50 നോമ്പ് ധ്യാനം 10: ഹേറോദേസ്

അധികാരത്തിന്റെ സന്തോഷം ആഗ്രഹിക്കുകയും അത് അനുഭവിക്കുകയും ചെയ്ത വ്യക്തിയാണ് ഹേറോദേസ്. അധികാരത്തിനുവേണ്ടി ഏതു തിന്മയില്‍ ഏര്‍പ്പെടാനും തയ്യാറായിരുന്നു അദ്ദേഹം. തന്നെ സന്തോഷിപ്പിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കിയും എതിരെ നീങ്ങുന്നവരെ ഇല്ലാതാക്കിയുമാണ് ഹേറോദേസ് ജീവിതം നയിച്ചത്. അതിന്റെ ഉദാഹരണങ്ങളാണ് ഹേറോദിയായെ സ്വന്തമാക്കിയതും സലോമിക്ക് ഏതു സമ്മാനവും വാഗ്ദാനം ചെയ്യുന്നതും യോഹന്നാനെ വധിക്കുന്നതും. പണ്ടേ തിന്മ ചെയ്തിരുന്ന ആളാണ് ഹേറോദേസ്.

ലൂക്കാ 3:20-ല്‍ പറയുന്നതുപോലെ, യഥാര്‍ത്ഥത്തില്‍ യോഹന്നാനെ ബന്ധനസ്ഥനാക്കിയതു വഴി ഹേറോദേസ് തന്റെ തിന്മകളുടെ എണ്ണം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. തന്റെ സന്തോഷത്തിനായി എന്തും ചെയ്യാന്‍ തയ്യാറാകുന്നവരുടെ പ്രതിരൂപമാണ് ഹേറോദേസ്. തന്നെ സന്തോഷിപ്പിക്കുന്നവര്‍ക്ക് എന്തും നല്‍കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ പകുതിയോ, സ്‌നാപകന്റെ തലയോ എന്തും അയാള്‍ നല്‍കിയിരുന്നു. മറ്റൊന്നും അയാള്‍ക്ക് പ്രശ്നമായിരുന്നില്ല. സ്വന്തം സന്തോഷവും സുഖവും മാത്രം.

ഇത്തരം സ്വഭാവപ്രത്യേകതകള്‍ നമ്മളിലും ഉണ്ടോ എന്ന് ആത്മപരിശോധന ചെയ്യേണ്ടത് ആവശ്യമാണ്. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും വീണ്ടും തെറ്റുകള്‍ ചെയ്യുന്നവരുടെ പ്രതിനിധി കൂടിയാണ് ഹേറോദേസ്. സ്‌നാപകനെ ജയിലില്‍ അടയ്ക്കുന്നതും വധിക്കുന്നതും തെറ്റാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. എങ്കിലും തിരുത്താന്‍ തയ്യാറാകാതെ അതില്‍ തന്നെ തുടരുകയാണ് അയാള്‍. ജീവിതത്തിലെ തെറ്റുകളില്‍ നിന്ന് പിന്മാറാനുള്ള അവസരം നല്‍കുന്ന നോമ്പില്‍ നമ്മളിലുള്ള ഹേറോദേസ് മനോഭാവം ഉപേക്ഷിക്കാന്‍ നാം തയ്യാറാകേണ്ടിയിരിക്കുന്നു.

