50 നോമ്പ് ധ്യാനം 48: മരിക്കുന്നു (കൊലമരം – അനശ്വര അടയാളം)

കുരിശില്‍ കുറേപേര്‍ തൂങ്ങിക്കിടക്കുന്നു. അതുകൊണ്ട് ഭീതിയോടെ മനുഷ്യര്‍ ഒഴിഞ്ഞുമാറുന്നു. അവര്‍ ആരാണെന്നും എന്ത് കുറ്റമാണ് ചെയ്തതെന്നും പരസ്പരം ആരായുന്നുമുണ്ട്. മരിച്ചവരെക്കുറിച്ച് അധികം പേര്‍ക്കും സഹതാപമൊന്നുമില്ല. മരിച്ചിട്ടും അവരെ ശപിച്ച് കടന്നുപോകുന്നവരാണ് ഏറെയും. കുരിശിലെ മരണം ഒരു നാളിലെ കാഴ്ചയല്ല. പല കാലങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ട ദുരന്തമാണ്.
എത്രപേരെ ന്യായാസനങ്ങള്‍ വിധിച്ച് കൊന്നിട്ടുണ്ട്? ആരൊക്കെയാണവര്‍? അറിയില്ലെന്ന് പറഞ്ഞവന്റെ നാവില്‍ നിന്നും പെട്ടെന്ന് തെറിച്ചുവീണ ഒരു നാമം – ക്രിസ്തു. ക്രിസ്തുവിന്റെ മരണത്തിനു മുമ്പും പിമ്പും നിയമത്തിന്റെ അനുമതിയോടെ മൃഗീയമായി കൊലചെയ്യപ്പെട്ടവര്‍ ഉണ്ടല്ലോ. അവരുടെ പേരുകളൊന്നും ആരും മനസ്സില്‍ സൂക്ഷിക്കുന്നില്ല. മനസ്സിന്റെ ആദരം കിട്ടിയത് ചിലര്‍ക്കു മാത്രം. അതില്‍ ക്രിസ്തുവിനെ തറച്ച കൊലമരം അനശ്വരമായ അടയാളമായി മാറി. എണ്ണമറ്റ മനുഷ്യരുടെ തണലായി. വിശുദ്ധ കുരിശായി. പ്രപഞ്ചത്തിന്റെ മാറില്‍ നാട്ടപ്പെട്ട ക്രിസ്തുവിനെ തറച്ച കുരിശു മാത്രം ആര്‍ക്കും നീക്കം ചെയ്യാനാകാത്തവിധം ഉയര്‍ന്നുനില്‍ക്കുന്നു.

ക്രിസ്തു തൊട്ട ജീവിതങ്ങളും അവനെ തൊട്ടതുമൊക്കെ തിരുശേഷിപ്പുകളായി മാറി. അക്കൂട്ടത്തില്‍ എത്രയോ അടയാളങ്ങള്‍. പാപിനി, സക്കേവൂസ്, കുഷ്ഠരോഗി, ലാസര്‍, അപ്പസ്‌തോലന്മാര്‍, അപ്പവും മീനും, കുരിശ്… ശത്രുക്കള്‍ സമ്മാനിച്ച കുരിശ് ഹൃദ്യമായി സ്വീകരിച്ചതിലൂടെ ‘ശത്രുക്കളെ സ്‌നേഹിക്കുവിന്‍’ (മത്തായി 5:44) എന്ന വചനത്തിന് എത്രയോ വലിയ തിളക്കമുണ്ടായി. ശത്രുക്കളുടെ സമ്മാനത്തിന് അനന്തമായ കൃപയാണ് ദൈവം നല്‍കിയത്. കുരിശിനായിരുന്നു ക്രിസ്തുവിന്റെ അന്ത്യശയ്യയാകുവാന്‍ ഭാഗ്യം ലഭിച്ചത്. അവന്റെ മരണവെപ്രാളവും ഞരമ്പുകളുടെ വലിവും ഞെരുക്കവും വിലാപവും ദീര്‍ഘനിശ്വാസവും അന്ത്യശ്വാസവും ഏറ്റവും അടുത്ത് അനുഭവിച്ചത് കുരിശുമരമായിരുന്നു. മനുഷ്യന് നേടാനാകാത്തത് മരം സ്വന്തമാക്കി.

ക്രിസ്തുവിന്റെ സ്‌നേഹത്തിലൂടെ പുത്തന്‍ സ്പര്‍ശമറിഞ്ഞവര്‍, കരുണയില്ലാത്ത ആചാരങ്ങളും അനുഷ്ഠാനങ്ങളും വിട്ടിട്ട് അവന്റെ പിന്നാലെ നടന്നു. അവരില്‍ രോഗികളും പാപികളും മാനസികവ്യഥകള്‍ അനുഭവിച്ചവരുമുണ്ടായിരുന്നു. ആതുരാലയവും ഔഷധവും അന്വേഷിച്ചവര്‍ക്ക് ക്രിസ്തുവിന്റെ സാമിപ്യം, ആശ്വാസവും പുതുജീവനും നല്‍കി. അര്‍ത്ഥമില്ലാത്ത ബലിയും കച്ചവടവും സിനഗോഗുകളില്‍ നിര്‍ബാധം തുടര്‍ന്നപ്പോള്‍, അവയെല്ലാം മടുത്ത് ജനം ക്രിസ്തുവില്‍, പ്രതീക്ഷയിലെ രക്ഷകനെ കണ്ടു. മനുഷ്യര്‍ ക്രിസ്തുവിനെ കേള്‍ക്കുവാനും കൊള്ളുവാനും തുടങ്ങിയതുമൂലം ചൂഷകര്‍ക്ക് ചുറ്റിലും വെഞ്ചാമരം വീശാനും പാദസേവ ചെയ്യാനും ആളില്ലാതായപ്പോള്‍ അവര്‍ യേശുവിനു നേരെ അവരുടെ ദുസ്വാഭാവത്തിന്റെ ഫണം വിടര്‍ത്തി വിഷം ചീറ്റാന്‍ തുടങ്ങി.

