50 നോമ്പ് ധ്യാനം 5: ഇതാ നിന്റെ അമ്മ

ഒരമ്മയുടെ സ്‌നേഹത്തെക്കുറിച്ച് ജോണ്‍ ആന്‍ഡേഴ്‌സണിന്റെ ഒരു കൊച്ചു നോവലുണ്ട്. മരിച്ചുപോയ തന്റെ ഏകമകനെ തിരിച്ചെടുക്കുവാന്‍ തന്നെത്തന്നെ പൂര്‍ണ്ണമായി നല്‍കിയ ഒരമ്മയുടെ കഥ പറയുന്ന നോവല്‍.

വിധവയായ ഒരു അമ്മയാണ് നോവലിലെ കഥാനായിക. അവള്‍ക്ക് ഒരു ഓമനപ്പുത്രനുണ്ടായിരുന്നു. അവളുടെ ഏകപ്രതീക്ഷ ആ മകനായിരുന്നു. നിനച്ചിരിക്കാതെ അവന് ഒരു മാരകരോഗം പിടിപെടുന്നു. ആ രോഗത്തില്‍ നിന്ന് തന്റെ മകനെ രക്ഷിക്കുവാന്‍ ആ അമ്മ എന്തു ത്യാഗത്തിനും സന്നദ്ധയായിരുന്നു. വീടും പറമ്പും വിറ്റും കൂലിപ്പണിക്കു പോയും ഭിക്ഷയെടുത്തും അവള്‍ അവനെ ചികിത്സിച്ചു. പക്ഷേ, സംഭവിക്കരുതേ എന്ന് അവള്‍ പ്രാര്‍ത്ഥിച്ച കാര്യം ഒരു അശനിപാതം പോലെ അവളുടെ ജീവിതത്തില്‍ സംഭവിച്ചു. അവളുടെ എല്ലാമെല്ലാമായിരുന്ന മകന്‍ മരിച്ചു. മകന്റെ മരണം അവളെ ഭ്രാന്തിയാക്കിത്തീര്‍ത്തു. തന്റെ മകന്റെ ആത്മാവിനെ കണ്ടെത്തിയാല്‍ അവന്‍ വീണ്ടും ജീവിക്കും എന്ന് അവള്‍ കണക്കുകൂട്ടി. തന്റെ മകന്റെ ആത്മാവിനെത്തേടി ആ അമ്മ വീട്ടില്‍ നിന്നുമിറങ്ങി.

വഴിയില്‍ കണ്ടുമുട്ടിയ സ്ത്രീയോടു അവള്‍ ചോദിച്ചു; “എന്റെ മകന്റെ ആത്മാവ് പോയ വഴി കാണിച്ചുതരാമോ?”

“നീ ഒരു താരാട്ടുപാട്ടു പാടിയാല്‍ നിനക്കു വഴികാണിച്ചു തരാം.” സ്ത്രീ മറുപടി പറഞ്ഞു.

മകന്‍ മരിച്ച ദുഃഖം കടിച്ചമര്‍ത്തി അവള്‍ ഒരു താരാട്ടുപാട്ട് പാടി. ആ സ്ത്രീ കാണിച്ചുകൊടുത്ത വഴിയിലൂടെ അവളോടി.

പിന്നീട് അവള്‍ കണ്ടെത്തിയത് ഒരു മുള്‍പ്പടര്‍പ്പിനെയാണ്. “എന്നെ ആലിംഗനം ചെയ്താല്‍ ഞാന്‍ നിനക്കു വഴി കാണിച്ചുതരാം” എന്ന വാക്കു വിശ്വസിച്ച് അവള്‍ ആ മുള്‍പപ്പടര്‍പ്പിനെ ആലിംഗനം ചെയ്തു. പിന്നെ കണ്ടെത്തിയത് ഒരു തടാകമായിരുന്നു. അതിനു വേണ്ടത് അവളുടെ ഭംഗിയുള്ള മുടിയായിരുന്നു. അവളുടെ യാത്ര വീണ്ടും തുടരുകയാണ്. അധികം വൈകാതെ അവള്‍ ഒരു കറുത്ത മനുഷ്യനെ കണ്ടുമുട്ടുന്നു. അവന്‍ ആവശ്യപ്പെട്ടത് അവളുടെ കണ്ണുകളായിരുന്നു. ആ അമ്മ ആലോചിച്ചു; തന്റെ ഏകമകനെ കാണാനാണ് ഇത്രദൂരം ഇത്രമാത്രം ത്യാഗത്തിലൂടെ താന്‍ യാത്ര ചെയ്തത്. അവനെ കാണാനൊത്തില്ലെങ്കിലും അവനെ ഒന്നു തൊട്ടുതലോടിയാല്‍ മാത്രം മതി; സന്തോഷമായി. അവള്‍ പുഞ്ചിരിയോടെ തന്നെ തന്റെ രണ്ടു കണ്ണുകളും ചൂഴ്‌ന്നെടുത്ത് അവന് കൊടുത്തു. ആ കറുത്ത മനുഷ്യന്‍ അവളുടെ കൈയ്ക്കു പിടിച്ച് ഒരു മണ്‍കൂനയ്ക്കു മുകളില്‍ കൊണ്ടുനിര്‍ത്തി.

