കരുത്ത്

ഒരിക്കലും ഖനനം ചെയ്യാത്ത എത്രയെത്ര ഖനികള്‍ ഉള്ളിലൊതുക്കിക്കൊണ്ടാവും ഓരോരുത്തരും ഈ ജീവിതത്തില്‍നിന്ന് പടിയിറങ്ങിപ്പോകുന്നത്. ഒന്നു പൊരുതാനുള്ള സന്നദ്ധതയോ ധൈര്യമോ ഇല്ലാത്തതുകൊണ്ടുമാത്രം പുറത്തുവരാത്ത നമ്മുടെ സാദ്ധ്യതകള്‍. ഈ തോന്നല്‍ കൂടുതല്‍ ശക്തമായത് തങ്കം പോള്‍ എന്ന എണ്‍പത്തഞ്ചുകാരിയായ ഒരു വയോധികയെ വായിച്ചറിഞ്ഞപ്പോഴാണ്. എഴുപതുവയസ്സുവരെ സാദാ വീട്ടമ്മയായി ഭര്‍ത്താവിന്റെയും മക്കളുടെയും മാത്രം കാര്യങ്ങള്‍ നോക്കി ജീവിച്ച സ്ത്രീ. ഭര്‍ത്താവിന്റെ മരണശേഷം കഠിനമായ ഏകാന്തതയില്‍ ജീവിതം ഉരുകുമ്പോഴാണ് ഒരു ബിസിനസ് തുടങ്ങിയാലെന്താ എന്ന തോന്നലുണ്ടായത്. അതു വിജയിച്ചു. ആരെയും ആശ്രയിക്കാതെ ഇന്നു കുടുംബം പുലര്‍ത്തുന്നു. തനിയെ ഡ്രൈവ് ചെയ്തുകൊണ്ടാണ് യാത്ര പോലും ചെയ്യുന്നത്. വൈധവ്യവും വാര്‍ധക്യവും ചേര്‍ന്ന് ഏകാന്തതയുടെ തുരുത്തില്‍ അകപ്പെട്ടുത്തുമായിരുന്ന ഒരു ജീവിതം കാണുന്നവര്‍ക്കുപോലും ഊര്‍ജം പകര്‍ന്നങ്ങനെ…

ചുരുക്കം ചിലര്‍ക്കുമാത്രം കഴിയുന്ന കാര്യം മാത്രമൊന്നുമല്ല ഇത്. നിര്‍ണയിക്കാനാവാത്ത സാധ്യതകളോടെയാണ് ഓരോ മനുഷ്യനും ഭൂമിയില്‍ പിറന്നു വീഴുന്നത്. അസാധാരണ പ്രതിഭാശാലികളായ മനുഷ്യര്‍പോലും തങ്ങളുടെ സാധ്യതകളുടെ പത്തുശതമാനമാണത്രേ പരമാവധി ഉപയോഗിക്കുന്നത്. അങ്ങനെയെങ്കില്‍ എല്ലാറ്റിനോടും സമരസപ്പെട്ട് ഒന്നു തുഴയുകപോലും ചെയ്യാതെ ഒഴുക്കിനൊപ്പം മാത്രം നീങ്ങുന്ന നമ്മുടെ സാദാ ജീവിതം ഈ സാധ്യതകളെ  എന്തു മാത്രം പ്രയോജനപ്പെടുത്തുന്നുണ്ടാകും. ഓരോരുത്തരുടെയും ഉള്ളില്‍ മയങ്ങുന്ന ഊര്‍ജത്തെ ഉണര്‍ത്തി ഉപയോഗിച്ചാല്‍ എന്തെന്ത് അത്ഭുതങ്ങളായിരിക്കും സംഭവിക്കാന്‍ പോകുന്നത്… പുറമെ കാണുന്ന നിങ്ങളല്ല യഥാര്‍ത്ഥത്തില്‍ നിങ്ങള്‍. പുറമെ നിങ്ങള്‍ ഭയചകിതനും ദുര്‍ബലനും ഒക്കെ ആയിരിക്കാം. അതത്ര പ്രധാനപ്പെട്ട കാര്യമല്ല. കാരണം ‘നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ് (1 യോഹ. 4/4). നമുക്കു ഗണിച്ചെടുക്കാനാവാത്ത സാധ്യതകള്‍ നിക്ഷേപിച്ചുകൊണ്ടാണ് ആ പരമ ചൈതന്യം നമ്മില്‍ വാഴുന്നത്.

