നോമ്പ് വിചിന്തനം 2: പുണ്യം പൂക്കുന്ന കാലം

ആരോ ചെവിയില്‍ ഓതിത്തന്ന ഒരു പഴയ കഥ. ഗ്രാമത്തിലെ ആശ്രമത്തില്‍ ഗുരുവും ശിഷ്യന്മാരും സുഖമായി കഴിയുകയാണ്. ഗുരുവിന് അരുമയായി ഒരു പൂച്ചയുണ്ട്. എന്നും പൂജ ചെയ്യുന്ന സമയത്ത് പൂച്ചയുമെത്തും. പൂജയ്ക്ക് ശല്യം ചെയ്യാത്തതിനാല്‍ ഗുരു ആ പൂച്ചയെ വിലക്കിയില്ല. ഒരു പ്രഭാതത്തില്‍ ഗുരു മരിച്ചു. ആചാരങ്ങള്‍ തെറ്റിക്കാതെ ശിഷ്യര്‍ തന്നെ  സംസ്‌കാരകര്‍മങ്ങള്‍ നടത്തി. പിന്നെ അവര്‍ ഗുരുവിന്റെ കടമകള്‍ ഓരോന്നായി ഏറ്റെടുത്തു, പൂജയുള്‍പ്പെടെ. ഗുരു പൂജ ചെയ്തപ്പോള്‍ പൂച്ചയുണ്ടായിരുന്നതിനാല്‍ ഇവരും പൂജയുടെ സമയത്ത് പൂച്ചയെ കൊണ്ടുവന്നു. ആചാരങ്ങള്‍ തെറ്റരുതല്ലോ.

ഏതോ ഒരു ദിനത്തില്‍ അതും ചത്തുപോയപ്പോള്‍ അവര്‍ പുതിയ ഒരെണ്ണത്തിനെ വാങ്ങി. കാലം പിന്നെയും കടന്നുപോയി. ശിഷ്യരും മരിച്ചു. അവരുടെ പിന്‍മുറക്കാര്‍ അനുഷ്ഠാനങ്ങള്‍ തുടര്‍ന്നു. പൂച്ച പൂജയുടെ ഒരു അവശ്യഘടകമായി തീര്‍ന്നു. ക്രമേണ പൂച്ചയില്ലാതെ പൂജ നടക്കാതെയായി. പൂജയെന്നാല്‍ പൂച്ചയുള്‍പ്പെടെ എന്ന അര്‍ത്ഥത്തിലായി.

ഈ പഴങ്കഥയില്‍ നിന്ന്  നോമ്പിലേയ്ക്ക് നോക്കുമ്പോള്‍ എന്തൊക്കെയോ സാദൃശ്യങ്ങള്‍ ഉള്ളതുപോലെ. നോമ്പെന്നാല്‍ ഏതാനും ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമായിത്തീര്‍ന്നോ എന്നു തോന്നുകയാണ്. ചിലര്‍ നോമ്പിനെ അങ്ങനെ മുദ്രയടിച്ചിരിക്കുന്നു. നോമ്പില്‍ ചില ഭക്ഷണസാധനങ്ങളുടെ ഉപേക്ഷിക്കലുണ്ട്. ശരിതന്നെ. പക്ഷേ ഇതു മാത്രമല്ല നോമ്പ്. അതിലും ഏറെയേറെ സന്ദേശങ്ങള്‍ നോമ്പ് നമുക്കു നല്കുന്നുണ്ട്.

നോമ്പുകാലത്ത് ഇറച്ചി കഴിച്ചാല്‍ ദഹിക്കില്ലേ എന്ന ചോദ്യം ഉയര്‍ത്തുന്നവരുണ്ട്. നോമ്പുകാലത്തെന്നല്ല ഏതു കാലത്തു കഴിച്ചാലും എന്തും ദഹിക്കും. ദഹനത്തിന്റെ പ്രശ്‌നമല്ലിത്. സ്വയം നിയന്ത്രണത്തിന്റെ കാര്യമാണിത്. സ്വയം നിയന്ത്രണത്തിന്റെ ആദ്യപടി ഭക്ഷണനിയന്ത്രണമാണെന്ന് ആചാര്യന്മാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഓടിക്കാന്‍ ബുദ്ധിമുട്ടുള്ള വാഹനത്തെ നന്നായി നിയന്ത്രിക്കുന്നവനാണ് മിടുക്കനായ ഡ്രൈവര്‍. അങ്ങനെ നോക്കുമ്പോള്‍ മനുഷ്യജീവിതമാകുന്ന വാഹനമാണ് നിയന്ത്രിക്കാന്‍ ഏറ്റവും ശ്രമകരം. അതിനെ ശരിയായി നിയന്ത്രിക്കാന്‍ സാധിച്ചാല്‍ എല്ലാം ക്രമമാകും. നോമ്പുകാലം, ജീവിതത്തെ നേരായ പാതയിലൂടെ സുരക്ഷിതമായി ഡ്രൈവ് ചെയ്തുകൊണ്ടുപോകാന്‍ ശീലിക്കേണ്ട കാലമാണ്.

