നോമ്പ് വിചിന്തനം 5: മിഴികള്‍ സാക്ഷി

മനസ്സിന്റെ ജാലകങ്ങളാണ് കണ്ണൂകള്‍ എന്നത് എത്ര ശരിയാണ്. തെളിമയുള്ള കണ്ണൂകളില്‍ വിരിയുന്ന ആകാശത്തിന്റെ അനന്തതയിലേയ്ക്ക് നോക്കാന്‍ തന്നെ ചിലര്‍ക്ക് ഭയമാണ്. ചില നോട്ടങ്ങള്‍ നമ്മുടെ മനസ്സിന്റെ അടിത്തട്ടുവരെ എത്തുന്നു എന്ന് തോന്നുമ്പോഴാണ് ദൃഷ്ടി മാറ്റിപ്പതിപ്പിക്കുന്നത് തന്നെ. കുട്ടികളുടെ കണ്ണുകളിലെ ജിജ്ഞാസയും നിഷ്‌കളങ്കതയും മുതിര്‍ന്നവര്‍ക്ക് സമ്പാദിക്കാന്‍ കഴിഞ്ഞാല്‍ അത് അത്ഭുതമാണ്. നോട്ടം വളരെ അര്‍ത്ഥഗര്‍ഭമാകാം, സംശയം നിറഞ്ഞതാകാം, അനുകമ്പയുള്ളതാകാം, വാത്സല്യവും സ്‌നേഹവും നിറഞ്ഞതാകാം. ബൈബിളില്‍ യേശുവിന്റെ നോട്ടത്തെക്കുറിച്ച് വിവിധ പരാമര്‍ശങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് പത്രോസിനെ നോക്കിയതാണ്. കാരണം അത് അവനെ ഉടച്ചുവാര്‍ക്കുന്നുണ്ട്. അത് അവന്റെ ആത്മാവിനെ കൊളുത്തി വലിക്കുന്ന നോട്ടമായിരുന്നു. ആ നോട്ടം അവന്റെ ആത്മാവിനെ ചൂഴ്ന്ന് എന്നും അവന്റെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ടാകും.

നോട്ടം അവലോകനത്തിന്റേതാകാം. അഭിമാനത്തിന്റേതാകാം. പ്രകാശം നിറഞ്ഞ വ്യക്തിത്വത്തിന്റേതാകാം. തിളക്കമുള്ള കണ്ണൂകള്‍ക്ക് ബ്യുട്ടീപാര്‍ലറുകളില്‍ കുടിയിരുന്നാല്‍ പോരാ. അത്മാവില്‍ ഒരു പൊരിയുണ്ടാകണം. ഹൃദയത്തില്‍ നിറയെ സ്‌നേഹമുണ്ടാകണം. തെളിനീര്‍ പോലെ കാപട്യമില്ലാത്ത ഒരു മനസ്സുണ്ടാകണം. കണ്ണുകളിലൂടെ ഉള്ളിലേയ്ക്ക് കയറുന്നതെല്ലാം നിന്നെ പണിതുയര്‍ത്തുന്നതാവണം. മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുമ്പോഴും ഭാവം വിരിയിക്കുന്നത് കൂടുതലായും കണ്ണുകള്‍ തന്നെയാണ്. രണ്ട് വലിയ ടോര്‍ച്ചുകളില്‍ നിന്നെന്നപോലെ പ്രകാശം കണ്ണുകളില്‍ നിന്ന് വന്ന് വീഴുന്നത് നമ്മുടെ ആത്മാവിലാണ്. എന്നിട്ടും ഈ പ്രകാശസ്രോതസ്സുകളെ പ്രളയം വിഴുങ്ങുന്നു. സങ്കടങ്ങള്‍ പറത്തി വിടാന്‍ മനസ്സിന്റെ ഈ ജാലകങ്ങളില്ലായിരുന്നെങ്കില്‍ മനുഷ്യനെന്താകുമായിരുന്നു!