മനുഷ്യന്റെ സാധ്യതകളെക്കുറിച്ച് ക്രിസ്തു നന്നായി മനസ്സിലാക്കിത്തരുന്നുണ്ട്. ദരിദ്രരായ തന്റെ കേള്‍വിക്കാരെ നോക്കി അവിടുന്നു പറഞ്ഞു. നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. ഭൂമിയുടെ ഉപ്പാണ്. മറ്റൊരിക്കല്‍ അവിടുന്നു പറഞ്ഞു. നിങ്ങള്‍ക്കു ദൈവത്തോളം പരിപൂര്‍ണരാകാന്‍ കഴിയും. ‘നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവു പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍ (മത്താ. 5:48).  അതാണ് മനുഷ്യന്റെ ഏറ്റവും വലിയ സാധ്യത. ആ അവബോധം ആഴപ്പെടുന്നതനുസരിച്ചാണ് ഓരോരുത്തരുടെയും ജീവിതം അഴകുള്ളതാകുന്നത്. ജീവിതത്തിന്റെ പരുപരുത്ത വഴികളിലൂടെ നടക്കുന്ന പാവപ്പെട്ട മനുഷ്യരായിരുന്നു അവന്റെ കേള്‍വിക്കാര്‍. അങ്ങനെയെങ്കില്‍ അതെല്ലാവരുടെയും സാധ്യതയാണ്. എന്നിട്ടും നാല്പതുകളിലും അന്‍പതുകളിലുമൊക്കെയെത്തിയിട്ടും ഒന്നും ആരംഭിച്ചിട്ടുപോലുമില്ലെന്ന തോന്നലില്‍ നമ്മളിങ്ങനെ…

ഏതെങ്കിലും ഒരു മൂല്യത്തിനുവേണ്ടി അവസാനത്തോളം നിലകൊള്ളുവാനുള്ള ധൈര്യമോ കരുത്തോ, നമ്മള്‍ പ്രകടിപ്പിക്കുന്നില്ല. മായ്ക്കാനാവാത്ത ചില അടയാളങ്ങള്‍ ഭൂമിയില്‍ അവശേഷിപ്പിച്ച് കടന്നുപോയ ഏതൊരാളെയും ഓര്‍ത്തുനോക്കൂ. എത്രയെത്ര കാര്യങ്ങളില്‍ നിന്ന് കുതറിയും തെന്നിയും മാറിയാണ് ഓരോ കാര്യങ്ങള്‍ക്കുവേണ്ടി അവര്‍ നിലകൊണ്ടത്. ഗാന്ധിജിയെത്തന്നെ ഓര്‍ക്കാം. കാഴ്ചയില്‍ തീരെ അശുവായ ഈ മനുഷ്യന്‍ ആയുധമില്ലാത്ത പോരാട്ടങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടയാളാണ്. ലോകത്തിന് അന്നുവരെ പരിചയമില്ലാതിരുന്ന ഒരു സമരമാര്‍ഗം അദ്ദേഹം സ്വീകരിക്കുമ്പോള്‍ ആന്തരികമായ കരുത്തായിരുന്നു കയ്യിലുണ്ടായിരുന്ന മൂലധനം. പിന്നീട് ഒരാത്മകഥയെഴുതുമ്പോള്‍ സത്യാന്വേഷണ പരീക്ഷണകഥയെന്നതിനു പേരിടുകയും ചെയ്തു. അപാരമായ ഈ ആന്തരികശക്തിയാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രധാന ഘടകം. സൃഷ്ടിയുടെ ഹയരാര്‍ക്കിയില്‍ മാലാഖമാര്‍ക്ക് തൊട്ടുതാഴെയാണ് നമ്മുടെ സ്ഥാനം. ശരീരത്തിന്റെ പരിമിതിയായിരിക്കണം അവര്‍ക്കും നമുക്കുമിടയിലെ വ്യത്യാസം.

