കുടുംബാംഗങ്ങൾ ഒന്നുചേർന്ന് പ്രാർത്ഥിക്കുവാനുള്ള അവസരം പ്രദാനം ചെയ്യുന്ന നോമ്പ്

കുടുംബ പ്രാർത്ഥനയ്ക്കും ഒരുമിച്ചുള്ള കൂട്ടായ്‌മക്കുമുള്ള വലിയ വിളിയായി നോമ്പുകാലത്തെ കാണണമെന്ന് കർദ്ദിനാൾ ആഞ്ചലോ ഡി ഡൊണാറ്റിസ്. നോമ്പുകാലത്തിന്റെ പ്രാർത്ഥനാ കൂട്ടായ്മകൾ വിശുദ്ധ ബൈബിളിൽ അധിഷ്ഠിതമായിരിക്കുമ്പോൾ ജീവിതം കൂടുതൽ പ്രാർത്ഥനാ സമ്പുഷ്ടമായിത്തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തികളിലൂടെ കുടുംബങ്ങളിലേക്കും കുടുംബങ്ങളിൽ നിന്ന് സഭാ സമൂഹത്തിലേക്കും വിശ്വാസ സംരക്ഷണവും പ്രഘോഷണവും നടത്തുവാൻ സാധിക്കും. നമ്മുടെ ഹൃദയത്തെയും ജീവിതത്തെയും രൂപപ്പെടുത്തുവാൻ നോമ്പ് നമ്മെ സഹായിക്കുമെന്നും കുടുംബങ്ങൾക്കയച്ച ഇടയ ലേഖനത്തിൽ അദ്ദേഹം എഴുതി. വിശ്വാസം, പ്രത്യാശ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ നോമ്പുകാലത്തെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അഭിഷേകം ചെയ്തുകൊണ്ട് ഈ സങ്കീർണ്ണമായ സമയത്ത് നോമ്പുകാലം കൂടുതൽ ഫലദായകമാക്കാം. ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിലെ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

“എല്ലാവര്‍ക്കും സാധ്യമാകുന്ന സമയത്ത് ഒരുമിച്ച് കുടുംബ പ്രാർത്ഥനയ്ക്കുള്ള സമയം തിരഞ്ഞെടുക്കുക. വചനം വായിക്കുവാനും കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസത്തിൽ ആഴപ്പെടുവാനും ജീവകാരുണ്യ പ്രവർത്തനങ്ങൾ തിരഞ്ഞെടുത്തു നടപ്പിൽ വരുത്തുവാനും നോമ്പുകാലത്തെ പ്രാർത്ഥനകള്‍ സഹായകരവും വിലപ്പെട്ടതുമാണ്,” -കർദ്ദിനാൾ വിശ്വാസികളെ ഓർമ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.