നോമ്പു വിചിന്തനം: നീ ഇന്ന് എന്നോടു കൂടെ പറുദീസയിലായിരിക്കും

അന്ന് കാല്‍വരിയില്‍ മൂന്നു കള്ളന്മാര്‍ ക്രൂശിലേറി- ഹൃദയങ്ങള്‍ കവര്‍ന്നതിന് ക്രിസ്തുവും ലോകം കവര്‍ന്നതിന് മറ്റു രണ്ടുപേരും. ഒരാളെ നല്ല കള്ളനെന്നും മറ്റെയാളെ മോശം കള്ളനെന്നും ജനം വിളിക്കാന്‍ തുടങ്ങി. തസ്ക്കരവംശത്തിലെ ഈ വേര്‍തിരിവിന് കാരണം ഒരു കള്ളന്‍റെ പ്രാര്‍ത്ഥനയും അതിനവന് ലഭിച്ച മറുപടിയുമാണ്.

ക്രൂശിതന്‍റെ ആദ്യമൊഴി ഇരുവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആഴം ഗണിക്കാനാവാത്ത സ്നേഹത്തിന്‍റെ മാപ്പ് നല്‍കുന്ന മൊഴി. കഠിനയാതനയിലും ക്രൂരമര്‍ദ്ദനത്തിലും മാപ്പു നല്‍കണമെങ്കില്‍ അവന്‍ സാധാരണക്കാരനാവില്ല എന്നു മനസ്സിലാക്കിയവനാണ് വലതുവശത്തെ കള്ളന്‍. നിഷ്ക്കളങ്കതയെ ക്രൂശിക്കുമ്പോഴും സംയമനത്തോടെ ക്ഷമിക്കാന്‍ ദൈവസ്നേഹത്തിനേ കഴിയൂ. പിന്നെയവന്‍ മടിച്ചില്ല. നിലവിളിക്കാന്‍ തുടങ്ങി: ‘നീ നിന്‍റെ രാജ്യത്തില്‍ പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണേ’ (ലൂക്കാ. 23, 42). എന്‍റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും മറന്ന്, സുകൃതങ്ങളെ ഓര്‍ത്തെടുക്കണേ എന്നാണ് പ്രാര്‍ത്ഥന.

ചില്ലകള്‍ നിറയെ പൂക്കളുള്ള ഒരു മുള്‍മരമാണ് ഓര്‍മ്മ. പൂവിനും മുള്ളിനും സാധ്യതകളുണ്ട് അവിടെ. വേദനയുടെ മുള്ളിനെ പൂവാക്കി മാറ്റുന്ന ക്രൂശിതന്‍റെ രാജ്യമാണ് നല്ല കള്ളന്‍റെ സ്വപ്നഭൂമി. ഇടതുവശത്തെ കള്ളനാകട്ടെ അതു മനസ്സിലായില്ല. അവനത് അവഗണിച്ചു. കുരിശില്‍ നിന്നും കീഴോട്ടിറങ്ങാന്‍ കൃപ യാചിച്ചുകൊണ്ടിരുന്നു. നല്ല കള്ളന്‍ തന്നെ മുകളിലേക്കെടുക്കാനും പ്രാര്‍ത്ഥിച്ചു. നമ്മെ മുകളിലേക്കെടുക്കാനല്ലേ ക്രിസ്തു വന്നത്. ഒരാള്‍ സ്വീകാര്യനും മറ്റേയാള്‍ തിരസ്കൃതനും ആയി.

കുരിശിന്‍റെ ആദ്യമൊഴിയാണ് രണ്ടാമത്തേതിന് വഴി തുറന്നത്. തന്നോട് സ്വര്‍ഗ്ഗം ചോദിക്കാന്‍ ഒരു വിമുഖതയും വേണ്ട എന്ന് ക്രൂശിതന്‍റെ ആ തകര്‍ക്കപ്പെട്ട മുഖം അപ്പോഴും പറയുന്നുണ്ടായിരുന്നു. എന്നെ ദ്രോഹിക്കുന്നവര്‍ക്ക് എന്നോട് ക്ഷമ പറയാന്‍ എന്‍റെ മുഖം അവനെ അനുവദിക്കുമോ? നമ്മുടെ ഹൃദയം ഇനിയും സ്നേഹമായിട്ടില്ല, മുഖവും. പരിക്കേറ്റ സ്നേഹത്തിന്‍റെ മുഖമാണ് നമ്മുടേത്.

ക്രിസ്തു രണ്ടുപേരോടും ക്ഷമിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ ഒരുവനുള്ള മൊഴിക്കു മാത്രമേ അവസരം ഉണ്ടായുള്ളൂ. പറുദീസയിയേക്കു യാത്രചെയ്യാന്‍ ആരും വൈകിയിട്ടില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് നല്ല കള്ളനോടുള്ള മൊഴിയുടെ അര്‍ത്ഥം. നീ അവനിലേക്ക് അവസാനമണിക്കൂറില്‍ പ്രവേശിച്ചാലും നിന്നെ കാത്തിരിക്കുന്ന ആത്മീയ അനുഭൂതികളുടെ ദനാറ ഒന്നുതന്നെയാണ്. പക്ഷേ, നിരന്തരം അവസരങ്ങള്‍ പാഴാക്കുന്നവര്‍ക്ക് ഇനിയും കിട്ടുമെന്ന് ഉറപ്പില്ല. മാത്രവുമല്ല, കുരിശില്‍ കയറുമ്പോള്‍ പറുദീസ ലക്ഷ്യം വച്ച് ഒരു പ്രാര്‍ത്ഥന ഉരുവിടണമെങ്കില്‍, ജീവിതത്തിന്‍റെ സാധാരണ ദിനങ്ങളില്‍ നാമത് ശീലിച്ചേ മതിയാകൂ. ജീവിതകാലത്ത് ചേര്‍ത്തു പിടിക്കാത്ത ക്രിസ്തുവിനെ മരണനേരത്ത് കണ്ടെത്തുക എളുപ്പമാവില്ല.

തസ്ക്കരന്മാരിലൊരാള്‍ ജീവിച്ചതുപോലെ മരിച്ചു. അപരന്‍ ജീവിക്കാന്‍ ആഗ്രഹിച്ചതുപോലെയും. പറുദീസ എന്നാല്‍ പ്രത്യേകം തയ്യാറാക്കിയ പൂന്തോട്ടം എന്നാണര്‍ത്ഥം. പേര്‍ഷ്യന്‍ പാരമ്പര്യത്തില്‍ സുല്‍ത്താനിഷ്ടപ്പെട്ടവരെ അവന്‍ തന്‍റെ ഉദ്യാനത്തിലേക്ക് ക്ഷണിക്കും. സ്നേഹവും സൗഹൃദവും പങ്കിടും. തുടര്‍ന്നയാള്‍ ദേശം മുഴുവന്‍ ഉന്നതനായി ഗണിക്കപ്പെടും. മഹാസുല്‍ത്താനായ ക്രിസ്തുവിന്‍റെ ഉദ്യാനത്തില്‍ ആദ്യം പ്രവേശിക്കുന്നത് കള്ളനാണ്. ആരെത്തേടി ഭൂമിയിലവതരിച്ചുവോ, അവരെത്തന്നെ കൂട്ടിക്കൊണ്ടുപോയി, ആദ്യം അനുതപിക്കുന്ന കള്ളനെ.

ദിസ്മിസ് എന്നാണ് ചില പാരമ്പര്യങ്ങളില്‍ ഈ കള്ളന്‍റെ പേര്. ചില പാരമ്പര്യങ്ങള്‍ വിശുദ്ധ ഗണത്തിലും ഇവനെ ചേര്‍ത്തിട്ടുണ്ട്. വിശുദ്ധനായ നല്ല കള്ളന്‍! അനീതി നിറഞ്ഞ സാമൂഹ്യവ്യവസ്ഥിതിയില്‍ നല്ല തീരുമാനം എടുക്കാന്‍ പലപ്പോഴും അവന്‍ ശ്രമിച്ചു, പക്ഷേ, നടന്നില്ല. അവന്‍റെ മനസ്സ് പതറി. പ്രവൃത്തികള്‍ പിഴച്ചു. എന്നിട്ടും, ക്രൂശിലേക്കാണ് ആ വൃക്ഷം ചാഞ്ഞു നിന്നത്. അതുകൊണ്ട് അത് ഒടിഞ്ഞു വീണതും ആ ക്രൂശില്‍തന്നെ. ഇടതുവശത്തെ കള്ളനായി ക്രിസ്തു കാത്തുവച്ച രക്ഷാവചനം ഉരുവിടാന്‍ അവനായില്ല. കാരണം, അവന്‍ ഉള്ളില്‍ സൂക്ഷിച്ചതുതന്നെയാണ് അന്ത്യത്തിലും പറഞ്ഞത്. ദൈവഭയമില്ലാത്ത വാക്കുകള്‍. രക്ഷകന്‍റെ മാര്‍ഗ്ഗത്തെ തടയുന്ന പാഴ്വചനങ്ങള്‍. പറഞ്ഞു ശീലിച്ചത് അവസാനത്തിലും പറഞ്ഞു. വിതച്ചതുതന്നെ കൊയ്തെടുത്തു.

‘ദൈവമേ, ഞാന്‍ കാരണമാണോ, പറുദീസയ്ക്ക് വേലികെട്ടിയത്? എന്ന ആദത്തിന്‍റെ നിലവിളിയുടെ മറുപടി കുരിശിലുണ്ട്. പറുദീസയുടെ വേലിപൊളിച്ചു, രക്ഷകന്‍ കാത്തിരിക്കയാണ്, ഓരോരുത്തരെയും കൂട്ടിക്കൊണ്ടു പോകാന്‍.

ഡോ. റോയി പാലാട്ടി സി.എം.ഐ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.