നോമ്പു വിചിന്തനം: എല്ലാം പൂര്‍ത്തിയായിരിക്കുന്നു

മഹാനായ അലക്സാണ്ടറിന്‍റെ ശവസംസ്ക്കാരം നടക്കുകയാണ്. താനൊന്നും സ്വന്തമാക്കിയില്ല എന്നതിന്‍റെ അടയാളമായി കൈകള്‍ ശവമഞ്ചത്തിന് പുറത്തിട്ട് അയാള്‍ യാത്രയായി. “ഞാന്‍ നല്ല ഓട്ടം ഓടി, നന്നായി പൊരുതി” എന്ന വചനത്തിന് സമാനമായി സംതൃപ്തിയോടെ മരിക്കുന്നവര്‍ വിരളമാണ്. എഴുപതും എണ്‍പതും വയസ്സുവരെ ജീവിച്ച് അസംതൃപ്തിയോടെ മരണത്തെ കാത്തിരിക്കുന്നവര്‍ യേശുവിനെ നോക്കേണ്ടതാണ്. 33-ാമത്തെ വയസ്സില്‍ പരമാവധി സ്നേഹം നല്‍കി, ക്ഷമിച്ച്, നന്മചെയ്ത്, നല്ല സന്ദേശം നല്‍കി, എല്ലാം പൂര്‍ത്തിയായി എന്ന് പറഞ്ഞ് അവന്‍ സംതൃപ്തിയോടെ മരിക്കുന്നു.

സംതൃപ്തി ആരംഭിക്കുന്നത് ഒരുവന്‍ എന്തായിരിക്കണം എന്നതില്‍ നിന്നാണ്. ഒരു ശില്‍പിയുണ്ടായിരുന്നു. ദരിദ്രനായ അവന് തന്‍റെ അയല്‍ക്കാരനായ ഭൂവുടമയുടെ സൗഭാഗ്യത്തില്‍ അസൂയ തോന്നി. തന്നെയും ഒരു ഭൂവുടമയാക്കണമെന്ന് ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. അവനെ ദൈവം ഒരു ഭൂവുടമയാക്കി. അവന്‍ തന്‍റെ വയലിലൂടെ നടക്കുമ്പോള്‍ അതിലേക്ക് പ്രകാശം വീശിയ സൂര്യന്‍റെ പ്രഭ കണ്ടു. അവന് സൂര്യനാകണമെന്ന് തോന്നി. ദൈവം പ്രത്യക്ഷപ്പെട്ട് അവനെ സൂര്യനാക്കി. പക്ഷേ, മഴമേഘങ്ങള്‍ കൂടുതല്‍ പ്രകാശത്തെ തടയുകയും പ്രഭ കുറയ്ക്കുകയും ചെയ്തു. അപ്പോഴവന് മഴമേഘമാകണം എന്നു തോന്നി. ദൈവം അവന്‍റെ പ്രാര്‍ത്ഥന കേട്ടു. മഴമേഘമാകട്ടെ കാറ്റിനാല്‍ തുരത്തപ്പെട്ടു. കാറ്റിനാണ് ശക്തിയെന്നു മനസ്സിലാക്കി അവന്‍ കാറ്റായി മാറി. എന്നാല്‍ കാറ്റ് എത്ര ആഞ്ഞുവീശിയിട്ടും പാറക്കെട്ടുകള്‍ കൂസലില്ലാതെ നിന്നു. പാറയ്ക്കാണ് ശക്തിയെന്നു മനസ്സിലാക്കി ദൈവത്തിന്‍റെ സഹായത്തോടെ അവന്‍ പാറയായി. അപ്പോഴാകട്ടെ ഒരു ശില്‍പി വന്ന് പാറയെ തന്‍റെ ആയുധങ്ങളാല്‍ വെട്ടിയൊരുക്കുന്നതും മനോഹരമാക്കുന്നതും കണ്ടു. അപ്പോഴവന് മനസ്സിലായി ഒരു ശില്‍പി തന്നെയാണ് ഏറ്റവും നല്ലതെന്ന്.

ഒരുവന്‍ അവനെന്തായിരിക്കണമെന്ന് തിരിച്ചറിയുമ്പോഴാണ് സംതൃപ്തി ഉണ്ടാകുക. യേശുവിന് താന്‍ എന്തായിരിക്കണമെന്ന് ദൃഢമായ നിശ്ചയമുണ്ടായിരുന്നു. അവന്‍ അവനെത്തന്നെ ലോകരക്ഷകനായി തിരിച്ചറിഞ്ഞു. ഓരോ മനുഷ്യനും അവന്‍റെ തന്നെ നിര്‍മ്മിതിയിലാണ് സംതൃപ്തനാകുന്നത്.