ദൈവമേ കണ്ണുനീരിനെ ഞാനെങ്ങനെ വ്യഖ്യാനിക്കും. ”എന്റെ കണ്ണീര്‍ക്കണങ്ങള്‍ അവിടുന്ന് കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്” എന്ന് സങ്കീര്‍ത്തകന്‍ പറയുന്നത് കേള്‍ക്കാന്‍ എനിക്കൊത്തിരി ആശ്വാസമാണ്. ഉരുണ്ടു കൂടുന്ന നീര്‍മണികളിലൂടെ തൂവിപ്പോകുന്നത് ഹൃദയനൊമ്പരങ്ങളുടെ ലാവയാണെന്ന് ആര്‍ക്കാണറിയാത്തത്. വകയിരുത്തപ്പെടാത്ത ദുഖങ്ങളാണല്ലോ ദൈവത്താല്‍ ശേഖരിക്കപ്പെടുന്നത്. എനിക്ക് ധ്യാനിക്കുവാനുള്ളത് ഗെത്സേമനിയിലെ കണ്ണുനീരും രക്തവുമാണ്. സ്വര്‍ഗ്ഗം അടഞ്ഞ നിമിഷങ്ങളില്‍ ഉത്തരങ്ങളില്ലാത്ത സങ്കടങ്ങളാണല്ലോ വിയര്‍ത്ത് രക്തരൂപത്തില്‍ പനച്ചിറങ്ങിയത്. പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടാതെ വരുമ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ മറ്റൊരു കരത്താല്‍ തുടയ്ക്കപ്പെടാതെ വരുമ്പോള്‍ ഏകാന്തതയുടെ കാര്‍മേഘങ്ങള്‍ മനസ്സിന്റെ മുകളില്‍ ആവരണമായി നില്‍ക്കുമ്പോള്‍ ഗത്സമേന്‍ തോട്ടം അടുത്താണ്.

വ്യാഖ്യാനിക്കപ്പെടാത്ത ദുഃഖങ്ങളുടെ അടരുകള്‍ ഹൃദയത്തെ സാന്ദ്രമാക്കുന്ന സന്ധ്യകളില്‍ ശരിക്കും നാം ഗത്സമേനിലെ ക്രിസ്തുവിനെ അറിയുന്നു. നിസ്സഹായനാക്കപ്പെട്ടവന്റെ ദുഃഖം സ്വന്തമാക്കുന്ന സന്ധ്യയാണത്. നിന്റെ ദുഃഖങ്ങളില്‍ നീ ലോകത്തില്‍ നിന്ന് മാറ്റിനിറുത്തപ്പെടുന്നു. നിന്റെ ദുഃഖം എത്ര ചെറുതാകട്ടെ എത്രവലുതാകട്ടെ, നീ മാറ്റി നിറുത്തപ്പേടുന്നു. ചില നേരങ്ങളില്‍ ഏറെ സ്‌നേഹിക്കുന്നവര്‍ അടുത്തുണ്ടെങ്കില്‍ പോലും നിന്റെ സങ്കടങ്ങള്‍ക്ക് ഒരു കുറവുമില്ലാതെ പോകുന്നു. നീറി ദഹിക്കുന്ന ചിന്തകളിലൂടെ മനസ്സലഞ്ഞ് നടക്കുന്നു. എങ്കിലും മനുഷ്യാ, നിന്റെ സങ്കടങ്ങള്‍ വാഴ്ത്തപ്പെട്ടവ തന്നെയാണ്. കാരണം അത് നിനക്ക് മാത്രം അവകാശപ്പെട്ടതാണ്.