ഈശോയുടെ വിചാരണ നടക്കുന്ന സമയത്ത് ഹേറോദേസ് ജറുസലെമില്‍ ഉണ്ടായിരുന്നു. ജറുസലെമില്‍ ആയിരുന്ന് നീതിമാനായ ഈശോയുടെ വിചാരണയില്‍ പങ്കുകൊണ്ട് മാനസാന്തരപ്പെടാനുള്ള വലിയ ഒരു അവസരം ഹേറോദേസിന് ദൈവം ഒരുക്കിക്കൊടുത്തു. പക്ഷേ, ഹേറോദോസ് നീതിയുടെ പാതയെ അവഗണിച്ചുകൊണ്ട്, പടയാളികളോട് ചേര്‍ന്ന് ഈശോയോട് നിന്ദ്യമായി പെരുമാറുകയും അധിക്ഷേപിക്കുകയുമാണ് ചെയ്തത് (ലൂക്കാ 23:11). അത്തിവൃക്ഷത്തെ ശപിച്ചതും (മത്തായി 11:12) കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തിയതും (ലൂക്കാ 13:10) കാലത്തിന്റെ അടയാളങ്ങളെപ്പറ്റി പറഞ്ഞ കാര്യങ്ങളും (ലൂക്കാ 12:54) സീറോ ഫീനീഷ്യന്‍ സ്ത്രീയുടെ വിശ്വാസവും (മത്തായി 7:24) ബധിരനെ സുഖപ്പെടുത്തിയതും (മത്തായി 7:31) ആയ ഈശോ ചെയ്ത ഓരോ അടയാളവും ഹേറോദേസിന്റെ മുമ്പിലുണ്ടായിരുന്നു. ആ സംഭവങ്ങള്‍ സത്യമാണെന്ന് അയാള്‍ക്ക് മനസ്സിലാകുകയും ചെയ്തതാണ്. എന്നാല്‍ ഹേറോദേസ് അതെല്ലാം സൗകര്യപൂര്‍വ്വം വിസ്മരിച്ചിട്ട് അടയാളങ്ങള്‍ ആവശ്യപ്പെടുകയാണ്. പക്ഷേ, ഈശോ നിശബ്ദനായിരുന്നു.

നിശബ്ദതയില്‍ അവന്‍ പ്രവര്‍ത്തിച്ച വലിയ അടയാളത്തെ കാണാന്‍ ഹേറോദേസിന് സാധിച്ചതുമില്ല. ലൂക്കാ 23:12-ല്‍ നാം ഇപ്രകാരം വായിക്കുന്നു: ”അന്നുമുതല്‍ ഹേറോദോസും പീലാത്തോസും പരസ്പരം സ്‌നേഹിതരായി. മുമ്പ് അവര്‍ ശത്രുക്കളായിരുന്നു.” ഈ അത്ഭുതം നടന്നത് ഈശോ വഴിയാണെന്ന് മനസ്സിലാക്കാന്‍ ഹേറോദേസിന് കഴിഞ്ഞില്ല. ശത്രുക്കളെ മിത്രമാക്കുന്ന ക്രിസ്തുവിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ഹേറോദേസിന് സാധിക്കുന്നില്ലായെന്നത് അയാളുടെ ഏറ്റവും വലിയ പരാജയമാകുന്നു. നാമും ഹേറോദേസിനെപ്പോലെ അധികാരത്തില്‍ കടിച്ചുതൂങ്ങി അതിന്റെ സുഖത്തിലും സന്തോഷത്തിലും ആയിരുന്ന് അടയാളങ്ങള്‍ തേടിപ്പോകാം. എല്ലാം പെട്ടെന്ന് കിട്ടുന്ന കമ്പോളമാതൃകയില്‍, പെട്ടെന്ന് ആശ്വാസവും സമാധാനവും കിട്ടുന്ന മനോഭാവങ്ങളാണ് നമ്മള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നത്. കിട്ടാതെ വരുമ്പോള്‍ അപരരോട് ചേര്‍ന്ന് മറ്റുള്ളവരെ അധിക്ഷേപിക്കുയും നിന്ദിക്കുകയും സ്വന്തം തീരുമാനങ്ങളിലേയ്ക്ക് പോകുകയും ചെയ്യുന്ന ഹേറോദോസിന്റെ ജീവിതം മനസ്സിലാക്കുന്നതു വഴി ഭൗതികതയെ ഉപേക്ഷിക്കാനും ആത്മീയതയെ മുറുകെപ്പിടിക്കാനുമുള്ള പ്രചോദനം നമുക്ക് സ്വീകരിക്കാം.

ഫാ. ജെബിന്‍ പത്തിപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.