നോവലിസ്റ്റ് വിവരിക്കുന്ന അമ്മയുടെ ചിത്രം ഇപ്രകാരമാണ്: മുടി മുറിച്ചെടുത്ത മൊട്ടത്തല, വഴിനടന്നു തളര്‍ന്ന ശരീരം, മുള്‍പ്പടര്‍പ്പിനെ ആലിംഗനം ചെയ്തപ്പോഴുണ്ടായ മുറിവുകള്‍, ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകള്‍. ആ കറുത്ത മനുഷ്യന്‍ അവളോടു ചോദിച്ചു: “ഇതുവരെ ഇത്രത്തോളം ത്യാഗം സഹിച്ചു വരാനുള്ള കാരണം?”

അവള്‍ പറഞ്ഞു: “ഞാന്‍ ഒരു അമ്മയാണ്, മകനെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരമ്മ.”

അതിനേക്കാളും മനുഷ്യരെ സ്‌നേഹിക്കുന്ന പരിശുദ്ധ മറിയത്തെയാണ് മാനവകുലത്തിന്റെ മുഴുവന്‍ മാതാവായി ഈശോ കുരിശില്‍ വച്ച് നല്‍കുന്നത്. മാനവകുലത്തിന് മനുഷ്യപുത്രന്‍ നല്‍കിയ അന്ത്യസമ്മാനമാണ് പരിശുദ്ധ അമ്മ. അവളെന്നും അവന്റെ നിഴലായിരുന്നു. ഒരു തള്ളക്കോഴി തന്റെ ചിറകിന്‍കീഴില്‍ മക്കളെ ചേര്‍ത്തുനിര്‍ത്തുന്നതു പോലെ മനസ്സുകൊണ്ട് അവള്‍ എപ്പോഴും അവനെ ചേര്‍ത്തണച്ചിരുന്നു. കാല്‍വരി മലയുടെ ഉത്തുംഗശൃംഗത്തില്‍ വേദനയുടെ ഒരു മാംസപിണ്ഡം കണക്കെ കുരിശില്‍ തൂങ്ങിയാടുന്ന തന്റെ പുത്രന്റെ കുരിശിന്‍ചുവട്ടില്‍ സര്‍വ്വംസഹയായി അവളുമുണ്ടായിരുന്നു. ആ 33 വയസ്സുകാരന്റെ ശിരസ്സില്‍ ആഴ്ന്നിറങ്ങിയ മുള്‍ക്കിരീടത്തില്‍ നിന്നും ഒലിച്ചിറങ്ങിയ ചുടുരക്തം ഒരുവേള അവന്റെ കണ്ണില്‍ പടര്‍ന്ന് കാഴ്ച മറച്ചപ്പോള്‍ പോലും തെളിമയോടെ തന്റെ അമ്മയെ കുരിശിന്‍ചുവട്ടില്‍ അവന്‍ ദര്‍ശിച്ചിട്ടുണ്ടാകണം. തന്റെ അന്ത്യവിനാഴികയില്‍ ശ്വാസത്തിനും ശബ്ദത്തിനും അവന്‍ വല്ലാതെ കഷ്ടപ്പെട്ടപ്പോള്‍ പോലും ദിഗന്തങ്ങള്‍ മാറ്റൊലി കൊള്ളുന്ന സ്വരത്തില്‍ അവന്‍ ഇങ്ങനെ അരുള്‍ചെയ്തു: “ഇതാ നിന്റെ അമ്മ.”

