നോമ്പു വിചിന്തനം: തിടുക്കത്തിലെ പാപങ്ങള്‍

”അവിടുന്ന് അവനോട് കല്പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക. എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും” (ഉത്പത്തി 2:16-17)

തോട്ടത്തിന്റെ നടുവില്‍ നില്ക്കുന്ന മരത്തിന്റെ ഫലം നീ തിന്നരുതെന്ന് ദൈവം കല്പിച്ചു. ഒരു കാലത്തും നീയത് തൊട്ടുപോകരുത് എന്നാണോ ദൈവം ഉദ്ദേശിച്ചത്? അല്ല എന്നാണ് ചില യഹൂദപാരമ്പര്യങ്ങള്‍. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞാണത്രേ ദൈവം മനുഷ്യസൃഷ്ടി പൂര്‍ത്തിയാക്കിയത്. ഒരു നിശ്ചിതവൃക്ഷത്തിലെ പഴം തിന്നരുതെന്നും അവിടുന്ന് ആദിമനുഷ്യരോട് പറഞ്ഞു. മണിക്കൂറുകള്‍ക്കകം സാബത്താരംഭിക്കും. പിന്ന് അവര്‍ക്കത് തിന്നാനാവും. അതായത്. മൂന്നുമണിക്കൂര്‍ നേരത്തേക്കായിരുന്നു ഈ വിലക്ക്. അതവര്‍ക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. അവര്‍ പാപം ചെയ്തു. അവരുടെ തിടുക്കം വിനയായി; പാപമായി.

തിടുക്കം വരുത്തിവച്ച ഈ ഗുരുതരമായ വീഴ്ച്ചയെ അനുസ്മരിപ്പിക്കാന്‍ ഇസ്രായേലില്‍ മറ്റൊരു നിയമം ഉയിര്‍ക്കൊണ്ടു: ”നിങ്ങള്‍ ദേശത്തുവന്നു ഫലവക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് അവയുടെ ഫലങ്ങള്‍ വിലക്കപ്പെട്ടതായി കണക്കാക്കണം. അവ നിങ്ങള്‍ ഭക്ഷിക്കരുത്. നാലാം വര്‍ഷം കര്‍ത്താവിന്റെ സ്തുതിക്കായി സമര്‍പ്പിക്കുന്നതിന് അവയുടെ ഫലമെല്ലാം പരിശുദ്ധമായിരിക്കും. അഞ്ചാം വര്‍ഷം അവയുടെ ഫലം നിങ്ങള്‍ക്ക് ഭക്ഷിക്കാം” (ലേവ്യര്‍ 19:23-25). മൂന്ന് മണിക്കൂര്‍ നേരത്തെ നിരോധനം പാലിക്കാന്‍ സാധിക്കാതെ പിഴച്ചുപോയ ആദിമാതാപിതാക്കന്മാരെ ഓര്‍മ്മിപ്പിക്കുന്നതാണത്രേ മൂന്നുവര്‍ഷത്തേക്കുള്ള ഈ വിലക്ക്.

എല്ലാ കാര്യങ്ങളിലേക്കും എടുത്തുചാടുന്നവര്‍ പലപ്പോഴും പലതരം വിനകളില്‍ കുടുങ്ങുന്നു; ദൈവകൃപ നഷ്ടപ്പെടുത്തുന്നു. ”തിടുക്കം കൂട്ടുന്നവന് വഴിതെറ്റുന്നു” (സുഭാ.19:2). എന്തിനായിരിക്കണം ദൈവം മനുഷ്യവ്യാപാരങ്ങളുടെമേല്‍ സമയത്തിന്റെ ഒരു വിലക്കുവച്ചത്? ആദിമാതാപിതാക്കന്മാര്‍ പഴംമാത്രം കണ്ടാല്‍ പോര, മരം കാണണം, ഏദന്‍തോട്ടവും കാണണം; അത് സൃഷ്ടിച്ചവനെയും കാണണം. അതിനു സമയംവേണം. തിടുക്കത്തില്‍ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കും തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്കും കാര്യങ്ങളുടെ സമഗ്രദര്‍ശനം കിട്ടുന്നില്ല. അവര്‍ ദൈവത്തിന്റെ പങ്കും തിരിച്ചറിയുന്നില്ല. ഉദാഹരണത്തിന്, പ്രാര്‍ത്ഥിക്കാന്‍പോലും നേരമില്ലാതെ തിടുക്കത്തില്‍ ഭക്ഷിക്കുന്നവര്‍ ഭക്ഷണം മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ ഭക്ഷണത്തിനുമുമ്പ് പ്രാര്‍ത്ഥിക്കുന്നവന്‍ മൂന്ന് നിമിഷത്തേക്കെങ്കിലും ദൈവത്തെ ഓര്‍ക്കുന്നു.

