പശ്ചാത്താപവും കാരുണ്യപ്രവര്‍ത്തികളും

കര്‍ത്താവിന്‍റെ പീഢാനുഭവവും കുരിശുമരണവും ഉത്ഥാനവും അടങ്ങുന്ന രക്ഷാകര സന്ദേശങ്ങള്‍ ആഴത്തില്‍ നാം പ്രാര്‍ത്ഥിക്കുകയും, ധ്യാനിക്കുകയും ചെയ്യുന്ന കാലയളവാണല്ലോ നോമ്പ്. നോമ്പുകാല പ്രാര്‍ത്ഥനയുടെ പ്രധാനപ്പെട്ട ഒരു ഭാഗം യേശുവിന്‍റെ പീഢാനുഭവത്തെകുറിച്ചുള്ള ധ്യാനത്തില്‍ നിന്ന് ഉണ്ടാകുന്ന പശ്ചാത്താപവും പ്രായശ്ചിത്ത പ്രവര്‍ത്തികളുമാണ്.

ദൈവത്തിന് പാപികളായ മനുഷ്യരോടുള്ള സ്നേഹമാണ് യേശുവിന്‍റെ കുരിശിലെ യാഗത്തില്‍ നാം കാണുന്നത് (യോഹ. 3:16). സ്നേഹം നാം പങ്കുവയ്ക്കുന്നത് വിശ്വസ്തതയിലും സഹതാപത്തിലുമാണ്. നാം ഏറ്റെടുത്തിരിക്കുന്ന ജീവിതാന്തസ്സിനോട് വിശ്വസ്തത പുലര്‍ത്തി അതിനെ വിപുലീകരിക്കണമെങ്കില്‍ ‘കുരിശു’ നാം ഏറ്റെടുക്കണം. യേശുവാണ് അതിന് ഉത്തമമാതൃക. സ്വര്‍ഗ്ഗീയ പിതാവിന് മനുഷ്യരോടുള്ള സ്നേഹം പ്രകടമാക്കാന്‍ “യേശു കുരിശില്‍” മരിച്ചു. ഈ മരണം പിതാവിനോടുള്ള പൂര്‍ണ്ണ വിശ്വസ്തതയുടെയും മനുഷ്യരോടുള്ള നിറഞ്ഞ സ്നേഹത്തിന്‍റെയും പ്രകടനമാണ് എന്നാണ് പൗലോസ് പറയുന്നത്. പാപികളെ രക്ഷിപ്പാനാണ് യേശു വന്നിരിക്കുന്നത് എന്ന കാര്യം വിശ്വാസയോഗ്യമാണ്. ഞാനാണ് ഏറ്റവും വലിയ പാപി എനിക്ക് കരുണ ലഭിച്ചു (1 തിമോ. 1: 15). വീണ്ടും പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയോടു പറയുന്നത് “ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണ്” (1 കോറി. 15: 1-11). ഈ ഒരു ബോദ്ധ്യമാണ് നമ്മെ അനുതാപത്തിലേക്കും പ്രായശ്ചിത്തത്തിലേയ്ക്കും നയിക്കുന്നത്.

ഈ നോമ്പുകാലത്ത് നാം “പാപബോധം വീണ്ടെടുക്കണം” നമ്മള്‍ പാപികളാണെന്നും കുറവുള്ളവരാണെന്നും തിരിച്ചറിയണം. ഇന്നത്തെ മനുഷ്യന്‍റെ ഏറ്റവും വലിയ പ്രശ്നം “തിന്മയും നന്മയും” തിരിച്ചറിയാന്‍ പറ്റാത്തവിധം പാപത്തിന് അടിമയായിരിക്കുന്നു എന്നതാണ്. ആദ്യ മനുഷ്യന് ദൈവം കൊടുത്ത വലിയ ഒരു കൃപയായിരുന്നു “നന്മ-തിന്മ” കളുടെ വൃക്ഷങ്ങളെ തിരിച്ചറിയുവാനുള്ള കഴിവ്. പാപം ചെയ്തു കഴിഞ്ഞപ്പോള്‍ ആ കഴിവ് നഷ്ടപ്പെട്ടു. ഞാന്‍ പാപിയാണെന്നും, അനേകം തിന്മകളുടെ അടിമയാണെന്നും തിരിച്ചറിഞ്ഞ് മോചനം നേടാനുള്ള അവസരമാണ് നോമ്പ്. ഈ തിരിച്ചറിവാണ് പൗലോസിനെകൊണ്ട് പറയിച്ചത് “ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവ കൃപയാലാണെന്ന്” ഈ ഒരു ബോദ്ധ്യത്തിലേക്ക് വരാനുള്ള അവസരമായി നോമ്പിനെ നാം കാണണം.

ദൈവകൃപയില്‍ ജീവിക്കാത്തവര്‍ക്ക് കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യാന്‍ പറ്റില്ല. അപ്പസ്തോലന്‍ വീണ്ടും പറഞ്ഞു “അതിനാല്‍ ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവനും വാത്സല്യഭാജനങ്ങളും വിശുദ്ധരുമെന്ന നിലയില്‍ നിങ്ങള്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍” (കൊളോ. 3: 12). ദൈവത്തിന്‍റെ കാരുണ്യത്തിന്‍റെ പ്രത്യേകത നമ്മള്‍ പാപികള്‍ ആയിരിക്കേ അവിടുന്ന് കാരുണ്യം കാണിച്ചു എന്നതാണ്. ക്രിസ്തു ഒരു പുതിയ ജീവിതവും പുതിയ ശൈലിയും പുതിയ ചൈതന്യവും നല്‍കി. അത് നാം സ്വന്തമാക്കണമെങ്കില്‍ കരുണയുടെ സുവിശേഷമായി മാറണം. ഈ നോമ്പുകാലത്ത് പാപത്തെപ്പറ്റി ദുഃഖിച്ച് പ്രായശ്ചിത്തം നടത്തി, കരുണയുടെ പ്രേഷിതരാകാന്‍ നമുക്ക് പരിശ്രമിക്കാം.

ദൈവം ഏവരേയും അനുഗ്രഹിക്കട്ടെ…

ഡോ. ജോസഫ് മാര്‍ തോമസ്
(ബത്തേരി രൂപതാദ്ധ്യക്ഷന്‍)

കടപ്പാട്: മലങ്കര നാദം
ധര്‍മ്മപീഠം, മലങ്കര കാത്തലിക്ക് ബിഷപ്സ് ഹൗസ്
സുല്‍ത്താന്‍ ബത്തേരി പി.ഒ., വയനാട്, കേരള -673 592
ഫോണ്‍ – 9446293293

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.