ബെത്സയ്‌ദ

അനിത
അനിത

ഇന്നത്തെ എന്റെ യാത്രയിൽ ഞാൻ ഒരു കുളക്കടവിൽ എത്തിച്ചേർന്നു. ‘ബെത്സയിദ’. വർഷങ്ങളോളം ആ വെള്ളമൊന്നിളകുമ്പോൾ അതിലേക്ക് ഒന്നിറങ്ങാൻ കഴിയാതെ നീണ്ട കാത്തിരിപ്പിന്റെ കാഠിന്യം അനുഭവിച്ചറിഞ്ഞ ഒരുവൻ. ചുറ്റും നോക്കിയപ്പോൾ അവനെ പോലെ ഒട്ടേറെപ്പേർ. എന്റെ പിതാവേ ഇവരെ സുഖപ്പെടുത്താതെ, കണ്ടില്ലെന്നു നടിച്ച് കടന്നുപോകാൻ എനിക്ക് ആകുമായിരുന്നില്ല. ഈ നീറുന്ന ജീവിതത്തിന്റെ ക്ഷതങ്ങൾ മനസ്സിലും ഹൃദയത്തിലും എറ്റുവാങ്ങി എന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ ജീവിതങ്ങൾ എന്റെ കണ്മുൻപിൽ നിറഞ്ഞു നിൽക്കുന്നു. അങ്ങെന്നിൽ നിന്നും ആഗ്രഹിച്ചതും ഇത് തന്നെ ആണെന്ന് ഞാൻ അറിയുന്നു.

എന്നെ അറിയുന്ന നിങ്ങൾ എന്റെ പിതാവിനെയും  അറിയുമെന്നെനിക്കറിയാം. ഉള്ള് നീറുന്നവന്റെ ഉൾത്താരിലേയ്ക്ക് സ്‌നേഹത്തിന്റ സാന്ദ്വനം ചൊരിയുന്ന പിതാവിന്റെ പക്കലേയ്ക്ക് എന്നോടുകൂടെ യാത്ര തുടരാൻ നിങ്ങളെയും ഞാൻ സ്നേഹത്തോടെ ക്ഷണിക്കുന്നു.

വിലക്കുകളും, വിലങ്ങുകളും വിരാമമിട്ട നമ്മുടെ ജീവിതത്തിൽ പുതിയ തുടക്കത്തിന്റെ വെളിച്ചം വീശാൻ ഈ നോമ്പിന്റെ രണ്ടാം ദിവസം ദൈവം നമ്മെ സഹായിക്കട്ടെ. കുരിശിന്റെ ഛായരൂപം നമ്മിൽ തണലേകട്ടെ.

അനിത