ദൈവം ഏര്‍പ്പെടുത്തുന്ന സമയത്തിന്റെ വിലക്ക് സുപ്രധാനമാണെന്ന് അത് ലംഘിച്ചിട്ടുള്ളവര്‍ക്ക് ബോധ്യമുണ്ടാകും. ഒരു നിമിഷം ഒന്നു ആലോചിരുന്നെങ്കില്‍, അല്പസമയംകൂടെ കാത്തിരുന്നെങ്കില്‍, ഒരാളോടുകൂടെ ആലോചിച്ചിരുന്നെങ്കില്‍, ഒരു മിനിറ്റ് സമയം ക്ഷമിച്ചിരുന്നെങ്കില്‍ ജീവിതം മറ്റൊന്നായേനെ എന്നൊക്കെ വിലപിക്കുന്നവര്‍ അനേകരുണ്ട്. അവരുടെ തിടുക്കം അവരുടെ വിനയായിമാറി. ഒരു കാര്യം കേട്ടാലുടന്‍ ഫോണെടുത്ത് നടപടികളിലേക്ക് പാഞ്ഞിറങ്ങുന്നവരണ്ട്. കേട്ടകാര്യം മുഴുവന്‍ ശരിയാണോ, ഇനി ഇക്കാര്യത്തില്‍ കേള്‍ക്കാത്ത വാസ്തവങ്ങളെന്തെങ്കിലുമുണ്ടോ എന്ന് അനേഷിക്കാന്‍ മിനക്കെടാത്തവരാണവര്‍. അത്തരക്കാര്‍ക്ക് ചേരുന്നതാണ്കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍ എന്ന പഴഞ്ചൊല്‍ പരിഹാസം.

കല്ലുകള്‍ അപ്പമാക്കാന്‍ പിശാച് ഈശോയോട് പറഞ്ഞപ്പോള്‍ തിടുക്കത്തിലെ തിന്മയാണ് പ്രലോഭന വിഷയമായത്. കല്ലുകള്‍ ഉടനടി അപ്പമായാല്‍ അതൊരു മഹാകാര്യമാണ്. നൂറ്റാണ്ടുകള്‍കൊണ്ട് നടക്കേണ്ട ഒരു കാര്യത്തെ ഒരു നിമിഷംകൊണ്ട് പൂര്‍ത്തിയാക്കുന്ന അത്ഭുതവിദ്യ. ആ കല്ലുകള്‍ കാറ്റും മഴയും വെയിലുംകൊണ്ട് എന്നെങ്കിലും കുറേശേയായി പൊടിയാകും; തരിയാകും; മണ്ണാകും; അതില്‍ ഗോതമ്പുചെടികള്‍ വളരും; അതില്‍ കതിരുകള്‍ വിളയും. അത് പൊടിച്ച്, മാവായി, അപ്പമായി മാറും. അതിന്, കാലം കുറെപിടിക്കും. അത് അട്ടിമറിക്കാനാണ് പിശാച് ആവശ്യപ്പെടുന്നത്. പക്ഷേ ഈശോ ആ കെണിയില്‍ വീണില്ല; കാരണം അവന്‍ പുതിയ ആദമാണ്. ഇതുപോലെ എന്തെല്ലാം ഹൃസ്വസമയക്കെണികളാണ് നമ്മുടെ മുന്നില്‍. ഒരാഴ്ച്ച കൊണ്ട് ഇംഗ്ലീഷ് പച്ചവെള്ളം സംസാരിക്കാം; പത്തുദിവസംകൊണ്ട് യോഗവിശാരദനാക്കാം; മൂന്ന് ദിവസം കൊണ്ട് പൊണ്ണത്തടി പത്തുകിലോ കുറക്കാം; ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ടാംദിവസം വീട്ടില്‍ പോകാം… തിടുക്കത്തിന്റെ കെണിയില്‍പെടാനിടയുള്ളവര്‍ക്ക് ദൈവവചനത്തിന്റെ മുന്നറിയിപ്പുണ്ട്: ”തിടുക്കംകൂട്ടുന്നവര്‍ ദുര്‍ഭിക്ഷത്തിലെത്തുകയേയുള്ളൂ’‘ (സുഭാ.21:5).

ഇതിന്റെയര്‍ത്ഥം എന്തുസംഭവിച്ചാലും അനങ്ങാതിരിക്കുകയാണ് വേണ്ടത് എന്നല്ല. അരകല്ലിനു കാറ്റുപിടിച്ച മട്ടാണ് ദൈവഹിതം എന്നുമല്ല. മറിച്ച്, തിടുക്കം വരുത്തിവക്കാവുന്ന വിനകളെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാകണം എന്നാണ്.

ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.