നോമ്പിലെ അമ്പത് മാലാഖമാർ 08: സത്യസന്ധതയുടെ മാലാഖ

“നഥാനയേല്‍ തന്റെ അടുത്തേയ്ക്ക് വരുന്നതുകണ്ട്‌ യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരുയഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍!” (യോഹ. 1:47).

സത്യസന്ധനായ മനുഷ്യൻ സ്വതന്ത്രനാണ്. സത്യത്തിനു മാത്രമേ യഥാർത്ഥ  സ്വാതന്ത്ര്യം നൽകാൻ കഴിയൂ. ഉള്ളിലെ സത്യത്തെ തിരസ്കരിച്ച്‌ സ്വയനിർമ്മിത വഴികളിലൂടെ യാത്രചെയ്യുമ്പോൾ അസ്വസ്ഥതകളും ആകുലതകളും നമ്മുടെ കൂടെപ്പിറപ്പാകും.

സത്യസന്ധതയുടെ മാലാഖ നമ്മുടെയുള്ളിലെ സത്യത്തിലേയ്ക്കു കണ്ണു തുറപ്പിക്കുന്ന നിത്യസാന്നിധ്യമാണ്. ആ മാലാഖ, നമ്മിൽ ദൈവദർശത്തിനു വിഘാതം നിൽക്കുന്ന മങ്ങിയ കണ്ണടകളെ എടുത്തുമാറ്റുന്നു. സത്യത്തെ കാട്ടിത്തരുന്ന ചൂണ്ടുപലകയാണ് ഈ മാലാഖ. ദൈവം തന്റെ മാലാഖയെ നമ്മുടെ ആത്മാവിലേയ്ക്ക് അയയ്ക്കുമ്പോൾ, അവൾ സത്യം തിരിച്ചറിയുന്നുവെന്ന് മൈസ്റ്റർ എക്കാർട്ട് ഓർമ്മിപ്പിക്കുന്നു.

സത്യസന്ധതയുടെ മാലാഖയുടെ സാന്നിധ്യം നമ്മുടെ ഹൃദയത്തിലെ സത്യത്തെ പുറത്തു കൊണ്ടുവരുവാനും കപടതയില്ലാതെ ജീവിക്കാനും നമുക്ക് പ്രചോദനമാകുന്നു. “സത്യസന്ധമായി പെരുമാറുന്നവന്‌ കര്‍ത്താവ്‌ ഉറപ്പുള്ള കോട്ടയാണ്‌” എന്ന സുഭാഷിതവചനം നമുക്ക് ശക്തി നൽകട്ടെ (സുഭാ. 10:29).

നോമ്പിലെ എട്ടാം നാളിൽ നമുക്കു പ്രാർത്ഥിക്കാം… ഈശോയെ, സത്യസന്ധമായി ജീവിക്കുവാനും പ്രവർത്തിക്കുവാനും എന്നെ അനുഗ്രഹിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