നോമ്പ് വിചിന്തനം 4: അപരന്‍ അപാരം

തണുത്തുറഞ്ഞ തടാകമാണ് അപരന്‍. അത് അറിയാതെ ഇറങ്ങാന്‍ ശ്രമിച്ചാല്‍ തിരിച്ചു കയറാനാവാതെ മുങ്ങിപ്പോയി എന്നുവരാം.

അച്ഛനും ഏകദേശം 20 വയസുള്ള മകനും തീവണ്ടിയാത്രയിലാണ്. അവര്‍ക്കരികെ ഒരു യുവാവും യുവതിയും. മകന്‍ വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കിയിരിപ്പാണ്. പെട്ടെന്ന് അപ്പനോട് പറഞ്ഞു: ‘നോക്കൂ ഡാഡീ, മരങ്ങള്‍ പിറകിലേക്ക് ഓടിപ്പോകുന്നത്!’ അപ്പന്‍ മകനെ പ്രോത്സാഹിപ്പിക്കാനെന്ന മട്ടില്‍ തലകുലുക്കി മന്ദഹസിച്ചു. എതിരെയിരുന്ന യുവാവിനും യുവതിക്കും അച്ഛന്റെയും മകന്റെയും പെരുമാറ്റത്തില്‍ എന്തോ പൊരുത്തക്കേട് തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍ മകന്‍ വീണ്ടും പറഞ്ഞു: ‘ഡാഡീ, മേഘങ്ങള്‍ നമുക്കൊപ്പം ഓടിവരുന്നത് കാണുന്നില്ലേ.’ സന്തോഷത്തോടെ അപ്പന്‍ പുറത്തേക്ക് നോക്കി. ഇതോടെ എതിരെയിരുന്ന യുവാവിനും യുവതിക്കും തങ്ങളുടെ കോപം നിയന്ത്രിക്കാനായില്ല. ‘നിങ്ങള്‍ക്ക് നിങ്ങളുടെ മകനെ ഒരു ഡോക്ടറെ കാണിച്ചു കൂടെ. ഇത്ര പ്രായമായിട്ടും പക്വതയില്ലാതെ അവന്‍ പറയുന്നത് കേട്ടില്ലേ?’ അവര്‍ ചോദിച്ചു. അച്ഛന്‍ മറുപടി പറഞ്ഞു: ”ആശുപത്രിയില്‍ നിന്നാണ് ഇപ്പോള്‍ ഞങ്ങള്‍ വരുന്നത്. ഇവന്‍ ജന്മനാ അന്ധനായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോള്‍ കാഴ്ച വീണ്ടു കിട്ടിയതേയുള്ളൂ!””

നമ്മളൊക്കെ ഇങ്ങനെയാണ്. പെട്ടെന്ന് വിധിപറഞ്ഞുകളയും. നമുക്കറിയില്ല കാര്യങ്ങളുടെ കിടപ്പും വശങ്ങളും. മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ അറിവ് എത്ര പരിമിതമാണ്. എന്നാലും അന്തിമവിധി പുറപ്പെടുവിക്കാന്‍ ഒരു മടിയും ഇല്ലതാനും. ഏതു പ്രശ്‌നത്തിനും ഉത്തരം റെഡിയാക്കി നില്‍പ്പാണ്. എന്നാല്‍ ഒന്നിനെക്കുറിച്ചും കാര്യമായിട്ടറിയില്ലതാനും. എന്നിട്ടും ലോകജേതാവിനെപ്പോലെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കും. ഞെളിഞ്ഞു നടക്കുന്ന പൂവന്‍കോഴിയൊക്കെ ആ മത്സരത്തില്‍ പിന്തള്ളപ്പെട്ടു പോകും.

വിധിക്കരുതെന്ന് ബൈബിള്‍ പറയുന്നത് അതുകൊണ്ടൊക്കെയാവാം; പ്രത്യേകിച്ച് അപരനെ. അവനെ വിധിക്കാന്‍ നീയാരാണ് എന്ന് ചോദിച്ചാല്‍, നിനക്കെന്തധികാരം എന്ന് ചോദിച്ചാല്‍ വായ് പൂട്ടേണ്ടിവരും, മിഴിയും. അത്രയേ ഉള്ളൂ നമ്മള്‍. അവിടം കൊണ്ട് തീരും അപരനെ വിധിക്കാനുള്ള കൊതി. കരയിലേക്ക് ചാടി ഒരു മീന്‍ ആത്മഹത്യ ചെയ്തു എന്ന് ഈയിടെ വായിച്ച ഏതോ കഥയിലോ കവിതയിലോ കണ്ടു. മനുഷ്യരെക്കുറിച്ച് നേരെ തിരിച്ചും കേട്ടിട്ടുണ്ട്, വെള്ളത്തില്‍ ചാടി ജീവനൊടുക്കി എന്ന്. വ്യത്യസ്തമാണ് ഓരോന്നും. ഓരോന്നിനും അതിന്റേതായ താല്പര്യങ്ങളും രീതികളും ഉണ്ട്. മറ്റൊരുവന്റെ ഇടപെടല്‍ അതിനെ ഇല്ലാതാക്കാനേ സഹായിക്കൂ.