നൊമ്പരമുറങ്ങിയ മുറിവുകള്‍ താങ്ങി വീണ്ടും വേദനിക്കുന്നതു പോലെ ശേഖരിച്ചു വെച്ച ദുഃഖങ്ങള്‍ ചെറിയ പ്രശ്‌നങ്ങളില്‍ തട്ടി വീണ്ടും പൊട്ടിയൊലിക്കുന്നു. മനസ്സിന്റെ സംഭരണികളില്‍ ഉറഞ്ഞു കൂടിയിരുന്നവയും കലങ്ങിയിരുന്നവയും എല്ലാം ഒരു വെള്ളപ്പാച്ചില്‍ പോലെ ചില നേരങ്ങളില്‍ അനിയന്ത്രിതമാകുന്നത് വല്ലാത്തൊരനുഭവമാണ്. അവിടെ യുക്തിയോ കാരണമോ ഒന്നും ചിലപ്പോള്‍ കണ്ടില്ലെന്നു വരാം. പെയ്‌തൊഴിഞ്ഞ മാനം പോലെ പിന്നെ ശൂന്യതയുടെയും ആര്‍ദ്രതയുടെയും സമ്മിശ്രാനുഭവങ്ങളിലൂടെ മനസ്സ് സഞ്ചരിക്കും. പിന്നെ വന്യമായ ഒരു നിസ്സംഗതയോടെ ഒരു യാത്രയാണ്. പാതിയടഞ്ഞ കണ്ണൂകളും മനസ്സുമായി നിര്‍വചിക്കാനാവത്ത ഒരു ഭാവത്തോടെ പൊരുത്തപ്പെടാന്‍ വേണ്ടിയുള്ളഒരു ശ്രമം. സാവധാനം യുക്തി മനസ്സിനെ കീഴടക്കിത്തുടങ്ങും. കാര്യകാരണങ്ങളുടെ നിര്‍വ്വചനങ്ങളിലൂടെ മനസ്സിനെ ഉറപ്പിച്ച് എഴുന്നേറ്റ് നില്‍ക്കാനുള്ള ഒരു ശ്രമം.

ചില നേരങ്ങളില്‍ ചുറ്റും നില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഒരാളെ പരാജയപ്പെടുത്തുക. ഇഴ പിരിഞ്ഞു നില്‍ക്കുന്ന ബന്ധങ്ങളില്‍ ഒന്ന് ഉലയുമ്പോള്‍ ചുറ്റോളങ്ങള്‍ പോലെ ജീവിതത്തിന്റെ വിവിധ മുഖങ്ങളിലേയ്ക്ക് നൊമ്പരങ്ങള്‍ സഞ്ചരിച്ച് തുടങ്ങുകയായി. വ്യാധിനിറഞ്ഞ മനസ്സില്‍ സമചിത്തത നില നിറുത്താനുള്ള ശ്രമങ്ങളാണ് ചിലപ്പോള്‍ വേദനയുടെ അനുഭവങ്ങളാകുക. മനസ്സ് പങ്കുവെയ്ക്കാന്‍ ഭാഷ ഉപയുക്തമാകാത്ത ചില നിമിഷങ്ങളുണ്ട് ജീവിതത്തില്‍. ബാബേല്‍ ഗോപുരത്തിന് ചുറ്റും ചിതറിയ മനുഷ്യരേപ്പോലെ മറ്റുള്ളവര്‍ മനസ്സിലാക്കത്തക്ക് രീതിയില്‍ പറയാന്‍ കഴിയാത്തതിന്റെ സങ്കടവും എത്ര പറഞ്ഞിട്ടും മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്തതിന്റെ സങ്കടവും ഒരാളെ വളരെ നിസ്സഹായനാക്കും. മിഴികള്‍ തൂവുന്നില്ലെങ്കിലും മരണത്തിന്റെ തണുപ്പുള്ള നിമിഷമാണത്. പീഡാസഹനങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ച് സങ്കടത്താല്‍ ഭാരപ്പെട്ട് മനുഷ്യന് സ്വയം വിട്ടുകൊടുക്കുന്ന ക്രിസ്തുവിനെ പത്രോസ് പരാജയപ്പെടുത്തുന്ന ഒരു രംഗമുണ്ട് ബൈബിളില്‍. പ്രധാനപുരോഹിതന്റെ ഭൃത്യരില്‍ ഒരുവന്റെ ചെവി വെട്ടി വെറും ഒരു മനുഷ്യനാകുന്ന പത്രോസ്. അവിടെ പത്രോസ് വീണ്ടും വട്ടപ്പൂജ്യമാവുകയാണ്. ചീട്ടുകൊട്ടാരം പണിയുമ്പോള്‍ അവസാനത്തെ ചീട്ട് വെയ്ക്കുന്നതിനു മുമ്പ് മുഴുവന്‍ തറപറ്റുന്നത് കാണുന്നവന്റെ സങ്കടം – ക്രിസ്തുവിന്റെ സങ്കടം. ചെയ്തു കൊടുത്തതും പറഞ്ഞുകൊടുത്തതുമെല്ലാം പാഴായിപ്പോയി എന്ന് അവസാനനിമിഷങ്ങളില്‍ ഒരുവന്‍ തിരിച്ചറിയുമ്പോഴുണ്ടാകുന്ന സങ്കടം അനുയായിയേക്കാള്‍ പറഞ്ഞുകൊടുത്തവനെയല്ലേ പരാജയപ്പെടുത്തുക. ഏതൊരുവനും ഈ സങ്കടത്തെ അഭിമുഖീകരിക്കണ്ടതായിട്ടുണ്ട്, ജീവിതത്തിലൊരിക്കലെങ്കിലും. അതും ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്ന്.

