നോമ്പു വിചിന്തനം: ഏലി ഏലി ല്മ സബക്താനി

“ഏലി, ഏലി, ല്മാ സബക്താനി.” മാംസത്തിന്‍റെ നിലവിളി! മാംസത്തിന്‍റെ നിലവിളി മനുഷ്യനില്‍ നിന്ന് ദൈവം ഏറ്റെടുക്കുന്നു- തന്‍റെ പുത്രനിലൂടെ കുരിശില്‍. ഏദനില്‍ നിന്ന് ഇന്നോളം തുടരുന്ന മാംസത്തിന്‍റെ നിലവിളി: ‘എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു.’ ഉപേക്ഷിക്കണമെങ്കില്‍ അടുപ്പം ഉണ്ടായിരിക്കണം. അടുപ്പം ഉണ്ടായിട്ടും അകന്നുപോയി, അല്ലെങ്കില്‍ അടുത്തിരുന്നതിനെ എന്തോ മുറിച്ചു മാറ്റി എന്ന തോന്നലാണ് കുരിശില്‍ തൂങ്ങിക്കിടക്കുന്ന മാംസത്തിന്‍റെ നെടുവീര്‍പ്പായി പുറത്തുവന്നത്.

‘ഉപേക്ഷിച്ചു’ എന്ന നിലവിളി യഥാര്‍ത്ഥത്തില്‍ എന്തിനോടോ ഉള്ള അടുപ്പത്തിന്‍റെ, തീവ്രതയുടെ തിരിച്ചറിവാണ്. ‘വചനം മാംസം ധരിച്ചത് മാംസത്തെ ഈ തിരിച്ചറിവിലെത്തിക്കാനാണ്. സ്രഷ്ടാവില്‍ നിന്ന് സ്വാതന്ത്ര്യം മോഹിച്ച് മാംസം ഏദനിലന്ന് എന്നേക്കുമായി അടര്‍ന്നുപോകുവാനാഗ്രഹിച്ചു. നന്മതിന്മകളുടെ തിരിച്ചറിവുകൊടുത്ത സ്വാതന്ത്ര്യം പക്ഷേ മാംസത്തില്‍ നല്‍കിയത് വേദനയാണ്, സഹനമാണ്. ഇവിടെ ഇതാ ഗാഗുല്‍ത്തായില്‍ കുരിശാകുന്ന നന്മതിന്മകളുടെ വൃക്ഷത്തില്‍ തൂങ്ങി മാംസം പുളയുന്നു. നന്മതിന്മകളുടെ തിരിച്ചറിവു നല്‍കുന്ന വേദനയുടെ ചൂളയില്‍ കിടന്ന് മാംസം പറയുന്നു: ‘എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു.’

ഇവിടെ ‘മാംസം’ നന്മതിന്മകളുടെ കുരിശില്‍ കിടന്നു വേദനകൊണ്ടു പുളയുന്ന മനുഷ്യനാണ്. നന്മതിന്മകളുടെ തിരിച്ചറിവ് മനുഷ്യനു നല്‍കുന്നത് വേദനയുടെ മുള്ളാണികളാണ്, മുള്‍ക്കിരീടമാണ്, കയ്പുനീരാണ്. ഈ തിരിച്ചറിവ് നല്‍കുന്ന സ്വാതന്ത്ര്യം മാംസത്തിന്‍റെ സ്വാതന്ത്ര്യമായി തെറ്റിധരിച്ചാല്‍ ഏതൊരു മനുഷ്യനും വേദന താങ്ങാന്‍ കഴിയാതെ പറഞ്ഞുപോകും: “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു.” ഉപേക്ഷിച്ചത് ദൈവമല്ല, മാംസം മെനഞ്ഞവനില്‍ നിന്ന് അടര്‍ന്നു മാറുമ്പോഴുള്ള ഉപേക്ഷിച്ചെന്ന തോന്നലാണ്. ഏദനില്‍ നിന്നു പുറത്താക്കപ്പെട്ട മനുഷ്യന്‍റെ തോന്നല്‍.