അടുത്തപടി ഉപവാസത്തിന്റേതാണ്. ഒപ്പം വസിക്കുക, കൂടെ വസിക്കുക എന്നൊക്കെയാണ് ഇതിന്റെ വാച്യാര്‍ത്ഥമെങ്കിലും, ഭക്ഷണവും വിനോദവും ഒഴിവാക്കി പ്രാര്‍ത്ഥനയില്‍ കൂടുതല്‍ ചിലവഴിക്കുക എന്നൊരു വിശാല അര്‍ത്ഥതലംകൂടി നമ്മുടെ നാട്ടില്‍ ഉപവാസത്തിനുണ്ടല്ലോ. പിശാചിന്റെ പ്രലോഭനങ്ങളെ പരാജയപ്പെടുത്താനും (മത്താ. 4:2) പ്രാര്‍ത്ഥനയുടെ ശക്തി കൂട്ടാനും (തോബിത് 12:8) പാപത്തിന് പരിഹാരം ചെയ്യാനും (നിയമ. 9:18) ദൈവത്തിന്റെ മനസ്സ് മാറ്റാനും (യോന 3:5) മറ്റുള്ളവര്‍ക്ക് നന്മയുണ്ടാകാനും (നെഹ.1:4) വേണ്ടി ഉപവസിക്കുന്നവരുടെ വെണ്‍രൂപങ്ങള്‍ ബൈബിളില്‍ തെളിയുന്നുണ്ടല്ലോ.

പ്രവാചകനായ ഏശയ്യാ ഉപവാസത്തെ മനുഷ്യജീവിതവുമായി കൂടുതല്‍ ബന്ധിച്ചിരിക്കുന്നു. 58-ാം അദ്ധ്യായത്തിന്റെ ചൈതന്യം യഥാര്‍ത്ഥ ഉപവാസത്തിന്റെ ചൈതന്യമാണ്. ഉപവാസമെന്നാല്‍ ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുന്നതും നുകത്തിന്റെ കയറുകള്‍ അഴിക്കുന്നതും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുന്നതും ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തീര്‍ന്നില്ല, വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നതും ഭവനരഹിതനെ സ്വന്തം വീട്ടില്‍ സ്വീകരിക്കുന്നതും നഗ്നന് വസ്ത്രം കൊടുക്കുന്നതും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുന്നതും ഉപവാസത്തിന്റെ കീഴില്‍ വരുന്നതുതന്നെ എന്നു പ്രവാചകന്‍ എഴുതിവച്ചിരിക്കുന്നു. പിന്നെങ്ങനെ ഉപവാസം ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമാകും? കാലത്തിന്റെ വളവുകളില്‍ ചിലരൊക്കെ ചിലത് മറയ്ക്കാന്‍ ശ്രമിച്ചതാണോ കാരണം എന്നറിയില്ല. ഫലരഹിതമായിപ്പോയ ഏറെ ഉപവാസദിനങ്ങള്‍ എനിക്കുണ്ടായിട്ടുണ്ടല്ലോ ദൈവമേ!

നോമ്പ് ഒരുക്കത്തിന്റെകൂടി സന്ദേശം നല്കുന്നുണ്ട്. പരസ്യജീവിതത്തിനു മുമ്പ് നാല്പതു ദിവസം നോമ്പുനോറ്റ് ഒരുങ്ങിയ യേശുവിന്റെ നിശബ്ദ ചിത്രം നമ്മുടെയുള്ളില്‍ കോറിയിടപ്പെടേണ്ടതു തന്നെയാണ്. നോമ്പുകാലത്ത് യേശുവിന്റെ അനുയായിയും നാല്പതു ദിവസം നോമ്പ് നോറ്റ് ഒരുങ്ങണം എന്നത് കാലം അവനു നല്കുന്ന സന്ദേശമാണ്. വര്‍ഷത്തിലെ വരും ദിനങ്ങളോരോന്നും ചൈതന്യത്തോടെ ജീവിക്കാന്‍ വേണ്ട ശക്തി സംഭരിക്കേണ്ട കാലമായിക്കൂടി ഇതിനെ പരിഗണിക്കാം.

എവിടെയോ വായിച്ചതോര്‍ക്കുന്നു, അഹന്തയുടെ അടയാളമായ നെറ്റിത്തടത്തില്‍ ഇല്ലായ്മയുടെ പ്രതീകമായ ചാരം പൂശിയാണ് നോമ്പുതുടങ്ങുന്നതെന്ന്…. സത്യമാണല്ലോ. ചാരംകൊണ്ട് നെറ്റിയില്‍ വരച്ചിടുന്ന കുരിശ് വ്യക്തിയില്‍ മരണചിന്ത വളര്‍ത്തും, തീര്‍ച്ച. ഒരുനാളില്‍ ഞാനും ഇതുപോലെ ചാരമാകും, മണ്ണാകും എന്ന ചിന്ത നോമ്പുകാലത്തിന്റെ പ്രത്യേക സന്ദേശം തന്നെ.

പാപപരിഹാരത്തിന്റെ സന്ദേശവും നോമ്പ് നല്കുന്നു. ഉപ്പുതിന്നാല്‍ വെള്ളം കുടിക്കുമെന്ന് പറയുന്ന പഴയ തലമുറ ഇന്നില്ലെങ്കിലും ആ തത്വത്തിന് മാറ്റമില്ലല്ലോ. വാക്കാലും വിചാരത്താലും പ്രവൃത്തിയാലും ചെയ്തുപോയ ഏറെ പാപങ്ങളുണ്ടല്ലോ എന്റെ ജീവിതത്തില്‍. അനുതപിച്ച് മനസ്സിന് അന്തരം വരുത്തുക, പരിഹാരം ചെയ്യുക.

എന്നെക്കാളും എളിയവരായി കഴിയുന്ന അനവധി സഹോദരങ്ങളുണ്ട്. വഴിവക്കുകളിലെ അനാഥജന്മങ്ങളുടെ എണ്ണം കൂടുകയാണ്. അനാഥശാലകള്‍ ഏറെയുണ്ടെങ്കിലും ഒന്നും മതിയാകുന്നില്ല, ആര്‍ക്കും വേണ്ടാത്തവരെ നിറയ്ക്കാന്‍. നോമ്പിന്റെ ദിനങ്ങള്‍ നിശബ്ദമായി ആവശ്യപ്പെടുകയാണ്, നിന്റെ സമ്പത്തില്‍ ഒരല്പമെങ്കിലും ഏതെങ്കിലും ഒരു പാവപ്പെട്ടനായി ചെലവഴിക്കാന്‍. ഉത്തരം തേടുന്ന ഈ ചോദ്യം  നിന്റെ മനസ്സിന്റെ പടിവാതിലില്‍ മുട്ടിവിളിക്കുകയാണ്.

നോമ്പെന്നു കേള്‍ക്കുമ്പോഴേ മനസ്സിനു ഭാരമാണ്. ചിലതൊക്കെ ഉപേക്ഷിക്കേണ്ടി വരുന്നല്ലോ എന്ന പേടിയും ഏറുന്നു. എന്നാല്‍ ഇതൊരു ആത്മീയ വിരുന്നിന്റെ കാലഘട്ടമല്ലേ? ആത്മീയ നവോത്ഥാനത്തിന് സഭ നല്കുന്ന ദിനങ്ങളല്ലേ നോമ്പുകാലം? ദൈവമേ, പുണ്യം പൂക്കുന്ന കാലമായി നോമ്പിനെ കാണാന്‍ എന്നെ അനുഗ്രഹിക്കേണമേ. നോമ്പുദിനങ്ങളില്‍ പ്രാര്‍ത്ഥനയുടെ പരിമളം പരത്താന്‍ എന്നെ സഹായിക്കണമേ. അങ്ങനെ, എന്നിലെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയട്ടെ (ഏശ. 58:8).

ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.