അര്‍ത്ഥപൂര്‍ണ്ണമായി ജീവിക്കണമെന്നു കരുതുന്ന ഏതൊരാളും തങ്ങളുടെ ഈ ആന്തരിക ഊര്‍ജത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഈ ജീവിതത്തിന് അപ്പുറമുള്ള ലോകത്തേക്ക് ദുര്‍ബലര്‍ക്ക് പ്രവേശനമേ ഇല്ല. സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമാണെന്നും ബലവാന്മാര്‍ അതു പിടിച്ചടക്കുന്നു എന്നും ക്രിസ്തു ഓര്‍മപ്പെടുത്തുന്നു (മത്തായി 11:12). ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ കരുത്താവശ്യമുണ്ട് എന്നുസാരം. വിശ്വസ്തനായ പടയാളിയെപ്പോലെ പോരാടുക എന്നൊക്കെയാണ് അതിനു  പൗലോസിന്റെ വ്യാഖ്യാനം. എത്രയോ സന്ദര്‍ഭങ്ങളിലാണ് നമ്മുടെ കരുത്ത് തെളിയിക്കേണ്ടതായുള്ളത്.

തിന്മയോട് സന്ധിചെയ്യാതിരിക്കാനുള്ള കരുത്തുകാണിക്കുകയാണ് അതിലൊന്നാമത്തേത്. തിന്മയുടെ മുമ്പില്‍ നേര്‍ക്കുനേര്‍ നില്‌ക്കേണ്ടി വരുന്നുണ്ട് എല്ലാവര്‍ക്കും. പല രൂപത്തിലായിരിക്കാം അത്. മഗ്ദലനമറിയത്തെ ആധാരമാക്കി മോറിസ്‌മെയ്റ്റര്‍ ലിങ്ക് ഒരു നാടകമെഴുതിയിട്ടുണ്ട്. അതില്‍ മറിയത്തോട് താത്പര്യം പുലര്‍ത്തുന്നയാളാണ് പട്ടാളാധിപനായ വേരുസ്. അയാള്‍ പീലാത്തോസിന്റെ വിശ്വസ്തനാണ്.  പക്ഷേ, മറിയം ഇപ്പോള്‍ ക്രിസ്തുവിന്റെ വഴിയിലാണ്. ക്രിസ്തു പിടിക്കപ്പെട്ടപ്പോള്‍ അവിടുത്തെ രക്ഷിക്കാന്‍ അവള്‍ പരമാവധി ശ്രമിക്കുന്നു. ഒടുവിലവള്‍ വേരൂസിനെ സമീപിച്ചു. അയാള്‍ പറഞ്ഞു: ക്രിസ്തുവിനെ മരണത്തില്‍ നിന്നു രക്ഷിക്കാം. പക്ഷേ, അതിനുമുമ്പ് നിന്നെ എനിക്കുവേണം. ക്രിസ്തുവിനെ രക്ഷിക്കണോ അതോ ക്രിസ്തുവിന്റെ പാഠങ്ങളില്‍  ഉറച്ചുനിന്ന് അവിടുത്തെ മരിക്കാന്‍ അനുവദിക്കണോ… ആ ആത്മസംഘര്‍ഷത്തിനൊടുവില്‍ അവള്‍ പറഞ്ഞു. ‘അങ്ങു നിര്‍ദ്ദേശിക്കുന്ന വിലയ്ക്ക് ഞാനവന്റെ ജീവന്‍ രക്ഷിച്ചാല്‍ അവന്‍ എന്തൊക്കെ ആഗ്രഹിച്ചിരുന്നുവോ, എന്തിനെയൊക്കെ സ്‌നേഹിച്ചിരുന്നുവോ അവയെല്ലാം മൃതമാകും. വിളക്കിനെ രക്ഷിക്കാന്‍ അതിന്റെ ജ്വാലയെ ചെളിയില്‍ മുക്കിക്കെടുത്താന്‍ എനിക്കാവില്ല. പ്രേമത്തിന്റെ പേരില്‍ ഒരു നിമിഷം ഞാന്‍ കീഴടങ്ങിയാല്‍ അവന്‍ പറഞ്ഞതും ചെയ്തതും നല്കിയതും എല്ലാം ഇരുളില്‍ മുങ്ങിപ്പോകും…’ ക്രിസ്തുവിനെ രക്ഷിക്കൂ എന്നു മുറവിളി കൂട്ടിയവരുടെ മുമ്പില്‍ നിന്നുകൊണ്ട് അവളയാളോടു പറഞ്ഞു: ‘പോകൂ…’ എന്നിട്ടവള്‍ പരമാനന്ദ നിശ്ചലതയോടെ നിന്നു.

തിന്മയോട് പൊരുതാനുള്ള കരുത്തില്ലെങ്കില്‍ ഒഴിഞ്ഞുമാറാനുള്ള ധൈര്യമെങ്കിലും കാണിക്കേണ്ടതുണ്ട്. ഗ്രീക്ക് പുരാണത്തിലെ യൂളീസസിനെപ്പോലെ. ട്രോയി പട്ടണത്തെ ആക്രമിച്ചശേഷം യുളീസസും പടയാളികളും തിരിച്ചു വരികയാണ്. ആ യാത്രയില്‍ സൈരന്‍സ് എന്ന യക്ഷികളുടെ സംഗീതത്താല്‍  വശീകരിക്കപ്പെട്ട് അപകടത്തില്‍ പെടാതിരിക്കാന്‍ യുളീസസ് പടയാളികളുടെ ചെവികള്‍ മെഴുകുകൊണ്ടടച്ചു.  അയാളാകട്ടെ തന്നെത്തന്നെ പായ്മരത്തോട് ചേര്‍ത്തു ബന്ധിച്ചുകൊണ്ടാണ് സ്വയം നിയന്ത്രിച്ചത്. മദ്യപാനം നിര്‍ത്താനാഗ്രഹിക്കുന്നൊരാള്‍ ഷാപ്പിന്റെ പ്രദേശത്തേക്കുപോലും തിരിഞ്ഞുനോക്കാതിരിക്കുന്നതും ഇതിനു സമാനമാണ്. താരതമ്യേന എളുപ്പമുള്ള വഴിയാണിത്. എന്നാല്‍, കുറേക്കൂടി മനോഹരമായ ഒരു പ്രതിരോധത്തെക്കുറിച്ചാണ് ക്രിസ്തുവിനു പറയാനുള്ളത്. ത ന്മയെ നന്മകൊണ്ട് ജയിക്കുക. യുളീസസ് നേരിട്ട അതേ പ്രശ്നം ഓര്‍ഫിയൂസ് എന്ന നന്മനിറഞ്ഞ ഒരാള്‍ നേരിട്ടതുപോലെ. അയാള്‍ അതുവഴി കടന്നുപോയപ്പോള്‍ തന്റെ വീണ മനോഹരമായി മീട്ടി ഉച്ചത്തില്‍ പാടി.  ആ മനോഹര ശബ്ദത്തില്‍ സൈരന്‍സിന്റെ സംഗീതം മുങ്ങിപ്പോയി. എന്നാല്‍, തിന്മയെ നന്മകൊണ്ട് ജയിക്കാന്‍ കൂടുതല്‍ കരുത്താവശ്യമുണ്ട്. ശത്രുക്കളെ സ്‌നേഹിക്കാനും ദ്വേഷിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ശപിക്കുന്നവരെ അനുഗ്രഹിക്കാനും സാധാരണ കരുത്തൊന്നും പോരല്ലോ.

