നോമ്പിലെ അമ്പതു മാലാഖമാർ 12: വിശ്വസ്തതയുടെ മാലാഖ

ഭാവിയിൽ പ്രത്യാശയും ശരണവും സമ്മാനിക്കുന്ന വിശ്വസ്തതയുടെ മാലാഖയാണ് നോമ്പിലെ ഇന്നത്തെ നമ്മുടെ സഹചാരി. വിശ്വസ്തതയുള്ള വ്യക്തി സദാ ജാഗ്രതയുള്ളവനാണ്. കാര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും അവൻ ഉണർവുള്ളവനാണ്. ഉണർന്നിരിക്കുന്നവനേ വിശ്വസ്തനാകാൻ കഴിയൂ.

വിശ്വസ്‌തതയുടെ ദൈവദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നതുപോലെ വിശ്വസ്തയുടെ ദൈവദൂതനെ സങ്കീർത്തകൻ പാടിവാഴ്ത്തുന്നത് ഇപ്രകാരമാണ്: “നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കുവാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കുവാൻ അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും.” നോമ്പുകാലം ഉണർന്നിരിക്കേണ്ട കാലമാണ്. ജാഗ്രതക്കുറവു കൊണ്ട് നഷ്ടം സംഭവിക്കാതിരിക്കുവാൻ സ്വയം രൂപപ്പെടുത്തേണ്ട തപസ്സുകാലം.

നമുക്ക് പ്രാർത്ഥിക്കാം. ഈശോയെ, പുണ്യം വിളയുന്ന ഈ നോമ്പുകാലത്ത് ജാഗ്രതയോടെ ഉണർന്നിരുന്ന് ദൈവവചനത്തിന്റെ വിശ്വസ്തദാസരായി ഞങ്ങളെ മാറ്റണമേ.