നോമ്പു വിചിന്തനം: ഇതാ നിന്‍റെ മകന്‍

സ്കോട്ലണ്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട യുദ്ധകാലാനുഭവക്കുറിപ്പായിരുന്നു ആന്‍ഡി കൂഗന്‍റെ ‘നാളെ നീ മരിക്കും’ (Tomorrow you die) എന്ന ഗ്രന്ഥം. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാനിലെ തടവറകളില്‍ ബ്രിട്ടീഷ് യുദ്ധതടവുകാര്‍ നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങളെ വെളിപ്പെടുത്തുന്ന ഈ കുറിപ്പുകളില്‍ തടവില്‍ വച്ച് മരിച്ച തന്‍റെ സഹപ്രവര്‍ത്തകന്‍റെ വീടു സന്ദര്‍ശിച്ച ഒരു അനുഭവം പങ്കു വയ്ക്കുന്നുണ്ട് എഴുത്തുകാരന്‍. തടവറയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നാട്ടിലെത്തിയ അദ്ദേഹം സുഹൃത്തിന്‍റെ മരണവാര്‍ത്ത അറിയിക്കാനായി അയാളുടെ വീട്ടില്‍ ചെന്നു.

മകന്‍റെ വരവും കാത്ത് ഏറെ പ്രതീക്ഷയോടെയിരിക്കുന്ന സുഹൃത്തിന്‍റെ അമ്മയെയാണ് അവിടെ അദ്ദേഹം കണ്ടത്. ആ അമ്മയോട് മകന്‍റെ മരണവാര്‍ത്ത പറയാനുള്ള ധൈര്യം അയാള്‍ക്കുണ്ടായില്ല; ആകയാല്‍ ‘മകന്‍ ഉടനെ തിരിച്ചു വരുമെന്നും, അമ്മയെ മറന്ന് ഒരു നിമിഷം പോലും താന്‍ ജീവിച്ചിട്ടില്ല എന്നും പറയാന്‍ അവന്‍ തന്നെ ഏല്‍പ്പിച്ചു എന്നുമാത്രം അദ്ദേഹം അമ്മയോടു പറഞ്ഞു. അവസാനത്തെ അയാളുടെ വാക്കുകള്‍ അമ്മയെ വികാരഭരിതയാക്കി. എത്ര ദൂരത്താണെങ്കിലും എന്നും അവന്‍റെ മനസ്സില്‍ ഞാനുണ്ടല്ലോ; അതുമാത്രം മതി എനിക്ക് എന്നു പറഞ്ഞ് വികാരവായ്
പോടെ അവര്‍ കരഞ്ഞു.

അമ്മമാര്‍ എന്നും മക്കളെക്കുറിച്ച് ഓര്‍ത്തുകൊണ്ടിരിക്കുന്നു; എന്നാല്‍ മക്കളോ? മക്കളുടെ മനസ്സില്‍ താന്‍ എന്നുമുണ്ട് എന്ന അറിവില്‍ കവിഞ്ഞ് മറ്റെന്താണ് ഒരമ്മയെ കൂടതലായി സന്തോഷിപ്പിക്കുക!

തന്‍റെ മനസ്സില്‍ അമ്മ എന്നുമുണ്ട് എന്ന് പറയാന്‍ ശ്രമിക്കുന്ന ക്രിസ്തുവിനെയാണ് കുരിശില്‍ കിടന്ന് “ഇതാ നിന്‍റെ മകന്‍” എന്ന അവന്‍റെ മരണമൊഴികളില്‍ നാം ദര്‍ശിക്കുന്നത്. സ്വന്തം കാര്യത്തില്‍ യാതൊരു വിധത്തിലുമുള്ള ആശങ്ക പുലര്‍ത്തിയിരുന്ന ആളായിരുന്നില്ല ക്രിസ്തു. വസ്ത്രമോ, പാര്‍പ്പിടമോ ഒന്നും അവന്‍റെ ജീവിതത്തിന്‍റെ പരിഗണനാ വിഷയം പോലും ആയിരുന്നില്ല. എന്നിട്ടും ഉള്ളില്‍ ഒരാശങ്ക അവന്‍ കൊണ്ടു നടന്നിട്ടുണ്ടായിരിക്കണം. അത് അമ്മയെക്കുറിച്ചായിരിക്കണം. പ്രാണന്‍ പോകുന്ന വേദനയിക്കിടയില്‍ പോലും അമ്മയുടെ സംരക്ഷണമുറപ്പു വരുത്താന്‍ അവന്‍ മറന്നുപോയില്ല എന്നതില്‍ നിന്ന് മറ്റെന്താണ് നമ്മള്‍ അനുമാനിക്കുക? ഒരു വിധത്തിലും ക്രിസ്തുവിന്‍റെ ദുര്‍ബലതയല്ല ഭൂമിയിലെ അമ്മമാര്‍ അര്‍ഹിക്കുന്ന സംരക്ഷണത്തെയാണ് ഈ വാക്കുകള്‍ വെളിപ്പെടുത്തുന്നത്; ഒരു ന്യായീകരണവും അമ്മമാരെ മറക്കുന്നതിനുള്ള മതിയായ കാരണമാവില്ലയെന്ന ഓര്‍മ്മപ്പെടുത്തലാണത്.

