കുരിശിന്റെ വഴിയിൽ ഇത്തിരിനേരം – ഒന്നാമത്തെ വീഴ്ച 

ഫാ. അജോ രാമച്ചനാട്ട്

‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ എന്ന സിനിമയിൽ കുരിശുമായി മുന്നോട്ടു വീഴുന്ന യേശുവിനെ കാണുന്ന അമ്മ മറിയത്തിന്റെ മനസിലേയ്ക്ക് ഓർമ്മ വരുന്നത്, നന്നേ ചെറുപ്പത്തിൽ ഓടിക്കളിക്കുന്നതിനിടയിൽ വീണുപോകുന്ന കുഞ്ഞ് ഈശോയെയാണ്.

കുരിശിലേറിയവന്റെ ഒന്നാമത്തെ വീഴ്ചയിൽ നമ്മള്‍ ആരെ ധ്യാനിക്കണം? നന്നേ ചെറുപ്പത്തിൽ തന്നെ വീണുപോകുന്ന നമ്മുടെ കുഞ്ഞുമക്കളെത്തന്നെ! എന്തോ, എങ്ങനെയോ നമ്മുടെ കുഞ്ഞുങ്ങളിൽ പലരും പല വഴികളിലായി നമ്മുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു പോകുന്നുണ്ട്. നമ്മളറിഞ്ഞാലും ഇല്ലെങ്കിലും! അത് ലഹരിക്കടിമപ്പെട്ടാകാം. മീഡിയയ്ക്ക് വശപ്പെട്ടാകാം. മോഷണം പോലുള്ള തിന്മകൾക്കടിമപ്പെട്ടാകാം. ആരെങ്കിലും അവരുടെ മേനിയെ കൊത്തിപ്പറിച്ചുമാകാം… അതെ, നമുക്ക് നഷ്ടപ്പെടുന്നുണ്ട് നമ്മുടെ പൊന്നോമനകളെ !

ഈ മക്കളൊക്കെയും ജീവിതത്തിനു മുന്നിൽ മുഖംകുത്തവീഴുന്നതിന് പ്രധാന കാരണം മാതാപിതാക്കൾ തന്നെയാണെന്നാണ് എന്റെ അനുഭവം. അവരുടെ പ്രാർത്ഥനയുടെ കുറവ്, ലഹരിയ്ക്കടിമത്വം, വഴിവിട്ട ലൈംഗീകജീവിതം, വിവേകക്കുറവ്, തെറ്റായ ജീവിതമാതൃകകൾ… എല്ലാം എത്തിക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ തകർച്ചയിലേയ്ക്കാണ് സുഹൃത്തേ.

സമ്പത്ത് കൂട്ടിവച്ചാൽ അത് കുഞ്ഞിനോടുള്ള സ്നേഹമാകില്ല. അപ്പന്റെ/ അമ്മയുടെ സാന്നിധ്യവും സ്നേഹവും കരുതലും തന്നെയാണ് അവർക്ക് ഏറ്റവും വേണ്ടത്. കുഞ്ഞിന്റെ മനസ്സറിയുന്നവരാവുക എന്നതാണ് ഏറ്റവും വലുത്. അവന്റെ സംശയങ്ങളിലും സന്ദേഹങ്ങളിലും ഓടിയെത്താനുള്ള ഇടമായി നമ്മൾ മാറിയാൽ കുഞ്ഞ് എന്നും നമ്മുടേതാണ്..! ഒരു വീടിന്റെ ജീവനും ഓജസ്സും എന്നുമെപ്പോഴും പുണ്യവും പ്രാർത്ഥനയുമുള്ള കുഞ്ഞുങ്ങൾ തന്നെ !

നമ്മുടെ പൊന്നോമനകൾക്കായി പ്രാർത്ഥിക്കാം. നോമ്പിന്റെ നോവുകൾ മക്കൾക്കു വേണ്ടി നിയോഗം വയ്ക്കാം. കൃപ നിറഞ്ഞ നോമ്പുകാലം ഹൃദയപൂർവം..

ഫാ. അജോ രാമച്ചനാട്ട്