സ്‌നേഹത്താല്‍ ശിക്ഷിക്കപ്പെടുന്നുണ്ട് നമ്മള്‍ ജീവിതത്തില്‍. ”ജറൂസലേം പുത്രിമാരേ നിങ്ങള്‍ എന്നെ ഓര്‍ത്തു കരയേണ്ട, നിങ്ങളേയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് കരയുവിന്‍” എന്ന് ക്രിസ്തു പറഞ്ഞു. പ്രവചനാത്മക തലം വിട്ട് ചിന്തിച്ചാല്‍ അവര്‍ കരയരുതെന്ന് പറയാന്‍ ക്രിസ്തുവിനാവില്ലല്ലോ. സ്‌നേഹത്തിന്റെ ഹൃദയപൂജയായി കണ്ണുനീരിന്റെ എത്ര ബലികളായിരിക്കാം ക്രിസ്തുവിനു വേണ്ടി അന്നര്‍പ്പിക്കപ്പെട്ടത്. എന്നെ പ്രതി നിങ്ങള്‍ കരയരുതെന്ന് പറയാന്‍ മാനുഷികമായ തലത്തില്‍ എനിക്കവകാശമില്ല. ഞാന്‍ നിങ്ങളുടെ ഹൃദയത്തിലിടം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ നിങ്ങളെനിക്കുവേണ്ടിയും നിങ്ങള്‍ എന്റെ ഹൃദയത്തിലിടം കണ്ടെത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി ഞാനും കരഞ്ഞു പോകുന്ന നിമിഷങ്ങളുണ്ടാവും ജീവിതത്തില്‍. സ്‌നേഹിക്കുന്നതിന് പരസ്പരം ഏറ്റുവാങ്ങുന്ന ഒരു ശിക്ഷ. സ്‌നേഹിച്ച് പോയതു കൊണ്ട് ക്രിസ്തു ശിക്ഷിക്കപ്പെട്ടത് സ്‌നേഹത്തിന്റെ തെളിവിന് മാത്രമായിരുന്നു. സ്‌നേഹത്തിന്റെ മാന്ത്രികക്കൂട്ടില്‍ ലയിപ്പിച്ച് വച്ചിരിക്കുന്ന ഒന്നാണ് സങ്കടം. സ്‌നേഹം യാഥാര്‍ത്ഥ്യമാക്കപ്പെടുന്ന രചനകളില്‍ നമുക്ക് സങ്കടങ്ങള്‍ ചാലിക്കാതെ വയ്യ. കണ്ണീരും കിനാവും ഇഴപിരിഞ്ഞ നൂലുകളാലാണ് നാം ബന്ധങ്ങള്‍ നെയ്യുക.