പണ്ടൊരു കുരങ്ങന്‍ പുഴയില്‍ മുങ്ങിപ്പൊങ്ങിക്കളിച്ച ഒരു മീനിനെ പിടിച്ച് മരക്കൊമ്പില്‍ വച്ചു. മീനിനെ രക്ഷപ്പെടുത്തിയെന്നാണ് കുരങ്ങന്റെ ഭാഷ്യം. മത്സ്യത്തിനത് മരണമായിരുന്നു. അറിയില്ലെങ്കിലും എല്ലാം അറിയാമെന്നും എല്ലാത്തിനും പരിഹാരം കയ്യിലുണ്ടെന്നുമാണ് നമ്മുടെയൊക്കെ ഭാവം. ഇങ്ങനെ രക്ഷപ്പെടുത്താനെന്ന ഭാവേന എത്രപേരെ നമ്മള്‍ ഇല്ലാതാക്കിയിട്ടുണ്ട്?

മറ്റുള്ളവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നമുക്കെന്താണ് ഇത്ര തിടുക്കം. ആല്‍ക്കെമിസ്റ്റ് നോവലിലെ നായകന്‍ സാന്റിയാഗോ തന്റെ പഴയ ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്. എവിടേക്ക് നോക്കിയാലും കണ്ട് പഴകിയ മുഖങ്ങള്‍. എല്ലാവര്‍ക്കും എല്ലാവരെക്കുറിച്ചും അടിമുടി അറിയാം. അന്യന്റെ കുറ്റവും കുറവും കണ്ടുപിടിച്ച് അവനെ നേരെയാക്കി എടുക്കാന്‍ ഓരോരുത്തര്‍ക്കും വെപ്രാളം. എന്നാല്‍ സ്വയം നേരെയാകാനോ, അതിനോട് താല്പര്യവുമില്ല. തന്റെ ഇഷ്ടത്തിനൊത്ത് ചങ്ങാതിയെ വളച്ചെടുക്കാനാണ് എല്ലാവര്‍ക്കും തിടുക്കം. അതിനുവേണ്ടി നമ്മള്‍ തുടര്‍ച്ചയായി വിധി വാചകങ്ങള്‍ ഉരുവിടുന്നു.

നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് കേരളത്തിലെ ഒരു പ്രബല രാഷ്ട്രീയ കക്ഷിയുടെ പ്രമുഖനായ നേതാവ് പറഞ്ഞതും ഇതിനോട് കൂട്ടിവായിക്കണം. പുറത്തുനിന്നുള്ള വിധി പ്രസ്താവനകളൊക്കെ തങ്ങളെ സംബന്ധിച്ച് വിഡ്ഢിത്തങ്ങളാണെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരം. അത് സത്യമാണ് താനും. ആരുടെ കാര്യത്തിലായാലും അവരെക്കുറിച്ച് അവര്‍ക്കല്ലേ അറിയൂ.

മറ്റുള്ളവരെക്കുറിച്ച് നമ്മള്‍ നടത്തിയ പ്രസ്താവനകള്‍ ഓര്‍ത്ത് നോക്കൂ. അതില്‍ എത്ര ശതമാനം ശരിയുണ്ടായിരുന്നു? വളരെക്കുറച്ച്, അല്ലെങ്കില്‍ ഒട്ടും തന്നെയില്ലായിരുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം. ഇനിയെങ്കിലും നിര്‍ത്തിക്കൂടേ നമുക്ക് ഇത്തരം വിധിവാചകങ്ങള്‍?

യൂറോപ്പില്‍ മഞ്ഞ് പെയ്യുന്ന കാലത്ത് മഞ്ഞില്‍ നടക്കാന്‍ ഇറങ്ങിയതായിരുന്നു. വെള്ള പുതച്ച് നീണ്ടു കിടക്കുന്ന പാതകളും പുരയിടങ്ങളും. കുറച്ചു ചെന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന അവിടുത്തുകാരന്‍ ചങ്ങാതി കയ്യില്‍ പിടിച്ച് നിര്‍ത്തിയിട്ട് പറഞ്ഞു. ഇനി ഈ വഴി ഒരടി വയ്ക്കരുത്. തൊട്ടു മുമ്പില്‍ ഒരു തടാകമാണ്, തണുത്തുറഞ്ഞ തടാകം. എനിക്കറിയില്ലായിരുന്നു അത് തടാകമായിരുന്നെന്ന്. തണുത്തുറഞ്ഞ തടാകമാണ് സ്‌നേഹിതാ, നിന്റെ ഓരോ സുഹൃത്തും. അതിനാല്‍ തീരത്ത് നില്ക്കുക, ഒരിക്കലും ഇറങ്ങരുത്.

ജി. കടൂപ്പാറയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.