വിശുദ്ധ നോമ്പ്: തിരുസഭ വഴി ദൈവം നൽകുന്ന ഒരവസരം 

ക്രൈസ്തവർ ഒന്നാകെ കർത്താവിന്റെ പീഡാനുഭവ ഉത്ഥാന രഹസ്യങ്ങളെ ആദരവോടും ഭക്തിയോടും അനുസ്മരിക്കുന്ന, ആചരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ. വിശുദ്ധ നോമ്പ് ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് എന്റെ കുറച്ച് സഹപ്രവർത്തകരോട് നോമ്പാചരണത്തെക്കുറിച്ച് സംസാരിക്കാനിടയായി. അവരിൽ ക്രൈസ്തവരും അക്രൈസ്തവരുമുണ്ട്. അവർ കത്തോലിക്കാ തിരുസഭ അനുഷ്ഠിച്ചുവരുന്ന വലിയ നോമ്പിനെക്കുറിച്ച് വിലയിരുത്തി. നല്ലതും മോശവുമായ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എന്നെ സ്പർശിച്ചതിൽ ഒരു അഭിപ്രായം എല്ലാവരോടും പങ്കുവയ്ക്കണമെന്നു തോന്നി.

കത്തോലിക്കാ വിശ്വാസത്തിൽ വളർന്ന്, മക്കളെ ആ വിശ്വാസത്തിൽ വളർത്തുന്ന ഒരു സുഹൃത്തിന്റെ അഭിപ്രായം ഇപ്രകാരമായിരുന്നു: “ഈ നോമ്പാചരണത്തിലും ഉപവാസത്തിലും കാര്യമൊന്നുമില്ല എന്ന് പറഞ്ഞുനടന്ന ഒരു യുവത്വം എനിക്കുണ്ടായിരുന്നു. എന്നാൽ എന്റെ ജീവിതത്തിലെ ഒരു വലിയ പ്രതിസന്ധിയെ തരണം ചെയ്യാൻ എന്റെ വികാരിയച്ചൻ എനിക്ക് നിർദ്ദേശിച്ചത് ഒൻപതു വെള്ളിയാഴ്ച ഉപവസിക്കുക എന്നതായിരുന്നു.  അത് എനിക്ക് തന്നത് പ്രതിസന്ധിയിൽ നിന്നുള്ള മോചനമായിരുന്നില്ല. എന്നിലെ സ്വാർത്ഥതയിൽ നിന്നും അപരനിലെ ഇല്ലായ്മയിലേയ്ക്കുള്ള  കാഴ്ചയായിരുന്നു. ദിവസവും നാലു നേരം വിശന്നാലും ഇല്ലെങ്കിലും സുഭിക്ഷമായി ഭക്ഷിച്ചിരുന്ന എനിക്ക് വിശപ്പിന്റെ വില മനസിലായി. ഞാൻ എൻ്റെ ആഢംഭരജീവിതത്തിന് നിയന്ത്രണം വരുത്തി. ഈ ഒൻപതു വെള്ളിയാഴ്ച കൊണ്ട് എന്റെ ജീവിതത്തിൽ ആരും പറയാതെ പലതും ഞാൻ സ്വയം തിരുത്തി. നഷ്ടപ്പെട്ട എന്റെ സന്തോഷവും സമാധാനവും എനിക്ക് തിരികെ ലഭിച്ചു. അന്നു മുതൽ ഞാൻ എല്ലാ നോമ്പും മുടങ്ങാതെ എടുക്കും.”

വിശുദ്ധ നോമ്പ് ദൈവത്തോടുള്ള എന്റെ കരുണയാണ് എന്ന് ചിന്തിച്ചാൽ അല്ലെങ്കിൽ തിരുസഭയുടെ നിലനിൽപ്പ് നമ്മുടെ നോമ്പിലും പരിഹാരത്തിലുമാണ് എന്ന് കരുതിയാൽ നമുക്കു തെറ്റി. എന്റെ ജീവിതത്തെ മാറ്റാൻ, സ്വന്തം ജീവിതനവീകരണത്തിലൂടെ സന്തോഷവും സമാധാനവും കണ്ടെത്താൻ തിരുസഭ വഴി ദൈവം നൽകുന്ന ഒരവസരമാണ് ഈ  വിശുദ്ധ നോമ്പുകാലം.

മലങ്കര കത്തോലിക്ക സഭയിൽ നോമ്പ് ആരംഭിക്കുന്നത് ശുബക്കോന ശുശ്രൂഷ അഥവാ അനുരജ്ഞന ശുശ്രൂഷയിലൂടെയാണ്. പുരോഹിതൻ ദൈവത്തോടും ദൈവജനത്തോടും സകല തെറ്റുകൾക്കും മുട്ടുകുത്തി ക്ഷമ ചോദിക്കുന്നു. ദൈവജനം തിരിച്ചും അപ്രകാരം ചെയ്യുന്നു. അവസാനം പരസ്പരം അനുരഞ്ജനപ്പെട്ടതിന്റെ പ്രതീകമായി സ്തുതി (സമാധാനം) കൈമാറുന്ന പാവനമായ ഒരു ശുശ്രൂഷ. സീറോ മലബാർ സഭയിലും ലത്തീന്‍ സഭയിലും രക്ഷയുടെയും സമാധാനത്തിന്റെയും അടയാളമായ കുരിശ് നെറ്റിയിൽ ധരിച്ച് നമ്മൾ ദൈവത്തോടും ദൈവജനത്തോടും അനുരഞ്ജനപ്പെടുന്നു. ഈ ശുശ്രൂഷകളെല്ലാം നമ്മെ ഓർമ്മിപ്പിക്കുന്നത് സ്വയം തിരിച്ചറിഞ്ഞ് ജീവിതം നവീകരിക്കാനാണ്. ദൈവത്തിനു വേണ്ടിയല്ല; എനിക്കുവേണ്ടി.

വി. പൗലോസ് ശ്ലീഹ റോമക്കാർക്കെഴുതിയ ലേഖനത്തിലൂടെ ഇപ്രകാരം ഓർമ്മപ്പെടുത്തുന്നു: “നിങ്ങൾ ലോകത്തിന് അനുരൂപരാകരുത്. പ്രത്യുത നിങ്ങളുടെ മനസിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്കു സാധിക്കും” (റോമ: 12:2).

ഈ നോമ്പുകാലം നല്ലത് കാണുവാൻ കണ്ണുകളെയും നന്മ പറയാൻ നാവിനെയും ഹൃദയം തുറന്നു സ്നേഹിക്കാൻ വിശുദ്ധിയുള്ള ഒരു ഹൃദയത്തെയും നേടാൻ  നമ്മെ സഹായിക്കട്ടെ.

റവ. സി. പ്രണിത DM 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.