ചില നേരങ്ങളില്‍ ജിവിതം കൊണ്ടുവരുന്ന അനിവാര്യതയാണ് ഉപേക്ഷിക്കലിന്റെ ദുഖങ്ങള്‍. എല്ലാം സ്വീകരിക്കാന്‍ കഴിയാത്ത പരിമിതിയുടെ സങ്കടം. തിരഞ്ഞെടുപ്പ് ശരിക്കും സങ്കടം തന്നെയാണ്. പ്രത്യേകിച്ച് ഒരു പാട് നന്മകളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍. ഒരുപാട് നന്മകള്‍ ഉപേക്ഷിച്ച് പരിമിതമായ ഒന്ന് തിരഞ്ഞെടുക്കേണ്ടി വരുന്നത് സ്വാര്‍ത്ഥതയുടെ സങ്കടമണെന്ന് എഴുതിത്തള്ളാന്‍ കഴിയുമോ? ഒരു കുഞ്ഞിന്റേതു പോലെ നിഷ്‌കളങ്കമായ ഒരു സങ്കടം കൂടിയാണത്. പ്രായം മനുഷ്യന് കൊണ്ടുവന്ന് തരുന്നത് സഞ്ചാരിയുടെ മനസ്സാണ്. ഉപേക്ഷിക്കാന്‍ കഴിയാതെ നെഞ്ചോട് ഒട്ടിയിരുന്ന പലതിനെയും കാലം അകറ്റുന്നു. മാതാപിതാക്കളില്‍ നിന്ന് മക്കളുടെ വേര്‍പാട്, മക്കളില്‍ നിന്ന് മാതാപിതാക്കളുടെ വേര്‍പാട്, സൗഹൃദങ്ങള്‍ മാറുന്നത് എന്നിങ്ങനെ ബന്ധങ്ങള്‍ അകലുന്നതും ഉലയുന്നതും ജീവിതത്തിലെ നിലപാടുകള്‍ വിശദീകരിക്കാന്‍ കഴിയാതെ അവിടെയൊക്കെ നിസ്സഹായരാക്കപ്പെടുന്നതും വലിയ സങ്കടങ്ങള്‍ തന്നെ. ജീവിതത്തില്‍ നിന്ന് മാറ്റി നിറുത്തപ്പെടുന്നതായി മനസ്സ് സങ്കടപ്പെടുമ്പോള്‍ അനഥത്വത്തിന്റെ മിഴിനീര് തന്നെയാണ് ഒലിച്ചിറങ്ങുന്നത്. ക്രിസ്തുവിന് കുടുംബബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടുന്ന ഒരു നിമിഷവും സുവിശേഷങ്ങളില്‍ വരച്ചിടപ്പെട്ടിട്ടുണ്ട്. ലോകം അവനെ ഭ്രാന്തനായി മുദ്രകുത്തിയപ്പോള്‍ സഹോദരന്മാര്‍ അവനെ പിടിച്ചുകൊണ്ട് പോകാന്‍ വന്നത്. ഏറ്റവും പ്രിയപ്പെട്ടവര്‍ മനസ്സിലാക്കതെ വരുമ്പോള്‍ നിന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ അവരേയും ഉപേക്ഷിക്കേണ്ടതായി വരും. നിനക്ക് ഭൂമിയില്‍ ബന്ധങ്ങളൊന്നുമില്ല എന്ന തിരിച്ചറിവില്‍ നിന്റെ ഹൃദയം പൊട്ടിത്തകരുന്നതു പോലെ കരയേണ്ടി വരുന്ന സന്ധ്യകള്‍ നിനക്കുണ്ടാകും.

മനുഷ്യരെല്ലാം ഉറങ്ങുന്നിടത്ത് ദൈവം കടന്ന് വരേണ്ടതാണല്ലോ. ‘കഴിയുമെങ്കിലീ പാന പാത്രം’ എന്ന വിതുമ്പലില്‍ എന്തേ സ്വര്‍ഗ്ഗം സംസാരിക്കുന്നില്ല! രാത്രി വൈകി ഏറെ പ്രാര്‍ത്ഥിച്ചിരുന്ന സന്ധ്യകളില്‍ ദൈവം അടുത്തുണ്ട് എന്ന് തോന്നിയിരുന്ന ഒരു പാട് നല്ല നാളുകള്‍. കഠിനാധ്വാനത്തിനൊടുവില്‍ ഒരു സ്വരം ഒരു തലോടല്‍ അതൊന്നുമില്ലാത്ത അവസാന സന്ധ്യ. മനുഷ്യരാല്‍ അവഗണിക്കപ്പെടുന്നത് സഹിക്കാം. ദൈവം സംസാരിക്കാതെ വന്നാലോ? ഇത്രനാള്‍ സ്‌നേഹിച്ചതു കൊണ്ട് തള്ളിപ്പറയാന്‍ കഴിയുന്നില്ല. എങ്കിലും നിലനില്പ് ചോദ്യം ചെയ്യപ്പെടുന്ന ആ രാത്രിയില്‍ രക്തം വിയര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. മിഴികളിലൂറിയിറങ്ങാന്‍ ഇനി കണ്ണുനീരില്ല. സ്പര്‍ശനേന്ദ്രിയങ്ങള്‍ മിഴികളാകുന്നു. ഓരോ രോമകൂപവും മിഴികളായി മാറുന്നു. ശരീരം സങ്കടങ്ങളുടെ ഹൃദയമാകുന്നു. അതാണ് ഗത്സമേന്‍. എന്റേയും നിങ്ങളുടെയും ഗത്സമേന്‍. കാല്‍വരിയാത്ര എന്റെ സങ്കടങ്ങളെ നിന്റെ മിഴികള്‍ ഏറ്റുവാങ്ങാന്‍ വേണ്ടിയുള്ളതാണ്.

പ്രിയപ്പെട്ടവരുടെ സഹനങ്ങളില്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാതെ നിസ്സഹായരാക്കപ്പെടുന്നവരാണ് ജറൂസലേം പുതിമാര്‍. ഇവിടെ എന്റെ മിഴികള്‍ നിന്റെ സങ്കടം ഏറ്റുവാങ്ങുന്നു. നിസ്സഹായതയുടെ ഗിരിശൃംഗത്തില്‍ നിലവിളികള്‍ മുഴങ്ങുന്നു. കണ്ണേ മടങ്ങുക എന്ന് പറയാന്‍ പോലും കഴിയാതെ നിന്റെ നിസ്സഹായതയെ നിസ്സഹായനായി എനിക്ക് കാണേണ്ടി വരുന്നു. അവസാന തുള്ളി രക്തവും ശരീരം വിട്ട് ഒഴുകിയിറങ്ങുമ്പോള്‍ ബാഷ്പീകരിക്കുവാന്‍ ദ്രവങ്ങളില്ലാതെ ഒരു ബലി പൂര്‍ത്തിയാകുന്നു. മിടിപ്പവസാനിച്ച ഹൃദയത്തോടുള്ള സ്‌നേഹത്തോടെ മിഴികള്‍ കൂമ്പുന്നു. മതി. സങ്കടങ്ങള്‍. അടഞ്ഞ മിഴികള്‍ ഉറക്കത്തിന്റേതോ മരണത്തിന്റേതോ ആകാമല്ലോ. പക്ഷേ അത് ശാന്തതയുടേതാണ്. വിശ്രമത്തിന്റേതാണ്. നീ മിഴികള്‍ തുറക്കുന്നില്ല എന്ന സങ്കടം എന്റെ മിഴികളിലവശേഷിപ്പിച്ചാണല്ലോ നീ യാത്രയാകുന്നത്. വീണ്ടും കണ്ണുനീരിന്റെ ഈ യാനം സങ്കടങ്ങളുടെ കടലിലിങ്ങനെ…