ക്രിസ്തുപോലും തന്‍റെ അവസാന വാക്കുകളില്‍ ഒന്ന് അമ്മയെ ഓര്‍മ്മിക്കുന്നതിനു വേണ്ടിയാണ് മാറ്റി വച്ചതെങ്കില്‍ മാതൃത്വം എത്രയധികമായി മാനിക്കപ്പെടേണ്ട ഒരു ജീവിതാവസ്ഥയാണ്? ഈ നോമ്പുകാല ചിന്തകളില്‍ ഒന്ന് നമ്മുടെ അമ്മമാരെ ഓര്‍ക്കുന്നതിനു വേണ്ടിയാകട്ടെ. മാതൃത്വം വല്ലാതെ തിരസ്ക്കരിക്കപ്പെടുകയും, അവമതിക്കപ്പെടുകയും ചെയ്യുന്ന കാലമാണ് നമ്മുടേത്. പെറ്റമ്മയെ ആട്ടിന്‍ തൊഴുത്തില്‍ പാര്‍പ്പിച്ചതും, ബസ്റ്റാന്‍റുകളില്‍ ഉപേക്ഷിച്ചതുമെല്ലാം മലയാള നാട്ടിലെ ആനുകാലിക വാര്‍ത്തകളാണ്. അത്രയൊക്കെ ക്രൂരരൊന്നുമല്ല നമ്മള്‍ എന്ന് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും കടങ്ങള്‍ ഒട്ടും മറന്നു പോയിട്ടില്ലാത്ത നല്ല നിഷ്ക്കളങ്കരായ മക്കളാണോ നമ്മള്‍ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്.

ഈ അമ്മയ്ക്ക് എന്ത് ചെയ്തുകൊടുത്തിട്ടും മതിയാകുന്നില്ല എന്നാണ് മക്കളുടെ നിത്യമായ പരാതി. ചിലര്‍ ചോദിക്കുന്നു; തുച്ഛ വരുമാനക്കാരനായ താന്‍ ഭാര്യയുടെയും മക്കളുടെയും ചിലവു നടത്തണോ, വയസ്സാം കാലത്തെ അമ്മയുടെ അനാവശ്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കണോ? മറ്റു ചിലര്‍ ചോദിക്കുന്നു; അമ്മയ്ക്ക് എന്തിന്‍റെ കുറവാണ്, അവര്‍ക്ക് വസ്ത്രത്തിന് വസ്ത്രവും, ഭക്ഷണത്തിന് ഭക്ഷണവും, മരുന്നിന് മരുന്നും നല്‍കുന്നില്ലേ? രണ്ടായാലും അമ്മമാരെ വിഷമിപ്പിക്കുന്നത് നിവര്‍ത്തിക്കപ്പെടാതെ പോകുന്ന അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളുമല്ല, അതിനോടുള്ള മക്കളുടെ മനോഭാവമാണ്.

ഏതു ഞെരുക്കത്തിനോടും ഇണങ്ങിച്ചേരാന്‍ കഴിയുന്നവരാണ് അമ്മമാര്‍. വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കുറവുകളൊന്നും അവരുടെ കണ്ണു നിറയ്ക്കില്ല. പക്ഷേ, ലഭിക്കാതെ പോകുന്ന സ്നേഹത്തോടു കൂടിയുള്ള മക്കളുടെ ഒരുവാക്ക്, അലിവോടുകൂടിയുള്ളൊരു സ്പര്‍ശം, നിങ്ങള്‍ക്ക് എന്തുപറ്റിയെന്ന കരുണാമൃതമായൊരു ചോദ്യം, ഇതു മാത്രമാണ് അവരെ കരയിക്കുക. ചെലവൊന്നുമില്ലാത്ത സ്നേഹത്തിന്‍റെയും കരുണയുടെയും ഇത്തരം ശരീരഭാഷയെങ്കിലും നമുക്ക് രൂപപ്പെടുത്തിയെടുത്തുകൂടെ. അല്ലെങ്കില്‍ തന്നെ കയ്യിലുള്ളതെല്ലാം തന്നെ അമ്മയ്ക്ക് നല്‍കേണ്ടി വന്നാലും അവളോടുള്ള കടങ്ങള്‍ വീട്ടാന്‍ നമുക്കാവുമോ? ഈ ജീവിതം തന്നെ അവളുടെ ഭിക്ഷയല്ലേ? ഈ അസൗകര്യം ചുമന്നു നടക്കാന്‍ തനിക്കു മനസ്സില്ല എന്ന് ഒരു നിമിഷം അവള്‍ വിചാരിച്ചിരുന്നെങ്കില്‍ ലോകത്തിന്‍റെ വെളിച്ചം നമ്മുടെ കണ്ണുകള്‍ ദര്‍ശിക്കുമായിരുന്നില്ല. അമ്മ അനുഭവിച്ച അസൗകര്യങ്ങളുടെയും, വല്ലായ്മകളുടെയും, വേദനകളുടെയും ആകെ തുകയാണ് നമ്മള്‍.

ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ശാസ്ത്രം തന്നെ നല്‍കുന്ന കൗതുക പൂര്‍ണ്ണമായൊരു കണക്കിങ്ങനെയാണ്. ഒരു മനുഷ്യന് സഹി
ക്കാന്‍ കഴിയുന്ന പരമാവധി വേദന 45 ഡെല്‍സ് ആണ്. എന്നാല്‍ പ്രസവ സമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന വേദന 57 ഡെല്‍സാണത്രെ. ഇരുപത് അസ്തികള്‍ ഒരുമിച്ചൊടിയുമ്പോള്‍ ഉണ്ടാകുന്ന വേദനയ്ക്ക് തുല്യമാണ് ഇത് എന്ന് കണക്കാക്കപ്പെടുന്നു. ഈയിടെ നവമാധ്യമങ്ങളില്‍ ഒന്നില്‍ കാണാനിടയായ ഒരു ഹൈന്ദവ സന്ന്യാസിയുടെ പ്രഭാഷണമാണ് ഇതോട് ചേര്‍ത്തു വയ്ക്കാന്‍ തോന്നുന്നത്. അദ്ദേഹം പറയുന്നു; “മകനെ നീ എന്തു സമ്പാദിച്ചാലും അതില്‍ 10 ശതമാനം നിന്‍റെ അച്ഛന് കൊടുക്കണം. എന്തെന്നാല്‍ പിതാവില്ലെങ്കില്‍ നീയില്ല. അവന്‍റെ ബീജത്തിന്‍റെ തുടര്‍ച്ചയാണ് നീ.” അദ്ദേഹം തുടര്‍ന്നു; “പക്ഷേ, അമ്മയ്ക്ക് നീ ഒന്നും കൊടുക്കേണ്ട, അതിന്‍റെ ആവശ്യമില്ല.” ഇതു കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്ന ശ്രോതാക്കളെ കാണാം.

ഇദ്ദേഹം എന്താണ് പറയുന്നതെന്ന് അവര്‍ ചിന്തിക്കവെ, അദ്ദേഹം തുടര്‍ന്നു; “നിന്‍റെ അമ്മയ്ക്ക് ഒന്നും കൊടുക്കേണ്ട, ആവശ്യമുള്ളത് അവള്‍ എടുത്തു കൊള്ളും. അവള്‍ എടുത്തതിനുശേഷം എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതുമാത്രമാണ് നിനക്ക് അവകാശപ്പെട്ടത്. എന്തെന്നാല്‍ നിന്‍റെ അമ്മയുടെ വെറും ഭിക്ഷയാണ് നിന്‍റെ ജീവിതം.”

ഗര്‍ഭപാത്രത്തില്‍ നല്‍കിയ സംരക്ഷണത്തിനും ലോകം കാണാന്‍ അനുവദിച്ച സൗമനസ്യത്തിനും, ശൈശവത്തില്‍ നല്‍കിയ കരുതലിനും, കൗമാരത്തില്‍ നല്‍കിയ ശിക്ഷണത്തിനും, യൗവനത്തില്‍ നല്‍കിയ ദര്‍ശനങ്ങള്‍ക്കും ഒരു മകന്‍ അമ്മയ്ക്കു നല്‍കിയ വികാരപൂര്‍ണ്ണമായ ഒരു കൃതജ്ഞതാ പ്രകാശനമായിരുന്നു കുരിശില്‍ കിടന്ന് ക്രിസ്തു തന്‍റെ അമ്മയ്ക്കു നല്കിയ സുരക്ഷിതത്വത്തിന്‍റെ ഉറപ്പ്. മുഖം വാടാനും, മഴികള്‍ നിറയാനും ഒരു നാളും അനുവദിക്കില്ലെന്ന് അമ്മയുടെ കരങ്ങള്‍ പിടിച്ച് ഉറപ്പു നല്‍കാന്‍ നമ്മള്‍ മക്കള്‍ക്ക് ആര്‍ജ്ജവം പകരട്ടെ വചനധ്യാനം!

ഫാ. പീറ്റര്‍ തോമസ് കപ്പൂച്ചിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.