ഞങ്ങളുടെ ആശ്രമത്തിന്‍റെ സെമിത്തേരിയില്‍ സ്പര്‍ശനീയമായ ഒരു കാവ്യമുണ്ട്. ഓരോ സന്യാസിയുടെയും കല്ലറയില്‍ അവര്‍ ജീവിച്ചിരുന്ന പുണ്യങ്ങള്‍ അവരുടെ പേരിനു മുകളിലായി കൊത്തിവച്ചിരിക്കുകയാണ്. ഇനി ഞാന്‍ മരിക്കുമ്പോള്‍ എന്‍റെ കല്ലറയില്‍ എന്തു നന്മ കൊത്തിവയ്ക്കപ്പെടും എന്നത് ഓരോരുത്തരും ചിന്തിക്കേണ്ട ഒരു കാര്യമാണ്. സ്വയമേവ പുണ്യങ്ങളായി നിര്‍മ്മിച്ചവര്‍ യേശുവിനെപ്പോലെ എല്ലാം പൂര്‍ത്തിയായി എന്നു പറഞ്ഞു മരിക്കുന്നു.

രണ്ടാമതായി, ഒരുവന്‍ സംതൃപ്തനാകുന്നത് അവന്‍ ലോകത്തിന് എന്തു നല്‍കി എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. ഒരാള്‍ അതിരാവിലെ വീട്ടിലെ ചപ്പുചവറുകള്‍ ഒരു കവറിലാക്കി അയല്‍ക്കാരന്‍റെ വീടിന്‍റെ മുന്നില്‍ കൊണ്ടുപോയിട്ടു. അതുകണ്ട് അയല്‍ക്കാരനു ദേഷ്യം വന്നെങ്കിലും അദ്ദേഹം ആ ചവറെടുത്തു മാറ്റി. പകരം ഒരു കവര്‍ നിറയെ ആപ്പിളുമായി അവനെ കാണാന്‍ ചെന്നു. അത് അവന് നല്‍കിയിട്ടു പറഞ്ഞു: “ഒരുവന്‍ അവന് ധാരാളമായിട്ടുള്ളത് അയല്‍ക്കാരന് നല്‍കുന്നു.” നമുക്ക് ചിന്തിക്കാം മറ്റുള്ളവര്‍ക്കു നല്‍കാന്‍ നമ്മുടെ കയ്യില്‍ ചപ്പുചവറുകള്‍ മാത്രമേ ഉള്ളോയെന്ന്. ഒത്തിരി വര്‍ഷം ജീവിച്ചിട്ടും മറ്റുള്ളവര്‍ക്ക് മോശമായത് മാത്രം നല്‍കുന്നവരാകുമ്പോള്‍ നമ്മള്‍ അസംതൃപ്തിയോടെ കടന്നുപോകുന്നവരാണ്. യേശുവിനെ നോക്കുക അവന്‍ നമുക്ക് ഏറ്റവും വിലപ്പെട്ട രക്ഷ നേടിത്തന്നു. സ്നേഹവും വചനങ്ങളും നല്‍കി. ഇങ്ങനെ യേശു നമുക്ക് സംതൃപ്തിയുടെ വഴികള്‍ കാണിച്ചു തരുന്നു.

എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യവ്യക്തികളില്‍ ഒരാള്‍ പറഞ്ഞു: “എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല ഈ യാത്ര, സ്വര്‍ണ്ണമോ, നിധിയോ, ഒരുപിടി മണ്ണോ ഒന്നും കിട്ടുകയില്ലായെന്ന് അറിയാമായിരുന്നു. പക്ഷേ, മരണകരമായ ഈ യാത്രയുടെ പൂര്‍ത്തീകരണത്തില്‍ ലഭിക്കുന്ന സന്തോഷം മാത്രമായിരുന്നു ലക്ഷ്യം.”

തുടങ്ങി വച്ച യാത്രയുടെ ദൗത്യത്തിന്‍റെ പൂര്‍ത്തീകരണമാണ് സംതൃപ്തി. യേശു അത് നന്നായി പൂര്‍ത്തീകരിച്ചു. നമ്മള്‍ ഏറ്റെടുത്ത ജീവിതം നന്നായി പൂര്‍ത്തീകരിക്കാന്‍ പരിശ്രമിക്കുമ്പോള്‍ ജീവിത പങ്കാളി, മാതാപിതാക്കള്‍, മക്കള്‍, സ്നേഹിതര്‍ എന്നീ നിലകളിലുള്ള ഉത്തരവാദിത്വങ്ങള്‍ ശരിയായി പൂര്‍ത്തീകരിക്കുമ്പോള്‍ യേശുവിനെപ്പോലെ സംതൃപ്തരായിരിക്കാന്‍ നമുക്ക് കഴിയും.

നമ്മള്‍ എങ്ങനെ ജീവിക്കണമെന്നും എങ്ങനെ മരിക്കണമെന്നും പഠിപ്പിക്കുന്ന പുസ്തകമാണ് ബൈബിള്‍. ജീവിക്കാനും മരിക്കാനും ക്രിസ്തുവിന് ഒരു കാരണമുണ്ടായിരുന്നു. അതുകൊണ്ട് അവന്‍ സംതൃപ്തിയോടെ മരിച്ചു. നമ്മുടെ ജീവന്‍റെയും മരണത്തിന്‍റെയും കാരണങ്ങള്‍ നമുക്ക് സംതൃപ്തി തരട്ടെ.

ഫാ. സജി കപ്പൂച്ചിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.