രണ്ടാമതായി ഓരോരോ ഉടമ്പടികളില്‍ വിശ്വസ്തരായിരിക്കാന്‍ നമുക്ക്  കരുത്താവശ്യമുണ്ട്. അതു ദൈവത്തോടായാലും മനുഷ്യരോടായാലും.  ചില പാവപ്പെട്ട മനുഷ്യര്‍ ക്രിസ്തുവിനുവേണ്ടി പിന്നെയും പിന്നെയും നിരാലംബരായിട്ടും പിടിച്ചു നില്ക്കുന്നത് കണ്ട് കുറ്റബോധം തോന്നിയിട്ടുണ്ട്. ഒരു യാത്രയ്ക്കിടയില്‍ തൊട്ടടുത്തിരുന്ന തീരെ ദരിദ്രയായ ഒരു വയോധിക. മറ്റൊരു സമുദായത്തില്‍ നിന്നു ക്രിസ്തുവിന്റെ വഴിയിലേക്കു തിരിഞ്ഞതാണ്. സ്വാഭാവികമായും വീട്ടുകാര്‍ അവര്‍ക്കെതിരായി. ആരുടെയൊക്കെയോ കനിവില്‍ അവര്‍ ജീവിച്ചു. ഇപ്പോള്‍ ഗൗരവമായ രോഗം പിടിപ്പെട്ടിരിക്കുന്നു. ദീര്‍ഘനാളത്തെ  വിശ്രമവും പരിചരണവും ആവശ്യമുണ്ട്. അതിനൊരു സൗകര്യം ഉറ്റവരാരെങ്കിലും തരുമോ എന്നന്വേഷിച്ചിട്ട് തിരിച്ചുവരികയാണ്. ‘അവരാരും എന്നെ വീട്ടില്‍ കയറ്റിയില്ല.’ എന്നവര്‍ പറയുമ്പോള്‍ ശ്രദ്ധിച്ചു, ആ സ്വരത്തില്‍ സങ്കടമോ പരിഭവമോ തീരെ ഇല്ലായിരുന്നു. ഇനിയെങ്ങോട്ട് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അവര്‍ക്കില്ലായിരുന്നു. എങ്കിലും ‘എന്റെ ഈശോയെ  ഉപേക്ഷിച്ചിട്ട് എനിക്കൊന്നും വേണ്ട’ എന്നു പറഞ്ഞവര്‍ നിശ്ശബ്ദയായി. ദാമ്പത്യത്തില്‍ ഒരേ ഒരാളോടുള്ള വിശ്വസ്തതയില്‍ മരണംവരെ നിലനില്‌ക്കേണ്ടതുണ്ട്. നാളെ അവളെക്കാള്‍ സൗന്ദര്യമുള്ള, അവനെക്കാള്‍ കരുതലുള്ളവരെയൊക്കെ നീ കണ്ടുമുട്ടിയെന്നുവരും. പക്ഷേ, അങ്ങോട്ടൊന്നും മനസ്സ് ചായാന്‍ പാടില്ല. ഓരോന്നും ആരംഭിക്കാനല്ല പൂര്‍ത്തിയാക്കാനാണ് കരുത്തുവേണ്ടത്. അവസാനം വരെ പിടിച്ചുനില്ക്കുന്നവനാണ് രക്ഷയുടെ പാനപാത്രം നല്കപ്പെടുന്നത്.

