ഫ്രാൻസീസ് പാപ്പയുടെ നോമ്പുകാല സന്ദേശം 2017

2017 ലെ വലിയ നോമ്പിനായി  ഫ്രാൻസീസ് പാപ്പ നൽകിയ സന്ദേശത്തിന്റെ  തലക്കെട്ട് ദൈവവചനം  ഒരു ദാനമാകുന്നു. മറ്റു വ്യക്തികളും ദാനമാകുന്നു എന്നതാണ് ലൂക്കായുടെ സുവിശേഷം പതിനാറാം അധ്യായത്തിലെ ധനവാന്റെയും ലാസറിന്റെയും ഉപമയാണ്  (Lk 16:19-31) നോമ്പുകാല സന്ദേശത്തിനാധാരം. മൂന്നു ഭാഗങ്ങളായി പരിശുദ്ധ പിതാവ് സന്ദേശത്തെ തിരിച്ചിരിക്കുന്നു.  

  • അപരൻ ഒരു ദാനമാണ് 
  • പാപം നമ്മളെ അന്ധരാക്കുന്നു
  • ദൈവവചനം ഒരു ദാനം

സുവിശേഷകനായ വിശുദ്ധ ലൂക്കായുടെ തിരുനാൾ ദിനമായ ഒക്ടോബർ പതിനെട്ടിനാണ് ഈ പ്രബോധനത്തിൽ പാപ്പാ ഒപ്പുവച്ചത്. മാനസാന്തരത്തിന്റെ യഥാർത്ഥ വഴികളിലൂടെ പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് പാപ്പാ ഈ സന്ദേശം അവസാനിപ്പിക്കുന്നത്.  പാപ്പയുടെ സന്ദേശത്തിന്റെ സ്വതന്ത്ര വിവർത്തനത്തിന്റെ ഒന്നാം ഭാഗം

പ്രിയ സഹോദരി സഹോദരന്മാരെ,

നോമ്പ് ഒരു പുതിയ ആരംഭമാണ്. ഈസ്റ്ററിന്റെ  യഥാർത്ഥമായ ലക്ഷ്യം ക്രിസ്തു  മരണത്തിൻമേൽ നേടിയ വിജയത്തിലൂടെയുള്ള ഒരു യാത്രയാണ്.  ഈ കാലം അടിയന്തരമായി മാനസാന്തരത്തിലേക്കു നമ്മളെ വിളിക്കുന്നു. ഹൃദയം കൊണ്ട് ദൈവത്തിലേക്കു മടങ്ങാൻ (ജോയേൽ 2:12) മധ്യമത്വത്തോടു താരതമ്യപ്പെടാതെ, ദൈവവുമായുള്ള സുഹൃദ്ബദ്ധത്തിൽ വളരാൻ   ക്രൈസ്തവർ ക്ഷണിക്കപ്പെട്ടിരിക്കുന്നു. നമ്മളെ ഒരിക്കലും ഉപേക്ഷിക്കാത്ത വിശ്വസ്തനായ സുഹൃത്താണ് യേശു. നമ്മൾ പാപം ചെയ്താലും, നമ്മുടെ മടങ്ങിവരവിനു വേണ്ടി അവൻ ക്ഷമയോടെ കാത്തിരിക്കുന്നു., ക്ഷമയോടെയുള്ള ആ പ്രതീക്ഷയിൽ, ക്ഷമിക്കുവാനുള്ള  അവന്റെ താൽപര്യം അവൻ കാണിക്കുന്നു.

സഭ നമുക്കു നൽകിയിരിക്കുന്ന വിശുദ്ധീകരണ മാർഗ്ഗങ്ങളായ ഉപവാസവും പ്രാർത്ഥനയും ദാനധർമ്മവും വഴി നമ്മുടെ ആത്മീയ ജീവിതത്തിൽ ആഴപ്പെടുന്നതിനുള്ള അനുയോജ്യമായ കാലമാണ് നോമ്പ് . എല്ലാത്തിന്റയും അടിസ്ഥാനമായ ദൈവവചനം കേൾക്കുവാനും ആഴത്തിൽ ധ്യാനിക്കുവാനും ഈ കാലം നമ്മളെ ക്ഷണിക്കുന്നു.

ധനവാന്റെയും ലാസറിന്റെയും ഉപമ ഇതിനായി ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു.   (cf. ലൂക്കാ 16:19-31). അർത്ഥപൂർണ്ണമായ ഈ കഥയിൽ നിന്നു ‘നമുക്കു പ്രചോദനം കണ്ടെത്താം, കാരണം ശരിയായ സന്തോഷവും നിത്യജീവനും സ്വന്തമാക്കാൻ നമ്മൾ എന്താണു ചെയ്യേണ്ടതു ഇതു മനസ്സിലാക്കിത്തരുന്നു. ആത്മാർത്ഥമായ മാനസാന്തരത്തിലേക്കു ഈ വചനഭാഗം നമ്മെ ക്ഷണിക്കുന്നു.

1. അപരൻ ഒരു ദാനം

രണ്ടു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് ഉപമ ആരംഭിക്കുന്നത്. ദരിദ്രനായ മനുഷ്യനെ വിപുലമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു: ധനവാന്റെ വീടിന്റെ പടിവാതിക്കലിലാണ്   ദരിദ്രൻ കിടന്നിരുന്നത്. അവന്റെ ശരീരം വ്രണങ്ങൾകൊണ്ടു നിറഞ്ഞിരുന്നു. ധനവാന്റെ മേശയിൽനിന്നു വീണിരുന്ന വ കൊണ്ടു വിശപ്പടക്കാൻ അവൻ ആഗ്രഹിച്ചു.നായ്ക്കൾ വന്ന് അവന്റെ വ്രണങ്ങൾ നക്കിയിരുന്നു. (ലൂക്കാ 16: 20-21). വലിയ ഒരു ദുരിതത്തിന്റെ ചിത്രം, ദയനീയതയുടെ അവഹേളനയുടെ ചിത്രം.

ദരിദ്രനായ  മനുഷ്യന്റെ പേര് ലാസർ എന്നാണ് , പൂർണ്ണമായ വാഗ്ദാനത്തിന്റെ ഒരു നാമം. ലാസർ എന്ന പേരിന്റെ അർത്ഥം ദൈവം സഹായിക്കുന്നു എന്നാണ്. ഈ കഥാപാത്രം ഒരു അജ്ഞാതനല്ല.  ഒരു വ്യക്തി ആയിട്ടാണ് സുവിശേഷകൻ അവനെ അവതരിപ്പിക്കുന്നത്. പുറന്തള്ളപ്പെട്ട അവസ്ഥയിലാണങ്കിലും അവൻ ഒരു മുഖമാണ്   ദൈവം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു മനുഷ്യ വ്യക്തി,  അമൂല്യമായ ഒരു നിധി ,ഒരു സമ്മാനം.

മറ്റു വ്യക്തികൾ ദാനമാകുന്നു എന്നാണ് ലാസർ പഠിപ്പിക്കുന്നത്.   മറ്റു വ്യക്തികളുടെ മഹത്വം കൃതജ്ഞതയോടെ അംഗീകരിക്കുന്നതിലാണ് ശരിയായ വ്യക്തിബന്ധം അടങ്ങിയിരിക്കുന്നത്. ധനവാന്റെ പടിവാതിലിൽ കിടക്കുന്ന ദരിദ്രനായ വ്യക്തി ഒരു ഒഴിയാബാധയല്ല, മറിച്ച് മാനസാന്തരത്തിലേക്കും മാറ്റത്തിലേക്കുമുള്ള ഒരു വിളിയാണ്.    മറ്റുള്ളവരിലേക്കു നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ തുറക്കാനാണ് ഈ ഉപമ ആദ്യം നമ്മെ ക്ഷണിക്കുന്നത് , കാരാണം ഓരോ വ്യക്തിയും ഒരു സമ്മാനമാണ്, അതു നമ്മുടെ അയൽക്കാരനായാലും അജ്ഞാതനായ ദരിദ്രനായാലും. ആവശ്യക്കാരിൽ ക്രിസ്തുവിന്റെ മുഖം തിരിച്ചറിഞ്ഞ് വാതിൽ തുറക്കേണ്ട കാലഘട്ടമാണ് നോമ്പ് .നമ്മളോരോരുത്തരും അനുദിനം ഇതുപോലുള്ള മനുഷ്യരെ കണ്ടുമുട്ടുന്നു. നാം കണ്ടുമുട്ടുന്ന ഓരോ ജീവിതവും അംഗീകാരവും ബഹുമാനവും സ്നേഹവും അർഹിക്കുന്ന ഒരു ദാനമാണ്. ജീവനെ സ്വാഗതം ചെയ്യുവാനും. ജിവനെ പ്രത്യേകിച്ച് അതിന്റെ  ബലഹീനതയിലും നിർഭാഗ്യ അവസ്ഥയിലും സ്വാഗതം ചെയ്യുവാനും സ്നേഹിക്കുവാനും നമ്മുടെ കണ്ണുകൾ തുറക്കുവാൻ സഹായിക്കുന്നത് ദൈവ വചനമാണ്. അങ്ങനെ ചെയ്യണമെങ്കിൽ സുവിശേഷം ധനികനെക്കുറിച്ചു എന്തു പറയുന്നുവെന്നു ഗൗരവ്വമായി നാം കാണണം.