ഇനി എന്റെ കണ്ണുകള്‍ ഈറനണിയുന്നത് ഓര്‍മ്മകളിലാണ്. നിന്റെ മിഴിവെട്ടം ഓര്‍മ്മകളില്‍ ജ്വലിച്ച് എന്റെ ഹൃദയത്തില്‍ താപമുളവാക്കുന്നു. തിരുശ്ശേഷിപ്പുകള്‍ പോലെ ഓര്‍മ്മകള്‍ മാത്രം ബാക്കി. നീ മൂലം ഞാന്‍ കരഞ്ഞതും ഞാന്‍ മൂലം നീ കരഞ്ഞതും ഉള്‍പ്പെടെ ഓര്‍മ്മകളുടെ ഒരുപാടദ്ധ്യായങ്ങള്‍ മിഴി പൂട്ടുമ്പോഴും മനസ്സിലുണ്ട്. തെറ്റിദ്ധാരണകളും അവ്യക്തതകളും ആശങ്കകളും നിരാശയുമെല്ലാം മിഴികളെ ഭാരപ്പെടുത്തിയിട്ടുണ്ട്. ഹൃദയത്തിന്റെ ഒരു നോവു പോലും മിഴിയറിയാതിരുന്നിട്ടില്ല.

കരച്ചില്‍ ഒരാളുടെ മനസ്സിനെ ശാന്തമാക്കുന്നുണ്ട്. ശുദ്ധിചെയ്യുന്നുമുണ്ട്. പേമാരി അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതുപോലെ ഒരു കരച്ചിലിനു ശേഷം മനസ്സ് സ്വച്ഛമാകുന്നു. ഒഴുകിയിറങ്ങുന്ന കണ്ണുനീര്‍ച്ചാലുകളിലെവിടെയോ ദൈവത്തിലേയ്ക്ക് ഒരു വഴി തുറക്കുന്നുണ്ട്, നീ വിശ്വാസിയാണെങ്കില്‍. നിന്റെ സങ്കടങ്ങളെ ദൈവം തന്റെ മിഴികളില്‍ ഒപ്പിയെടുക്കുന്നതാണ് നിനക്ക് കിട്ടുന്ന ആശ്വാസം. കണ്ണുനീര്‍ത്തുള്ളികള്‍ രക്തത്തുള്ളികളായ ആ രാത്രിയില്‍ ‘എഴുന്നേല്‍ക്കുവിന്‍ നമുക്ക് പോകാം’ എന്ന് പറയാന്‍ അല്ലെങ്കില്‍ ക്രിസ്തുവിനെങ്ങനെയാണ് ബലം കിട്ടിയത്. കണ്ണു നീരിനൊടുവില്‍ ദൈവം മനസ്സിലൊരു മുദ്ര വയ്ക്കുന്നുണ്ട്. സ്‌നേഹത്തിന്റെ ഒരു മൃദു ചുംബനം. എല്ലാമറിയുന്ന തുറന്ന് പിടിച്ച രണ്ട് കണ്ണുകള്‍ നമ്മെ കടാക്ഷിച്ച് വാക്കുകളില്ലാതെ മന്ത്രിക്കുന്നു ‘ഞാനെല്ലാമറിയുന്നു’ എന്ന്. ആ തിരിച്ചറിവില്‍ വീണ്ടും നമ്മുടെ മിഴികള്‍ പ്രകാശിക്കുന്നു. രഹസ്യങ്ങളറിയുന്നതു പോലെ. പിന്നെ നാം മിഴി പൂട്ടുന്നു. സങ്കടങ്ങളില്ലാത്ത ലോകത്തേയ്ക്ക് മിഴി തുറക്കാനാണല്ലോ എന്റെ ഈ സങ്കടങ്ങള്‍ എന്ന ആശ്വാസം മാത്രം ബാക്കി.

ഫാ. ബിജു മഠത്തിക്കുന്നേൽ CSSR 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.