ഓരോ ദിവസത്തിന്റെയും ക്ലേശങ്ങള്‍ സഹിക്കുന്നതിനുള്ള കരുത്തും സംയമനവും കാട്ടുകയാണ് വേറൊന്ന്. അനുദിനം നിന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കുക എന്നാണ്  ക്രിസ്തുവിന്റെ ആഹ്വാനം. എല്ലാവരും തട്ടിവീഴുന്ന കടമ്പയാണത്. എന്തുമാകാം ആ കുരിശ്. ജീവിതപങ്കാളിമുതല്‍ ഇന്നത്തെ കാലാവസ്ഥവരെയുള്ള വലുതും ചെറുതുമായ എത്രയെത്ര കാര്യങ്ങളെയാണ് ദിവസവും നമുക്കു നേരിടാനുള്ളത്. ചുറ്റിനുമുള്ളവരില്‍ നിന്നു നല്ലതല്ലാത്ത അനുഭവങ്ങളും നമുക്കു നേരിടുന്നുണ്ട്. ഒക്കെ അനുദിന ജീവിതത്തിന്റെ  കുരിശു തന്നെ.  ഒരു രക്ത സാക്ഷിത്വത്തെക്കാള്‍  പ്രയാസമേറിയതാണ് ഈ ഭാരങ്ങള്‍ ക്ഷമയോടെ ചുമക്കുക എന്നത്. കസന്‍ദ്‌സാക്കീസിന്റെ മനോലിയോസിനോട് ബിഷപ് ഫോറ്റിസ് അതു പറഞ്ഞുകൊടുക്കുന്നുണ്ട്. നിരന്തരം അനീതിക്കിരയായിക്കൊണ്ടിരിക്കുന്ന ഒരു ദേശത്തിലെ ആളുകള്‍ക്കുവേണ്ടി മരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് ക്രിസ്തുവിന്റെ മനസ്സുള്ള മനോലിയോസ് എന്ന ചെറുപ്പക്കാരന്‍ പറയുന്നത്. ബിഷപ് പറഞ്ഞു: അതെളുപ്പമാണ്. എന്നാല്‍, ഓരോ ദിവസത്തെയും സഹനങ്ങള്‍ ഏറ്റെടുത്തു കൊണ്ട്, ഓരോ തുള്ളി രക്തം ചൊരിഞ്ഞുകൊണ്ട് മരിക്കുക. അതു കഠിനമാണ്. ആ മാര്‍ഗം തിരഞ്ഞെടുക്കുക (ഗ്രീക്ക് പാഷന്‍).