അത് താന്‍ സ്‌നേഹിക്കുന്ന തന്റെ പ്രിയശിഷ്യനു മാത്രമായുള്ള സ്വകാര്യസമ്പത്തായിട്ടല്ല. മറിച്ച്, തനിക്കുള്ള ഏകസമ്പാദ്യത്തെ സകലജനപദങ്ങള്‍ക്കും ദാനമായി നല്‍കുകയായിരുന്നു അവന്‍. 33 വയസ് സുവരെ ഒരു നിഴലായി കൂടെനടന്ന അമ്മത്താരാട്ടിനെ മനസ്സു തകര്‍ന്നവര്‍ക്കും അനാഥത്വം പേറുന്നവര്‍ക്കും നിരാശയുടെ അടിത്തട്ടില്‍ അമര്‍ന്നിരിക്കുന്നവര്‍ക്കും ആശയും ആശ്രയവുമായി അവിടുന്നു പറിച്ചുനല്‍കുകയായിരുന്നു.

കുരിശിന്‍ചുവട്ടിലെ അമ്മയ്ക്കു ഒരു പ്രത്യേകതയുണ്ട്. അവള്‍ സഹനം വരുമ്പോള്‍ ഓടിയൊളിക്കുന്നവളല്ല; സഹനം ഒപ്പിയെടുക്കുന്നവളാണ്, സഹിക്കുന്നവരുടെ കൂടെ നില്‍ക്കുന്നവളാണ്. ശിഷ്യപ്രമുഖനും തീവ്രവാദിയും പണ്ഡിതനുമായ ശിഷ്യരെല്ലാം അനേകം കല്ലേറുദൂരം അകന്നുമാറി ഗുരുവിന്റെ പീഡാനുഭവ വഴിയില്‍ അനുഗമിച്ചുവെങ്കില്‍ അമ്മ അവന്റെ ഒരു ഇമയനക്കത്തിനപ്പുറമുണ്ടായിരുന്നു.  കുരിശിന്റെ ഭാരം താങ്ങാനാകാതെ ദുര്‍ബലമായ അവന്റെ ശരീരം വേച്ചുപോകുമ്പോള്‍ അവളുടെ കൈകളും അവനെ കോരിയെടുക്കുവാന്‍, അവളറിയാതെ നീളുന്നുണ്ടായിരുന്നു. ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ് – നിന്റെ സഹനങ്ങളില്‍ നിന്നെ തനിച്ചാക്കി പോയ്മറയുന്നവളല്ല അവളെന്ന്. കുരിശില്‍ കിടന്നുകൊണ്ട് ഈശോ കണ്ടത് തന്റെ അമ്മയെ മാത്രമല്ല, അമ്മയിലൂടെ ഈ പ്രപഞ്ചത്തെയാണ്. പ്രപഞ്ചത്തിന്റെ ആദ്യവും അന്ത്യവും അവന്‍ കണ്ടു, സഭയെ കണ്ടു, സഭാമക്കളെ കണ്ടു. അതിനാലാകാം അവിടുന്ന് തന്റെ വാത്സല്യമാതാവിനെ ചൂണ്ടി യോഹന്നാനോട് പറഞ്ഞത്: “ഇതാ നിന്റെ അമ്മ” എന്ന്.

സഭാചരിത്രത്തിലുടനീളം ശക്തമായ സാന്നിധ്യമായിരുന്നു പരിശുദ്ധ കന്യകാമാതാവിന്റേത്. സെഹിയോന്‍ മാളികയില്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന ശ്ലീഹന്മാര്‍ക്കു ശക്തി പകര്‍ന്നുകൊടുത്തതു മുതല്‍ ഇന്നോളം അമ്മ ഒരു ശക്തിയായും പ്രാര്‍ത്ഥനയായും തിരുത്തലായും സഭയില്‍ വസിക്കുന്നു. ഇടതടവില്ലാതെ ലോകത്തിന്റെ പല ഭാഗങ്ങളിലും പല വ്യക്തികള്‍ക്കും വ്യക്തിപരമായ പ്രത്യക്ഷപ്പെടലുകള്‍ അമ്മ അനുവദിക്കുന്നുണ്ട്. പലപ്പോഴും കണ്ണീരണിഞ്ഞും രക്തക്കണ്ണീര്‍ പൊഴിച്ചും ലോകത്തിന്റെ ഇന്നത്തെ ദുരന്താവസ്ഥയെ തെളിയിച്ചു കാണിക്കുകയാണ് അവള്‍. “ഇതാ നിന്റെ അമ്മ” എന്ന യേശുവചനത്തെ, മാനവകുലത്തിന്റെ മുഴുവന്‍ മാതാവായി മറിയം പൂര്‍ത്തിയാക്കി. ആ അമ്മയുടെ നല്ല മക്കളാകാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നതായിരിക്കട്ടെ ഈ നോമ്പിലെ ഒരു പ്രധാന ചോദ്യം.

ഡോ. മേജോ മരോട്ടിക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.