ഏദനിലെ ആത്മാവിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് തിരികെ മനുഷ്യനെ കൊണ്ടുവരാനാണ് മെനഞ്ഞവന്‍ തന്നെ മാംസം ധരിക്കുന്നത്. ആത്മാവിന്‍റെ സ്വാതന്ത്ര്യത്തില്‍ നിന്ന് പറിച്ചുമാറ്റപ്പെടുന്ന മാംസത്തിന്‍റെ അനാദികാലം മുതലുള്ള നിലവിളി: ‘എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു. മനുഷ്യന്‍റെ നിലവിളി ദൈവം ഏറ്റെടുക്കുന്നു- മനുഷ്യാവതാരത്തിലൂടെ, തന്‍റെ പുത്രനിലൂടെ, കുരിശിലൂടെ. കുരിശിലെ നിലവിളി ആത്മാവിന്‍റെ സ്വാതന്ത്ര്യത്തില്‍ നിന്ന് അകന്നു പോയി മാംസത്തിന്‍റെ അടിമത്വത്തിലായിരിക്കുന്ന മനുഷ്യന്‍റെ നിലവിളിയുടെ പ്രതിധ്വനിയാണ്. ആത്മാവിന്‍റെ സ്വാതന്ത്ര്യം മാംസത്തിനുവേണ്ടി കുരുതികൊടുത്തപ്പോഴെല്ലാം മനുഷ്യന്‍ സഹനത്തിന്‍റെ തീച്ചുളയിലേക്ക് വലിച്ചെറിയപ്പെട്ടു. മാംസം ആത്മാവില്‍ നിന്ന് പറിച്ചെടുക്കുമ്പോഴുണ്ടാകുന്ന സഹനം!

ആത്മാവിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് വിളിക്കപ്പട്ട മനുഷ്യന്‍ ആ സ്വാതന്ത്ര്യം ദുരുപയോഗിക്കുമ്പോള്‍ മാംസം കുരിശിലേറ്റപ്പെടുന്നു, മുള്ളാണികളാല്‍ തറയ്ക്കപ്പെടുന്നു. കാരണം ആത്മാവിന്‍റെ നല്ല ഫലങ്ങള്‍ അവനില്‍ അന്യമാകുന്നു. “ആത്മാവിന്‍റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം എന്നിവയാണ്. യേശുക്രിസ്തുവിലുള്ളവര്‍ തങ്ങളുടെ ജഡത്തെ അതിന്‍റെ വികാരങ്ങളോടും മോഹങ്ങളോടുകൂടി ക്രൂശിച്ചിരിക്കുന്നു. നമ്മള്‍ ആത്മാവിലാണ് ജീവിക്കുന്നതെങ്കില്‍ നമുക്ക് ആത്മാവില്‍ വ്യാപരിക്കാം” (ഗലാ. 5, 22-25). ആത്മാവില്‍ ജീവിക്കാന്‍ പറ്റാതെവരുന്ന ആത്മസംഘര്‍ഷത്തില്‍ പൗലോസ് ശ്ലീഹായെപ്പോലുള്ള ഏതൊരാളും പറഞ്ഞു പോകും: “ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍! മരണത്തിന് അധീനമായ ഈ ശരീരത്തില്‍ നിന്ന് എന്നെ ആരുമോചിപ്പിക്കും” (റോമ. 7, 24). “ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്” (റോമ. 7, 19); “അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു” (റോമ. 8, 26b).

അനാദികാലത്തോളമുള്ള മനുഷ്യാത്മാക്കളുടെ നെടുവീര്‍പ്പാണ് വാക്കുകളായി കുരിശില്‍ മനുഷ്യപുത്രന്‍റെ വായില്‍ നിന്ന് അടര്‍ന്നു വീഴുന്നത്: ‘ഏലി, ഏലി, ല്മാ സബക്താനി.’ ആത്മാവിന്‍റെ ഈ നെടുവീര്‍പ്പാണ് മാംസത്തിനുവേണ്ടി (മനുഷ്യര്‍ക്കുവേണ്ടി) മാദ്ധ്യസ്ഥ്യം വഹിക്കുന്നത്. മനുഷ്യപുത്രന്‍റെ മനുഷ്യാവതാര രഹസ്യം തന്നെ ഈ മാദ്ധ്യസ്ഥ്യം ആണല്ലോ. കാലിത്തൊഴുത്തില്‍ തുടങ്ങി കാല്‍വരിയില്‍ ഈ മാദ്ധ്യസ്ഥ്യം അതിന്‍റെ പരമകോടിയിലെത്തുന്നു. ശരീരത്തില്‍ പാപത്തിന്‍റെ പീഡനമേല്‍ക്കുന്ന മനുഷ്യന്‍റെ പ്രതിനിധിയായി പിതാവായ ദൈവത്തോട് യേശു കുരിശിലും മാദ്ധ്യസ്ഥ്യം യാചിക്കുന്നു: “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു.” ആ അവസാന നെടുവീര്‍പ്പും അപേക്ഷയായര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ “പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” (ലൂക്കാ. 23, 46) എന്നു പറഞ്ഞ് യേശു തലചായ്ച്ചു മരിച്ചു.

യേശുവിന്‍റെ കുരിശുമരണം മാംസത്തെ ആത്മാവില്‍ ലയിപ്പിച്ച് ഉയര്‍പ്പിന്‍റെ മഹത്വത്തിലേക്കുയര്‍ത്താനുള്ള സഹനസമരമായിരുന്നു. ഇങ്ങനെയുള്ള ഒരു മരണത്തോടാണ് നാം സാദൃശ്യപ്പെടേണ്ടത്. ഇത് പിതാവായ ദൈവത്തിനു മുമ്പില്‍ മനുഷ്യനുവേണ്ടി മാദ്ധ്യസ്ഥ്യം യാചിക്കുന്ന മനുഷ്യപുത്രന്‍റെ കുരിശിലെ സത്യാഗ്രഹമാണ്. യേശുവിന്‍റെ ഈ സഹനസമരത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ മഹാത്മാഗാന്ധിക്ക് തന്‍റെ സത്യാഗ്രഹ സമരത്തിനുള്ള പ്രചോദനം ലഭിച്ചത്. ഇവിടെ മാംസത്തിന്‍റെ ആഗ്രഹങ്ങളും അഭിലാഷങ്ങളുമെല്ലാം പരമമായ സത്യത്തോടുള്ള അദമ്യമായ ആഗ്രഹത്തെപ്രതി ബലികൊടുക്കുന്നു. ദൈവത്താലും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടു എന്ന തോന്നലാണ് ഈ ബലിയില്‍ മനുഷ്യന്‍ എത്തിച്ചേരുന്ന ഏറ്റവും തീവ്രമായ മാനസികാവസ്ഥ. അതിനെ അതിജീവിച്ച് “എന്‍റെ ആത്മാവിനെ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു.” എന്നു പറയാന്‍ കഴിയുന്ന മാനസികാവസ്ഥയില്‍ എത്തിച്ചേരുന്നിടത്താണ് മാംസം മഹത്വീകരിക്കപ്പെടുന്നത്. അവിടെ എത്തിച്ചേര്‍ന്നാല്‍പ്പിന്നെ ഉയര്‍പ്പിന്‍റെ കവാടമാണ്.

ദൈവം പോലും എന്നെ ഉപേക്ഷിച്ചുവെന്ന മാനസികാവസ്ഥയില്‍ ഒരു മനുഷ്യന്‍ എത്തിച്ചേര്‍ന്നത് ശരീരത്തിനേല്‍ക്കുന്ന വെറും ബാഹ്യമായ മുറിവുകൊണ്ടോ അതില്‍ നിന്നുണ്ടാകുന്ന വേദനകൊണ്ടോ അല്ല. പഞ്ചക്ഷതങ്ങളല്ല പഞ്ചാരോപണങ്ങളാണ് കുരിശിലെ വിലാപത്തിന് കാരണമായത്. മനുഷ്യനായവതരിച്ച ദൈവത്തെ ദേവാലയം നശിപ്പിക്കുന്നവനെന്നും ദൈവദൂഷണം പറയുന്നവനെന്നും വഴിപിഴപ്പിക്കുന്നവനെന്നും രാജാവു ചമയുന്നവനെന്നും ദൈവപുത്രനെന്ന് അഹംഭാവിക്കുന്നവനെന്നും വിളിച്ചധിക്ഷേപിക്കുന്നു. ഈ പഞ്ചാരോപണങ്ങളുടെ കുരിശില്‍ കിടന്നു പിടയുന്ന ആത്മാവിന്‍റെ ആത്മരോദനമാണ്: “ഏലി, ഏലി, ല്മാ സബക്താനി.”

ഫാ. ജോര്‍ജ് അയ്യനേത്ത് ഒ.ഐ.സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.