ആത്മസംയമനത്തിലൂടെയാണ് ഈ കരുത്ത് ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്. ഒരാള്‍ക്ക് എത്ര കരുത്തുണ്ടെന്നറിയണമെങ്കില്‍ പ്രകോപിപ്പിക്കപ്പെടുമ്പോള്‍ അയാള്‍ എങ്ങനെയെന്നു ശ്രദ്ധിച്ചാല്‍ മതി. ദുര്‍ബലരായ മനുഷ്യരാണ് എളുപ്പത്തില്‍ പ്രകോപിതരാകുന്നത്. പലപ്പോഴും ഭയം കൊണ്ടും  താനത്ര പോരാ എന്ന് തോന്നുകയും ചെയ്യുമ്പോഴാണ് മനുഷ്യരിങ്ങനെ ക്ഷോഭിച്ചും ദ്രോഹിച്ചും  തങ്ങളുടെ കരുത്ത് കാണിക്കാന്‍ ശ്രമിക്കുന്നത്. നമുക്കിടയില്‍ നടക്കുന്ന പല കയ്യേറ്റങ്ങള്‍ക്കും പിന്നില്‍  ഈ പേടിയാണ്. ഒഴിമുറി എന്ന ചിത്രത്തില്‍ അതേറ്റു പറയുന്ന ഒരു കഥാപാത്രത്തെ ഓര്‍മിക്കുന്നു. ആവശ്യത്തിലേറെ ധാര്‍ഷ്ട്യം കാണിച്ചുകൊണ്ട് ഭാര്യയെ തല്ലിയും ചതച്ചും വരച്ച വരയില്‍ നിര്‍ത്തിയ താണുപിള്ളയെന്ന ഭര്‍ത്താവ്. അയാള്‍ ഒടുവില്‍ അതിന്റെ കാരണം തന്റെ മകനോടു കുമ്പസാരിക്കുന്നു. ‘എനിക്ക് നിന്റെ അമ്മയെ പേടിയായിരുന്നു. അതാ പകയായത്. അവളെ പേടിപ്പിച്ച് എന്റെ കാലിന് കീഴെ നിര്‍ത്താന്‍ നോക്കി. പെണ്ണിനെ തല്ലുന്ന ശുംഭന്മാരൊക്കെ അവരെ പേടിച്ചിട്ടാണ്.’ അയാള്‍ പറഞ്ഞതാണ് അതിന്റെ ശരി. പുരുഷന്മാരെക്കാള്‍ ആന്തരികമായ കരുത്ത് സ്ത്രീകള്‍ക്കാണ് കൂടുതല്‍. പല സ്ത്രീകളും അതു തിരിച്ചറിയുന്നില്ല എന്നത് മാനവരാശിയുടെ ദുരന്തമെന്നല്ലാതെ എന്തു പറയാന്‍.

ഈ കരുത്ത് ഒത്തിരി കാര്യങ്ങളില്‍ നിശ്ശബ്ദത പാലിക്കാന്‍ നമ്മെ കഴിവുള്ളവരാക്കുന്നുണ്ട്. ജീവിതത്തിന്റെ ആഴം വര്‍ദ്ധിക്കുന്തോറും ഒരാള്‍ കൂടുതല്‍ നിശ്ശബ്ദമാകുന്നു. കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാറ്റിനോടും പ്രതികരിച്ച് തീര്‍ക്കാനുള്ളതല്ല ജീവിതം. ഉള്ളുപൊള്ളയായ അത്തരം ജിവിതങ്ങള്‍ക്ക് എന്തു ചന്തമുണ്ട്. ഭംഗിയുള്ള ജീവിതം നയിക്കുന്ന ഒരു കുടുംബത്തിനുള്ളില്‍ തീര്‍ച്ചയായും നസ്രത്തിലെ മറിയത്തെപ്പോലെ നിശ്ശബ്ദതയും ധ്യാനവുമുള്ള ഒരു സ്ത്രീയുടെ സാന്നിദ്ധ്യം ഉണ്ടാകും. വാക്കുകളെക്കാള്‍ പലപ്പോഴും നിശ്ശബ്ദതയ്ക്കാണ് കൂടുതല്‍ കരുത്ത്.  വിചാരണ വേളയില്‍ ക്രിസ്തു പാലിച്ച നിശ്ശബ്ദത ദേശത്തിന്റെ അധിപതിയെ നടുക്കിയല്ലോ. ആ നിശ്ശബ്ദതയുടെ ആഴത്തിനുമുമ്പിലാണ് അയാള്‍ പതറുന്നത്.

ഒപ്പം മനസ്സിനെ ദുര്‍ബലമാക്കുന്ന ചില കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‌ക്കേണ്ടതുമുണ്ട്. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാണ് അവയില്‍ പ്രധാനമെന്ന് ക്രിസ്തു പറഞ്ഞുതരുന്നു (ലൂക്കാ 21:24). എന്നാല്‍, ജീവിക്കുന്നതുതന്നെ ഈ മൂന്നു കാര്യങ്ങള്‍ക്കുവേണ്ടിയാണെന്ന മട്ടിലാണ് നമ്മുടെ കാലത്ത് കാര്യങ്ങള്‍ നീങ്ങുന്നത്. അതിനനുസരിച്ച് മനുഷ്യന്റെ ആന്തരിക ഊര്‍ജവും കുറഞ്ഞുവരുന്നു. കാലങ്ങള്‍ മുന്നോട്ടുപോകുന്തോറും മനക്കരുത്തുള്ളവരുടെ എണ്ണം കുറഞ്ഞാണല്ലോ വരുന്നത്.