2. പാപം നമ്മളെ അന്ധരാക്കുന്നു

ധനികനായ മനുഷ്യനെ അവന്റെ വൈരുദ്ധ്യങ്ങളോടെ ചിത്രീകരിക്കുന്നതിൽ ഉപമ ലുബ്ധു കാണിച്ചില്ല.  (cf. v. 19). ലാസറിനുള്ളതുപോലെ ഒരു പേര് സമ്പന്നനില്ല. അയാള്‍ വെറുതെ “സമ്പന്നനായ മനുഷ്യന്‍” എന്നുമാത്രം വിളിക്കപ്പെടുന്നു. അയാളുടെ സമ്പത്തിന്‍റെ അതിസമൃദ്ധി അയാളുടെ അനിയന്ത്രിതവും അമിതച്ചെലവുള്ളതുമായ വസ്ത്രങ്ങളില്‍ത്തന്നെ വെളിപ്പെടുന്നു. ചുമന്ന പട്ട് സ്വര്‍ണ്ണത്തേക്കാളും വെള്ളിയേക്കാളും വില കൂടിയതായിരുന്നു. അതുകൊണ്ട് അത് അവയെല്ലാം ദേവന്മാര്‍ക്കും  രാജാക്കന്മാര്‍ക്കും  മാത്രം പ്രാപ്യമായ ഒന്നായിരുന്നു.

മൃദുല വസ്ത്രം അതു ധരിക്കുന്നവന് മിക്കവാറും വിശുദ്ധരുടെ ഭാവം നല്‍കിയിരുന്നു. അയാള്‍ സ്വന്തം സമ്പദ് സമൃദ്ധിയെ പ്രദര്‍ശിപ്പിക്കാന്‍ ശീലമായിട്ടുള്ളവനായിരുന്നുവെന്നതു വ്യക്തമാണ്. അത് അയാള്‍ എല്ലാ ദിവസവും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അയാള്‍ “എന്നും സുഭിക്ഷമായി ഭക്ഷിച്ച്‌ ആനന്ദിക്കുകയും ചെയ്തിരുന്നു” (ലൂക്കാ 16: 19) അയാളില്‍ പാപം മൂലമുള്ള ജീർണ്ണതയെ നമുക്കു നാടകീയമായി കാണാന്‍ കഴിയും. അത് ക്രമബദ്ധമായി  ധനമോഹം, ദുരഭിമാനം , അഹങ്കാരം എന്നി മൂന്നു അവസ്ഥകളിലൂടെ പുരോഗമിക്കുന്നു.

“ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം (1 തിമോ. 6:10). എന്നാണ് വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നത് . അഴിമതിയുടെ കാരണവും , അസൂയ, മാത്സര്യം, സംശയം എന്നിവയുടെ ഉറവിടവും അതു തന്നെയാണ്. പണത്തിന് നമ്മുടെമേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയും. സ്വേച്ഛാപരമായ വിഗ്രഹമായിത്തീരാന്‍പോലും അതിനു കഴിയും  (cf. Evangelii Gaudium, 55). നന്മ ചെയ്യാനും മറ്റുള്ളവരുമായുള്ള ഐക്യദാര്‍ഢൃം പ്രദർശിപ്പിക്കാനും നമ്മെ സഹായിക്കുന്ന  ഒരു ഉപകാരണമായിരിക്കേണ്ടതാണു പണം. പക്ഷേ അത് അതിനുപകരം നമ്മളെയും ലോകം മുഴുവനെയും സ്നേഹിക്കാന്‍ ഇടം തരാത്തതും സമാധാനത്തെ തടയുന്നതുമായ സ്വാര്‍ത്ഥതയുടെ യുക്തിയില്‍ ബന്ധനസ്ഥരാക്കുന്നു.
സമ്പത്തിനോടുള്ള അത്യാർത്തി തന്നെയാണ്  ധനികനെ   ശൂന്യനാക്കുന്നുവെന്ന് ഈ ഉപമ കാണിച്ചുതരുന്നു. അയാളുടെ വ്യക്തിത്വം തനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവരെ കാണിക്കുന്നതില്‍, പ്രദര്‍ശനങ്ങളില്‍, അടങ്ങിയിരിക്കുന്നു. എന്നാല്‍ അയാളുടെ ഉപരിപ്ലവമായ മുഖം മൂടി അയാളുടെ ആന്തരികശൂന്യതയെ മറച്ചുവയ്ക്കുന്നു. ധനികൻ തന്റെ    ബാഹ്യപ്രകടനത്തിന്‍റെ തടവുകാരനാണ്. അസ്തിത്വത്തിന്‍റെ ഏറ്റവും ഉപരിവിപ്ലവവും ക്ഷണഭംഗുരുവുമായ വശങ്ങളുടെ തടവുകാരനാണ്.

അഹങ്കാരമാണ്  അയാളുടെ ധാര്‍മ്മികാധ:പതനത്തിന്‍റെ ഏറ്റവും താഴത്തെ പടി.  സമ്പന്നനായ ആ മനുഷ്യന്‍ രാജാവിനെപ്പോലെ വേഷങ്ങള്‍ അണിയുന്നു. ഒരു ദൈവത്തെപ്പോലെ പെരുമാറുന്നു. കേവലം മർത്യനാണ് താനെന്ന് അയാള്‍ മറക്കുന്നു. സമ്പത്തിനോടുള്ള സ്നേഹത്താല്‍ ദുഷിച്ചവർക്ക് അവരുടെ തന്നെ അഹങ്കാരമല്ലാതെ വേറൊന്നും സ്വന്തമായില്ല. തങ്ങള്‍ക്കു ചുറ്റുമുള്ളവരെ അവര്‍ കാണുന്നില്ല. സമ്പത്തിനോടുള്ള ആസക്തി ഒരുതരം അന്ധതയാണ്. വിശന്നും മുറിവേറ്റും തന്‍റെ പടിവാതിൽക്കൽ  കിടക്കുന്ന ദരിദ്രനെ ധനികൻ കാണുന്നേയില്ല.

ഈ കഥാപാത്രത്തിലേക്കു നമ്മൾ കണ്ണോടിക്കുമ്പോൾ   എന്തുകൊണ്ടാണ് സുവിശേഷം ഇത്ര കർശനമായി ദ്രവ്യാഗ്രഹത്തെ കുറ്റപ്പെടുത്തുന്നതെന്നു നമുക്കു മനസ്സിലാകും : “രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഒന്നുകില്‍ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമ്മോനെയും ഒരേ സമയം സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല” (മത്താ 6:24).

3.  ദൈവവചനം ഒരു ദാനം

ധനവാനെയും ലാസറിനെയും കുറിച്ചുള്ള സുവിശേഷം ഉയിർപ്പു തിരുനാളിന് നന്നായി  ഒരുങ്ങാന്‍ നമ്മെ സഹായിക്കുന്നു. വിഭൂതി ബുധനാഴ്ചയിലെ തിരുകർമ്മങ്ങൾ ധനവാനോടു തികച്ചും സമാനമായ ഒരനുഭവത്തിലേക്കു നമ്മെ ക്ഷണിക്കുന്നുണ്ട്‌. വൈദികര്‍ നമ്മുടെ തലയില്‍ ചാരം പൂശുമ്പോൾ ഈ വാക്കുകള്‍ ആവര്‍ത്തിക്കുന്നു: “നീ പൊടിയാണെന്നും പൊടിയിലേക്കു മടങ്ങുമെന്നും ഓര്‍ക്കുക”. ധനവാനും ദരിദ്രനും മരിച്ചു. പക്ഷേ ആ ഉപമയിലെ വലിയ ഭാഗവും സംഭവിക്കുന്നത് മരണാനന്തര ജീവിതത്തിലാണ്. രണ്ടു കഥാപാത്രങ്ങളും ഒരു സത്യ പെട്ടെന്ന് തിരിച്ചറിയുന്നു: കാരണം, നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെ നിന്ന് ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല (1 തിമോ 6:7).
മരണാനന്തര ജീവിതത്തില്‍ എന്തു സംഭവിക്കുന്നുവെന്നും നമ്മള്‍ കാണുന്നു. ധനവാൻ  അബ്രാഹത്തോടു സുദീർഘമായി സംസാരിക്കുന്നു.   താന്‍ ദൈവജനത്തിലെ അംഗമാണെന്നതിന്റെ അടയാളമായി അയാൾ അബ്രാഹത്തെ അയാള്‍ “പിതാവേ” എന്നു വിളിക്കുന്നു (ലൂക്കാ 16:24-27).  ഈ വിശദീകരണം അയാളുടെ ജീവിതത്തെ കൂടുതല്‍ വൈരുദ്ധ്യമുള്ളതാക്കുന്നു. കാരണം ആ നിമിഷംവരെയും തനിക്ക് ദൈവത്തോടുള്ള ബന്ധം അയാള്‍ പറഞ്ഞട്ടില്ല. അതുവരെ സത്യത്തിൽ  അയാളുടെ ജീവിതത്തില്‍ ദൈവത്തിനു സ്ഥാനമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എക ദൈവം അയാൾ മാത്രമായിരുയിന്നു .

മരണാനന്തര ജീവിതത്തിലെ പീഡനങ്ങള്‍‍ക്കിടയില്‍ മാത്രമാണ് ധനവാൻ   ലാസറിനെ തിരിച്ചറിയുന്നത്. തന്‍റെ സഹനം കുറയ്ക്കാന്‍ ആ ദരിദ്രന്‍ ഒരു തുള്ളി വെള്ളം കൊടുക്കണമെന്ന് അയാള്‍ ആഗ്രഹിക്കുന്നു. അയാള്‍ക്ക് ചെയ്യാന്‍ കഴിയുമായിരുന്നതും എന്നാല്‍ ഒരിക്കലും ചെയ്യാതിരുന്നതുമായ ഒരു കാര്യത്തോടു സമാനമായ ഒരു കാര്യമാണ് ലാസറിനോട് അയാള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അബ്രഹാം സമ്പന്നനോടു പറയുന്നു: “മകനെ, നീ ഓര്‍മ്മിക്കുക, നിനക്ക് ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു. ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു” (ലൂക്കാ 16: 25). മരണാന്തര ജീവിതത്തിൽ  ഒരു തരത്തിൽ നീതി പുനസ്ഥാപിക്കപ്പെടുകയും ജീവിതത്തിലെ തിന്മകൾ നന്മ കൊണ്ടു സന്തുലിതമാക്കുകയും ചെയ്യുന്നു.

എല്ലാ ക്രൈസ്തവർക്കുമുള്ള സന്ദേശമാണ്‌ ഈ ഉപമ നൽകുന്നത്. തന്റെ സഹോദരന്മാർ പീഡകളുടെ ഈ സ്ഥലത്തു വരാതിരിക്കാൻ അവർക്കു സാക്ഷ്യത്തിനായി ലാസറീനെ അവരുടെ പക്കലേക്കു അയക്കണമേ  എന്നു ധനവാൻ അബ്രാഹത്തോടെ ആവശ്യപ്പെടുമ്പോൾ, മറു ചോദ്യമായി  അബ്രഹാം പറയുന്നു: അവർക്കു മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേൾക്കട്ടെ. (ലൂക്കാ 16:29) വീണ്ടും അബ്രാഹം പറഞ്ഞു മോശയും പ്രവാചകന്മാരും പറയുന്നതു അവർ കേൾക്കുന്നില്ലെങ്കിൽ മരിച്ചവരിൽ നിന്ന് ഒരുവൻ ഉയർത്താലും അവർക്കു ബോധ്യമാവുകയില്ല.  (ലൂക്കാ 16:31)

അതുവഴി, ധനവാന്റ യഥാര്‍ത്ഥ പ്രശ്നം വെളിവാകുന്നു. ദൈവവചനം കേള്‍ക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് അയാളുടെ എല്ലാ കഷ്ടതകളുടെയും അടിസ്ഥാനം. തൽഫലമായി അയാൾക്കു ദൈവത്തെ സ്നേഹിക്കാൻ കഴിഞ്ഞില്ല. അയൽക്കാരനോടുള്ള  വെറുപ്പു വളരുകയും ചെയ്തു. ദൈവവചനം സജീവവും ശക്തിയുള്ളതുമാണ്, ഹൃദയങ്ങളെ മാനസാന്തരപ്പെടുത്താനും അവയെ ദൈവത്തിലേക്ക് തിരിച്ചുകൊണ്ടു വചനത്തിനു ശക്തിയുണ്ട്.  ദൈവവചനമാകുന്ന ദാനത്തിനെതിരേ  നമ്മൾ ഹൃദയം  അടയ്ക്കുമ്പോള്‍ നമ്മുടെ സഹോദരീ സഹോദരന്മാരാകുന്ന ദാനത്തിനെതിരെ  നമ്മുടെ ഹൃദയം അടയ്ക്കുകയാണു ചെയ്യുക.

പ്രിയ സുഹൃത്തുക്കളെ, ക്രിസ്തുവുമായുള്ള നമ്മുടെ സമാഗമം നവീകരിക്കാൻ, , അവിടത്തെ വചനത്തിലും കൂദാശകളിലും ജീവിക്കാൻ  നമ്മുടെ അയല്‍ക്കാരമായുള്ള സ്നേഹ ബന്ധത്തിൽ വളരാൻ അനുയോജ്യമായ കാലഘട്ടമാണ് നോമ്പുകാലം. നാല്പതുദിവസത്തെ ഉപവാസകാലത്ത് പ്രലോഭകന്‍റെ വഞ്ചനകളെ പരാജയപ്പെടുത്തിയ കര്‍ത്താവ്, നമ്മള്‍ തിരഞ്ഞെടുക്കേണ്ട വഴി  നമുക്കു കാണിച്ചുതരുന്നു. മാനസാന്തരത്തിലേക്കുള്ള യഥാര്‍ത്ഥ യാത്രയില്‍ പരിശുദ്ധാത്മാവ് നമ്മെ നയിക്കാന്‍ ഇടയാകട്ടെ. അതുവഴി ദൈവവചനമാകുന്ന ദാനം തിരിച്ചറിയാനും നമ്മെ അന്ധരാക്കുന്ന പാപത്തില്‍ നിന്ന്‍ വിശുദ്ധീകരിക്കപ്പെടാനും   ആവശ്യക്കാരയായ  നമ്മുടെ സഹോദരീസഹോദരന്മാരില്‍ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിനെ ശുശ്രൂഷിക്കുവാനും നമുക്കു കഴിയട്ടെ.

വിവിധ സഭാ സംഘടനകളിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രചരിപ്പിക്കുന്ന നോമ്പുകാല നോമ്പുകാല ക്യാംപെയിനുകളില്‍ പങ്കുചേര്‍ന്നുകൊണ്ടും   ആത്മീയ നവീകരണത്തിൽ പങ്കുചേരാനും അതുവഴി   മാനവ കുടുംബത്തിന്റെ  സമാഗമ സംസ്കാരത്തിൽ ഭാഗമാകുവാനും എല്ലാ വിശ്വാസികളെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നു. നമുക്ക്  പരസ്പരം പ്രാർത്ഥിക്കാം. അതു വഴി  ക്രിസ്തുവിന്‍റെ വിജയത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് പാവപ്പെട്ടവർക്കും ദരിദ്രര്‍ക്കുമായി നമ്മുടെ വാതിലുകള്‍ തുറക്കാം. അപ്പോള്‍ ഈസ്റ്ററിന്‍റെ ആനന്ദം അനുഭവിക്കാനും അതു പങ്കു വയ്ക്കുവാനും  നമുക്കു സാധിക്കും.

സുവിശേഷകനായ വിശുദ്ധ ലൂക്കായുടെ തിരുനാൾ ദിനത്തിൽ ( 18 ഒക്ടോബർ 2016) വത്തിക്കാനിൽ നിന്ന്  ഫ്രാൻസീസ് പാപ്പ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.