50 നോമ്പ് ധ്യാനം 28: മുള്‍മുടി – രക്ഷയിലേയ്ക്കുള്ള വഴി

സ്വര്‍ഗ്ഗകവാടത്തില്‍ ലക്ഷണമൊത്ത സുന്ദരമായ ഹൃദയവുമായി നില്‍ക്കുന്ന ഒരാളെ നോക്കി മാലാഖമാര്‍ ചിരിക്കുകയാണ്. ”ഒരാള്‍ക്കും വേണ്ടി മിടിക്കാത്ത, ആരെയും തൊടാത്ത, ആരും തൊടാത്ത സുന്ദരഹൃദയമേ, നിനക്കെങ്ങനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം കിട്ടും?” അവര്‍ അറിയാതെ ചോദിച്ചുപോയി. സ്‌നേഹിക്കുന്നവന്റേത് എപ്പോഴും മുറിഞ്ഞ ഹൃദയമായിരിക്കും. നിറയെ തുളവീണ് എപ്പോഴും ചോരയും വെള്ളവും ഒഴുകുന്ന സുന്ദരമല്ലാത്തൊരു ഹൃദയം! എന്നാല്‍ മുറിഞ്ഞ ഹൃദയവുമായി നില്‍ക്കുന്ന ഒരാളെ നോക്കി മാലാഖമാര്‍ പറയും: ”മുറിഞ്ഞ ഹൃദയമേ, നിന്റെ മുറിവാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍, നിന്റെ മുറിവിലൂടെ ഒരുപാടു പേര്‍ സ്വര്‍ഗ്ഗം നോക്കിക്കണ്ടു.” മുള്‍മുടിയെക്കുറിച്ചുള്ള ധ്യാനത്തില്‍ ഹൃദയത്തില്‍ സൂക്ഷിക്കേണ്ട ഒരു കഥയാണിത്.

മാനവകുലത്തെ രക്ഷിക്കാനുള്ള രക്ഷാകരപദ്ധതിയുടെ ഭാഗമായാണ് രാജാധിരാജനായ ക്രിസ്തു മുള്‍ക്കിരീടം സ്വീകരിക്കുന്നത്. പീഡാനുഭവ യാതനയില്‍ സഹനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും രാജാധികാരത്തെ നിന്ദിക്കാനുമായി നല്‍കിയതായിരുന്നു മുള്‍ക്കിരീടം. എങ്കിലും ക്രിസ്തു അതിനെ രക്ഷയിലേയ്ക്കുള്ള വഴിയാക്കി മാറ്റി. മുള്‍ക്കിരീടമണിയുന്നത് വേദനാജനകമാണെങ്കിലും അവ യഥാര്‍ത്ഥത്തില്‍ ആത്മനിര്‍വൃതിയുടെ നിമിഷങ്ങളല്ലേ? മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി മുള്‍ക്കിരീടങ്ങള്‍ അണിയേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട് ജീവിതത്തില്‍. എന്നാല്‍, മക്കള്‍ ജീവിതത്തില്‍ വിജയിച്ചു കഴിയുമ്പോള്‍ അത് കാണുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്നത് ആത്മനിര്‍വൃതിയല്ലേ? രോഗങ്ങളിലൂടെ കടന്നുപോകുന്നവര്‍ സൗഖ്യം പ്രാപിച്ചു കഴിയുമ്പോള്‍ അവര്‍ക്കുമുണ്ടാകുന്നത് ആത്മനിര്‍വൃതിയാണ്.

കുരിശനുഭവത്തോട് നേരെ മറിച്ചാണ് പ്രതികരിക്കുന്നതെങ്കില്‍ ജീവിതത്തിന്റെ യഥാര്‍ത്ഥഭാവം തിരിച്ചറിയാതെ ബന്ധങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ സ്ഥിരവാസമാകും. ഹൃദയത്തെ വേദനിപ്പിക്കുകയും വ്രണപ്പെടുത്തുകയും ചെയ്യുന്ന ആധുനികജീവിതത്തെ ഭാരപ്പെടുത്തുന്ന വൈകാരിക ഭാവങ്ങളും സ്വഭാവങ്ങളും മുള്‍ക്കിരീടധാരണങ്ങളുള്ള കുരിശനുഭവത്തിലൂടെ മാത്രമേ മെച്ചപ്പെടുത്താനാവുകയുള്ളൂ. ഒരുവന്‍ മറ്റൊരുവനെ ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍ സ്വയം ഭാരം വഹിക്കാന്‍ തയ്യാറാവുകയാണ്. സ്വതന്ത്രമായ ഈ തീരുമാനമാണ് കുരിശനുഭവം ജീവിതവിജയമാക്കുവാന്‍ സഹായകമാകുന്നത്.

മദര്‍ തെരേസയുടെ ദിനചര്യ കണ്ട് അമ്പരന്ന ജീവചരിത്രകാരന്‍ നവീന്‍ ചൗള അവര്‍ക്ക് സ്‌നേഹോപദേശം നല്‍കി. ”കുറച്ചു വിശ്രമം വേണ്ടേ? ഇത്ര കുറച്ചുമാത്രം ഉറങ്ങിയാല്‍ പോരല്ലോ?” കനിവിന്റെ മാലാഖ ചിരിച്ചുകൊണ്ട് പറയുന്നു: ”വിശ്രമം അങ്ങേലോകത്ത് ആവശ്യത്തിനു കിട്ടുമല്ലോ. പിന്നെ, ഈ ലോകത്തെന്തിനാ വലിയ വിശ്രമം.”അങ്ങേ ലോകവുമായി ഉടമ്പടി സ്ഥാപിച്ചവര്‍ക്കേ ഇങ്ങനെയൊക്കെ ജീവിക്കാനാവൂ.

നമുക്ക് ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളും മുറിവുകളും സ്വീകരിക്കാന്‍ കഴിയുമ്പോഴാണ് അപരന്റെ ജീവിതത്തിലും പ്രകാശമേകാന്‍ നമുക്ക് കഴിയുക. ഈശോയെപ്പോലെ മുള്‍ക്കിരീടമണിയുമ്പോള്‍ നിത്യജീവന്റെ കിരീടം സ്വന്തമാക്കാന്‍ കഴിയും. അങ്ങേലോകത്ത് അവന്റെ ഒപ്പമായിരിക്കാനും കഴിയും. സ്വര്‍ഗ്ഗീയകിരീടത്തിന്റെ മുന്നോടിയാണ് മുള്‍ക്കിരീടം.

ഫാ. ജോസി കോച്ചാപ്പിള്ളി