നോമ്പിലെ അമ്പത് മാലാഖമാർ 16: ഉത്സാഹത്തിന്റെ മാലാഖ

  1. നോമ്പിന്റെ പതിനാറാം നാൾ വഴിവിളക്കേകുന്നത് ഉത്സാഹമാലാഖയാണ്. അസാധാരണമായ താല്പര്യവും ശക്തമായ പ്രചോദനവുമാണ് ഉത്സാഹം. ജീവിതത്തിൽ ഉത്സാഹമില്ലെങ്കിൽ തനിമ നഷ്ടപ്പെടുകയും ആത്മീയത വിരസതയിലാവുകയും ചെയ്യും. മന്ദോഷ്ണത ആത്മീയജീവിതത്തിൽ വിപത്തുകൾ വരുത്തിവയ്ക്കുന്നു. മന്ദോഷ്ണനായ വ്യക്തിക്ക് യോഹന്നാൻ ശ്ലീഹാ നൽകുന്ന മുന്നറിയിപ്പ് ഇവിടെ പ്രസക്തമാണ്: “ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാൽ നിന്നെ ഞാൻ എന്റെ വായിൽ നിന്ന് തുപ്പിക്കളയും.”

നോമ്പുകാലം ദൈവീക കാര്യങ്ങളിൽ ഉത്സാഹം വീണ്ടെടുക്കാനുള്ള നല്ല ദിനങ്ങളാണ്. ആത്മീയവസന്തം ജീവിതത്തിൽ വിരിയണമെങ്കിൽ ഉത്സാഹം കൂടിയേ തീരൂ. അലസത നമ്മിൽ തിന്മയുടെ വേരുകൾ പായിക്കും. നമുക്ക് പ്രാർത്ഥിക്കാം, ഈശോയെ, നോമ്പിലെ നാൾവഴികളിൽ ആത്മീയകാര്യങ്ങളിൽ ഉണർവ്വും ഉത്സാഹവുമുള്ള ഹൃദയം നൽകി അനുഗ്രഹിക്കണമേ.