ഉത്ഥിതനെ തേടി – 23 – അവകാശം

നാം മക്കളെങ്കില്‍ അവകാശികളുമാണ്‌; ദൈവത്തിന്റെ അവകാശികളും ക്രിസ്‌തുവിന്റെ കൂട്ടവകാശികളും (റോമാ 8:17). ദൈവത്തിന്റെ അവകാശികൾ, തങ്ങൾക്കു കിട്ടിയ അനുഗ്രഹങ്ങളെ വിലമതിക്കാതെ കരുത്ത് തെളിയിച്ച് വലിയവരാകാൻ നോക്കുമ്പോൾ (ബാബേൽ ഗോപുരം) തിന്മകൾ ചെയ്‌ത് തിരഞ്ഞടുക്കപ്പെട്ട ദൈവജനം ദൈവകോപം ഇരന്നുമേടിക്കുമ്പോൾ (ജോഷ്വ 7:10-15) ഒരു ആത്മവിചിന്തനം നടത്തുന്നത് നല്ലതാണ്.

ദൈവമക്കളെന്നും സത്യക്രിസ്ത്യാനികൾ എന്നും അഭിമാനം കൊള്ളുന്ന നാം അതിനുചേർന്ന ജീവിതമാണോ നയിക്കുന്നത്? (റോമാ 8:12-17). നാം ദൈവവഴികളിൽ കൂടിയല്ല ചരിക്കുന്നതെങ്കിൽ അവകാശമായി ലഭിച്ച അനുഗ്രഹം, ഈശോ വചനത്തിൽ പറയുന്നതുപോലെ ദൈവരാജ്യം നിങ്ങളില്‍ നിന്ന്‌ എടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്‌ക്ക് നല്‍കപ്പെടും (മത്തായി 21:43). അതിനാൽ അവകാശങ്ങളെ അനുഗ്രഹമായി ലഭിക്കുമ്പോൾ നന്ദിയുള്ളവരായി ജീവിക്കുവാനും തിന്മകളെ ദൈവവചനത്തിന്റെ ശക്തിയാൽ വിജയിക്കുവാനും വേണ്ട ശക്തിക്കായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

ഈശോയെ, ഒരു ദിനം കൂടി നൽകിയ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങ് നൽകുന്ന അനുഗ്രഹങ്ങൾ സ്വന്തമാക്കി അങ്ങയുടെ പ്രിയപ്പെട്ട മക്കളായി ജീവിക്കാൻ കൃപ തരണമേ. തിന്മകളെ ചെറുത്ത് തോൽപ്പിക്കാനും നന്മയിൽ വളരുവാനും അനുഗ്രഹിക്കണമേ, ആമ്മേൻ.

നിയോഗം

ദൈവത്തിന്റെ അനുഗ്രഹങ്ങൾ തിരസ്കരിക്കുന്ന എല്ലാവർക്കും വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ, ദൈവീക അനുഗ്രഹങ്ങൾ നഷ്ടപ്പെടുത്തുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍ (1 പത്രോ. 3:9).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു