ഉത്ഥിതനെ തേടി – 43 – തിരിച്ചറിവ്

ഈശോ തന്റെ സഹനത്തിന്റെയും മരണത്തിന്റെയും മണിക്കൂറുകൾ അടുത്തെത്തി എന്ന് തിരിച്ചറിഞ്ഞ ആ ഒരു നിമിഷം നെടുവീർപ്പെടുകയാണ്. ഈ മണിക്കൂറിൽ നിന്നും എന്നെ രക്ഷിക്കേണമേ എന്ന് പറഞ്ഞുകൊണ്ട്. എന്നാൽ, അവിടംകൊണ്ട് അവസാനിക്കുന്നില്ല ഈശോയുടെ പ്രാർത്ഥന. ഇതിനു വേണ്ടിയാണ് ഞാൻ ലോകത്തിലേയ്ക്ക് വന്നത് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് പിതാവിന്റെ നാമം മഹത്വപ്പെടാൻ പ്രാർത്ഥന തുടരുകയാണ്.

സ്വന്തം മരണം മുൻകൂട്ടിയറിഞ്ഞ ഒരു മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും? ദൈവഹിതം തിരിച്ചറിയുക. ദൈവഹിതത്തിന് സ്വയം സമർപ്പിക്കുന്നവരാകുക. ദൈവഹിതം നിറവേറാൻ പ്രാർത്ഥിക്കുക. അപ്പോൾ ഉണ്ടാകുന്ന സഹനങ്ങൾ താല്‍ക്കാലികമായിരിക്കും. ദുഃഖവെള്ളിയുടെ സഹനങ്ങൾ ഈസ്റ്റർ വരെയേ നീളൂ. അതിനുശേഷം നിത്യമായ സന്തോഷമായിരിക്കും. ദൈവത്തോട് ചേർന്നുനിൽക്കാം അവിടുന്ന് നമ്മോടും ചേർന്നുനിൽക്കട്ടെ.

നിയോഗം

ദൈവഹിതത്തിന് മറുതലിച്ചു നിൽക്കുന്ന എല്ലാവർക്കും വേണ്ടി.

പ്രാർത്ഥന

ഈശോയെ, അനന്തമായ പീഡകളുടെ മണിക്കൂറിൽ പോലും പിതാവായ ദൈവത്തിൽ ശരണപ്പെട്ടുകൊണ്ട് പ്രാർത്ഥനയിൽ അങ്ങ് ചിലവഴിച്ചു. ഈ ഒരു മനോഭാവം എന്നിലും വളർത്തണമേ. എന്റെ വിഷമങ്ങളെയും വേദനകളെയും പൂർണ്ണമായും നിനക്ക് സമർപ്പിക്കുന്നു. അവയ്ക്ക് കാരണക്കാരായവരോട് ക്ഷമ ചോദിക്കുന്നു. നന്മയിലും സ്നേഹത്തിലും സഹോദരങ്ങളെപ്പോലെ ജീവിക്കുവാൻ കൃപ തരണമേ. ആമ്മേൻ.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്. പിതാവേ, ദൈവഹിതത്തിന് മറുതലിച്ചു നിൽക്കുന്ന എല്ലാവരുടെയുംമേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

ഞാന്‍ ഭൂമിയില്‍ നിന്ന്‌ ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേയ്ക്ക് ആകര്‍ഷിക്കും (യോഹ. 12:32).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു