എന്റെ നോമ്പാചരണം എങ്ങനെ? കുട്ടികള്‍ക്ക് ഒരു വഴികാട്ടി 

നോമ്പ്. ഈശോയുടെ കുരിശിനോട് ചേര്‍ന്നുനിന്ന്, സഹനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് നാം നടത്തുന്ന ഒരു തീര്‍ത്ഥാടനമാണത്. നമ്മുടെ കൊച്ചുകൊച്ചു ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ച് നമ്മെത്തന്നെ എളിമപ്പെടുത്തിക്കൊണ്ട് ദൈവവുമായി ചേര്‍ന്നുനില്‍ക്കുന്ന സമയം. ഈ സമയം ഏറ്റവും ഭക്തിനിര്‍ഭരമായി ആചരിക്കുവാനാണ് എല്ലാവരും ശ്രമിക്കുക.

മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം നോമ്പ് എങ്ങനെ ആചരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍, കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുന്നതു മാത്രമായി അവരുടെ നോമ്പാചരണം ചുരുങ്ങുന്നു. പക്ഷേ, കുഞ്ഞുങ്ങള്‍ക്ക് നോമ്പില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും. കുട്ടികളുടെ നോമ്പാചരണം കൂടുതല്‍ ഭക്തിനിര്‍ഭരവും അനുഭവവേദ്യവുമാക്കുവാനുള്ള ഏതാനും ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതാ…

1. സഹോദരങ്ങളോടുള്ള വഴക്കുപിടിത്തം ഉപേക്ഷിക്കാം

മാതാപിതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് കുട്ടികള്‍ തമ്മിലുള്ള വഴക്ക്. കുട്ടികളുള്ള വീടുകളിലെല്ലാം അവര്‍ പരസ്പരം ഉണ്ടാക്കുന്ന തല്ല് ഒരു പതിവ് കലാപരിപാടിയാണ്. അതിനാല്‍ ഈ നോമ്പുകാലം ഞാന്‍ എന്റെ സഹോദരനുമായി വഴക്കുണ്ടാക്കില്ല എന്ന് തീരുമാനിച്ചാലോ? അത് എളുപ്പമല്ല കേട്ടോ. അനിയന്‍ വഴക്കുണ്ടാക്കാന്‍ വരുമ്പോള്‍ ചേട്ടന്‍ താഴ്ന്നുകൊടുക്കണം. അപ്പോള്‍ ഉണ്ടാകുന്ന ആ സഹനം ഈശോയുടെ കുരിശിലേയ്ക്ക് ചേര്‍ത്തുവയ്ക്കാം. ഇങ്ങനെ ഒരു ആശയം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

2. അമ്മ പറയാതെ സഹായിക്കാം

സാധാരണ വീടുകളില്‍ അടുക്കളജോലികള്‍ ചെയ്യുന്നത് അമ്മ തനിച്ചല്ലേ? ഈ നോമ്പ് കാലം അടുക്കളജോലിയില്‍ അമ്മയെ സഹായിക്കാന്‍ ശ്രമിക്കാം. അത് അമ്മ പറഞ്ഞിട്ട് ചെയ്യാന്‍ നില്‍ക്കണ്ട. അമ്മ പറയുന്നതിനു മുന്‍പേ അടുക്കളയിലെ പാത്രങ്ങള്‍ കഴുകിവയ്ക്കുക, വീട് വൃത്തിയാക്കാന്‍ സഹായിക്കുക, പാത്രങ്ങള്‍ യഥാസ്ഥാനം അടുക്കിവയ്ക്കുക തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്തുകൊടുക്കാം.

3. നമ്മുടെ വസ്ത്രങ്ങള്‍ വൃത്തിയാക്കാം

ഈ നോമ്പുകാലം നമ്മുടെ മുറിയും നാം ഉപയോഗിക്കുന്ന വസ്ത്രങ്ങളും സാധനങ്ങളും ഏറ്റവും വൃത്തിയാക്കി സൂക്ഷിക്കുവാന്‍ ശ്രമിക്കാം. നമ്മുടെ വസ്ത്രങ്ങള്‍, കിടക്കവിരികള്‍ തുടങ്ങിയവ നമുക്ക് തന്നെ അലക്കി വൃത്തിയാക്കാം. ഒപ്പം, അലമാരിയില്‍ തുണികള്‍ അലങ്കോലമായാണ് കിടക്കുന്നതെങ്കില്‍ അത് വൃത്തിയായി അടുക്കിവയ്ക്കാം. ഒപ്പം മുറിയും തൂത്തു വൃത്തിയാക്കാം. ഏറ്റവും വൃത്തിയായി നാം നമ്മുടെ ചുറ്റുപാടുകള്‍ സൂക്ഷിക്കുമ്പോള്‍ അത് നമ്മുടെയുള്ളിലെ പരിശുദ്ധാത്മവിന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് ഓര്‍ക്കുക.

4. നാം ചെയ്യുന്ന കാര്യങ്ങളില്‍ ദൈവത്തിന്റെ സഹായം തേടാം 

ഈ നോമ്പുകാലം നാം ചെയ്യുന്ന കാര്യങ്ങളില്‍ ദൈവത്തിന്റെ സഹായം തേടുവാന്‍ ശ്രമിക്കാം. പഠിക്കുമ്പോള്‍, ഹോം വര്‍ക്ക് ചെയ്യുമ്പോള്‍, പ്രയാസമുള്ള വിഷയങ്ങള്‍ പഠിക്കുമ്പോള്‍ ഒക്കെ ഈശോയെ എന്റെ കൂടെ ഇരിക്കണമേ എന്ന് പ്രാര്‍ത്ഥിക്കാം. പറ്റുമെങ്കില്‍ പഠിക്കാന്‍ ഇരിക്കുമ്പോള്‍ ഒരു കസേര ഈശോയ്ക്കായി ഒഴിച്ചിടാം. അവിടെ ഈശോ നിങ്ങളുടെ അടുത്തുണ്ടെന്ന് ഉറച്ചു വിശ്വസിക്കാം. അങ്ങനെ ഈശോയുടെ കൂടെ ഇരുന്നു പഠിക്കാം.

5. ചോക്ലേറ്റ് ഒഴിവാക്കാം

ഈ നോമ്പുകാലം എനിക്കുവേണ്ടി മരിച്ച ഈശോയ്ക്കായി ഒരു കുഞ്ഞുസഹനം ഏറ്റെടുക്കാം. നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോക്ലേറ്റ് ഈ നോമ്പുകാലം കഴിക്കുന്നില്ല എന്നു വയ്ക്കാം. ആ ഇഷ്ടം ഈശോയ്ക്കായി സമര്‍പ്പിക്കാം. അങ്ങനെ മാറ്റിവച്ച ചോക്ലേറ്റ് നിങ്ങളോട് ദേഷ്യമുള്ള, അല്ലെങ്കില്‍ മിണ്ടാത്ത ഒരു കുട്ടിക്ക് സമ്മാനിക്കാം. സൗഹൃദത്തിന്റേതായ ഒരു അന്തരീക്ഷം കെട്ടിപ്പടുക്കാം.

6. ഇഷ്ടമുള്ള ചാനല്‍ പരിപാടി മാറ്റിവയ്ക്കാം

കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ചാനല്‍ പരിപാടികളുണ്ട്. ചിലര്‍ക്ക് കാര്‍ട്ടൂണ്‍ ആകാം, മറ്റു ചിലര്‍ക്ക് ക്രിക്കറ്റ് ആകാം വേറെ ചിലര്‍ക്ക് സിനിമകളോ സംഗീതപരിപടികളോ ആകാം. അതെന്തുമായിക്കൊള്ളട്ടെ. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ചാനല്‍ പരിപാടി ഈ നോമ്പുകാലം കാണുന്നില്ല എന്നു തീരുമാനിക്കുക. ആ സമയം അയല്‍ക്കാരോട് സംസാരിക്കുന്നതിനോ, ബൈബിള്‍ വായിക്കുന്നതിനോ എന്തെങ്കിലും നന്മപ്രവര്‍ത്തി ചെയ്യുന്നതിനോ ആയി ഉപയോഗിക്കാം.

7. കുടുംബപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കാം

നോമ്പ്, പ്രാര്‍ത്ഥനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സമയമാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം കുടുംബപ്രാര്‍ത്ഥന അല്‍പം മടുപ്പുള്ള ഒന്നാണ്. എന്നാല്‍, ഈ നോമ്പുകാലത്ത് കുടുംബപ്രാര്‍ത്ഥന കൂടുതല്‍ തീക്ഷ്ണമാക്കാം. അതിനായി കുട്ടികള്‍ തന്നെ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കട്ടെ. രണ്ടോ മൂന്നോ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ മാറിമാറി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കട്ടെ. മാതാപിതാക്കള്‍ അതിനുള്ള അവസരം നല്‍കണം.

മേല്‍പ്പറഞ്ഞവ ഏതാനും ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ കുഞ്ഞുങ്ങളുടെ നോമ്പാചരണത്തെ കൂടുതല്‍ അനുഗ്രഹപ്രദമാക്കുവാന്‍ കഴിയും. ഇത്തരം കാര്യങ്ങള്‍ കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍, അങ്ങനെ ഒരു മിശിഹാ അനുഭവം കുട്ടികളില്‍ കൊണ്ടുവരുവാന്‍ മാതാപിതാക്കളും ശ്രദ്ധിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.