എത്ര ശ്രമിച്ചാലും നമ്മള്‍ മാത്രം നിരൂപിച്ചാല്‍ നടക്കുന്ന കാര്യങ്ങളൊന്നുമല്ല ഇത്. അതിന് ഉന്നതത്തില്‍ നിന്ന് ശക്തി ലഭിക്കേണ്ടതുണ്ട്. പന്തക്കുസ്തയ്ക്കു മുമ്പും ശേഷവുമുള്ള ശിഷ്യന്മാര്‍തന്നെ ഉദാഹരണം. ആരൊക്കെ ഉപേക്ഷിച്ചാലും ഞങ്ങള്‍ നിന്നെ ഉപേക്ഷിക്കില്ല എന്ന അവരുടെ പ്രതിജ്ഞയ്ക്ക് മണിക്കൂറുകളുടെ ആയുസ്സുപോലുമില്ലായിരുന്നു എന്നാല്‍, പന്തക്കുസ്തായ്ക്കുശേഷം അവരങ്ങനെയല്ല. അല്ലെങ്കില്‍ ആരാണ് അവരെപ്പോലെയല്ലാത്തത്. ആഗ്രഹിക്കുന്ന നന്മ ചെയ്യാനാവാതെ ആഗ്രഹിക്കാത്ത തിന്മ ചെയ്യുന്ന മനുഷ്യനാണുതാനെന്ന് പൗലോസിനുപോലും ഏറ്റുപറയേണ്ടി വരുന്നുണ്ട്.

ആന്തരികമായ ഈ കരുത്ത് പരിശുദ്ധാത്മാവിന്റെ ദാനമാണെങ്കിലും ധ്യാനത്തിലൂടെ മാത്രമേ പുറത്തേക്ക് ഒഴുകുകയുള്ളൂ. മനസ്സിനെ ഏകാഗ്രമാക്കി നിശ്ശബ്ദതയില്‍ കുറേ നേരം കണ്ണും പൂട്ടി ഇരിക്കുന്ന ശീലമുള്ള ഏതൊരാളിലും അതു കാണാന്‍ കഴിയും. അങ്ങനെയുള്ള ദീര്‍ഘമായ പ്രാര്‍ത്ഥനായാമങ്ങളിലൂടെയാണ് ക്രിസ്തുപോലും ജീവിക്കാനാവശ്യമായ ഊര്‍ജം കണ്ടെത്തിയത് അങ്ങനെയെങ്കില്‍ നിസ്സാരരായ നമ്മുടെ കാര്യമോ?

യേശു വീണ്ടും അവരോടു പറഞ്ഞു: മക്കളേ ദൈവരാജ്യത്തില്‍ പ്ര വേശിക്കുക എത്ര പ്രയാസം (മര്‍ക്കോ സ് 10:24).  അവര്‍ അത്യന്തം വിസ്മയഭരിതരായി ചോദിച്ചു : അങ്ങനെയെങ്കില്‍ രക്ഷപ്പെടാന്‍ ആര്‍ക്കു കഴിയും? യേശു അവരുടെ നേരെ നോക്കി പറഞ്ഞു: മനുഷ്യന് ഇതസാധ്യമാണ്; ദൈവത്തിന് അങ്ങനെയല്ല.  അവിടുത്തേക്ക് എല്ലാം സാധിക്കും (മര്‍ക്കോസ് 10: 26-27).

സി. ശോഭ സി.എസ്.എന്‍.
എഡിറ്റര്‍, അമ്മ മാഗസിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.