മനുഷ്യന്റെ നാല് ദുസ്വഭാവങ്ങളുടെ കൂട്ടുകെട്ടാണ് ക്രിസ്തുവിന് കുരിശ് പണിതത്. അസൂയയുടെ അന്നാസ്, കയ്യഫാസ്മാരും ആര്‍ത്തിയുടെ യൂദാസും, അധികാരമോഹത്തിന്റെ പീലാത്തോസും, അഹങ്കാരത്തിന്റെ ഹേറോദേസും കൈകോര്‍ത്ത് അനീതിക്കും അശാന്തിക്കും എതിര്‍സ്വരം ഉയര്‍ത്തിയ നസ്രായനെ കുരിശില്‍ തറച്ചുകൊന്നു. ലോകത്തിനെന്നും ധ്യാനവിഷയമായിരിക്കുന്ന മരണമാണിത്. ക്രിസ്തുവിനെ ഇല്ലാതാക്കുക എന്നതായിരിന്നു ശത്രുക്കളുടെ ലക്ഷ്യം. എന്നാല്‍, ക്രിസ്തു ഇല്ലാതിരുന്ന ഇടങ്ങളിലും ക്രിസ്തു ഉണ്ടായി എന്നത് ഈ ദുരന്തത്തിനിടയിലൂടെ വായിക്കേണ്ട സത്യമാണ്. പിന്നീടുണ്ടായ നന്മയുടെ പ്രഘോഷണങ്ങളൊക്കെ ഈ കുരിശിനെ തൊടാതെ ഉണ്ടായിട്ടില്ല. കുരിശില്‍ നിന്ന് വേര്‍പ്പെട്ടൊരു സുവിശേഷം നല്‍കാനില്ലെന്ന ശബ്ദം ഈ കൊലപാതകത്തിന്റെ ബഹിര്‍സ്ഫുരണമല്ലാതെന്താണ്.

ക്രിസ്തു ഇപ്പോഴും ഇവിടെയുണ്ട്. അവന്റെ ചരിത്രം വായിച്ചും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട വചനം കേട്ടും ഉയിര്‍ക്കൊണ്ടവര്‍ സുവിശേഷത്തിന്റെ സ്പന്ദനമായിക്കൊണ്ടേയിരിക്കുന്നു. അവരെ പിന്‍പറ്റുവാനും പിന്തുണയ്ക്കാനും ആകുന്നുണ്ടോ? ക്രിസ്തുസ്‌നേഹത്തിന്റെ പ്രകാശമാകാന്‍ നിനക്കിന്ന് കഴിയുന്നില്ലെങ്കില്‍, അന്ന് യഹൂദപ്രമാണികള്‍ ചെയ്ത പാതകം നീയും ഇന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്നറിയുക. ഈശോയുടെ ശബ്ദവും പ്രവൃത്തിയുമായ എത്രയോപേര്‍ പിടഞ്ഞുമരിക്കുന്ന കാലഘട്ടമാണിത്. അവരെ അറിയില്ലെന്ന് (ലൂക്കാ 22:57) പറയരുത്.

കുരിശിനെ തിരസ്‌ക്കരിച്ച കാലഘട്ടത്തില്‍ നിന്നും കുരിശിന്റെ മുന്നില്‍ ജീവിതം തീറെഴുതി കൊടുക്കുന്ന അവസ്ഥയിലേക്ക് ചിലരെത്താന്‍ കാരണം, കുറുകേ കൂട്ടിവച്ച രണ്ട് മരക്കഷണങ്ങളുടെ സവിശേഷതയായിരുന്നില്ല. മറിച്ച്, അതില്‍ പിടഞ്ഞ സ്‌നേഹത്തിന്റെ ബലിയായിരുന്നു. കുരിശിന്റെ ചുവട്ടിലായിരിക്കാം. ഉള്ളില്‍ ഒരന്വേഷണവും ആകാം. ഈശോയുടെ ചരിത്രത്തിന്റെ ചിത്രത്തില്‍ കളങ്കമായവരുടെ സ്വഭാവം എന്നെ ഭരിക്കുന്നുണ്ടോ? അസൂയ, ആര്‍ത്തി, അധികാരമോഹം, അഹങ്കാരം തുടങ്ങിയവയില്‍ നിന്നൊക്കെ മോചനം നേടി, ഇന്നിന്റെ ജീവിതചുവരുകളില്‍ ക്രിസ്തുവിനെ അടയാളപ്പെടുത്താം.

ഫാ. ജോയി ജെ. കപ്പൂച്ചിന്‍