മുതലാളി തനിക്ക് എല്‍പ്പിച്ചുതന്ന എത്ര വലിയ ജോലിയും ചെയ്തു തീര്‍ത്ത തൊഴിലാളിയുടെ ആത്മസംതൃപ്തിയുടെ ആവിഷ്‌ക്കാരമാണ് ‘തെതെലസ്തായി’- ‘യജമാനനെ, എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്.’ ജൂതന്മാരുടെ കാഴ്ചകള്‍ സ്വീകരിച്ച ശേഷം പ്രധാനപുരോഹിതന്മാരുടെ വിലയിരുത്തലിന്റെ വാക്കുകളായിരുന്നു ‘തെതെലസ്തായി;’ ”നിന്റെ കാഴ്ചകള്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു, അത് പൂര്‍ണ്ണമാണ്.” ഹീബ്രു ഭാഷയിലായിരുന്നു അവരത് പ്രകടിപ്പിച്ചിരുന്നത്. കച്ചവടം നടത്തുന്നവര്‍ പ്രതിഫലം വാങ്ങുമ്പോള്‍ കച്ചവടക്കാരന്‍ ആത്മസംതൃപ്തിയോടെ പറഞ്ഞിരുന്ന വാക്കുകളായിരുന്നു ഇത്: ‘തെതെലസ്തായി’; എല്ലാം പൂര്‍ത്തിയായിരിക്കുന്നു, ഞാന്‍ സന്തോഷവാനാണ്.
അപ്പന്റെ മുമ്പില്‍ കഷ്ടപ്പെട്ട് സങ്കീര്‍ത്തനം ആലപിക്കുന്നവനും സ്വന്തമായി അപ്പം ചുട്ടെടുത്ത് അമ്മയ്ക്കു നല്‍കുന്നവള്‍ക്കും അപ്പനും അമ്മയും നല്‍കുന്ന സ്‌നേഹവാക്കുകളാണ് ‘തെതെലസ്തായി’- എല്ലാം നന്നായിരിക്കുന്നു, ഞങ്ങള്‍ നിന്നില്‍ അഭിമാനം കൊള്ളുന്നു. ഈശോയുടെ കുരിശിലെ ബലി പൂര്‍ണ്ണമാണ്. ദൈവത്തിന് സ്വീകാര്യമാണ്. കുരിശില്‍ ജീവനറ്റു കിടന്ന തന്റെ ഏകപുത്രനെ നോക്കി ദൈവം പറഞ്ഞിട്ടുണ്ടാവണം- ”ഇവന്‍ എന്റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ സംപ്രീതനാണ്” എന്ന്.

കുരിശില്‍ കിടന്നുകൊണ്ട് നമ്മുടെ നൊമ്പരങ്ങളും വേദനകളും അനുഭവിച്ച ഈശോ നമ്മോട് ഓരോരുത്തരോടുമായി കാരുണ്യത്തോടെ പറയുന്നു; ”എല്ലാം പൂര്‍ത്തിയായിരിക്കുന്നു.” സ്‌നേഹത്തോടെ നമ്മോട് ഉരുവിടുന്നു; ”ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഞാന്‍ നിന്നെ അറിയുന്നു.” ഈശോയുടെ കുരിശില്‍ നമുക്കും അഭയം തേടാം. അര്‍ത്ഥം കണ്ടെത്താം.

ഫാ. ജയ്‌മോന്‍ മുളപ്പന്‍ചേരില്‍